വയസ് 25, സിറ്റി മുന്നേറുന്നു, തലമുറകളിലൂടെ...

honda-city
ഹോണ്ട സിറ്റിയുടെ ഇന്ത്യയിൽ ഇറങ്ങിയ മോഡലുകൾ
SHARE

അഞ്ചു സിറ്റികളുടെ കഥയാണിത്. ഈ സിറ്റികൾ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള സിറ്റികളല്ല, ഏറ്റവും ആഡംബരമുള്ള സിറ്റികളുമല്ല. ഏറ്റവും മൂല്യമുള്ള സിറ്റികളാണ്. അഞ്ചു തലമുറകളിലായി 25 കൊല്ലം പിന്നിട്ട് ഹോണ്ടയുടെ സിറ്റി മുന്നേറുകയാണ്. സിറ്റി പിന്നിട്ട വഴികളിലൂടെ.

honda-city-old-models
ഹോണ്ട സിറ്റി തലമുറകളിലൂടെ

∙ ഇന്നുമുണ്ട് സിറ്റി: മധ്യനിര സെഡാനുകൾ പലതും വന്നു പോയെങ്കിലും 25 കൊല്ലം തുടർ സാന്നിധ്യമായ മറ്റൊരു സെഡാനുമില്ല. സുസുക്കി ബലീനോ, സുസുക്കി എസ് എക്സ് ഫോർ, ഫോഡ് എസ്കോർട്ട്, മിറ്റ്ത്സുബിഷി  ലാൻസർ, ഫോഡ്  ഫിയസ്റ്റ, ഓപൽ അസ്ട്ര, ഷെവർലെ ഒപ്ട്ര, ദെയ് വൂ സിയലോ, ടാറ്റ ഇൻഡിഗോ, ടാറ്റ മൻസ, ഫിയറ്റ് സിയെന, ഫിയറ്റ് ലീനിയ ഹ്യുണ്ടേയ് ആക്സന്റ്... പലരും വന്നു പോയി... പേരുകൾ പോലും മറവിയിലാക്കി വിസ്മൃതിയിൽ മറഞ്ഞു പോയ കാറുകൾ ഇനിയുമുണ്ട്, ഓർമ വരുന്നില്ല. സിറ്റി മാത്രം ഇന്നും നില നിൽക്കുന്നു.

honda-city-4
അഞ്ചാം തലമുറ ഹോണ്ട സിറ്റി

∙ 9 ലക്ഷം പിന്നിട്ട്, ഹൈബ്രിഡിലേറി... ഇന്ത്യയിലും ഇവിടെ നിന്നു കയറ്റുമതി ചെയ്തതുമായി ഇന്നു വരെ 9 ലക്ഷം സിറ്റികളിറങ്ങി. ഏഷ്യയിൽ സിറ്റിയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഏഷ്യൻ വിൽപനയുടെ 28 ശതമാനം ഇന്ത്യയിലാണ്. ഇക്കൊല്ലമിറങ്ങിയ ഹോണ്ട ഇ എച് ഇ വി ഹൈബ്രിഡ് ഇലക്ട്രിക്–ഹൈബ്രിഡ് തലമുറയുടെ ആദ്യ താരമാണ്. 

honda-city-old
രാജ്യാന്തര വിപണിയിലെ ആദ്യ തലമുറ സിറ്റി

∙ ഹാച്ച്ബാക്ക്: നമ്മൾ ആദ്യം കണ്ട സിറ്റി സെഡാനാണെങ്കിൽ ജപ്പാനിൽ 1981 ൽ ആദ്യം പിറന്ന സിറ്റി പഴയ മാരുതി 800 നെ അനുസ്മരിപ്പിക്കുന്ന കൊച്ചു ഹാച്ച് ബാക്കായിരുന്നു. തൊട്ടടുത്ത തലമുറയും ഹാച്ച് ബാക്ക് തന്നെ. 1986 ൽ വന്ന സിറ്റി രണ്ടാം തലമുറ കുറച്ചു കൂടി വലുപ്പം വച്ചെങ്കിലും മൂന്നു ഡോർ ഹാച്ച് രൂപം വിട്ടില്ല.

honda-city-all-gens
ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ ഹോണ്ട സിറ്റി മോഡലുകള്‍

∙ മൂന്നാമൻ ഒന്നാമൻ: 1996 ൽ ജപ്പാനിൽ ഇറങ്ങിയ സിറ്റിയാണ് 1998 ൽ ഇന്ത്യയിലും എത്തിയത്. സിവിക് പ്ലാറ്റ്ഫോമിൽ സെഡാനായി സ്ഥാനക്കയറ്റം കിട്ടിയ സിറ്റി എല്ലാം തികഞ്ഞ ഒരു കൊച്ചു സെഡാനായിരുന്നു. ഇന്നും പുതുമയോടെ കാർ പ്രേമികൾ കൊണ്ടു നടക്കുന്ന സിറ്റി. 1.3 ലീറ്ററിലും 1.5 ലീറ്ററിലുമായി രണ്ട് ആധുനിക എൻജിൻ ഒാപ്ഷനുകൾ. പെട്രോളിൽ രണ്ട് എൻജിൻ സാധ്യത പിന്നീടൊരിക്കലും സിറ്റി നമുക്കു തന്നില്ല.

