ഇത്തിരിക്കുഞ്ഞനുമായി ഒത്തിരി ദൂരം പോകാൻ വിജേഷ്

vijesh-royal-enfield-mofa
Royal Enfield Mofa , ചിത്രങ്ങൾ: ജോസിൻ ജോർജ്
SHARE

ലോകത്തേറ്റവും ചെറിയ പെട്രോൾ എൻജിനുള്ള മോട്ടോർസൈക്കിൾ ഏതായിരിക്കും..? ഇതൊരു തർക്കവിഷയമാണെങ്കിലും ഇന്ത്യയിലിറങ്ങിയ പ്രൊഡക്ഷൻ മോട്ടോർസൈക്കിളുകളിൽ ഈ ബഹുമതി കരസ്ഥമാക്കുന്നത് റോയൽ എൻഫീൽഡാണ്‌! ഞെട്ടിയില്ലേ? ഞെട്ടും... 350 സിസി മോട്ടോർസൈക്കിളുകളിൽ പേരെടുത്ത റോയൽ എൻഫീൽഡ് എങ്ങനെ കുഞ്ഞൻ എൻജിന്റെ പേരു നേടുമെന്നല്ലേ? 1980കളിൽ അങ്ങനെയൊരു ചരിത്രമുണ്ട്. 

ബ്രിട്ടീഷ് പാരമ്പര്യം പേറുന്ന നിർമാതാവാണെങ്കിലും ജർമൻ കമ്പനിയായ സൂൺഡാപ്പിനോടും ഓസ്ട്രിയൻ കമ്പനിയായ എവിഎല്ലിനോടുമൊക്കെ സഹകരിച്ച ചരിത്രമുണ്ട് റോയൽ എൻഫീൽഡിന്‌. സൂൺഡാപ്പിന്റെ മൂന്നു വാഹനങ്ങൾ ഫ്യൂറി, എക്സ്പ്ളോറർ, സിൽവർ പ്ളസ് എന്നീ പേരുകളിൽ ഇന്ത്യൻ നിരത്തുകളിലിറക്കിയിരുന്നു. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്‌ മോഫയുടെ കഥ. ഇറ്റാലിയൻ റേസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ മോർബിഡെല്ലിയാണ്‌ മോഫയുടെ നിർമാണത്തിനു പിന്നിൽ. വെറും 22 സിസി എൻജിനായിരുന്നു മോഫയുടേതെന്നും കൂടി അറിയുമ്പോൾ വീണ്ടും ഞെട്ടിയില്ലേ? ഞെട്ടണമല്ലോ. 

vijesh-royal-enfield-mofa-1
വിജീഷ്

യഥാർത്ഥത്തിൽ ഒരു മോട്ടോർ ഘടിപ്പിച്ച സൈക്കിൾ പോലെയാണ്‌ മോഫ. അതുകൊണ്ടു തന്നെ സസ്പെൻഷനോ അനുബന്ധസാമഗ്രികളോ ഇല്ല. സീറ്റിലെ സ്പ്രിങ്ങ് തന്നെ ശരണം. ആകെ 30കിലോയാണ്‌ ഭാരം..! ഉരുളൻ സ്റ്റീൽ പൈപ്പിനാൽ തീർത്ത ഫ്രെയിമിലെ ഒരു ഭാഗം തന്നെയാണ്‌ പെട്രോൾ ടാങ്കായി ഉപയോഗിക്കുന്നത്. അതിന്റെ ശേഷിയാവട്ടെ വെറും 1.45 ലീറ്ററും.! അത്രേയുള്ളൂ എന്നു പുച്ഛിക്കാൻ വരട്ടെ. ഒരു ലിറ്ററിനു 90 കിലോമീറ്ററായിരുന്നു മോഫയുടെ മൈലേജായി പറഞ്ഞിരുന്നത്. 80 കിലോഗ്രാം ഭാരവാഹകശേഷിയും ഈ കുഞ്ഞനുണ്ടായിരുന്നു. പെട്രോൾ തീർന്നാൽ സൈക്കിളിനെപ്പോലെ ചവിട്ടിക്കൊണ്ടു പോകാൻ പെഡലുകളുമുണ്ട്.. അതുകൊണ്ടു തന്നെ ഇത് മോപ്പെഡ് വിഭാഗത്തിലാണ്‌ ഉൾപ്പെടുന്നത്. 50 സിസിയിൽ താഴെയായതിനാൽ റജിസ്ട്രേഷനോ ലൈസൻസോ നിർബന്ധമല്ലതാനും.

