ADVERTISEMENT

മലയാളികള്‍ക്ക് പ്രണയത്തിലും വിരഹത്തിലും ആഘോഷത്തിലുമെല്ലാം കൂട്ടായെത്തുന്ന പല പാട്ടുകളുടേയും സംഗീതത്തിനു പിന്നില്‍ ഷാന്‍ റഹ്‌മാനെന്ന പേരായിരിക്കും. ആദ്യ ചിത്രമായ പട്ടണത്തില്‍ ഭൂതം മുതല്‍ ചെയ്യുന്ന ഓരോ പാട്ടിലൂടെയും ആസ്വാദകരുടെ ഉളളില്‍ വീണ്ടും ആ പേര് അദ്ദേഹം എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. വണ്ടികളോടുളള ക്രേസ് ഷാന്‍ റഹ്‌മാന് ചെറുപ്പം മുതലേ ഉളളതാണ്. അദ്ദേഹത്തിന്റെ ഭാഷയില്‍തന്നെ പറഞ്ഞാല്‍ അതൊരു അസുഖമാണ്, 'വണ്ടിഭ്രാന്ത്'. തലമുറകളിലൂടെ നീളുന്ന ആ രോഗം പിതാവില്‍ നിന്ന് ഷാനിന് കിട്ടി ഇപ്പോ അത് മകനിലേക്കും പകര്‍ന്നിട്ടുണ്ട്. ജീവിതത്തെ രസകരമായി കാണുന്ന, വണ്ടികളെ ഒരുപാട് സ്‌നേഹിക്കുന്ന, സംഗീതത്തെ ജീവിതമായി കാണുന്ന ഷാന്‍ റഹ്‌മാന്‍ തന്റെ വിശേഷങ്ങള്‍ പങ്കിടുന്നു ഓണ്‍ലൈനുമായി...

shaan-2

 

മാരുതി 800 നൊപ്പം ആദ്യ സവാരി

shaan-8

 

15 വയസായപ്പോഴാണ് ആദ്യമായി ഷാന്‍ വണ്ടി ഓടിക്കുന്നത്. പിതാവിന്റെ സഹോദരന്റെ ബജാജ് സണ്ണിയാണ് ആദ്യമായി ഓടിക്കുന്ന വാഹനം. സണ്ണിയില്‍ നിന്ന് പിന്നെ പതുക്കെ ഫോര്‍വീലറിലായി. ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഒരു ഫോര്‍വീലര്‍ കയ്യില്‍കിട്ടുന്നത്. പതിനെട്ട് തികഞ്ഞ് ലൈസന്‍സെടുത്തതില്‍ പിന്നെയാണ് വീട്ടിലേക്ക് സ്വന്തമായി ഒരു നാലുചക്രമുളള വണ്ടി വാങ്ങുന്നത്. അതൊരു സെക്കന്‍ഡ് ഹാന്‍ഡ് മാരുതി 800 ആയിരുന്നു. കയ്യിലെത്തിയപ്പോഴേ പൊട്ടിപൊളിഞ്ഞ പരുവത്തിലായിരുന്നു വണ്ടി. നമ്മുടെ കയ്യിലായത് കൊണ്ട് കണ്ടീഷന്‍ അതിലും മോശമായെന്ന് ഷാന്‍ റഹ്‌മാന്‍ ചിരിയിലൂടെ പറയുന്നു. ഏതാണ്ട് മൂന്നുവര്‍ഷത്തോളം ആ വണ്ടിയിലായിരുന്നു ചുറ്റല്‍ മുഴുവന്‍.

shaan

 

shaan-7

14 വണ്ടികള്‍ വാങ്ങാനാവുമോ സക്കീര്‍ ഭായ്ക്ക്...

