ADVERTISEMENT

സാഹസിക ഡ്രൈവിങ് ഷോ കാർ ആൻഡ് കണ്‍ട്രി ഇംഗ്ലീഷ് ചാനലുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും തരംഗമാകുമ്പോൾ ആ വേഗക്കാഴ്ചകൾക്കു പിന്നിലുള്ളതു രണ്ടു മലയാളികൾ. വയനാട് സ്വദേശി ആഷിഖ് താഹിറും മൂവാറ്റുപുഴ സ്വദേശി ദീപക് നരേന്ദ്രനുമാണ് യുകെ ആമസോൺ പ്രൈമിൽ ഇപ്പോൾ സാഹസ വാഹന ഡ്രൈവിങ് പ്രേമികളുടെ താരങ്ങൾ. ഒരു ഘട്ടത്തിൽ ഫോക്സ് ഇന്റർനാഷണലിന്റെയും നാഷണൽ ജ്യോഗ്രഫിക്കിലുമെല്ലാം നിരവധി പ്രേക്ഷകരുള്ള ട്രാവൽ ഷോ ആയിരുന്നു കാർ ആൻഡ് കൺട്രി. റേസിങ് ഡ്രൈവറും 1976ലെ എഫ്1 ലോകചാമ്പ്യന്‍ ജയിംസ് ഹണ്ടിന്റെ മകൻ ഫ്രെഡ്ഡി ഹണ്ട് സംഘത്തിൽ എത്തിയതോടെ സംഗതി സാഹസിക യാത്രകളിലേയ്ക്കതു മാറി. യൂറോപ്യൻ രാജ്യങ്ങളിലെ ഗ്രാമങ്ങളിലും മറ്റുമായിരുന്നു ഇതുവരെയുള്ള യാത്രകളിൽ ഏറെയും. ഇനിയത് റഷ് എന്ന പേരിൽ  ഇന്ത്യൻ മലകളിലേയ്ക്കും ശ്രീലങ്കയുടെ വന്യതയിലേയ്ക്കും ഗൾഫ് രാജ്യങ്ങളുടെ മണലാരണ്യ അനുഭവങ്ങളിലേയ്ക്കുമെല്ലാം പറിച്ചു നടാനുള്ള തയാറെടുപ്പിലാണ് സംഘം. അഭിനിവേശം കൊണ്ടു മാത്രം മുന്നിൽ കണ്ട ഒരു പദ്ധതി രാജ്യാന്തര പ്രോഗ്രാമായി പ്രായോഗിക തലത്തിലെത്തിച്ചതിന്റെ ത്രില്ലിലാണ് ഇരുവരും.

car-and-country-8
ദീപക് നരേന്ദ്രൻ, ഫ്രെഡ്ഡി ഹണ്ട്, ആഷിഖ് താഹിര്‍

 

ചെറുപ്പം മുതൽ കാറുകളോടു തോന്നിയ അതിയായ താൽപര്യം വളർന്നതാണു രാജ്യാന്തര ഷോ നിർമാതാക്കളാക്കി മാറ്റിയതെന്ന് ആഷിക് താഹിർ പറയുന്നു. മണിപ്പാലിൽ പഠിക്കുന്ന കാലത്തു സ്പോർട്സ് വാഹനങ്ങളോടുള്ള രണ്ടു പേരുടെയും താൽപര്യമാണ് തങ്ങളെ സുഹൃത്തുക്കളാക്കി മാറ്റിയത്. ഇവിടെ സ്പോർട്സ് കാറുകൾ ഓടിക്കാൻ സാധിക്കില്ല എന്ന വിശ്വാസം തിരുത്തിയെഴുതിയ സുഹൃത്തുക്കൾ കൂടിയാണിവർ. അടി തട്ടും, 100 കിലോമീറ്ററിൽ താഴെ ഓടിക്കാനാവില്ല എന്നെല്ലാമുള്ള പൊതു വിശ്വാസങ്ങളെ അവഗണിച്ച് ദീപക് ഒരു മേഴ്സിഡസ് എസ്എൽകെ സ്വന്തമാക്കിയപ്പോൾ ആഷിഖ് പോർഷെ വാങ്ങി. ഇവിടെ ആരും ഉപയോഗിക്കില്ലെന്നു പറയുന്നിടത്തു പുതിയൊരു സംസ്കാരം തുടങ്ങി വയ്ക്കുകയായിരുന്നു അന്നു ചെയ്തത്. സ്പോർട്സ് കാറുകൾ ഇവിടെ ഉപയോഗിക്കാൻ സാധിക്കും എന്ന ഒരു ചിന്ത കേരളത്തിൽ ഉടലെടുക്കുന്നതിന് ഇതു സഹായകമായെന്നു കരുതുന്നതായി ആഷിഖ് പറയുന്നു. തുടർന്നിങ്ങോട്ടു ലംബോര്‍ഗിനിയും ഫെറാറിയുമെല്ലാം കാർ ശേഖരത്തിലെത്തി. 

