ADVERTISEMENT

ചിലര്‍ പാട്ടിലൂടെ നമ്മെ പാട്ടിലാക്കിക്കളയും. കണ്ണൂര്‍ക്കാരി സയനോരയും അതെ. വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളികളുടെ മനസ്സു കീഴടക്കിയ പാട്ടുകാരിയാണ് സയനോര. അടുത്തിടെ പല വിഷയങ്ങളിലും ശ്രദ്ധേയമായ നിലപാടുകളെടുത്ത സയനോരയോടുള്ള ഇഷ്ടം മലയാളിക്ക് കൂടിയിട്ടേയുളളൂ. സയനോര പറയുന്നു, കാറുകളെയും യാത്രയെയും കുറിച്ച്, പാട്ടിനെയും കൂട്ടുകാരിയെയും കുറിച്ച്, ബോഡി ഷെയ്മിങ്ങിനെയും നിലപാടുകളെയും കുറിച്ച്...

sayanora-8

പോസിറ്റീവ് സയനോര

ഞാന്‍ നല്ല മൂഡിലാണെങ്കില്‍ എല്ലാവരും പറയും ഒരു എനര്‍ജി ഫീല്‍ ചെയ്യുമെന്ന്. എന്നാല്‍ അത് എപ്പോഴുമില്ല. ആര്‍ക്കും എപ്പോഴും പോസിറ്റീവാകാനും ഫുള്‍ടൈം ഹാപ്പിയായി മാത്രം ഇരിക്കാനും സാധിക്കില്ല. ഹാപ്പിനസും സാഡ്‌നസ്സും കൂടി വന്നാലേ അത് ബാലന്‍സ്ഡ് ആവുകയുളളു. വളരെ ഡൗണായിപ്പോകുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം ഘട്ടങ്ങളെ തരണം ചെയ്യാന്‍ മൈന്‍ഡ്ഫുള്‍ ആയിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കാറ്. അതിന് മെഡിറ്റേഷനും വായനയും എന്നെ വളരെയധികം സഹായിക്കുന്നുണ്ട്. പ്രൊജക്‌ഷന്‍സില്‍ വീഴരുത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ പെരിഫറലായത് മാത്രമാണ്. പിന്നെ സോഷ്യല്‍ മീഡിയ ആളുകളുമായി ഇടപെടാനും കരിയറിനെ സഹായിക്കാനുമുളള ഒരു പ്ലാറ്റ്‌ഫോം മാത്രമാണ്. അതിനാല്‍ അതില്‍ ഹാപ്പിയായിട്ടിരിക്കാന്‍ ശ്രമിക്കുന്നു.

sayanora-2

ഡ്രൈവിങ്ങിനോടുളള ഇഷ്ടം

21 വയസ്സുളളപ്പോഴാണ് ഞാന്‍ ഡ്രൈവിങ് പഠിച്ചത്. തിരുവനന്തപുരത്തു വച്ച് ഒരു അംബാസഡറിലായിരുന്നു പഠനം. ആദ്യം ഡ്രൈവിങ്ങിനോട് അത്ര ക്രേസൊന്നുമില്ലായിരുന്നു. പിന്നെ ലൈസന്‍സ് എടുത്ത് ഒറ്റയ്ക്ക് പലയിടത്തും ഡ്രൈവ് ചെയ്ത് പോയിത്തുടങ്ങിയപ്പോഴാണ് ഡ്രൈവിങ്ങിന്റെ കരുത്ത് മനസ്സിലായത്. ഒരാള്‍ പൂര്‍ണമായും ഇന്‍ഡിപെന്‍ഡന്റ് അല്ലെങ്കില്‍ ലിബറേറ്റഡ് ആവണമെങ്കില്‍, ആണായാലും പെണ്ണായാലും, ഡ്രൈവിങ് പഠിച്ചിരിക്കണം എന്നതാണ് എന്റെ വിശ്വാസം. ഞാന്‍ എന്റെ കൂട്ടുകാരോടും പറയും നിങ്ങളും ഡ്രൈവിങ് പഠിക്കണമെന്ന്. മറ്റൊരാളുടെ സഹായമില്ലാതെ നമുക്ക് വേണ്ടിടത്ത് പോവാനാവുക എന്നത് വളരെ പ്രധാനമാണ്.

