ADVERTISEMENT

ബുള്ളറ്റിൽ പര്യടനം നടത്തുന്ന സ്ത്രീകൾ ഇന്നു നമുക്കു പുതുമയല്ല. ലോറിയും ബസുമൊക്കെ അനായാസം റോഡിലിറക്കി കരുത്തു തെളിയിച്ച സ്ത്രീകളും ഇന്നുണ്ട്. ജീപ്പോടിക്കുന്ന വനിതകളെയും കാണാം. എന്നാൽ, ഏതു വണ്ടിയും അനായാസം കൈകാര്യം ചെയ്യുന്ന വനിത സമൂഹത്തിനു തികച്ചും പുതുമയും പ്രചോദനവുമാണ്. പ്രീതു റേച്ചൽ മാത്യു എന്ന ഇരുപത്തിനാലുകാരി യഥാർഥത്തിൽ ഒരു ‘ഷീറോ’ ആണ്. ലോറിയും ബസും ബുള്ളറ്റും ജീപ്പുമൊക്കെ ഓടിച്ച് ഏതു മലമുകളിലും അനായാസം പ്രീതു ഓടിയെത്തും. ഈ കരുത്തിനെ മന:ശക്തിയെന്നോ നിശ്ചയദാർഢ്യമെന്നോ വിളിക്കാം. പക്ഷേ, പ്രീതുവിന്റെ വഴികൾ തികച്ചും നവീനവും വ്യത്യസ്തവുമാണ്. 

preethu-rachel-mathew-6

കണ്ടുപഠിച്ച ഡ്രൈവിങ്

അമ്മ ഡ്രൈവ് ചെയ്യുന്നതു കണ്ടാണ് അഞ്ചുവയസ്സുകാരി പ്രീതു ആദ്യമായി വാഹനത്തെ അടുത്തറിയുന്നത്. പിന്നീട് അമ്മ എവിടെപ്പോയാലും കാറിന്റെ ഇടതുവശത്ത് പ്രീതുവുമുണ്ടാകും. ഇടയ്ക്ക് അമ്മയ്ക്കൊപ്പം സ്റ്റിയറിങ് പിടിച്ചുനോക്കും. പിന്നീട് പതിയെപ്പതിയെ വീടിന്റെ മുറ്റത്തിട്ട് വണ്ടി തിരിക്കാനും പോർച്ചിൽ കയറ്റിയിടാനും തുടങ്ങി. ഒരുദിവസം തൊട്ടടുത്തുള്ള അമ്മവീട്ടിലേക്ക് സാധനങ്ങളുമായി പോകാൻ തയാറെടുക്കുമ്പോൾ പ്രീതു അമ്മയോടു പറഞ്ഞു, ‘ഇന്ന് വണ്ടി ഞാനെടുക്കാം. ഞാൻ തന്നെ സാധനങ്ങൾ കൊണ്ടുപോയി ഏൽപിക്കാം.’ പക്ഷേ, അമ്മ വിസമ്മതിച്ചു.

preethu-rachel-mathew-7

കുറെ നേരത്തെ വാശിക്കും കരച്ചിലിനുമൊടുവിൽ എന്തെങ്കിലും ചെയ്യ് എന്ന അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ പ്രീതുവിന്റെ മനസ്സിൽ ലഡു പൊട്ടി. ഉടൻതന്നെ വീട്ടിലെ മാരുതി 800ൽ അമ്മവീട്ടിലേക്ക്. മകൾ വണ്ടിയുമായി പോയതോർത്ത് അമ്മ സോണിക്കു ടെൻഷനായി. ഒടുവിൽ പ്രീതു വീട്ടിലെത്തി എന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്. അന്നാദ്യമായി വണ്ടി കൈകളിൽ കിട്ടിയപ്പോഴുണ്ടായ സന്തോഷം മറ്റൊന്നിനും നൽകാനായിട്ടില്ലെന്ന് പ്രീതു പറയുന്നു.  ഡ്രൈവിങ്ങിൽ പ്രീതുവിനു കട്ട സപ്പോർട്ട് നൽകുന്നത് അച്ഛൻ മാത്യു വർഗീസാണ്.