ഇതൊക്കെയാണെങ്കിലും മോഫയ്ക്ക് ധാരാളം പരിമിതികളും ബാലാരിഷ്ടതകളുമുണ്ടായിരുന്നു. ഒറ്റയടിക്ക് അഞ്ചോ ആറോ കിലോമീറ്ററിലധികം ഓടാൻ മോഫയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് പഴയ ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. ചെറിയ എൻജിനായതു കൊണ്ട് പെട്ടെന്ന് ചൂടാവുന്നതായിരുന്നു പ്രധാന പ്രശ്നം. 

vijesh
വിജീഷ്

എന്നാൽ ഈ പ്രശ്നങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് ഒരാൾ മോഫയുമായി ഒരു യാത്രയ്ക്കൊരുങ്ങുകയാണ്‌. ആലപ്പുഴ ചാരുംമൂട് സ്വദേശി വിജേഷ് കുമാറാണ്‌ തന്റെ സ്വദേശമായ ചാരുംമൂട്ടിൽ നിന്നും ഗോവയിലെ വാഗതോർ വരെ മോഫയുമായി സഞ്ചരിക്കുന്നത്. റോയൽ എൻഫീൽഡ് ഉടമകളുടെ സംഗമമായ ‘റൈഡർ മാനിയ’യിൽ പങ്കെടുക്കുകയാണ്‌ ലക്ഷ്യം. 

ചാരുംമൂട്ടിൽ നിന്നും ഏകദേശം 900 കിലോമീറ്ററാണ്‌ വാഗതോർ വരെയുള്ള ദൂരം. ഇത്തരമൊരു വാഹനം കൊണ്ട് ഒരു ദിവസം അമ്പതു കിലോമീറ്ററിലേറെ സഞ്ചരിക്കുക അപ്രായോഗികമായതു കൊണ്ട് ഇരുപതോളം ദിവസമെടുത്താണ്‌ വിജേഷ് ഈ യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്. പോകുന്ന വഴിയിലുള്ള എല്ലാ റോയൽ എൻഫീൽഡ് ഷോറൂമുകളും സന്ദർശിച്ച് പുതിയ തലമുറയ്ക്ക് ഈ വാഹനത്തെ പരിചയപ്പെടുത്താനുള്ള ദൗത്യവും വിജേഷ് ഏറ്റെടുത്തിരിക്കുകയാണ്‌.

പഴയ വാഹനങ്ങൾക്കു വേണ്ടി ‘റെയർ പിസ്റ്റൺസ്’ എന്നൊരു വർക്ക്ഷോപ്പ് നടത്തുന്ന വിജേഷ് മധ്യതിരുവിതാംകൂറിലെ വിന്റേജ് ക്ളാസ്സിക് വാഹനങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ‘ടീം റെയർ എൻജിൻസ്’ എന്ന ക്ളബ്ബിലെ അംഗവുമാണ്‌. 2018ൽ തന്റെ 1995 മോഡൽ യെസ്ഡി റോഡ്കിങ്ങുമായി ലേ-ലഡാക് യാത്ര നടത്തിയ വിജേഷ് തിരികെ കന്യാകുമാരി വരെ ഓടിച്ചിട്ടാണ്‌ അന്ന് തിരികെ വീട്ടിലെത്തിയത്. റെയർ എൻജിൻസ് അംഗമായ ഡോണി പി. മുരളിയും അന്ന് തന്റെ 1972 മോഡൽ ജാവയുമായി ഒപ്പമുണ്ടായിരുന്നു. എന്നാൽ ഈ യാത്രയിൽ വിജേഷ് ഒറ്റയ്ക്കാണ്‌. വാഹനത്തിനുള്ള കഷ്ടപ്പാട് കുറയ്ക്കാൻ സ്വന്തശരീരഭാരം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്‌ വിജേഷ്. 

കുറെക്കാലം മുമ്പ് ആക്രിക്കടയിൽ ഉപേക്ഷിക്കപ്പെട്ടു കിടന്ന ഈ വാഹനത്തെ ഇപ്പോൾ കാണുന്ന നിലയിലേക്ക് രൂപപ്പെടുത്തിയെടുക്കാൻ ഒരുപാട് പണിപ്പെടേണ്ടി വന്നെന്ന് വിജേഷ് പറയുന്നു. ഇത്രയും ചെറിയൊരു വാഹനവുമായി ആയിരത്തോളം കിലോമീറ്റർ ഓടുന്നതിന്റെ പേരിൽ ലിംകാ ബുക്ക് ഓഫ് റെക്കോഡ് നേടാനുള്ള പുറപ്പാടിലാണ്‌ വിജേഷ്. വലിയ കമ്പനികളുടെ പിൻബലമോ സ്പോൺസർമാരോ ഇല്ലാതെ ഇങ്ങനെയൊരു ഉദ്യമം ചുമലിലേറ്റിയ വിജേഷിനെപ്പോലുള്ളവർക്കല്ലേ നാം കയ്യടിക്കേണ്ടത്?

വിജേഷിന്റെ ഫോൺ നമ്പർ: 9605976379

English Summary: Alleppey Native Vijesh Kumar Head to Goa Rider Mania in His Royal Enfield Mofa 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}