 

car-and-country-7

സൂപ്പർ കാറുകളിൽ ഇംഗ്ലണ്ട് ഗ്രാമങ്ങളിലൂടെ..

 

car-and-country-4

യുകെയിൽ 2016ലാണ് ദീപക് കാർ ആൻഡ് കണ്ട്രിയുടെ നിർമാണ കമ്പനിക്കു തുടക്കം കുറിക്കുന്നത്. ട്രാവൽ ഷോകളായിട്ടായിരുന്നു തുടക്കം. രാജ്യാന്തര ക്വാളിറ്റിയിൽ നിർമാണം വേണമെന്ന ദീപക്കിന്റെ പിടിവാശിയാണ് ഷോയ്ക്ക് ഇത്രയേറെ പ്രചാരം നേടി നൽകിയത്. ഈ സമയം പിന്തുണയുമായി മാത്രം ആഷിഖ് കൂടെയുണ്ടായിരുന്നെങ്കിലും പിന്നൊരു ഘട്ടത്തിലാണ് ഷോയിൽ പങ്കാളിയായി എത്തുന്നത്. ആദ്യ ഷോ ഫോക്സ് ഇന്റർനാഷണൽ പ്രക്ഷേപണം ഏറ്റെടുത്തതോടെ പദ്ധതി ലക്ഷ്യത്തിലേയ്ക്ക് എത്തുന്നത് തിരിച്ചറിഞ്ഞു. 

 

എമിറേറ്റ്‌സും സ്റ്റാര്‍ ടിവിയും നാഷനല്‍ ജ്യോഗ്രഫിക്കുമെല്ലാം ഷോ ഏറ്റെടുത്തു. ഇതിനിടെ ഒടിടി പ്ലാറ്റ്ഫോമിലേയ്ക്കു മാറുന്നത്. നിലവിൽ യുകെ ആമസോൺ പ്രൈമിലാണ് ഷോ ലഭ്യമാകുന്നത്. ടിവി, റേഡിയോ അവതാരകയും മോഡലുമായ ഡാന്നി മെന്‍സീസ്, ബ്രിട്ടീഷ് നടിയും ടിവി അവതാരകയുമായ ലൂസിയ കവാഡുമെല്ലാം നാല് എപ്പിസോഡുള്ള ആദ്യ ഷോകളിലെത്തി. മക്ലാരെന്‍ എംപി4, മെഴ്‌സിഡീസ് എസ്എല്‍സ് എഎംജി, ലംബോര്‍ഗിനി അവന്റേഡര്‍ എല്‍പി640, ഫെറാറി ഇറ്റാലിയ തുടങ്ങിയ സൂപ്പര്‍കാറുകളിലായിരുന്നു ഇംഗ്ലണ്ടിലെ ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ. 

car-and-country-6

 

ആദ്യ ഘട്ടത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കാറുകളിൽ ഒന്നുമായി നടത്തുന്ന ട്രാവൽ ഷോ ആയിരുന്നു ട്രാവൽ ആൻഡ് കൺട്രി. സ്കോട്‍ലൻഡിലാണെങ്കിൽ അവിടെ എത്തി സ്ഥലങ്ങളെക്കുറിച്ചു വിശദീകരണം നൽകുന്നതാണ് പതിവ്. അവിടെയെത്തുന്ന ടൂറിസ്റ്റുകളുമായും പ്രദേശവാസികളുായുമെല്ലാം സമ്പർക്കം നടത്തി അതിന്റെ വിവരങ്ങളും കാമറയിൽ പകർത്തി നൽകും. ബ്രിട്ടീഷ് പ്രൊഡക്ഷൻ കമ്പനിയെക്കൊണ്ട് അതു ചെയ്യിക്കുകയായിരുന്നു ആദ്യം. പിന്നീട് കമ്പനി തന്നെ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായി. ഈ സമയത്തു പിന്നണിയിൽ ആഷിഖ് ഉണ്ടായിരുന്നെങ്കിലും ഷോയിൽ പ്രകടമായിരുന്നില്ല. എന്നാൽ ഏകാന്ത യാത്ര എന്നകു മാറ്റാൻ തീരുമാനിച്ചപ്പോൾ ആഷിഖിനെയും കാമറയ്ക്കു മുന്നിലെത്തിച്ചു. ഇതോടെ ഷോ കൂടുതൽ ശ്രദ്ധേയമായി മാറുകയായിരുന്നു. 

car-and-country-3

 

ഫ്രഡി ഹണ്ടുമായുള്ള കൂടിക്കാഴ്ച

 