preethu-rachel-mathew

പുതുമയുമായി

ചെറുപ്പം മുതൽ ഏതു വാഹനവും പ്രീതു അനായാസം കൈകാര്യം ചെയ്യുമായിരുന്നു. എവിടെപ്പോകണമെങ്കിലും സ്വയം പോയി തിരികെ വരും. വീട്ടിൽ മൂന്നു പെൺകുട്ടികളായതിനാൽ എല്ലാ കാര്യങ്ങളും ചെറുപ്പം മുതലേ ചെയ്തു പഠിച്ചാണ് വളർന്നത്. അബുദാബിയിലായിരുന്ന കുടുംബം പ്രീതുവിന്റെ ചെറുപ്പത്തിലാണ് നാട്ടിലേക്ക് തിരികെയെത്തുന്നത്. മൂത്തവർ രണ്ടുപേരും പഠനവും ജോലിയുമായി വീട്ടിൽനിന്നു മാറിയപ്പോൾ കുടുംബകാര്യങ്ങളിൽ സഹായിയായി പ്രീതു മാതാപിതാക്കളുടെ ഒപ്പംനിന്നു. പ്രീതു സ്നേഹപൂർവം കൊച്ചുപ്പാച്ചൻ എന്നു വിളിക്കുന്ന ജോൺസൻ വർഗീസാണ് പ്രീതുവിന്റെ ആഗ്രഹങ്ങൾക്കൊത്ത് ലോറിയും ബസുമൊക്കെ ഓടിക്കാൻ നൽകിയിരുന്നത്. ഒരുതവണ കാണിച്ചുകൊടുത്താൽ മതി, പ്രീതു എന്തും പെട്ടെന്നു പഠിക്കുമെന്ന് ജോൺസൻ പറയുന്നു. 

preethu-rachel-mathew-1

ബെംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്നാണ് പ്രീതു മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയത്. കോളജിൽ ചേർന്നത് ഇലക്ട്രോണിക്സ് വിഭാഗത്തിലായിരുന്നു. എന്നാൽ, അന്നേ വാഹനങ്ങളോടു പ്രിയമുള്ളതിനാൽ പിന്നീടു മെക്കാനിക്കൽ വിഭാഗത്തിലേക്കു മാറുകയായിരുന്നു. 

preethu-rachel-mathew-2

ചരിത്രം കുറിച്ച്

ഹെവി വെഹിക്കിൾ ലൈസൻസ് എടുക്കാൻ തിരുവല്ലയിലെ സ്വകാര്യ ഡ്രൈവിങ് സ്കൂളിലെത്തിയപ്പോൾ സ്കൂളിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഒരു വനിത ഹെവി വെഹിക്കിൾ ലൈസൻസ് എടുക്കാൻ പരിശീലനത്തിനെത്തുന്നത്. ഒരു ദിവസത്തെ പരിശീലനമാണു ലഭിച്ചത്. പിറ്റേന്നു രാവിലെ ഡ്രൈവിങ് ടെസ്റ്റിനെത്തുമ്പോൾ 80 പേരാണ് ടെസ്റ്റിന് എത്തിയിരുന്നത്. അവർക്കിടയിലും ഏക വനിതയായിരുന്നു പ്രീതു.

preethu-rachel-mathew-3

കോവിഡിനുശേഷമുള്ള ആദ്യ ഡ്രൈവിങ് ടെസ്റ്റ് ആയിരുന്നതിനാൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. ആദ്യത്തെ അവസരവും പ്രീതുവിനുതന്നെ ലഭിച്ചു. ‘ഭയമൊന്നും തോന്നിയില്ല. എങ്കിലും വാഹനവുമായി പരിചയക്കുറവുള്ളത് വെല്ലുവിളിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കണം എന്ന ദൃഢനിശ്ചയവും എന്നെക്കൊണ്ട് അതു സാധിക്കുമെന്ന ഉറച്ച ആത്മവിശ്വാസവുമുണ്ടായിരുന്നു. ആദ്യ ചാൻസിൽത്തന്നെ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി.’ പ്രീതു പറയുന്നു.

preethu-rachel-mathew-5

പത്തനംതിട്ട അയിരൂർ ചെറുകര കോളാകോട്ട് മാത്യു വർഗീസിന്റെയും സോണി മാത്യുവിന്റെയും മൂന്നു മക്കളിൽ ഇളയവളാണ് പ്രീതു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തുവരികയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് പ്രീതു. സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്.

English Summary: Meet Preethu Rachel Mathew Who Drive Bullet To Lorry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com