ഡ്രൈവിങ്ങിന്റെ തുടക്കം

വണ്ടി ഓടിച്ചു തുടങ്ങിയ സമയം എപ്പോഴും ചെറിയ തട്ടലും മുട്ടലും ഒക്കെ വരുമായിരുന്നു. വണ്ടി എല്ലായിടത്തും കൊണ്ട് പോയി ഉരയ്ക്കും. ഒരിക്കല്‍ ഞാന്‍ ഓടിച്ചു പോവുമ്പോള്‍ എതിരെ വന്ന കാറില്‍ തട്ടി അതിന്റെ ഗ്ലാസ്സ് പൊട്ടി. പിന്നീടൊരിക്കല്‍ പാട്ട് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ബാലന്‍സ് തെറ്റി ഒരു മതിലിന്റെ അപ്പുറത്തേക്കു മറിഞ്ഞു. സ്പീഡില്‍ വണ്ടി ഓടിച്ചതിന് ഫൈനും കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ കുറച്ചുകൂടി കരുതലോടെയാണ് വണ്ടിയോടിക്കാറ്. 

sayanora

ആദ്യ വാഹനം

ഒരു വണ്ടി കണ്ടാല്‍ ഏതാണെന്നൊക്കെ തിരിച്ചറിയാന്‍ ഇപ്പോഴും എനിക്ക് കുറച്ച് സമയം എടുക്കും. വണ്ടികളുടെ ഫീച്ചറുകളൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഒരു ഇഷ്ടപ്പെട്ട വണ്ടി കണ്ടാല്‍ അത് ഏതാണെന്ന് ചേദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. ഇന്‍ഡിഗോ ആയിരുന്നു കരിയറിന്റെ തുടക്കകാലത്ത് സ്വന്തമാക്കിയ ആദ്യ വാഹനം. അത്ര ഹോം വര്‍ക്കൊന്നുമില്ലാതെ വാങ്ങിയ വണ്ടിയായിരുന്നു അത്. അതിനു ശേഷം ഒരു സ്‌കോഡ ലോറ ഉണ്ടായിരുന്നു. ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ വണ്ടിയായിരുന്നു അത്. 

sayanora-3

ഇപ്പോഴത്തെ വാഹനം

കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ട്രെയിനിലാണ് യാത്ര ചെയ്യാറ്. കൊറോണ വന്ന സമയത്താണ് കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ടൊയോട്ട ഫോര്‍ച്യൂണറാണ് ഇപ്പോഴത്തെ വാഹനം. ഫോര്‍ച്യൂണര്‍ എസ്‌യുവി ആയതുകൊണ്ട് വളരെ സ്റ്റേബിള്‍ ആണ്. മാത്രമല്ല ഇപ്പോള്‍ യാത്ര മുഴുവന്‍ കാറിലാണ്. എന്റെ ഡ്രൈവിങ് രണ്ട് മോഡാണ്. ഒന്ന് കംഫര്‍ട്ടബിളും മറ്റേത് എസന്‍ഷ്യലും. ഫാമിലിയുടെ കൂടെയാണെങ്കില്‍ വളരെ കംഫര്‍ട്ടബിളായി പോവും. വലിയ സ്പീഡൊന്നും എടുക്കാതെ എന്‍ജോയ് ചെയ്താണ് പോവുക. എന്നാല്‍ ഒറ്റയ്ക്കാണെങ്കില്‍ വേറെ മോഡായിരിക്കും. ഫോർച്യൂണര്‍ വളരെ സ്‌പോര്‍ട്ടിയായ വണ്ടിയായതുകൊണ്ടുതന്നെ ഒറ്റയ്ക്കുളള ഡ്രൈവിങ്ങും വളരെ കംഫര്‍ട്ടബിള്‍ ആണ്. 

sayanora-7

സ്വപ്‌നവണ്ടിയും യാത്രകളും

എനിക്ക് സ്വന്തമാക്കണമെന്ന് തോന്നിയ വാഹനം ഒരു ബ്ലാക്ക് റേഞ്ച് റോവറാണ്. മിക്ക ആളുകളുടേയും സ്വപ്‌നമായിരിക്കും അത്. എന്റെ ആറ്റിറ്റ്യൂഡിന് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍സാണ് സ്യൂട്ടാവുക എന്ന് തോന്നിയിട്ടുണ്ട്. പിന്നെ റേഞ്ച് റോവറിന്റെ ഫീച്ചേഴ്‌സൊക്കെ ഫ്രണ്ട്‌സ് പറഞ്ഞ് അറിയാം. 