honda-city-1nd-gen
ആദ്യ തലമുറ ഹോണ്ട സിറ്റി

∙ തലമുറകൾ: 2003 ൽ അക്കാലത്തെ ഫ്യുച്ചറിസ്റ്റിക് രൂപവുമായി വന്ന ഇന്ത്യയിലെ രണ്ടാം തലമുറയാണ് സിറ്റിയെ റോഡിലെ സ്ഥിരം കാഴ്ചയാക്കി വളർത്തിയത്. 1.5 പെട്രോൾ എൻജിനും ഇന്ത്യയിലെ ആദ്യ സി വി ടി ട്രാൻസ്മിഷനുമൊക്കെയായി സിറ്റി രണ്ടാമൻ നന്നായൊന്നു വിലസി. എ ബി എസ് ആദ്യമായി സിറ്റിയിലെത്തുന്നതും ഈ മോഡലിലൂടെയാണ്.

honda-city-2nd-gen
രണ്ടാം തലമുറ ഹോണ്ട സിറ്റി

∙ മൂന്നാമൻ: പിന്നീടു വന്ന സിറ്റിയിൽ എ ബി എസും എയർബാഗും സ്റ്റാൻഡേർഡായി. ഒന്നാം തലമുറ പോലെ വാഹനപ്രേമികളും വാഹന ശേഖരമുള്ളവരും സ്വന്തമാക്കാനാഗ്രഹിക്കുന്ന  മോഡലാണ് ഇത്. ഇത്ര പെട്ടെന്നു മോഡൽ മാറ്റം എന്തിനെന്നു വരെ ചിലർ പരാതി പറഞ്ഞു; പുതിയ മോഡൽ സിറ്റി കാണും വരെ.

honda-city-3nd-gen
മൂന്നാം തലമുറ ഹോണ്ട സിറ്റി

∙ നാലാമൻ:  2014 ൽ ആദ്യമായി സിറ്റി ഡീസലിലേറി. 1.5 പെട്രോളിനു പുറമേ അതേ ശേഷിയിൽ ഒരു ഡീസലും വന്നു. ഏറ്റവും വിജയകരമായ സിറ്റിയും ഡാഷ് ബോർഡ് നിറഞ്ഞു നിൽക്കുന്ന ടച് സ്ക്രീനടക്കം ആധുനികതയുടെ പര്യായമായി മാറിയ ഈ സിറ്റി തന്നെ. 2.76 ലക്ഷം കാറുകളിറങ്ങി. 

honda-city-4nd-gen
നാലാം തലമുറ ഹോണ്ട സിറ്റി

∙ ഇന്നു വാഴുന്ന അഞ്ചാം തലമുറ: 2020 ജൂലൈയിൽ ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ ജനിച്ചു. മികച്ച സാങ്കേതിക വിദ്യയും സൗകര്യവും രൂപകൽപനയും പുതിയ സിറ്റിയുെട നേതൃത്വം നിലനിർത്തുന്നു. കണക്റ്റഡ് കാർ എന്ന സങ്കൽപം ഈ വിഭാഗത്തിൽ ആദ്യമായെത്തി. അലക്സാ റിമോട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് കാറാണ് സിറ്റി. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇലക്ട്രിക് മോഡലായ സിറ്റി e:HEV ആണ് മറ്റൊരു മികവ്. 

honda-city-5nd-gen
അഞ്ചാം തലമുറ ഹോണ്ട സിറ്റി

∙ കേരളമെന്നു കേട്ടാൽ: ഒന്നാം നിര നഗരങ്ങളിൽ സിറ്റി ഏറ്റവുമധികം വിൽക്കുന്നത് ന്യൂഡൽഹിയിലെങ്കിൽ രണ്ടും മൂന്നും നിര നഗരങ്ങളിൽ വിൽപന ഏറ്റവുമധികം കേരളത്തിലാണ്. കൊച്ചിയും കൊല്ലവും. െെദവത്തിെൻറ സ്വന്തം നാട്ടുകാർ സിറ്റിയെ െെദവം നൽകി അനുഗ്രഹിച്ച കാറായാണ് കാണുന്നത്. ഏതു പ്രൊഫഷനലുകൾക്കും വ്യവസായികൾക്കുമൊക്കെ അന്തസ്സായി സ്വന്തമാക്കാവുന്ന കാർ. പണ്ട് അംബാസഡറിനെപ്പറ്റി പറയുന്നതു പോലെ ഏതു റോൾസ് റോയ്സിനൊപ്പവും പാർക്കു ചെയ്യാനാവുന്ന കാർ.

honda-city-all-gens-1
Honda City

∙ ശൃംഖല: ഹോണ്ട സിറ്റിയിലൂടെ പടർന്നു പന്തലിക്കയാണ്. 1998 ൽ 12 ഡീലർമാരും 11 നഗരങ്ങളുമായിരുന്നുവെങ്കിൽ ഇപ്പോൾ 242 നഗരങ്ങളിലായി 330 ഡീലർഷിപ്പുകൾ. ചെറിയ നഗരങ്ങളിൽ പോലും രണ്ടു ഡീലർഷിപ്പുകളുണ്ട്. സിറ്റി വളരുകയാണ്. ഇനിയും കുറെയേറെ വളരാനുമുണ്ട്.

English Summary: Honda City Celebrates 25 Anniversary In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}