ADVERTISEMENT

പരമ്പരാഗത ജീപ്പിൽനിന്ന് എസ്‌യുവിയിലേക്കുള്ള മഹീന്ദ്രയുടെ കയറ്റം 20 കൊല്ലം മുമ്പാണ്; സ്കോർപിയോ. ജീപ്പിനു സമാനമായ ലാഡർ ഷാസിയിൽ ആധുനിക സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തിനു വേണ്ട എല്ലാ പൂർണതകളുമായെത്തിയ ആദ്യ മഹീന്ദ്ര. അതിനും ദശകങ്ങൾ മുമ്പു തന്നെ ഫൈബർ ഗ്ലാസ് ബോഡിയും സ്റ്റീൽ ബോഡിയുമുള്ള ജീപ്പുകൾ ഇറങ്ങിയിട്ടുണ്ട്.  ജീപ്പ് വാങ്ങി ബോഡി വേറെ നിർമിക്കുകയായിരുന്നു രീതി. അതിനായി മഹീന്ദ്ര അംഗീകൃത ബോഡി നിർമാതാക്കളുമുണ്ടായിരുന്നു.

Scorpio Big Daddy_Horizontal Brochure copy

 

മാർഷൽ മുതൽ സ്കോർപിയോ വരെ

mahindra-scorpio-n-6

 

പൂർണമായ സ്റ്റീൽ ബോഡിയിൽ ഫാക്ടറിയിൽ നിർമിതമായ മഹീന്ദ്ര എം എം 775, മാർഷൽ മോഡലുകൾ 1987 മുതൽ ഇറങ്ങി. ഇന്നത്തെ സ്കോർപിയോയുമായി സാദൃശ്യമുള്ള പ്രഥമ മോഡൽ അർമാഡ 1993 ലും അർമാഡ ഗ്രാൻഡ് 1996 ലും വന്നു. പിന്നെയും അനേകമനേകം പരിഷ്കാരങ്ങൾ കഴിഞ്ഞ് പൂർണമായും പുതിയ രൂപകൽപനയിൽ സ്കോർപിയോ ഇറങ്ങുന്നത് 2002 ൽ. തികച്ചും പുതിയ ബോഡിയിൽ മുൻ ഇൻഡിപെൻഡന്റ് സസ്പെൻഷനും കാറിനു സമാനമായ സൗകര്യങ്ങളുമായെത്തിയ സ്കോർപിയോ മഹീന്ദ്രയുടെ പ്രഥമ എസ്‌യുവി പ്രവേശമായി. മൂന്നു തലമുറകളിലായി വിദേശ രാജ്യങ്ങളിലടക്കം ഓടുന്ന സ്കോർപിയോ യുഗം അവസാനിക്കുന്നില്ല. സ്കോർപിയോ ക്ലാസിക് എന്ന പേരിൽ തുടരും. തികച്ചും പുതിയ സ്കോർപിയോ എൻ മോഡലിനെപ്പറ്റി അവശ്യം അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ ഇതാ...

Scorpio Big Daddy_Horizontal Brochure copy

 

1. ലാഡർ ഷാസി

mahindra-scorpio-n-1

 

