ADVERTISEMENT

‘ദേശം’ എന്ന ചെറുഗ്രാമത്തിലെ ചെറുസംഭവങ്ങൾ നിറഞ്ഞ കുഞ്ഞിരാമായണം. മനേത്തുവയലും ഗുസ്തിയും പ്രണയവുമായി ഗോഥ. കുറുക്കൻമൂലയിലെ ‘ഇടിവെട്ട്’ കഥയായ മിന്നൽ മുരളി. കഥാപാത്രങ്ങൾക്കൊപ്പം പ്രശസ്തമാണ് ബേസിൽ ജോസഫിന്റെ സിനിമയിലെ സ്ഥലങ്ങളും. കഥയ്ക്കു വേണ്ടിയും അല്ലാതെയും പതിവു യാത്രകൾ. ചില യാത്രകൾ കഴിയുമ്പോൾ പുതിയ കഥാപാത്രങ്ങൾ ജനിക്കും. ചിലപ്പോൾ ഉള്ളവ ഇല്ലാതാകും. ബേസിലിന് യാത്ര സിനിമയുടെ ഭാഗമല്ല, ജീവിതത്തിന്റെ ഭാഗമാണ്. നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ യാത്രകൾ, വാഹന വിശേഷങ്ങള്‍ വായിക്കാം...

പാൽത്തൂ ജാൻവർ !

നിലവിലെ പ്രധാന യാത്രകൾ സിനിമ ലൊക്കേഷനുകളിലേക്കാണ്. ഓണത്തിനു റിലീസ് ചെയ്യുന്ന പാൽത്തൂ ജാൻവർ എന്ന സിനിമയിലെ നായകനാണ്. കണ്ണൂർ ഇരിട്ടിയിലായിരുന്നു ലൊക്കേഷൻ. കുടിയേറ്റക്കാരുടെ സ്വന്തം ഇരിട്ടി. അവിടെയുള്ളവർ സെറ്റിലുണ്ടായിരുന്നതിനാൽ കൂടുതൽ അറിയാൻ കഴിഞ്ഞു. വയനാട് ചുരത്തിനോടു ചേർന്നു കുറച്ചുനാൾ താമസിച്ചു. പച്ചപ്പും ഹരിതാഭയും പിന്നെ വീശിയടിക്കുന്ന കാറ്റും. പാൽത്തൂ ജാൻവർ ലൊക്കേഷനുകൾ പച്ചപ്പ് നിറഞ്ഞതായിരുന്നെന്ന് ബേസിൽ പറയുന്നു. 

യാത്രകൾ പണ്ടേ പ്രിയം 

സിനിമയിൽ എത്തുന്നതിനു മുൻപു തന്നെ യാത്രകൾ ചെയ്യാറുണ്ട്. കോളജിൽ പഠിക്കുന്ന സമയം കിട്ടുന്ന പോക്കറ്റ്മണി മാറ്റിവച്ച് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യാത്ര. പഠനം പൂർത്തിയായ ഉടനെ ഒരു ഗോവ ട്രിപ് പോയി. പിന്നീട് എല്ലാ സുഹൃത്തുക്കളെയും ഒരുമിച്ചു കിട്ടിയിട്ടില്ല. പ്ലാൻ ഇടുമ്പോൾ 20 പേർ കാണും. പോകാൻ നേരം 3 പേരും. ഇതാണ് നിലവിലെ അവസ്ഥ. എല്ലാവരും തിരക്കിലാണ്. മുൻപ് 25 പേരൊക്കെ കൂടിയായിരുന്നു യാത്രകൾ. അത്തരത്തിലൊരു ട്രിപ് ഉടൻ തന്നെ പോകും. ചെറുപ്പത്തിൽ വീട്ടുകാർക്കൊപ്പം ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. യാത്രയോടുള്ള പ്രിയം  വളർന്നപ്പോൾ കൂടെ കൂടി. 

