ADVERTISEMENT

റോഡ് റേസിങ് ട്രാക്കില്‍ തുടര്‍ച്ചയായ വിജയങ്ങളോടെ ശ്രദ്ധിക്കപ്പെടുകയാണ് പന്ത്രണ്ടുകാരിയായ നിഥില ദാസ് എന്ന മലയാളി പെണ്‍കുട്ടി. ടിവിഎസിന്റെ വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പിലും എഫ്ഐഎമ്മിന്റെ ഓവാലേ ചാമ്പ്യന്‍ഷിപ്പിലും നിഥില ഒന്നാം സ്ഥാനം നേടി. സൈക്ലിങില്‍ ആരംഭിച്ച നിഥിലയുടെ പാഷന്‍ മോട്ടോ റേസിങിലൂടെയാണ് മുന്നേറുന്നത്. സ്പെയിനിലെ വലന്‍ഷ്യയില്‍ വച്ച് നടക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചെങ്കിലും അത് പാഴായി പോകുമോ എന്ന ആശങ്കയിലാണ് നിഥിലയും കുടുംബവും.

nithila-das-1

 

nithila-das-3

എട്ടു വയസുള്ളപ്പോള്‍ മുതല്‍ സൈക്ലിങ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ നാഷണല്‍ ലെവല്‍ എംടിബി സൈക്ലിസ്റ്റാണ് നിഥില. തിരുവനന്തപുരം സ്വദേശിനിയായ നിഥില, നിലവില്‍ ബംഗളൂരുവിലാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും കര്‍ണാടകയില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ നാലാം സ്ഥാനവും എംടിബി സൈക്ലിങില്‍ നിഥിലയ്ക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ദേശീയ മത്സരങ്ങളില്‍ നിഥില കര്‍ണാടകയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്. സൈക്ലിങിന്റെ കൂട്ടത്തില്‍ ഒമ്പത് വയസിലൊക്കെയാണ് ഓഫ് റോഡ് മോട്ടോക്രോസും തുടങ്ങിയത്. ഒമ്പത് വയസുള്ളപ്പോള്‍ ട്രൈബല്‍ അഡ്വെഞ്ചര്‍ കഫെ എന്ന ബംഗളൂരുവിലെ ട്രെയിനിങ് അക്കാദമിയിലാണ് ആദ്യമായി മോട്ടോക്രോസ് പരിശീലനം ആരംഭിച്ചത്. 2022 തുടക്കം മുതലാണ് റോഡ് റേസിങ് മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങിയത്.

nithila-das-7

 

nithila-das-6

ടിവിഎസ് വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പെണ്‍കുട്ടികളുടെ TVS RTR 200 വിഭാഗത്തിലെ സെലക്ഷനായിരുന്നു ആദ്യത്തേത്. ചെന്നൈയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ റേസിങ് മോട്ടോര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിരുന്നു അത്. ബംഗളൂരുവിലും മുംബൈയിലുമായി നടന്ന ആദ്യഘട്ട മത്സരങ്ങളിലെ നൂറോളം മത്സരാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുത്ത പതിനാറു പേരാണ് ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നത്. 

nithila-das-2

 

ഒപ്പം മത്സരിച്ച ഭൂരിഭാഗം പേരും റോഡ് റേസിങ് രംഗത്തെ അനുഭവസമ്പന്നരായിരുന്നു. പലരും വര്‍ഷങ്ങളായി പരിശീലനം നടത്തുന്നവര്‍. അതുകൊണ്ടുതന്നെ പതിനാറാമതായാണ് നിഥിലക്ക് പ്രവേശനം ലഭിച്ചത്. ഓരോ ഘട്ടങ്ങളിലും മികച്ച പ്രകടനമാണ് നിഥില നടത്തിയത്. പടിപടിയായി ഉയര്‍ന്നാണ് നിഥില ഒന്നാമതെത്തിയത്. ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ മോട്ടോര്‍സ്പോര്‍ട്സ് സംഘടിപ്പിച്ച ഓവാലേ ചാമ്പ്യന്‍ഷിപ്പിലും(Ohvale Championship) നിഥില പങ്കെടുത്തിട്ടുണ്ട്. ടിവിഎസിന്റെ ദേശീയ ചാമ്പ്യന്‍ഷിപ്പിലായതിനാല്‍ ഓവാലേ ചാമ്പ്യന്‍ഷിപ്പിന്റെ സെലക്ഷനില്‍ പങ്കെടുക്കാനായിരുന്നില്ല. 

 

എന്നാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം കണക്കാക്കി ഓവാലേ ചാമ്പ്യന്‍ഷിപ്പിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ലഭിക്കുകയായിരുന്നു. 14 പേര്‍ പങ്കെടുത്ത ഓവാലേയില്‍ നിഥിലയാണ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തിയത്. ഇതോടെ സ്പെയിനിലെ വലന്‍ഷ്യയില്‍ വച്ച് നടക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരവും നിഥിലക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയെന്നത് 40 ലക്ഷത്തിലേറെ ചിലവു വരുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഈ സ്വപ്നത്തിനായി സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിഥിലയും കുടുംബവും. 

 

നിഥിലയുടെ ഇളയ സഹോദരനായ നന്ദന്‍ ദാസും സൈക്ലിങിലും മോട്ടോക്രോസിലുമെല്ലാം കഴിവു തെളിയിച്ചിട്ടുണ്ട്. ഒമ്പത് വയസ് മാത്രം പ്രായമുള്ള നന്ദന്‍ ദേശീയ തലത്തിലെ അണ്ടര്‍ 10 എംടിബി ചാമ്പ്യനാണ്. ഇരുവരുടേയും പിതാവ് നിഖില്‍ ദാസ് ബംഗളൂരുവില്‍ ഐ.ടി മേഖലയിലാണ്.

 

English Summary: Ucoming Racing Star Nithila Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com