എക്സ്‌യുവി 500 മുതലുള്ള മോഡലുകളിൽ ഷാസിയും ബോഡിയും ഒന്നായിരിക്കുന്ന മോണോ കോക് ബോഡിയെങ്കിൽ ഏറ്റവും പുതിയ സ്കോർപിയോയുടെ നട്ടെല്ല് പരമ്പരാഗത ഷാസിയാണ്. ജീപ്പ് കണ്ടു പിടിച്ച കാലം തൊട്ടുണ്ടായിരുന്ന, നൂറ്റാണ്ടു പഴക്കമുള്ള സാങ്കേതികതയായ, ഷാസിയിൽ ബോഡി ഉറപ്പിക്കുന്ന രീതി. ഉത്പാദനച്ചെലവു കുറയ്ക്കാം എന്നതാണ് മഹീന്ദ്രയുടെ നേട്ടമെങ്കിൽ പരുക്കൻ ഉപയോഗങ്ങൾക്കും പറ്റും എന്നതാണ് ഉപഭോക്താവിനു ഗുണം. യാത്രാസുഖവും ഇത്തരം വാഹനങ്ങളിൽ തെല്ലു കുറയും. എന്നാൽ ഈ സാങ്കേതികതയിൽ കാലികമായ അനേകം മാറ്റങ്ങൾ വന്നു. തൂക്കം കുറഞ്ഞ് കാഠിന്യം കൂടി. 10 കിലോ തൂക്കം കുറഞ്ഞ് 213 കിലോയിലെത്തുന്ന പുതിയ ഷാസി 80 ശതമാനത്തിലധികം കാഠിന്യമുള്ള ഉരുക്കിലാണ് തീർത്തത്. വാഹനത്തിന്റെ തൂക്കം 10 ശതമാനം കുറയ്ക്കാൻ ഈ ഷാസി സഹായകമാകുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് അധിക്ഷേപിക്കാനാവില്ല, ഇന്ത്യയിലെ പരിസ്ഥിതികളിൽ ഇത്തരം പഴയ സാങ്കേതികതകൾക്ക് കുറച്ചു നാൾ കൂടി ജീവനുണ്ടാകും.

Scorpio N
Scorpio N

 

2. വലുതായി, തല താഴ്ത്തി...

Scorpio Big Daddy_Horizontal Brochure copy

 

പഴയ മോഡലിനെക്കാൾ നീളവും വീതിയും കൂടി, ഉയരം കുറഞ്ഞു. 206 മിമി നീളം, 97 മിമി വീതി, 70 മിമി വീൽ ബേസ് എന്നിങ്ങനെ കൂടിയെങ്കിലും ഉയരം നന്നായി കുറഞ്ഞു. പഴയ മോഡലിന് 1995 മിമി ഉയരമായിരുന്നെങ്കിൽ  മോഡൽ എൻ 1870 മിമി തലയെടുപ്പിൽ ഒതുങ്ങുന്നു. പ്രയോജനം മികച്ച സ്റ്റെബിലിറ്റി, ഹാൻ‍ഡ്‌ലിങ്... ടെസ്റ്റ് ഡ്രൈവിൽ മാത്രമേ ഈ ഉയരക്കുറവ് ഓഫ്റോഡിങ് ശേഷിയേ ബാധിച്ചിട്ടുണ്ടോ എന്നറിയാനാവൂ. ഓഫ് റോഡിങ് മെച്ചപ്പെട്ടെന്നും അല്ല റോഡ് കാറായാണ് എൻ നല്ലതെന്നും രണ്ടു പക്ഷമുണ്ട്.

mahindra-scorpio-n

 

3. പഴയ മോഡലിൽനിന്ന് ഒന്നുമില്ലേ?

mahindra-scorpio-n-2

 

പഴയ മോഡലിൽനിന്ന് പേരു മാത്രമേ കടം കൊള്ളുന്നുള്ളൂ എന്ന് മഹീന്ദ്ര പറയുമ്പോഴും ഷാസി, സസ്പെൻഷൻ, എൻജിൻ, മറ്റു മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയൊക്കെ അടിസ്ഥാനപരമായി പഴയ മോഡലിൽനിന്ന് ഉരുത്തിരിഞ്ഞുവന്നതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു കാര്യം ഉറപ്പാണ്, ബോഡി പാനലുകൾ ഒന്നു പോലും പഴയ മോഡലുമായി പങ്കിടുന്നില്ല. ലോഗോ പോലും പുതിയ ബട്ടർഫ്ലൈ രൂപത്തിലുള്ളതാണ്.

mahindra-scorpio-n-5

 

4. എൻജിനുകളിൽ പെട്രോൾ തന്നെ താരം

mahindra-scorpio-n-4

 

