ബ്രിട്ടിഷ് ബൈക്കുകൾക്ക് പുതുജീവൻ കൊടുക്കുന്ന ഡോക്ടർ

1951-model-matchless-2
SHARE

നാൽപതു കൊല്ലത്തോളം ഓടാതെകിടന്ന വണ്ടികൾക്കു ജീവൻ കൊടുക്കുന്ന ഡോക്ടർ തിരുവനന്തപുരത്തുണ്ട്. അൻപതുകളിൽ നിരത്തിലെ പ്രൗഢിയായിരുന്ന ബ്രിട്ടിഷ് മോഡലുകളുടെ റീസ്റ്റൊറേഷനും ശേഖരണവും ഹോബിയാണ് ഈ മുൻ ബാങ്ക് മാനേജർക്ക്.

തിരുവനന്തപുരം സുബാഷ് നഗറിലെ വീട്ടിൽ കയറിച്ചെന്നാൽ ഇതൊരു വീടാണോ അതോവർക്‌ഷോപ് ആണോ എന്നു തോന്നിപ്പോകും. മുറ്റം, പോർച്ച്, ഹോൾ, ഡൈനിങ് ടേബിൾ, ബെഡ് റൂം, ഷെൽഫ് എന്നുവേണ്ട സകല ഭാഗത്തും വണ്ടി സാമഗ്രികൾ മാത്രം. ഒരിഞ്ച് സ്ഥലം പോലും വെറുതെ കിടക്കുന്നില്ല. എല്ലായിടത്തും എൻജിൻ, നട്ട് ബോൾട്ട്.. സകല ലൊട്ടു ലൊടുക്ക് സാധനങ്ങളും നിരത്തിവച്ചിരിക്കുന്നു.

1951-model-matchless-3

ഫോർ സ്ട്രോക്ക് മോട്ടർസൈക്കിളുകളെ പ്രണയിക്കുന്ന മങ്ങാട്ട് സ്വാമിനാഥന്റെതാണ് ഈ ഭവനം. വീട്ടിലേക്കു കയറുമ്പോൾ തന്നെ നല്ല ക്ലാസിക് ലുക്കുള്ള മോഡലുകൾ വരവേൽക്കും. ചിലത് പണിപ്പുരയിലായിരിക്കും. റീസ്റ്റൊറേഷൻ ചെയ്യാനും ഇടയ്ക്കുള്ള ചെക്കപ്പിനും വന്ന മോഡലുകളും കൂട്ടത്തിലുണ്ടാകും. ഫോർ സ്ട്രോക്ക് എൻജിൻ മോട്ടർസൈക്കിളുകൾ മാത്രം ശേഖരിക്കുകയും സർവീസ് ചെയ്യുകയും ചെയ്യുന്ന ആളാണ് സ്വാമി എന്നറിയപ്പെടുന്ന സ്വാമിനാഥൻ. 1947 മുതൽ 1966 വരെയുള്ള എജെഎസ്, ബിഎസ്എ, മാച്ച്‌ലെസ് മോഡലുകളാണ് കൂടുതലും. 1970 ൽ ആണ് ഇതിൽ താൽപര്യം ജനിക്കുന്നത്. എസ്ബിഐ ജനറൽ മാനേജരായി വിരമിച്ചശേഷം തന്റെ പൂർണസമയം വാഹനക്കമ്പത്തിനായി മാറ്റിവച്ചിരിക്കുകയാണ് ഈ എഴുപത്തിമൂന്നുകാരൻ.

