ADVERTISEMENT

വൈദ്യുതി വാഹനങ്ങളുടെ ബാറ്ററിയില്‍ കാലം ചെല്ലും തോറും ശേഷിയില്‍കുറവു വരാറുണ്ട്. നിശ്ചിത സമയത്തിന് ശേഷം ഇവ മാറ്റേണ്ടി വരാറുമുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ പല ഭാഗങ്ങളും പുനരുപയോഗിക്കാമെങ്കിലും ചില ഭാഗങ്ങളെങ്കിലും പ്രകൃതിക്ക് വലിയ ഭീഷണിയായ മാലിന്യങ്ങളായി മാറാറുമുണ്ട്. പഴയ ബാറ്ററികൾ വീണ്ടും ഉപയോഗിക്കുന്ന പദ്ധതിയുമായി എത്തിയിരിക്കുന്നു ബെംഗളൂരുവില്‍ നിന്നുള്ള നുനാം സ്റ്റാര്‍ട്ട് അപ്പ്. പഴയ ബാറ്ററികൾ ഉപയോഗിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷകൾ നിർമിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഔഡി എൻവയോൺമെന്റ് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നുനാം ഈ പദ്ധതിയുമായി മുന്നോട്ടുപാകുന്നത്.

 

audi-autorickshaws

തുടക്കത്തിൽ  ഔഡി ഇ ട്രോണിലെ ബാറ്ററികളാണ് ഓട്ടോറിക്ഷയിൽ ഘടിപ്പിക്കുക. ഒരു കോടിയിലേറെ ഓണ്‍ റോഡ് വിലയുള്ള ഔഡി ഇ ട്രോണില്‍ ഉപയോഗിച്ച ബാറ്ററികളാണ്  ഇ ഓട്ടോയില്‍  ഉപയോഗിക്കുക. ഔഡി ബാറ്ററികൾ ഘടിപ്പിച്ച ഓട്ടോറിക്ഷയുടെ പരീക്ഷണയോട്ടങ്ങളാണ് ഇപ്പോള്‍ നടന്നുക്കുന്നത്. 'കാറിന്റെ പഴയ ബാറ്ററികളാണെങ്കിലും ഓട്ടോയില്‍ ഇവ വളരെ കാര്യക്ഷമവും ശക്തവുമാണ്. ഇത്തരം രണ്ടാംകിട ബാറ്ററികള്‍ക്ക് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. നിരവധി മനുഷ്യരെ സാമ്പത്തികമായി സ്വയം പര്യാപ്തരാക്കാനും ജോലി നല്‍കാനും ഇതുകൊണ്ട് സാധിക്കും. അതും പ്രകൃതിക്ക് യോജിച്ച വിധത്തില്‍' നുനാം സഹസ്ഥാപകന്‍ പ്രോദിപ് ചാറ്റര്‍ജി പറയുന്നു. ഔഡിയുടെ 2.5 ടണ്‍ ഭാരമുള്ള ആഡംബര കാറിന് പഴയ ബാറ്ററികൾ ഇനി യോജിച്ചിക്കില്ലെങ്കിലും യാത്രക്കാരെയും കൊണ്ടു പോകുന്ന ഓട്ടോക്ക് ഇതു ധാരാളം മതിയാകും.

 

ഭാരം കുറവാണെന്നതും പൊതുവേ കുറഞ്ഞ ദൂരത്തേക്കേ സഞ്ചരിക്കേണ്ടി വരാറുള്ളൂ എന്നതും ഓട്ടോക്ക് അനുകൂലമാണ്. അങ്ങനെയാണ് ജർമന്‍ നിർമിത ആഡംബര കാറുകളുടെ ബാറ്ററികള്‍ക്ക് ഇന്ത്യയിലെ ഓട്ടോയില്‍ പുനര്‍ജന്മം സാധ്യമായത്. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ തങ്ങളുടെ ഓട്ടോകള്‍ നിരത്തില്‍ ഇറക്കാനാകുമെന്നാണ് നുനാം പ്രതീക്ഷിക്കുന്നത്. വനിതാ സംരംഭകര്‍ക്ക് ഈ ഓട്ടോകള്‍ നല്‍കാനും എന്‍.ജി.ഒ ആയി റജിസ്റ്റര്‍ ചെയ്ത നുനാമിന് പദ്ധതിയുണ്ട്. ഓട്ടോകളുടെ മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ വെക്കാനും പദ്ധതിയുണ്ട്. അങ്ങനെ വരുമ്പോള്‍ പകല്‍ സമയം സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം ബാറ്ററികളില്‍ ശേഖരിക്കാനും സാധിക്കും. 

 

ഡ്രൈവറുടെ സീറ്റിനടിയിലാണ് ബാറ്ററികള്‍ വെക്കുന്നതെന്ന സൂചനയാണ് നുനാം പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. സാധാരണ ഇന്ത്യന്‍ ഓട്ടോകളേക്കാള്‍ അല്‍പം വിശാലമായ ഉള്‍ഭാഗമാണ് ഈ ഓട്ടോക്കുള്ളത്. കറുപ്പ്, ചാര നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. ടയറിന്റെ ഭാഗത്തും ഡ്രൈവര്‍ സീറ്റിനടിയിലും ഓറഞ്ച് കറുപ്പ് നിറങ്ങള്‍ ഒന്നിടവിട്ടും നല്‍കിയിട്ടുണ്ട്.

 

English Summary: Audi E-Tron Old Batteries To Power Electric Autorickshaws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com