മറ്റു മഹീന്ദ്രകളിലും മുൻ മോഡലിലും കണ്ടെത്താൻ കഴിയുന്ന അതേ എൻജിനുകൾ. 2 ലീറ്റർ, 4 സിലിണ്ടർ, 203 ബിഎച്ച്പി എം സ്റ്റാലിയൻ പെട്രോൾ. 2.2 ലീറ്റർ , നാലു സിലിണ്ടർ എം ഹോക്ക് ഡീസൽ. ശക്തി 132 ബിഎച്ച്പിയും 175 ബിഎച്ച്പിയുമായി ട്യൂൺ ചെയ്തിരിക്കുന്നു. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്സുകൾ. രണ്ട് എൻജിനുകളും നൂതനമല്ലാത്തതു കൊണ്ട് പ്രത്യേക പരാമർശങ്ങൾ ആവശ്യമില്ല.

mahindra-scorpio-n-price

 

5. സസ്പെൻഷനിലാണു കാര്യം

 

പഴയകാല ലാഡർ ഷാസിയിൽ നിർമിക്കപ്പെടുന്ന വാഹനങ്ങളുടെ സസ്പെൻഷന് വളരെ പ്രാധാന്യമുണ്ട്. ഹാൻഡ്‌ലിങ്, യാത്രാസുഖം  എന്നിവയിൽ നിർണായകമാണ് സസ്പെൻഷൻ. പണ്ടൊക്കെ ലീഫ് സ്പ്രിങ്ങുകളായിരുന്നു ഇത്തരം വാഹനങ്ങളുടെ സസ്പെൻഷനെങ്കിൽ പുതിയ മഹീന്ദ്രയിൽ ആധുനിക ഇൻഡിപെൻഡന്റ് സസ്പെൻഷനാണ്. അലോയ് ഘടകങ്ങൾ കൊണ്ട് 40 ശതമാനത്തോളം തൂക്കം കുറച്ചിട്ടുള്ള സസ്പെൻഷൻ സംവിധാനത്തിൽ പിറകിൽ 5 ലിങ്ക് സംവിധാനമാണ്. ആധുനിക എസ്‌യുവികളിൽ കണ്ടെത്താവുന്ന വാട്ട്സ് ലിങ്കേജ് ഏർപ്പാട് വാഹനം വശങ്ങളിലേക്കു കുലുങ്ങുന്നത് ഗണ്യമായി കുറയ്ക്കും. പുതിയ ഡാംപറുകളും എത്തി. പഴയ ഷാസിക്ക് പുതിയ സസ്പെൻഷൻ സാങ്കേതികതയിലൂടെ മഹീന്ദ്ര മറുമരുന്നൊരുക്കുകയാണ്.

 

6. പുതിയ 4 വീൽ ഡ്രൈവ്

 

പ്രാഥമികമായി പിൻ വീൽ ഡ്രൈവ് വാഹനമാണെങ്കിലും പുതിയ സ്കോർപിയോ ആധുനികമായ നാലു വീൽ ഡ്രൈവ് മോഡലിലും എത്തുന്നുണ്ട്. ഡീസലിലാണ് തുടക്കത്തിൽ 4 വീൽ ഡ്രൈവ്. 4 എക്സ്പ്ലോർ എന്നു മഹീന്ദ്ര വിളിക്കുന്ന സംവിധാനത്തിൽ ലോ, ഹൈ റേഞ്ചുകൾക്കു പുറമെ ടെറൈൻ മോഡുകളുമുണ്ട്. നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, റട്സ്, സാൻഡ് എന്നിങ്ങനെയാണ് മോഡുകൾ.

 

7. അത്യാധുനികത, സുഖലോലുപത...