തുടക്കം ജാവയിൽ

പാലക്കാട് ഒറ്റപ്പാലത്താണ് സ്വാമിനാഥന്റെ തറവാട്. മൂത്ത സഹോദരൻ രാധാകൃഷ്ണനാണ് വാഹനലോകത്ത് സ്വാമിയുടെ ഗുരു. അദ്ദേഹം റെയിൽവേയിൽ ചിത്തരഞ്ജൻ ലോക്കമോട്ടീവ് നിർമാണശാലയിൽ എൻജിനീയറായിരുന്നു. മെക്കാനിക് വിഭാഗത്തിലായിരുന്നതിനാൽ വലിയ വാഹനപ്രേമി. നാട്ടിൽ വരുമ്പോൾ അനുജനോടു ചോദിക്കും, നീ വണ്ടിയൊന്നും വാങ്ങീല്ലേ എന്ന്. ഏട്ടൻ എപ്പോഴും പറയുന്നതല്ലേ എന്നാ ഒരെണ്ണം എടുക്കാം എന്നു കരുതി 1974 ൽ ഇന്ത്യൻ നിർമിത ജാവ വാങ്ങി. അപ്പോൾ ഏട്ടന്റെ കമന്റ്.. നിനക്ക് മനുഷ്യന്മാർ ഓടിക്കുന്ന വണ്ടി ഓടിച്ചൂടെ.. ഇതൊക്കെയൊരു വണ്ടിയാണോ എന്ന ഭാവം..!

1951-model-matchless-1

എന്നാൽപിന്നെ ഏതു വാങ്ങണം എന്നായി അനുജൻ. നീ ബിഎസ്എയോ എജെഎസോ ഒക്കെ ഓടിച്ചു നോക്ക്.. അപ്പോൾ അറിയാം. അങ്ങനെ ബ്രിട്ടിഷ് നിർമിത മോട്ടർസൈക്കിളായ 1967 മോഡൽ ബിഎസ്എ ബി40 വാങ്ങി. സംഗതി സത്യമാണ്. ഓടിക്കാൻ ബെസ്റ്റ്. മികച്ച സസ്പെൻഷൻ.. എല്ലാംകൊണ്ടും മറ്റു മോഡലുകളെക്കാൾ മികച്ചത്. അതോടെ യുകെ ബ്രാൻഡ് ഫോർ സ്ട്രോക്ക് മോട്ടർസൈക്കിളുകളാട് കടുത്ത ആരാധനയായി.

സെൽഫ് സർവീസ്

വെള്ളായണി കാർഷിക കോളജിൽ അഗ്രിക്കൾച്ചർ എൻജിനീയറിങ് പഠിക്കുമ്പോൾ മുതൽ മെക്കാനിക് കമ്പമുണ്ട്. തന്റെ ആദ്യ ബിഎസ്എ മോഡലായ എം40 നന്നാക്കാൻ പാലക്കാട് ഒരു വർക്‌ഷോപ്പിൽ ഏൽപിച്ചു. ഫോർ സ്ട്രോക്ക് എൻജിൻ പണിതു പരിചയമില്ലാത്തവരാണ് കൂടുതലും. എങ്കിലും അവിടത്തെ ആശാൻ ശരിയാക്കിത്തരാമെന്നേറ്റു. ആറു മാസം കഴിഞ്ഞു വണ്ടി എടുക്കാൻ ചെന്നപ്പോൾ സ്റ്റാർട്ടാകുന്നേയില്ല.. ഗിയർ ബോക്സും മറ്റും അഴിച്ചു നോക്കിയപ്പോൾ എല്ലാം തകരാറിലായിക്കിടക്കുന്നു. വർക്‌ഷോപ് വാസം മതിയാക്കി വണ്ടി വീട്ടിലെത്തിച്ചു. വാഹനത്തിന്റെ ഒറിജിനൽ വർക്‌ഷോപ് മാന്വൽ ഇംഗ്ലണ്ടിൽനിന്നു വരുത്തി സ്വയം നന്നാക്കാൻ തുടങ്ങി. അതാണ് തുടക്കം. പിന്നീടൊരിക്കലും വണ്ടി നന്നാക്കാൻ ആരെയും ഏൽപിക്കേണ്ടിവന്നിട്ടില്ല. സ്വന്തം മോഡലുകൾ കൂടാതെ സ്നേഹിതരുടെയും പരിചയക്കാരുടെയും ഉൾപ്പെടെ ഇതുവരെ 42 വണ്ടികൾ റീസ്റ്റോർ ചെയ്തിട്ടുണ്ട്.

