ADVERTISEMENT

‘എന്താണ് വാർത്ത? നായ മനുഷ്യനെ കടിച്ചാൽ വാർത്തയല്ല. എന്നാൽ, മനുഷ്യൻ നായയെ കടിച്ചാൽ വാർത്തയാണ്.’ – പണ്ടൊക്കെ ഇതായിരുന്നു പത്രപ്രവർത്തന ശിൽപശാലകൾ ആരംഭിക്കുമ്പോൾ അധ്യാപകർ നൽകിയിരുന്ന ലളിതമായ നിർവചനം. എന്നാൽ ഈ നിർവചനം പഴങ്കഥയായി. നായ മനുഷ്യനെ കടിക്കുന്നത് നിരന്തരം വാർത്തയാകുന്ന കാലത്താണ് നാം ജീവിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് (സെപ്‌റ്റംബർ 20) 108 വർഷം തികയുന്നു. പ്രസ്‌തുത അപകടത്തിന് കാരണം ഒരു തെരുവുനായയും. 1914 സെപ്റ്റംബർ 20 നായിരുന്നു ആ അപകടം നടന്നത്. അപകടം മൂലം ഉണ്ടായ ആഘാതത്തിൽ രണ്ടു ദിവസത്തിനുശേഷം, ‘കേരള കാളിദാസൻ’ എന്ന വിശേഷണമുള്ള കേരളവർമ വലിയകോയിത്തമ്പുരാൻ നാട് നീങ്ങി. ഇന്ത്യയിൽ ആദ്യമായി കാറപകടത്തിൽ മരിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പറയപ്പെടുന്നു.

വൈക്കം മഹാദേവക്ഷേത്രത്തിൽ എല്ലാ വർഷവും തൊഴാൻ പോകുന്ന പതിവുള്ള ആളായിരുന്നു കേരളവർമ വലിയകോയിത്തമ്പുരാൻ. 1914 സെപ്റ്റംബർ 13 ന് പതിവുള്ള വഴിപാടുകൾക്കുശേഷം ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ താമസിച്ച അദ്ദേഹം രാവിലെ പ്രാതൽ കഴിഞ്ഞ് അനന്തരവനായ ‘കേരള പാണിനി’ ഡോ.എ.ആർ.രാജരാജവർമയ്‌ക്കൊപ്പം തിരുവനന്തപുരത്തേക്ക് കാറിൽ പുറപ്പെട്ടു. ഗുസ്തിക്കാരൻ അയ്‌മനം കുട്ടൻപിള്ളയായിരുന്നു ഡ്രൈവർ. വലിയകോയിത്തമ്പുരാന്റെ പരിചാരകൻ തിരുമുൽപ്പാട് ഉൾപ്പെടെ നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്.

keralas-first-accident
കേരളവർമ വലിയകോയിത്തമ്പുരാന്റെ കാര്‍‍ അപകടത്തിൽ പെട്ടതിന്റെ സമീപമുള്ള കുറ്റിത്തെരുവ് ജംഗ്‌ഷന്റെ ഇപ്പോഴത്തെ ദൃശ്യം

ഹരിപ്പാട്ടുനിന്ന് മാവേലിക്കര-കായംകുളം വഴി തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു പദ്ധതി. മാവേലിക്കര കഴിഞ്ഞു കുറ്റിത്തെരുവ് അടുത്തപ്പോഴാണ് ഒരു തെരുവുനായ കാറിനു കുറുകെ ചാടിയത്. രാജകുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന അക്കാലത്തെ കാറുകൾക്ക് ഘനം കുറവാണ്. പ്രത്യേക വേഷം ധരിച്ച അകമ്പടിക്കാർക്ക് നിൽക്കുവാൻ തരത്തിലുള്ള പലകകൾ വശങ്ങളിൽ ഉണ്ടായിരുന്നു. അകമ്പടിക്കാരിൽ ഒരാൾ കുറുകെച്ചാടിയ നായയെ കാലുകൊണ്ട് തൊഴിച്ചോടിക്കാൻ ശ്രമിച്ചപ്പോഴാണ് കാറിന് ഇളക്കം ഉണ്ടായതും നിരങ്ങിനീങ്ങി വഴിയരികിലെ ചെറുകുഴിയിലേക്ക് മറിഞ്ഞതും.

ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ കാറിൽ നിന്നു പുറത്തെടുത്തു. എ.ആർ.രാജരാജവർമ വലിയകോയിത്തമ്പുരാനെ എഴുന്നേൽപിച്ച് സമീപത്തുള്ള വീട്ടിലിരുത്തി പ്രഥമശുശ്രൂഷ നൽകി. തമ്പുരാന്റെ നെഞ്ചിന്റെ വലതുവശം ഇടിച്ചതൊഴിച്ചാൽ പ്രത്യക്ഷത്തിൽ മറ്റു പരുക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പരിചാരകൻ‌ തിരുമുൽപ്പാടിന്റെ കാലിന് ഒടിവുണ്ടായി.

പിന്നീട് കൃഷ്‌ണപുരത്തുനിന്ന് കൊണ്ടുവന്ന ഒരു പല്ലക്കിൽ എ.ആർ. രാജരാജവർമയുടെ മാവേലിക്കരയിലെ വസതിയായ ശാരദാമന്ദിരത്തിലേക്ക് എത്തിച്ചു. പ്രശസ്‌ത ഡോക്ടർ വല്ല്യത്താൻ വലിയകോയിത്തമ്പുരാന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് ചികിത്സ ആരംഭിച്ചു. എആറും മാവേലിക്കര ഉദയവർമത്തമ്പുരാനും ആണ് അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്. എന്നാൽ, 1914 സെപ്‌റ്റംബർ 22ന് രാവിലെ എആറിന്റെ കൈകളിൽക്കിടന്ന് അമ്മാവൻ തിരുമനസ്സ് ഇഹലോകവാസം വെടിഞ്ഞു.

rojin
റോജിൻ പൈനുംമൂട്

എ.ആർ.രാജരാജവർമയുടെ മക്കളായ എം.ഭാഗീരഥിയമ്മ തമ്പുരാനും എം.രാഘവവർമത്തമ്പുരാനും ചേർന്നെഴുതിയ ‘എ.ആർ.രാജരാജവർമ’ എന്ന ഗ്രന്ഥത്തിലും കാറപകടം പരാമർശിക്കുന്നുണ്ട്. അന്ന് വലിയകോയിത്തമ്പുരാനെ കൊണ്ടുവന്ന പല്ലക്ക് ഇന്നും ശാരദാ മന്ദിരത്തിന്റെ താഴത്തെ നിലയിൽ സംരക്ഷിച്ചുവരുന്നു.

ചങ്ങനാശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാൾ ദേവി അംബ തമ്പുരാട്ടിയുടെയും ചെറിയൂർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും പുത്രനായി 1845 ഫെബ്രുവരി 19 നാണ് കേരളവർമയുടെ ജനനം. അദ്ദേഹത്തിന്റെ മൂലകുടുംബം പരപ്പനാട്ടു രാജകുടുംബമാണ്. മാവേലിക്കര കൊട്ടാരത്തിൽനിന്നു ദത്തെടുത്ത രണ്ടു സഹോദരിമാരിൽ ആറ്റിങ്ങൽ മൂത്ത തമ്പുരാട്ടിയായ ഭരണി തിരുനാൾ ലക്ഷ്മി ബായി തമ്പുരാട്ടിയെ 1859-ൽ പതിനാലാമത്തെ വയസ്സിൽ കേരളവർമ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. ഇവർക്ക് മക്കളുണ്ടായിരുന്നില്ല. സ്വാതി തിരുനാളിനുശേഷം രാജാവായ ഉത്രം തിരുനാളിന്റെ കാലശേഷം ആയില്യം തിരുനാൾ അധികാരമേറ്റ സമയമായിരുന്നു അത്. ആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരളവർമയെ 1875 ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിൽ ഏകാന്തതടവിലാക്കി. അക്കാലത്ത് ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ എഴുതിയ കൃതിയാണ് പ്രശസ്‌തമായ ‘മയൂരസന്ദേശം’.