basil-joseph-2

കൂടുതലും ഗ്രാമചിത്രങ്ങൾ 

കുഞ്ഞിരാമായണം എഴുതുമ്പോൾ മനസ്സിലുണ്ടായിരുന്നത് ദേശം പോലൊരു ഗ്രാമം അല്ലായിരുന്നു. കുറ്റിപ്പുറം, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളായിരുന്നു മനസ്സിൽ. പിന്നീട് ദേശം ആയി. ആലപ്പുഴയും കുട്ടനാടും മുന്നിൽ കണ്ടാണ് മിന്നൽ മുരളിയെ വളർത്തിയത്. അത് കുറുക്കൻമൂല ആയി. ഗോഥ ഒരു ‘ടൗൺഷിപ്’ പടമാണെന്ന് ഉറപ്പിച്ചതാണ്. മനേത്തുവയലായി മാറി. ഈ മാറ്റങ്ങളിലെല്ലാം ചെറുപ്പകാലത്തിന്റെ സ്വാധീനം ഉണ്ട്. ഗ്രാമങ്ങളാണ് കൂടുതൽ ഇഷ്ടം. പക്ഷേ, ഗ്രാമത്തിലേക്കുള്ള മാറ്റം ഈ സിനിമകളെ കൂടുതൽ മനോഹരമാക്കിയിട്ടേ ഒള്ളൂ. ഇവയൊക്കെ ഒരോ നാടോടി പടങ്ങളുമാണ്. നാളെ ഒരു ഹൈടെക് പടം മനസ്സിൽ കണ്ടാൽ നഗരത്തിൽ ചിത്രീകരിക്കാതെ പറ്റില്ലല്ലോ !

സിനിമയ്ക്കായി വിദേശ യാത്രകൾ...

ഇതുവരെ ഒരു സിനിമയ്ക്കായും വിദേശ യാത്രകൾ പോയിട്ടില്ല. ജാൻ എ മന്നിലെ കാനഡ നമ്മുടെ കശ്മീരാണ്. കിട്ടുന്നതെല്ലാം നാടൻ റോളുകളായതിനാൽ ഇവിടെയുള്ള യാത്രകളിൽ ഒതുങ്ങുന്നു. പരിഷ്കാരി റോളുകൾ കിട്ടുന്നതു കുറവാണ്. അല്ലെങ്കിൽ ഒരു യൂറോപ്യൻ ട്രിപ് ഒപ്പിക്കാമായിരുന്നു.  

സിനിമക്കാർക്കൊപ്പമുള്ള യാത്രകൾ... 

യാത്രയിൽ കൂടുതൽ സംസാരിക്കാൻ കഴിയണം. മിന്നൽ മുരളിയുടെ എഴുത്തുകാരായ അരുൺ അനിരുത്ഥൻ, ജസ്റ്റിൻ മാത്യു എന്നിവർ സുഹൃത്തുക്കളാണ്. സിനിമാ മേഖലയിലുള്ള ആൾക്കാരെ യാത്രയിൽ ഉൾപ്പെടുത്താൻ പറഞ്ഞാൽ ഇവരായിരിക്കും ഒപ്പമുണ്ടാകുക. ഒപ്പം ടൊവിനോ തോമസും. ടൊവിനോയെ മാറ്റി നിർത്താൻ പറ്റില്ല.. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. മിന്നൽ മുരളിയുടെ സ്ക്രിപ്റ്റ് നടക്കുന്ന സമയം ഞങ്ങൾ ഒരുമിച്ച് ഒട്ടേറെ യാത്രകൾ നടത്തി. യാത്രയ്ക്കിടയിലുള്ള സംസാരമാണ് സിനിമയെ അത്തരത്തിലെത്തിച്ചത്. പുത്തൻ ആശയങ്ങൾ യാത്രയ്ക്കിടയിലാണു ജനിക്കുന്നത്. ചില കഥാപാത്രങ്ങളും. ചില കഥാപാത്രങ്ങൾ യാത്രയ്ക്കിടയിലെ സംസാരത്തിൽ റോഡിൽ വീണു മരിക്കും. 

basil-joseph-3

ആദ്യം ഓടിക്കുന്നത് ഒമ്നി !

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി വാഹനമോടിക്കുന്നത്. അച്ഛന്റെ ഒമ്നി. പൊക്കക്കുറവ് വില്ലനായിരുന്നു. മറ്റു വാഹനങ്ങളിൽ ഇരുന്നാൽ അന്ന് മുൻവശം കാണാൻ കഴിയില്ലായിരുന്നു. അതിനാൽ, ഒമ്നി ഓടിച്ച് ആശ തീർത്തു. ഒരുപാടു വാഹനങ്ങൾ ഓടിച്ചിട്ടില്ല. വലിയ വാഹനപ്രിയനുമല്ല. ടിവിഎസ് വിഗോ എന്ന സ്കൂട്ടറാണ് ആദ്യമായി വാങ്ങുന്ന വാഹനം. നിലവിൽ ഫോക്സ്‌വാഗൻ ടിഗ്വാനാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഇഷ്ടമുള്ള വാഹനം നിലവിൽ ഇതുതന്നെ. ഓടിക്കാനുള്ള സുഖത്തിനൊപ്പം അത്യാവശ്യം ലക്‌ഷ്വറിയും ടിഗ്വാൻ ഉറപ്പു നൽകുന്നുണ്ട്. സമീർ താഹിറിന്റെ ബിഎംഡബ്ല്യു ഓടിക്കാറുണ്ട്. സുഹൃത്തുക്കളുമായി ട്രിപ് പോകുമ്പോഴാണ് മറ്റു വാഹനങ്ങൾ ഓടിച്ചു നോക്കുന്നത്. 