 

ഞെട്ടിക്കുന്ന ഉൾവശം. മനോഹരമായ ഡാഷും കൺസോളുകളും ഫിനിഷും. ഒന്ന്, രണ്ട് നിരകളിൽ ക്യാപ്റ്റൻ സീറ്റുകൾ. മൂന്നാം നിരയിൽ ആവശ്യത്തിന് സ്ഥലം. രണ്ടും മൂന്നും നിരകളിൽ ബെഞ്ച് സീറ്റ് മോഡലും ലഭ്യം. ആധുനിക ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. മോശമല്ലാത്ത യാത്ര. പൊതുവെ നമ്മുടെ റോഡുകളെല്ലാം ഇപ്പോൾ നല്ല പ്രതലമുള്ളവയാണല്ലോ, കുടുക്കവും ഇളക്കവുമൊന്നും അധികം അറിയാൻ വഴിയില്ല.

 

8. ഫീച്ചറുകളാൽ സമൃദ്ധം...

 

അലക്സ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, വയർലെസ് ഫോൺ ചാർജിങ്, 8 ഇഞ്ച് ടച്ച് സ്ക്രീൻ, റിമോട്ട് സ്റ്റാർട്ടിങ് അടക്കമുള്ള കണക്ടഡ് ടെക്നോളജി, 12 സ്പീക്കർ സോണി സിസ്റ്റം, എൽഇഡി ഹെഡ്‌ലാംപ്, ഇലക്ട്രിക് സൺറൂഫ്, ഡ്യൂവൽ സോൺ ക്ലൈമാറ്റിക് കൺട്രോൾ, കീ ലെസ് എൻട്രി, ക്രൂസ് കൺട്രോൾ... ഷാസിയുടെ പഴമ ബോഡിയിലെയും ഉള്ളിലെയും പുതുമകളുടെ പെരുമഴയിൽ മുങ്ങിപ്പോകുന്നു.

 

9. സുരക്ഷ?

 

ഔദ്യോഗിക റേറ്റിങ്ങുകൾ വരുന്നതേയുള്ളുവെങ്കിലും കടലാസിൽ സ്കോർപിയോ സുരക്ഷിതമാണ്. 6 എയർ ബാഗ്, ഇഎസ്പി, റോൾ ഓവർ സുരക്ഷ, ബ്രേക്ക് ഡിസ്ക് വൈപ്പിങ്, ഹിൽ ഡിസെൻഡ് കൺട്രോൾ, മുൻ പിൻ ക്യാമറകളും പാർക്കിങ്ങും എല്ലാംചേർന്ന് സ്കോർപിയോയെ സുരക്ഷിത വാഹനമാക്കുമെന്നുറപ്പ്. എന്തെങ്കിലും ചെറിയ പോരായ്മകൾ ക്രാഷ് ടെസ്റ്റിൽ പൊന്തി വന്നാലും അതു പരിഹരിക്കാൻ പ്രതിജ്ഞാബദ്ധരാണ് മഹീന്ദ്ര.

 

10. വാങ്ങാമോ?

 

മഹീന്ദ്രയല്ലേ, ഇറങ്ങിയയുടൻ വിശ്വസിച്ചു വാങ്ങാമോ? ഈ പരമ്പരാഗത ചോദ്യത്തിന് പ്രസക്തിയില്ലെന്ന് എക്സ്‌യുവി 500, 700 വാഹനങ്ങളിലൂടെ മഹീന്ദ്ര തെളിയിച്ചു. ഏതാണ്ട് കുറ്റമറ്റ നിലയിലാണ് നിർമാണം. 12 ലക്ഷം രൂപ മുതൽ വില. ഇനി വില പ്രഖ്യാപിക്കാനിരിക്കുന്ന മോഡലുകൾക്ക് 25 ലക്ഷം വരെ വന്നേക്കാം. നിലവിലുള്ള സ്കോർപിയോയോ സമാന വാഹനമോ വാങ്ങാനിരിക്കുന്നവർ അധികം ആലോചിച്ചു കഷ്ടപ്പെടേണ്ട. എൻ തന്നെ മതി...

 

English Summary: Know More About Mahindra Scorpio N

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com