 

shaan-3

ഒരാള്‍ക്ക് എത്രവണ്ടിവരെ മാറ്റാം എന്ന് ഷാന്‍ റഹ്‌മാനോട് ചോദിച്ചാല്‍ എത്രയും ആകാം എന്നായിരിക്കും ഉത്തരം. കാരണം വണ്ടികളോടുളള ഇഷ്ടം മൂത്ത് ഏതാണ്ട് 14 വണ്ടികളാണ് ഇതിനകം അദ്ദേഹം ഉപയോഗിച്ചിട്ടുളളത്. അതില്‍ മിക്കതും ഒരുപാട് ആഗ്രഹിച്ച് സ്വന്തമാക്കിയവ. ആദ്യ കാറായ മാരുതി 800 നുശേഷം ടാറ്റ ഇന്‍ഡിക്കയായിരുന്നു ഷാനിന്റെ സന്തതസഹചാരി. പിന്നെ ഹ്യുണ്ടയ് ആസന്റ്, അത് കൊടുത്ത് വാഗണ്‍ ആര്‍ വാങ്ങി, അതിനുശേഷം സ്വിഫ്റ്റ്. സ്വിഫ്റ്റ് കൊടുത്തതിന് ശേഷം സ്വന്തമാക്കിയ വണ്ടിയായിരുന്നു ഫിയറ്റ് ലീനിയ. വളരെ സുന്ദരമായ ഒരു വണ്ടിയായിരുന്നുവെന്നും ഒരുപാട് ഇഷ്ടമായിരുന്നു ആ വണ്ടിയെന്നും ഷാന്‍ പറയുന്നു. എന്നാല്‍ കേരളത്തിലെ റോഡുകളിലൂടെയുളള യാത്ര ലീനിയയ്ക്ക് ഒട്ടും രസിച്ചില്ല. ഗ്രൗണ്ട് ക്ലിയറന്‍സ് കുറവായതിനാല്‍ വണ്ടിയുടെ അടിതട്ടിയുളള യാത്ര പൊല്ലാപ്പായപ്പോള്‍ ആറുമാസം കൊണ്ടാണ് വണ്ടി കൊടുക്കേണ്ടി വന്നത്.

shaan-6

 

അതിനുശേഷം ഷാന്‍ സ്വന്തമാക്കിയ വണ്ടിയായിരുന്നു ഷവര്‍ലെ ക്രൂസ്. പിന്നെ സ്‌കോഡ സൂപ്പര്‍ബ്. സ്‌കോഡ കൊടുത്താണ് ഷാന്‍ ആദ്യമായി ഒരു ഇ-ക്ലാസ് വാങ്ങുന്നത്. ഒരു അപ്പര്‍ ജര്‍മന്‍ ഇ-ക്ലാസായിരുന്നു അത്. എന്നാല്‍ അതും വര്‍ഷങ്ങളോളം കയ്യില്‍ നിന്നില്ല. ക്യു 7 ആണ് പിന്നീട് കയ്യിലെത്തിയ വാഹനം. അതിനുശേഷം മിനി കൂപ്പര്‍, പിന്നെ ബിഎംഡബ്ല്യു 5 സീരീസ്. ഇങ്ങനെ നിരവധി വണ്ടികള്‍ക്ക് ശേഷമാണ് ഒരു സ്വപ്‌നവണ്ടിയെന്ന ആഗ്രഹത്തില്‍ ഷാന്‍ റഹ്‌മാന്‍ ആശിച്ച് മോഹിച്ച് റേഞ്ച് റോവര്‍ - വെലാര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഇഷ്ടം മാറും മുന്‍പേ ആ വണ്ടി തകര്‍ന്നു തരിപ്പണമാവുകയും ചെയ്തു.

shaan-5

 

റേഞ്ച് റോവറെന്ന തകര്‍ന്നടിഞ്ഞ സ്വപ്‌നം

shaan-1

 