മറക്കില്ല ആ പകൽ !

കുറച്ചു വർഷങ്ങൾക്കു മുൻപുള്ള സിക്കിം യാത്ര. ഗുരുധോങ്മാർ തടാകം കാണണം. അതിരാവിലെ തന്നെ മല കയറിത്തുടങ്ങി. റോഡ് എന്നു പറയാൻ പറ്റില്ല. കുഴിയിൽ നിന്നു കുഴിയിലേക്കാണു യാത്ര. ഇരുവശങ്ങളിലും മഞ്ഞുമലകൾ. കയറിത്തുടങ്ങി കുറച്ചു ദൂരം ഓടി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു തോന്നിയപ്പോഴാണ് ഓക്സിജൻ മാസ്കിന്റെ കാര്യം ഓർക്കുന്നത്. കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അത് ഭദ്രമായി ഹോട്ടൽ റൂമിൽ തന്നെ വച്ചിട്ടാണു യാത്ര തുടങ്ങിയത്. കർപ്പൂരം കത്തിച്ചാൽ ശ്വസിക്കാം എന്ന ഡ്രൈവർ ചേട്ടന്റെ ബുദ്ധിക്കു കയ്യടിച്ച് വീണ്ടും മുകളിലേക്ക്. തളർന്നു തുടങ്ങിയെങ്കിലും തടാകം കണ്ട് ദൗത്യം പൂർത്തിയാക്കി മലയിറങ്ങിത്തുടങ്ങി. 

basil-joseph-1

പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെയുള്ള യാത്രയ്ക്കിടെ വലിയ ശബ്ദത്തിന് അകമ്പടിയായി ഒരു ടയർ ഉരുണ്ടു പോകുന്നതു കണ്ടു. ടയറിനു പിന്നാലെ ഓടുന്ന ഡ്രൈവറിനെ കണ്ടപ്പോഴാണ് ഊരിപ്പോയ ടയറും ഞങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാകുന്നത്. ടയർ കിട്ടി, പക്ഷേ, ബോൾട്ട് ഇല്ല. ശ്വാസവും കിട്ടുന്നില്ല. ഇരുട്ടിനൊപ്പം തണുപ്പും ഏറിവരുന്നു. മുഖത്തെ മാസ്ക് അഴിച്ച് ശ്വാസം വിടുമ്പോഴാണ് ‘ബേസിൽ അല്ലേ ?’ എന്നൊരു ചോദ്യം. മാലാഖമാർ ഇന്ത്യൻ പട്ടാളക്കാരുടെ വേഷത്തിൽ നിൽക്കുന്നപോലെ തോന്നി. ബേസിലാണെന്നു 10 തവണ പറഞ്ഞ് അവർക്കടുത്തേക്കെത്തി. മലയാളികളാണ്. അവർ ഭക്ഷണം തന്നു. അടുത്ത ക്യാംപ് വരെ ഞങ്ങളെ എത്തിച്ചു. അവിടെനിന്ന് അടിവാരത്തേക്കുണ്ടായിരുന്ന ചരക്കു വണ്ടിയിൽ കയറ്റിവിട്ടു. മറക്കാനാകാത്ത യാത്ര. തിരികെ എത്തുന്നതും കാത്ത് ഓക്സിജൻ മാസ്ക് റൂമിൽ തന്നെ ഉണ്ടായിരുന്നു. 

പറ്റിയാൽ ഒന്ന് യൂറോപ്പ് പോകണം പോയിട്ടില്ലാത്ത് ഇഷ്ട സ്ഥലം ചോദിച്ചാൽ യൂറോപ്പ് ഒന്നു കറങ്ങണമെന്നുണ്ട്. തുർക്കി പോകണം. പോയ സ്ഥലങ്ങളിൽ ഏറ്റവും ഇഷ്ടം കൊൽക്കത്തയാണ്. ഭാര്യയ്ക്കൊപ്പമായിരുന്നു യാത്ര. മെട്രോയും ട്രെയിനും ബസും കയറിയുള്ള സാധാരണ യാത്രയായിരുന്നു അത്. കൊൽക്കത്ത തെരുവുകളിലൂടെ കുറെ നടന്നു.

English Summary: Director Actor Basil Joesph About His Travel And Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com