ആറ്റിങ്ങൽ മൂത്തറാണിയായിരുന്നിട്ടും ലക്ഷ്മി ബായിക്ക്‌ തന്റെ ഭർത്താവിനെ തടങ്കലിൽനിന്നു മോചിപ്പിക്കാനായില്ല. കേരളവർമയിൽനിന്നു വിവാഹമോചനം നേടി മറ്റൊരു വിവാഹത്തിനായി മഹാരാജാവും കൊട്ടാരത്തിലുള്ള മറ്റുള്ളവരും റാണിയെ വളരെയധികം നിർബന്ധിച്ചെങ്കിലും റാണി എല്ലാ എതിർപ്പുകളെയും അതിജീവിച്ച് കേരളവർമയ്ക്കായി കാത്തിരുന്നു.

അഞ്ചുപതിറ്റാണ്ടോളം മലയാളസാഹിത്യത്തിനു മികച്ച സംഭാവന നൽകിയ വലിയകോയിത്തമ്പുരാന്റെ മൃതദേഹം സെപ്റ്റംബർ 22നു വൈകുന്നേരം ഔപചാരിക ബഹുമതികളോടെ മാവേലിക്കരയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഭരണി തിരുനാൾ ലക്ഷ്മി ബായി തമ്പുരാട്ടി ആ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല എന്നത് ഒരു ദുഃഖമായി ഇന്നും അവശേഷിക്കുന്നു.
വലിയകോയിത്തമ്പുരാനോടുള്ള ബഹുമാനത്തിൽ വർത്തമാനപ്പത്രങ്ങൾ മുഖപ്രസംഗങ്ങൾ എഴുതി. പലയിടത്തും അനുശോചനയോഗങ്ങൾ ചേർന്നു. മഹാകവികളായ വള്ളത്തോളും ഉള്ളൂരും വിലാപകാവ്യങ്ങൾ എഴുതി.

തിരുവിതാംകൂർ രാജകുടുംബചരിത്രം വിവരിക്കുന്ന മനു എസ്. പിള്ളയുടെ ഗ്രന്ഥമായ ‘ദന്തസിംഹാസന’ത്തിൽ മഹാകവി കുമാരനാശാൻ കേരളവർമ വലിയകോയിത്തമ്പുരാന്റെ വേർപാടിൽ വ്യാകുലനായി ഇങ്ങനെ എഴുതിയ കാര്യം വിവരിക്കുന്നുണ്ട്: ‘‘കേരളവർമയെപ്പോലെ, ജാതിമതഭേദമെന്യേ എല്ലാ മലയാളികളും ആത്മാർഥമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറ്റൊരാൾ കേരളത്തിൽ ഇല്ലെന്നു ഞങ്ങൾ കരുതുന്നു. ഏറ്റവും ശ്രേഷ്‌ഠമായ പാണ്ഡിത്യത്തിന്റെയും കവിത്വത്തിന്റെയും നന്മയുടെയും ഔദാര്യത്തിന്റെയും കുലമഹിമയുടെയും സംഗമം ഇനി എവിടെ കാണാൻ സാധിക്കും? അല്ലയോ കേരളനാടേ, നിന്റെ വെളിച്ചം അണഞ്ഞുപോയി ! ഇരുട്ട് നിന്നെ വിഴുങ്ങിക്കളഞ്ഞു!’’

English Summary: 108 Years after First Accident Death In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com