shaan-10

കാക്കനാടുളള വീട്ടില്‍ നിന്ന് ഡിന്നറെല്ലാം കഴിച്ച് സ്റ്റുഡിയോയിലേക്ക് പോകാനിറങ്ങിയതായിരുന്നു ഷാന്‍. ഒരു മഴയുളള ദിവസം. മഴയുളളപ്പോള്‍ ഊബര്‍ വണ്ടികളുടെ എണ്ണവും നിരത്തില്‍ കൂടും. അങ്ങനെ അത്യാവശ്യം ട്രാഫിക്കുളള സമയം. വണ്ടി ഓടിച്ച് ഒരു വളവിലെത്തിയപ്പോഴാണ് എതിരെ വേഗതയില്‍ ഒരു വണ്ടിവന്നത്. ഒന്നുകില്‍ ആ വണ്ടിയെ ചെന്ന് ഇടിക്കുക അല്ലേല്‍ വെട്ടിക്കുക. ഈ രണ്ട് ചോയ്‌സ് മാത്രമേ ആകെ മുന്നിലുണ്ടായിരുന്നുളളൂ. സ്വാഭാവികമായും ആരും തെരഞ്ഞെടുക്കുന്ന പോലെ രണ്ടാമത്തെ ഓപ്ഷന്‍ ഷാനും തെരഞ്ഞെടുത്തു. റേഞ്ച് റോവര്‍ വെട്ടിച്ചു. അതോടെ അവിടെയുണ്ടായിരുന്ന ഒരു ഇലക്ട്രിക് പോസ്റ്റിലേക്കാണ് വണ്ടി ഇടിച്ചുകയറിയത്. പോസ്റ്റിനൊപ്പം തൊട്ടടുത്തുണ്ടായിരുന്ന മതിലും ഒപ്പം റേഞ്ച് റോവറും പൊളിഞ്ഞു.

 

ഞൊടിയിടയിലാണ് റേഞ്ച് റോവറെന്ന സ്വപ്‌നം തകര്‍ന്ന് തരിപ്പണമായി. ഒരുപാട് ആഗ്രഹിച്ച് സ്വന്തമാക്കിയ ആ വണ്ടിയുടെ അവസ്ഥ ഭീകരമായിരുന്നു. ജീവന് ആപത്തില്ലാതെ കിട്ടിയതുതന്നെ ഭാഗ്യമെന്ന് ആലോചിച്ചാണ് വണ്ടിപോയ വിഷമം മറികടക്കാറെന്നും ഷാന്‍ പറയുന്നു. വെറും എട്ടുമാസം മാത്രമാണ് റേഞ്ച് റോവര്‍ ഷാനിന്റെ കയ്യിലുണ്ടായിരുന്നത്. ഏതായാലും റേഞ്ച് റോവര്‍ പോയതോടെ തല്‍ക്കാലം വണ്ടിപ്രേമം നിര്‍ത്തിയിരിക്കുകയാണ് ഷാന്‍. ഒ.എല്‍.എക്‌സില്‍ നിന്ന് ഒരു സെക്കന്‍ഹാന്‍ഡ് ഇ- ക്ലാസ് വാങ്ങി. അതിലാണ് ഇപ്പോള്‍ യാത്ര. അടുത്തൊന്നും ഇനി വണ്ടി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷാന്‍ പറയുന്നു.

shaan-9

 

മലയാളിയുടെ ഡ്രൈവിങ്

 

എല്ലാവരും തിരക്കുളള ആളുകളാണ്. എല്ലാവര്‍ക്കും അവരവരുടെ സ്ഥലങ്ങളില്‍ പെട്ടെന്ന് എത്തിപ്പെടണം. എന്നിരുന്നാലും റോഡില്‍ പാലിക്കേണ്ട കുറച്ച് മര്യദകളുണ്ട്. അത് പാലിക്കാത്തതാണ് കേരളത്തിലെ ട്രാഫിക് ബ്ലോക്കിന്റെ പ്രധാന കാരണങ്ങളിലൊന്നെന്നാണ് ഷാന്‍ പറയുന്നത്. വണ്ടി ഓടിക്കുന്നവര്‍ തെറ്റായി ഓവര്‍ടേക്ക് ചെയ്യുന്നതും ചെറിയ ഇടങ്ങളിലൂടെ വണ്ടി കുത്തിക്കേറ്റാന്‍ ശ്രമിക്കുന്നതുമൊക്കെ കേരളത്തില്‍ വണ്ടിയോടിക്കുമ്പോള്‍ ബുദ്ധിമുട്ടായി തോന്നാറുണ്ടെന്നും ഷാന്‍ പറയുന്നു.