കോവിഡ് കാലത്തു ടൂറിസ്റ്റു കേന്ദ്രങ്ങളിലൂടെയുള്ള യാത്രകൾ തൽക്കാലം നടക്കാതെയായി. ഈ സമയത്താണ് ജയിംസ് ഹണ്ടിന്റെ മകൻ ഫ്രെഡി ഹണ്ടിനെ പോയി കാണുന്നതും കൂടെ കൂടുന്നോ എന്നു ചോദിക്കുന്നതും. സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തെ കണ്ടതോടെ ഷോയുടെ ഫോർമാറ്റു തന്നെ മാറി മറിഞ്ഞു. ഇതോടെയാണ് റഷ് എന്ന സീരീസിനു തുടക്കം കുറിക്കുന്നത്. ഏഴാം സീരീസ് മുതൽ ഷോ റഷായി മാറി. മലകളും കുന്നുകളും കയറുന്ന അനുഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് റഷിൽ. മഞ്ഞു നിറഞ്ഞ മലകളും കുന്നുകളും കയറുന്ന അനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമായതോടെ ഷോയ്ക്കുള്ള കാഴ്ചക്കാരുടെ എണ്ണവും ഉയർന്നു. രാത്രിയിൽ തണുത്തുറഞ്ഞ മഞ്ഞിലെ അനുഭവമെല്ലാം ഷൂട്ടു ചെയ്തത് തികച്ചും സാഹസിക അനുഭവങ്ങളായിരുന്നുെന്ന് ആഷിഖ് പറയുന്നു. 

 

മലമുകളിൽ അപ്രതീക്ഷിതമായി ഉണ്ടായ മഞ്ഞനുഭവം മറക്കാനാകാത്തതാണ്. അതേ സമയം തന്നെ രാത്രി ഉറങ്ങിയ ടെന്റ് കാറ്റിൽ പറന്നു പോയത് ഒന്നര കിലോമീറ്റർ അകലെ നിന്നു കണ്ടെടുക്കുന്ന സാഹചര്യവും നേരിടേണ്ടി വന്നു. മറ്റൊരു യാത്രയ്ക്കിടെ ഗ്ലൗസ് കരുതാതിരുന്നു എന്നതിനാൽ കൈവിരലുകൾ തണുത്തുറഞ്ഞു പോയ അനുഭവവുമുണ്ടായി. യഥാർഥത്തിൽ ഷോയ്ക്കു നേരിടേണ്ടി വന്ന അനുഭവത്തിൽ നിന്നു ലഭിച്ച പേരായിരുന്നു റഷ്. തുടർന്നു ഷോ ആ പേരിലേയ്ക്കു മാറി. 

 

ഇനി ഇന്ത്യയും ശ്രീലങ്കയും

 

അടുത്ത സാഹസിക യാത്രയുടെ എപ്പിസോഡ് ചെയ്യാൻ പദ്ധതി ഇട്ടിരിക്കുന്നത് ഇന്ത്യയിലോ ശ്രീലങ്കയിലോ ആണ്. ഗൾഫ് രാജ്യങ്ങളിലെ യാത്രാ അനുഭവവും റഷിനായി കാമറയിൽ പകർത്തുന്നതിനുള്ള ആലോചനയും പുരോഗമിക്കുന്നുണ്ട്. സൗദിയിൽ മരുഭൂമിയിൽ ലഭിക്കാനിടയുള്ള അനുഭവങ്ങൾ സംസാരിച്ച് ഒരുക്കിയിട്ടുണ്ട്. യാത്രയുടെ സാഹസിക അനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കി നൽകുന്ന എപ്പിസോഡുകൾക്കായാണ് ശ്രമിക്കുന്നത്. അപകടകരമായ സാഹസികതയ്ക്കു പകരം ആളുകളെ പ്രചോദിപ്പിക്കുന്ന സാഹസികതയായിരിക്കും അനുഭവിക്കുക. പതിവു ട്രാവൽ ഷോ യൂറോപ്പിൽ മാത്രമാക്കി റഷ് ആഗോളതലത്തിലേയ്ക്കു മാറ്റാനാണ് ആലോചിക്കുന്നത്. രണ്ട് എപ്പിസോഡുകൾ കൂടി കഴിഞ്ഞായിരിക്കും അത്. ഇന്ത്യയിൽ ഏതു പ്ലാറ്റ്ഫോമിലാണ് എന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

 

ലോകം എത്ര വിശാലമാണ്

 

പ്രമുഖ ബ്രാൻഡ് ഡോക്ടർ വാഷിന്റെ ഉടമയാണ് ആഷിഖ്. എന്നിരുന്നാലും ഏറെ പ്രിയപ്പെടുന്നതു യാത്രകളെയും ലോകം നൽകുന്ന അനുഭവങ്ങളയുമാണെന്ന് അദ്ദേഹം പറയുന്നു. വിശാലമായ ലോകമാണ് പുറത്തു കിടക്കുന്നത്. അതു കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നതോളം മനോഹരമല്ല മറ്റൊന്നും. യാത്രകൾ നടത്തുന്നതിനൊപ്പം അതിനെ ചിത്രീകരിക്കാൻ കൂടി സാധിക്കുന്നതാണ് കാർ ആൻഡ് കൺട്രിയും റഷും നൽകുന്ന അവസരമെന്ന് അദ്ദേഹം പറയുന്നു.

 

English Summary: Meet Malayalies Behind Car and Country Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com