യാത്രകളെനിക്ക് ഇഷ്ടമാണ്. ഞാനെപ്പോഴും ലേറ്റ് നൈറ്റാണ് വണ്ടിയെടുത്ത് ഇറങ്ങുക. അല്ലെങ്കില്‍ പുലര്‍ച്ചെ. ഒട്ടും ട്രാഫിക്കില്ലാതെ വണ്ടിയോടിക്കാനാണ് എനിയ്ക്കിഷ്ടം. പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ സ്പീഡില്‍ ഡ്രൈവ് ചെയ്ത് പോവും. ഭംഗിയുളള സഥലങ്ങള്‍ കാണുമ്പോള്‍ സ്ലോ ആക്കും. ഒറ്റയ്ക്കു വണ്ടിയോടിച്ച് യാത്ര പോവാനാണ് കൂടുതല്‍ ഇഷ്ടം. യാത്ര എന്‍ജോയ് ചെയ്യാന്‍ പറ്റിയ റോഡുകള്‍ ഇവിടെയില്ല എന്നതാണ് ആകെയുളള വിഷമം. 

sayanora-5

ബോഡി ഷെയ്മിങ്ങിനെ കുറിച്ച്

ബോഡിഷെയ്മിങ് ആദ്യം വരാന്‍ തുടങ്ങിയപ്പോൾ എന്റെ പ്രശ്‌നമാണെന്നാണു കരുതിയത്. ഞാന്‍ തടി കുറയ്ക്കാത്തതുകൊണ്ടാണ് ഇവരിങ്ങനെ പറയുന്നതെന്നാണ് കരുതിയത്. പിന്നെ ഞാന്‍ ആലോചിച്ചപ്പോൾ നമ്മള്‍ നമ്മുടെ ലൈഫ് ജീവിക്കുക എന്നേയുള്ളൂ, അതിനെ ആളുകളെങ്ങനെ കാണുന്നു എന്നതില്‍ കാര്യമില്ലെന്ന് മനസ്സിലായി. 

സയനോരയുടെ അടുത്ത സുഹൃത്തിനുണ്ടായ ആ ദുരനുഭവം ഒരു യാത്രയ്ക്കിടെയായിരുന്നു. ആ സംഭവം സയനോരയുടെ യാത്രകളെ എന്തെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ?

അത് എനിക്ക് യാത്രകളോട് ഒരു ഉള്‍ഭയം ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. ആ സംഭവത്തിനു ശേഷം കൂടുതല്‍ കരുതലോടെയാണ് ഞാന്‍ യാത്രകള്‍ക്കിടെ പെരുമാറുകയെന്ന് മാത്രം. യാത്ര പോകുന്നതിനിടെ രാത്രി എവിടെയെങ്കിലും നിര്‍ത്തേണ്ടിവരുമ്പോഴും പുറത്തിറങ്ങേണ്ടി വരുമ്പോഴുമെല്ലാം ഒരു മുന്‍കരുതല്‍ എപ്പോഴുമുണ്ടാവും. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ ചിന്തിപ്പിച്ചു എന്നല്ലാതെ ഒരിക്കലും ആ സംഭവം പേടിപ്പിച്ചിട്ടില്ല. ആ സാഹചര്യത്തെ എന്റെ കൂട്ടുകാരി മറികടന്ന രീതിയില്‍ എനിക്ക് അഭിമാനമുണ്ട്. ആ മനോബലം എല്ലാവര്‍ക്കും ലഭിക്കില്ല. എല്ലാവരും പ്രചോദിതരാവേണ്ട ഒരു കാര്യം കൂടിയാണത്.

English Summary: Celebrity Car Sayanora Phillip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com