ADVERTISEMENT

പെട്രോൾ ഓട്ടോറിക്ഷകൾ ഡീസലിനും ഇപ്പോൾ ഇലക്ട്രിക്കിനും വഴിമാറിക്കൊടുക്കുമ്പോൾ മുപ്പത്തഞ്ചിന്റെ ചെറുപ്പത്തിൽ നിർത്താതെ പായുന്നൊരു ഓട്ടോറിക്ഷയുണ്ട് കോട്ടയത്ത്. ബജാജിന്റെ 87 മോഡൽ പെട്രോൾ ഓട്ടോ. കോട്ടയം കലക്ടറേറ്റ് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന സൈമൺ 91 ലാണ് ഈ വണ്ടി വാങ്ങിയത്. അന്നുതൊട്ട് ഇവൻ സൈമണൊപ്പമുണ്ട്. 

simon-auto
സൈമൺ

 

ഫെയ്സ്ബുക്കിൽ ആള് വൈറലാ!

 

പ്രായം 35 ആയെങ്കിലും ഫെയ്സ്‌ബുക്കിലൊക്കെ കയറിയ ചുറുചുറു‌ക്കുള്ള ചെറുക്കനാണ് ഈ 87 മോ‍ഡല്‍ ബജാജ് ഫ്രണ്ട് എൻജിൻ ഓട്ടോ. ഇത്തരം ഓട്ടോകൾ നാട്ടിൽ കുറവായതുകൊണ്ട് ഇടയ്ക്കിടെ വാഹനപ്രേമികൾ ഇവനെ സമൂഹമാധ്യമങ്ങളിൽ വൈറലാക്കും. ഈ ഓട്ടോയിൽ കയറണം എന്ന ആഗ്രഹവുമായി എത്തുന്ന പിള്ളേരെ കയറ്റി ഒരു റൗണ്ട് അടിക്കാനും സൈമൺ മടിക്കാറില്ല.

simon-auto-1

 

മറക്കാൻ പറ്റുമോ ആ കല്യാണ ഓട്ടം !

 

കൊറോണയ്ക്ക് ഒന്നു രണ്ടു വർഷം മുമ്പ് രാത്രി ഓട്ടോ വിളിക്കാൻ ഒരാൾ സൈമന്റെ വീട്ടിൽ വന്നു. പണ്ടൊക്കെ ആശുപത്രി കേസുകൾക്കോ മറ്റ് അത്യാവശ്യങ്ങൾക്കോ ആണ് ആളുകൾ രാത്രി ഓട്ടം വിളിച്ചിരുന്നത്. വണ്ടിക്കു പ്രായമായതോടെ ഇപ്പോൾ ആരും വരാറില്ല. എന്നാൽ അന്നു വന്നയാൾ എത്തിയത് ഒരു കല്യാണം വിളിക്കാനായിരുന്നു. പൊൻകുന്നത്ത് ഒരു കല്യാണത്തിന് ചെറുക്കനെ കൊണ്ടുപോകാൻ ഈ ഓട്ടോ വേണമത്രേ!. അധികം ആലോചിച്ച് നിൽക്കാതെ സൈമൺ ‘യെസ്’ പറഞ്ഞു. (കലക്റ്ററേറ്റ് സ്റ്റാൻഡിൽ കണ്ട പരിചയത്തിലാണ് കല്യാണം വിളി). പിറ്റേന്നു രാവിലെ ഓട്ടോ പൊൻകുന്നത്ത് ഹാജർ. പെണ്ണു വന്നത് ഇന്നോവയിലും ചെറുക്കൻ വന്നത് ഈ ഓട്ടോയിലും. കല്യാണസ്ഥലത്തെ താരമായി ഈ ഓട്ടോറിക്ഷ. കല്യാണം കഴിഞ്ഞ് ചെറുക്കനേയും പെണ്ണിനേയും ചെറുക്കന്റെ വീട്ടിൽ കൊണ്ടു ചെന്നാക്കിയാണ് ഇത്രയും വർഷത്തെ സർവീസിലെ ആദ്യ കല്യാണ ഓട്ടം അവസാനിപ്പിച്ചത്.

 

simon-auto-3

കയറാൻ ലേശം ബുദ്ധിമുട്ടാ! 