 

ഡാഡിയുടെ സ്വന്തം മകന്‍

 

ദുബായില്‍ നിന്ന് പന്ത്രണ്ടുവര്‍ഷം മുന്‍പ് റിട്ടയര്‍ ആയി വന്ന ആളാണ് ഷാന്‍ റഹ്‌മാന്റെ ഡാഡി. ഏതാണ്ട് മുപ്പത്തഞ്ചു വര്‍ഷക്കാലമാണ് അദ്ദേഹം ദുബായില്‍ ജോലി ചെയ്തത്. അതുകൊണ്ടുതന്നെ തിരികെ അദ്ദേഹത്തെ ദുബായും ജോലി ചെയ്ത സ്ഥലവും അവിടുത്തെ വീടും പരിസരവും പരിചയക്കാരെയും കാണിക്കുകയെന്നത് ഷാന്‍ റഹ്‌മാന്റെ ആഗ്രഹമായിരുന്നു. അത് സാധിക്കാനായത് ഗോള്‍ഡന്‍ വിസ ലഭിച്ചപ്പോഴാണ്. അത് വാങ്ങാനായി ഒപ്പം ഡാഡിയെയും കൂട്ടിയാണ് ഷാന്‍ ദുബായിലേക്ക് പോയത്. ആഗ്രഹം പോലെ ഡാഡിയെ പഴയ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടുപോവാനായതിന്റെ സന്തോഷം ഇപ്പോഴും ഷാനിന്റെ വാക്കുകളില്‍ നിറയുന്നു.

 

ഡാഡിയെ പോലെതന്നെയാണ് താനെന്നാണ് ഷാന്‍ പറയുക. ഡാഡിയുടെ വണ്ടി സ്‌നേഹമാണ് തനിയ്ക്കും കിട്ടിയത്. പുതിയ വണ്ടികള്‍ വാങ്ങുക, ഇടയ്ക്കിടെ വണ്ടി മാറ്റുക ഇതൊക്കെ ഡാഡിയുടെ ക്രേസാണ്. അത് കണ്ടാണ് തനിയ്ക്കും ഈ വണ്ടികളോടുളള സ്‌നേഹം വന്നതെന്ന് ഷാന്‍ പറയുന്നു. മകന്‍ റയാനും ഇപ്പോള്‍ ഇവരുടെ അതേ പാതയിലാണ്. ചില വണ്ടികള്‍ കാണുമ്പോള്‍ നമുക്ക് അത് വാങ്ങിയാലോ എന്ന് ഷാനിനോട് ചോദിക്കും. തത്കാലം വേണ്ട ഇപ്പോ ഇങ്ങനെ പോട്ടെ എന്ന് അവന്‍തന്നെ പിന്നീട് പറയുമെന്നും ഷാന്‍ പറയുന്നു.

 

ഇഷ്ടം ഇന്‍ഡിക, സ്വപ്‌നം പോലെ റേഞ്ച് റോവര്‍

 

ഏറിയാല്‍ ഒരു രണ്ട് രണ്ടര വര്‍ഷമാണ് ഒരു വണ്ടി മാക്‌സിമം ഷാനിന്റെ കയ്യില്‍ നില്‍ക്കാറുളളൂ. അതിനെ ഭേദിച്ച് വന്ന വണ്ടിയാണ് ടാറ്റ ഇന്‍ഡിക്ക. ഷാനിന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായിരുന്ന വണ്ടിയാണ് ഇന്‍ഡിക്ക. ആല്‍ബം സോങ്ങുകള്‍ ചെയ്യുമ്പോഴും ആദ്യ സിനിമ ചെയ്യുമ്പോഴുമെല്ലാം അത് ഷാനിന്റെ ഒപ്പം തന്നെയുണ്ടായിരുന്നു.

 

ഷാനിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഓരോ വിഷമങ്ങളും സന്തോഷങ്ങളുമെല്ലാം അറിഞ്ഞ വണ്ടി. ഏതാണ്ട് അഞ്ചരവര്‍ഷത്തോളം ഇന്‍ഡിക്ക ഷാനിന്റെ കയ്യിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എത്രവണ്ടികള്‍ മാറിയാലും ടാറ്റ ഇന്‍ഡിക്കയോട് ഷാനിന് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. അത് കൊടുത്തപ്പോഴും വലിയ സങ്കടമായിരുന്നു. വളരെയധികം മാനസിക അടുപ്പം തോന്നിയ ഒരു വണ്ടിയാണതെന്ന് ഷാന്‍ റഹ്‌മാന്‍ പറയുന്നു. ഒരുപാട് ഇഷ്ടം തോന്നി വാങ്ങിയ വണ്ടി റേഞ്ച് റോവറായിരുന്നു. ഇഷ്ടത്തോടെ സ്വന്തമാക്കിയ ഒരു വാഹനം വെറുതെ അങ്ങ് പോയപോലെ അല്ലെങ്കില്‍ ഒരു സ്വപ്‌നം പോലെയാണ് റേഞ്ച്‌റോവര്‍ ഷാനിന്റെ ജീവിതത്തില്‍ കടന്നു പോയത്. ഈ രണ്ടു കാറുകളുമാണ് ഷാനിന് ഏറ്റവും മാനസികമായി അടുപ്പം തോന്നിയ വണ്ടികള്‍. അതേസമയം ഇനി ഒരു കാര്‍ വാങ്ങുകയാണെങ്കില്‍ ലേറ്റസ്റ്റ് മോഡല്‍ ക്യു 7 അല്ലെങ്കില്‍ ക്യു 8 ആയിരിക്കും താന്‍ സ്വന്തമാക്കുകയെന്നും ഷാന്‍ പറയുന്നു.

 

ഡ്രൈവിങ്

 

ഡ്രൈവിങ് ഒരുപാട് ഇഷ്ടമാണെങ്കിലും തിരക്കില്‍ പലപ്പോഴും ജോലി ആവശ്യങ്ങള്‍ക്ക് മാത്രമായി ചുരുങ്ങുകയാണ് ഡ്രൈവിങ്. വീട്ടിലേക്കും സ്റ്റുഡിയോയിലേക്കുമുളള യാത്രകള്‍ മാത്രം. ലോങ് ഡ്രൈവെന്ന് പറയുന്നത് കോഴിക്കോടുളള വീട്ടിലേക്ക് മാത്രമാണ് ഇപ്പോള്‍ എന്നും ഷാന്‍ പറയുന്നു. പിന്നെ മകന്‍ റയാന്‍ ചിലപ്പോള്‍ പപ്പാ നമുക്കൊരു ഡ്രൈവിന് പോയാലോ എന്ന് പറഞ്ഞാല്‍ പോവും അത്രതന്നെ. മിക്കപ്പോഴും കാക്കനാട് പരിസരത്തുതന്നെ ചുറ്റിയടി തീരും. കാരണം ട്രാഫിക്ക് തന്നെ.

 

ഇഷ്ട ഡ്രൈവിങ് സ്ഥലം

 

വണ്ടി ഓടിക്കാന്‍ മുഴുപ്പിലങ്ങാട് ബീച്ചിനോളം ഇഷ്ടപ്പെട്ട മറ്റൊരു സ്ഥലമില്ലെന്നാണ് ഷാന്‍ പറയുന്നത്. പിന്നെ അതിരപ്പിളളി റൂട്ട്. ഒരിടക്ക് കരിയറില്‍ ഒരു ബ്രേക്ക് എടുത്തേ പറ്റൂ എന്ന് വന്ന സന്ദര്‍ഭത്തില്‍. വിനീത് ശ്രീനിവാസനും ആര്‍ജെ മാത്തുകുട്ടിയും കൂടി ഒരു ദിവസം വന്ന് നമുക്കൊന്ന് ലഞ്ച് കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞ് ട്രിപ് പോയി. അതിരപ്പിളളിയിലേയ്ക്കായിരുന്നു ആ യാത്ര. ആ വഴി വണ്ടിയോടിക്കാന്‍ നല്ല രസമായിരുന്നു. നല്ല മഴയുളള ഒരു ദിവസമായിരുന്നു അന്ന് അതുകൊണ്ട് പാട്ടൊക്കെ വച്ച് നല്ലൊരു മൂഡുളള യാത്രയായിരുന്നു അതെന്നും ഷാന്‍ പറയുന്നു. പിന്നെ സേലം- ചെന്നൈ റൂട്ടും ഷാനിന് വണ്ടിയോടിക്കാന്‍ പ്രിയപ്പെട്ട റൂട്ടാണ്. ആ വഴി വണ്ടിയുടെ കപ്പാസിറ്റി നോക്കാനും പറ്റിയതാണെന്നും ഷാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

യാത്രകള്‍...