1951-model-matchless-4

ഇഷ്ട മോഡലുകൾ തേടി..

ബാങ്ക് ജോലിക്കിടെ 18 സ്ഥലം മാറ്റങ്ങൾ. ഓരോയിടത്തു ചെല്ലുമ്പോഴും വ്യത്യസ്ത മോഡലുകൾക്കായി തേടിനടക്കും. അപ്പോഴേക്കും വിദേശ നിർമിത ബൈക്കുകളുടെ ഇറക്കുമതി നിരോധിച്ചിരുന്നു. സ്പെയർ പാർട്സ് ലഭ്യമല്ലാത്തതിനാലും ഫോർ സ്ട്രോക്ക് എൻജിനുകൾ നന്നാക്കുന്നവർ കുറവായതിനാലും പലതും വർഷങ്ങളോളം പൊടിപിടിച്ചു കിടന്നു. ഇതിനുവേണ്ടി മാത്രം പുതുച്ചേരി, ഹൈദരാബാദ്, കോയമ്പത്തൂർ തുടങ്ങി ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട്. അങ്ങനെ 18 വണ്ടികൾ സ്വന്തം ശേഖരത്തിലുണ്ടായിട്ടുണ്ട്.

രണ്ടു വർഷം മുൻപുവരെ കോവളം റോഡിൽ എല്ലാ ശനിയാഴ്ചയും ഓരോ മോഡലുമായി റൈഡിനു പോകുമായിരുന്നു. പലരും മോഡൽ കണ്ട് ഇഷ്ടമായി വിൽക്കുന്നോ എന്നു ചോദിച്ചു പിന്നാലെ കൂടും. അങ്ങനെ ചിലതെല്ലാം കൊടുത്തിട്ടുണ്ട്. പലതും സൂക്ഷിക്കാൻ സൗകര്യമില്ലാത്തതുകൊണ്ടും മറ്റും ഒഴിവാക്കി. ബിഎസ്എ ഓണേഴ്സ് ക്ലബ്, എജെഎസ് ഓണേഴ്സ്, നോർട്ടൺ, ട്രയംഫ്, മാച്ച്‌ലെസ് എന്നിങ്ങനെ യുകെയിലെ ഇന്റർനാഷനൽ ക്ലബ്ബുകളിൽ ലൈഫ്ടൈം മെമ്പർഷിപ് ഉണ്ട് സ്വാമിനാഥന്. ക്ലബ് അംഗത്തിന് ഒറിജിനൽ സ്പെയർ പാർട്സ് അവർ ലഭ്യമാക്കും. ഇറക്കുമതിചെയ്യുമ്പോൾ വില വളരെ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ പല മോഡലുകളും റിസ്റ്റോർ ചെയ്യാൻ വർഷങ്ങളെടുക്കും.

വണ്ടികൾ ഇഷ്ടമാണെങ്കിലും വീട് ഗാരിജ് ആക്കുന്നതിനോടു ഭാര്യ വാസന്തിദേവിക്കു താൽപര്യമില്ല. കൊച്ചിയിൽ ന്യൂട്രീഷ്യനിസ്റ്റായ മകൾ സിന്ധുവിനും ബെംഗളൂരുവിൽ ആർക്കിടെക്ട് ആയി ജോലിചെയ്യുന്ന മകൻ ദീപക്കിനും അച്ഛന്റെ താൽപര്യങ്ങളോട് എതിർപ്പില്ല.