പഴയ വണ്ടി ആയതിനാൽ അതിന്റെതായ കുറച്ചു കുഴപ്പങ്ങളുണ്ടെന്ന് സൈമൺ പറയും. പ്രധാനമായും കയറാനുള്ള ബുദ്ധിമുട്ടാണ്. സ്ത്രീകൾക്കും പ്രായമായവർക്കും കയറാൻ അൽപം ബുദ്ധിമുട്ടാണ്. കുലുക്കം കൂടുതലും യാത്രാസുഖം കുറവുമാണ് ഈ വാഹനത്തിന്. കൂടാതെ യാത്രക്കാർക്ക് കാലു വയ്ക്കാൻ പാസഞ്ചർ സീറ്റിന്റെ മുന്നിൽ ഒരു ചെറിയ കുഴിയുമുണ്ട്. രണ്ടുപേർക്ക് യാത്ര ചെയ്യാനുള്ള പെർമിറ്റേ ഈ വണ്ടിക്കുള്ളൂ.

 

simon-auto-2

വണ്ടിപ്പണി കുറവ് ! പോക്കറ്റ് കാലിയാവില്ല

 

ഇത് ഇതുവരെ കൊടുക്കാറായില്ലേ? എന്ന് മോട്ടർ വാഹന ഉദ്യോഗസ്ഥർ അടക്കം പലരും ചോദിച്ചെങ്കിലും വിൽക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പരിപാലന ചെലവ് കുറവ് എന്നതാണെന്ന് സൈമൺ. ഒരിക്കലും വഴിയിൽ കിടത്തിയിട്ടില്ല. ചെയിൻ ഡ്രൈവായ ഇവനെ പണിയാൻ അറിയാവുന്ന വർക്ക്ഷോപ്പുകാർ കുറവാണെങ്കിലും 3500 മുതല്‍ 4000 രൂപ വരെ മുടക്കിയാൽ എൻജിൻ പണി വരെ ചെയ്യാം. നേരത്തെ ഇത് 1500 രൂപയായിരുന്നു. കൂടാതെ ടയർ തേയ്മാനം കുറവ്, മെക്കാനിക്കൽ കുഴപ്പങ്ങൾ കുറവ് തുടങ്ങി നിരവധി ഗുണങ്ങളുണ്ട് ഈ ഓട്ടോയ്ക്ക്.

 

ആദ്യം ഓടിച്ചത് ലാംബർട്ട

 

ആദ്യ ഓട്ടോറിക്ഷ ലാംബർട്ടയായിരുന്നു. അന്നൊക്കെ 11000 രൂപയുടെ ഓട്ടോറിക്ഷ 22000 രൂപയ്ക്ക് വരെ എടുക്കാനാളുണ്ട്. ബുക്ക് ചെയ്ത് മാസങ്ങൾ കാത്തിരുന്നതിന് ശേഷമാണ് വാഹനം കിട്ടുന്നത് അപ്പോൾ ഇരട്ടിവില വരെ ആളുകൾ പറയും. കോട്ടയം സ്റ്റൈൽ ഓട്ടോറിക്ഷകൾ അന്നൊക്കെ നാട്ടിലെ താരമായിരുന്നു. വലിയ ഗോപുരം പോലെ അലങ്കരിച്ച ഓട്ടോറിക്ഷകൾ കാണാൻ തന്നെ ഭംഗിയായിരുന്നു. 

 

അതേയ്, പെട്രോൾ ടാങ്ക് മുന്നിലാ

 

മുന്നിൽ പെട്രോൾ ടാങ്കുള്ള ഓട്ടോ കണ്ടിട്ടില്ലെങ്കിൽ സൈമന്റെ വണ്ടി കണ്ടാൽമതി. ഹാൻഡിലിന്റെ വലതുവശത്താണ് ടാങ്ക്. ഇന്ധനം നിറയ്ക്കാൻ പമ്പുകളിൽ ചെല്ലുമ്പോൾ പരിചയമില്ലാത്ത ജീവനക്കാർ ആദ്യം പോകുക പിന്നിലേക്കായിരിക്കും 

 

ആരും നോക്കും ഓട്ടോ സ്റ്റാർ

 

മുന്നിൽനിന്ന് നോക്കിയാൽ ബജാജിന്റെ പുതിയ ഓട്ടോറിക്ഷ തന്നെ. വശങ്ങളിലും പിന്നിലുമാണ് മാറ്റം മുഴുവൻ. ആരും കൗതുകത്തോടെ നോക്കി നിന്നുപോകുന്ന രൂപം. സ്റ്റാൻഡിൽ എത്തിയാലും റോഡിൽ കൂടി ഓടിയാലും ഇവനൊരു സ്റ്റാർ തന്നെ. 

 

English Sumamrya: 1987 Model Bajaj Auto In Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com