 

യാത്രകളോട് ഒരുപാട് പ്രിയമാണെങ്കിലും തിരക്കിനിടയില്‍ പലപ്പോഴും യാത്രകള്‍ക്കായി സമയം കിട്ടാറില്ലെന്ന് ഷാന്‍ റഹ്‌മാന്‍ പറയുന്നു. വീട്ടില്‍ നിന്ന് സ്റ്റുഡിയോയിലേക്കും തിരിച്ച് വീട്ടിലേക്കുമുളള യാത്രകളാണ് ഇപ്പോ ആകെ നടക്കുന്നത്. യാത്രകള്‍ക്കായി സമയമില്ലാത്തതില്‍ കുടുംബത്തിന് അല്‍പം പരിഭവമുണ്ടെങ്കിലും വര്‍ഷത്തിലൊരിക്കല്‍ പോകുന്ന ദുബായ് യാത്രയില്‍ താന്‍ പിടിച്ചു നില്‍ക്കുകയാണെന്നു ഷാന്‍ ചിരിയിലൂടെ പറയുന്നു.

എല്ലാ വര്‍ഷവും ക്രിസ്മസിന് മുന്‍പേ ദുബായിലേക്ക് പോകും. പിന്നെ ന്യൂ ഇയര്‍ കഴിഞ്ഞാണ് ഷാനും കുടുംബവും എറണാകുളത്തേക്ക് തിരിച്ചെത്താറ്. അതിനുപുറമെ ഇത്തവണത്തെ ഓണത്തിന് കോഴിക്കോട്  കുടുംബവീട്ടിലേക്ക് യാത്രപോകാനുളള തയാറെടുപ്പിലാണെന്നും അദ്ദേഹം പറയുന്നു.

 

വിദേശയാത്രകള്‍ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും മിക്കപ്പോഴും കാഴ്ചകള്‍ കാണാനുളള സമയം ആ യാത്രകളില്‍ ലഭിക്കാറില്ല. പിന്നെ കേരളത്തില്‍ തന്നെയുളള യാത്രകളോട് ഇഷ്ടം കൂടുതലാണെന്നും ഷാന്‍ പറയുന്നു. വയനാട്, മൂന്നാറൊക്കെയാണ് കേരളത്തിലെ യാത്രകളില്‍ ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍. മലയും കുന്നും കയറിയുളള യാത്രകളേക്കാള്‍ കടലും തീരവുമാണ് ഷാനിന് കൂടുതല്‍ പ്രിയം. അതിനാല്‍ മാലിദ്വീപ്, ബാലി, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കുളള യാത്രകളും ആഗ്രഹിക്കുന്നുണ്ടെന്ന് ഷാന്‍ പറയുന്നു.

 

റയാനൊന്നു മൂളിയാല്‍

 

ഏതൊരു പാട്ട് സംഗീതം ചയ്താലും അത് ആദ്യം കേള്‍ക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ ഷാനിന്റെ ഭാര്യയും മകനുമാണ്. നന്നായാല്‍ കൊളളാമെന്നും പോരെങ്കില്‍ എന്താണിത് കാണിച്ചുവച്ചിരിക്കുന്നതെന്ന് മുഖത്തു നോക്കിപറയാനും മടിക്കാത്തവര്‍. അവരാണ് ഷാനിന്റെ ശക്തി. ഏതെങ്കിലും ഒരു പാട്ട് കംപോസ് ചെയ്ത് കേള്‍പ്പിച്ചാല്‍ റയാന്‍ അത് പിന്നീട് പാടുകയോ മൂളുകയോ ചെയ്താല്‍ തനിയ്ക്ക് ആ പാട്ട് വര്‍ക്കാവുമെന്ന് ഉറപ്പാണെന്നും ഷാന്‍ പറയുന്നു. ഷഫീക്കിന്റെ സന്തോഷം, ബുളളറ്റ് ഡയറീസ്, ആനന്ദം പരമാനന്ദം, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളാണ് ഷാനിന്റെ സംഗീതം ചേര്‍ത്ത് വരാനിരിക്കുന്നത്.

 

English Summary: Shaan Rehman Driving Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com