1951-model-matchless-5

1951 മോഡൽ 350 സിസി മാച്ച്‌ലെസ്

ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മാച്ച്‌ലെസിന്റെ 1951 350 സിസി മോഡലാണിത്. എംഎസ്ക്യൂസീരീസിലുള്ള മദ്രാസ് റജിസ്ട്രേഷൻ മോഡൽ. തൃശൂർ ചേർപ്പിലുള്ള എ. എസ്. നിഖിലിന്റേതാണ് വണ്ടി. ഏഴു വർഷം മുൻപു കോയമ്പത്തൂരിൽനിന്നാണു ലഭിച്ചത്. കയ്യിൽ കിട്ടുമ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു. ചാക്കിൽ കെട്ടിയാണു വീട്ടിലെത്തിച്ചത്. നന്നാക്കുന്നതിനായി സ്വാമിനാഥനെ ഏൽപിക്കുകയായിരുന്നു. എൻജിൻ, ഗിയർ ബോക്സ്, പ്ലേറ്റിങ്, പെയിന്റ് ഉൾപ്പെടെ പൂർണമായും റീസ്റ്റോർ ചെയ്യേണ്ടിവന്നു. ഫോർ സ്ട്രോക്ക് എൻജിനാണിതിൽ. ടൂ സ്ട്രോക്ക് എൻജിനുകളിൽ പെട്രോളിന്റെ കൂടെ ഓയിൽ കലർത്തുന്നതിനാൽ എൻജിനിൽ പെട്ടെന്നു കരിയും പൊടിയും പിടിക്കും. എന്നാൽ, ഫോർ സ്ട്രോക്ക് മോഡലുകളിൽ ഫ്യൂവൽ ടാങ്കും ഓയിൽ ടാങ്കും വെവ്വേറെ ആയതിനാൽ എൻജിൻ തകരാർ കുറവായിരിക്കും.

മാച്ച്‌ലെസ് സ്വന്തമായി വികസിപ്പിച്ച ജാംപോട്ട് സസ്പെൻഷനാണ് ഇതിന്റെ പ്രത്യേകത. സാധാരണ സസ്പെൻഷനിൽ ഫോർക്കിന്റെ ഉള്ളിൽ ട്യൂബ് ഉണ്ടാകും. അതിനകത്ത് ഓയിൽ സീലും ബുഷുകളും. എന്നാൽ, ജാംപോട്ട് സസ്പെൻഷനിൽ അകത്തെ ട്യൂബിനുള്ളിലും വേറൊരു സസ്പെൻഷനുണ്ട്. ഇരട്ട സസ്പെൻഷൻ (ഡബിൾ ഡാംപിങ്) ആയതിനാൽ വളരെ കുറവായിരിക്കും. ചെറിയ ഷോക്കുകൾ അകത്തെ സസ്പെൻഷൻ അബ്സോർബ് ചെയ്യും. വലിയ ഷോക്കുകൾ പുറത്തേതും. ഫലം മികച്ച റൈഡിങ് കംഫർട്ട്.

വണ്ടിക്കു പ്രത്യേകം ലോക്ക് ഇല്ല. ആർക്കുവേണമെങ്കിലും എടുത്തുകൊണ്ടുപോകാം. ആകെയുള്ളത് ആക്സിലറേഷൻ ലോക്ക് മാത്രമാണ്. സാധാരണ ബൈക്കുകളിൽ നട്ട് ബോൾട്ട് എല്ലാം എംഎം ത്രെഡിങ് ആണ്. എന്നാൽ, ഇവയുടേതു ബ്രിട്ടിഷ് ത്രെഡ് ആയതിനാൽ നീളത്തിലും മറ്റും വ്യത്യാസം വരും. മാറ്റിയിടാൻ പറ്റില്ല. വണ്ടിക്ക് 160 കിഗ്രാം ഭാരമുണ്ട്. 1957 വരെ
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് മാച്ച്‌ലെസ് വിറ്റിരുന്നത്. വിദേശനിർമിത വാഹനങ്ങളുടെഇറക്കുമതിക്കു നിയന്ത്രണം വന്നതോടെ ഇന്ത്യയിലെ വിൽപന അവസാനിപ്പിച്ചു.

English Summary: Meet Swaminathan Who Spends his days Restoring British Bikes in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS