കുട്ടികളുടെ യാത്രാസുരക്ഷ കുട്ടിക്കളിയല്ല; സ്കൂൾ ബസ് യാത്ര സുരക്ഷിതമാക്കണം

school-bus
SHARE

ലാസ്റ്റ് ബെൽ കേട്ടാൽ കുഞ്ഞുങ്ങളുടെ ഉള്ളിൽ തുറക്കുന്നത് സ്കൂൾ ഗേറ്റല്ല, വീടിന്റെ വാതിലാണ്. തങ്ങളെ കാത്തിരിക്കുന്ന രക്ഷിതാക്കളെ കാണാനും വീട്ടിലെത്താനും കുട്ടികൾ തിടുക്കം കൂട്ടും. അവിടേക്കുള്ള യാത്രാമാർഗമാണ് സ്കൂൾബസുകൾ. അവ സുരക്ഷിതമാകേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്.

‘ചെറിയ’ ഗുരുതര പിഴവ് ഹൈറേഞ്ചിൽ ഈയിടെ നടന്നൊരു അപകടം കുട്ടികളുടെ സുരക്ഷിതത്വ പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുന്നതാണ്. പൊതുവേ വീതി കുറഞ്ഞ റോഡുകളാണവിടെ. സ്കൂൾ വിട്ടുവന്നൊരു ബസ് ഇടതുവശം നിർത്തി. 

കുട്ടിയുടെ അമ്മ വലതുവശത്ത് ഗേറ്റിൽ കാത്തുനിൽപ്പുണ്ട്. സ്കൂൾ ബസിൽനിന്നിറങ്ങിയ കുട്ടി മറ്റൊന്നും നോക്കാതെ അമ്മയുടെ അടുത്തേക്കോടി. എതിരെ വരുന്നുണ്ടായിരുന്ന മറ്റൊരു സ്കൂൾ ബസ്  കുട്ടിയെ ഇടിച്ചിട്ടു. നിസ്സാരമെന്നു തോന്നിപ്പിക്കുന്ന, എന്നാൽ വളരെ ഗുരുതമായ ഒരു പിഴവുകൊണ്ടാണ് ആ അപകടമുണ്ടായത്. സ്കൂൾ ബസിൽ ഒരു സഹായി നിർബന്ധമായും വേണം. കുട്ടിയെ ഇറക്കുകയും റോഡ്  ക്രോസ് ചെയ്യിക്കുകയും ചെയ്യേണ്ടത് അവരുടെ ചുമതലയാണ്. അന്ന് ആ ബസിൽ സഹായി ഉണ്ടായിരുന്നില്ല. 

പരോക്ഷമായി നമ്മളെല്ലാം ആ കുട്ടിയുടെ അപകടത്തിൽ പങ്കാളികളാണ്. സഹായി ഇല്ലാതെ ബസ് ഓടിച്ചയാൾ, അത്തരം കാര്യങ്ങൾ പരിശോധിക്കാതെ ബസ് സ്കൂൾ ഗേറ്റിനു പുറത്തിറങ്ങാൻ അനുമതി നൽകിയ സ്കൂൾ അധികൃതർ, കാര്യങ്ങൾ ശരിയാംവണ്ണമല്ലേ പോകുന്നത് എന്നു കൃത്യമായ ഇടവേളകളിൽ പരിശോധിക്കാത്ത സ്കൂൾ പിടിഎ കമ്മിറ്റി.... ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പിഴവു പറ്റുന്നവരുടെ എണ്ണമാണു കൂടുതൽ. നമ്മുടെ യുവതലമുറ സുരക്ഷിതരായിരിക്കാൻ നമുക്ക് ഏറെ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. 

ഫിറ്റ്നെസ്

വർഷത്തിലൊരിക്കലാണ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധിക്കാറുള്ളൂ. അതുകൊണ്ടുതന്നെ അന്ന് നല്ല ടയറുകൾ വാടകയ്ക്ക് എടുത്തിട്ടു പരിശോധനയ്ക്കു വരുന്ന വാഹനങ്ങൾ പിറ്റേ ദിവസം മുതൽ തേഞ്ഞുതീർന്ന പഴയ ടയറിൽ ഓടുന്നതു കാണാം. സ്കൂൾ വാഹനങ്ങൾ നിരന്തര പരിശോധനകൾക്കു വിധേയമാക്കണം.  

എല്ലായ്പോഴും മോട്ടർ വാഹനവകുപ്പിന് പരിശോധന നടത്താൻ കഴിയാറില്ല. പിടിഎ, രക്ഷാകർത്താക്കൾ എന്നിവ തങ്ങളുടെ വിദ്യാലയത്തിന്റെ കീഴിൽ വരുന്ന വാഹനങ്ങളെ നിരീക്ഷിക്കണം. 

വാഹനത്തിന്റെ ബ്രേക്ക്, ഡോർ, എമർജൻസി ഡോർ എന്നിവ കാര്യക്ഷമമല്ലേ എന്നു കൂടി നോക്കണം. ബോഡിയിലും സീറ്റിനടുത്തുമുള്ള കൂർത്തഭാഗങ്ങൾ തട്ടി കുട്ടികളുടെ ദേഹം മുറിവേൽക്കാനും തുരുമ്പു വഴി അണുബാധയേൽക്കാൻ സാധ്യതയുണ്ട്. ഇവ പരിശോധിക്കണം. വേഗപ്പൂട്ട് നിർബന്ധമായും വേണം. 

‘ഹെവി’ അനുഭവം വേണം

ഹെവി വാഹനം ഓടിച്ച് 5 വർഷം പരിചയമുള്ളവർക്കേ സ്കൂൾ ബസ് ഡ്രൈവർ ആകാൻ അനുമതിയുള്ളൂ.  ചെറിയ വാഹനമാണെങ്കിൽ പത്തുവർഷം പരിചയസമ്പത്തു വേണം. വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 50 കിമീ.   

സഹായി  നിർബന്ധം. 

ഉദാഹരണത്തിലെ അപകടത്തിന്റെ കാരണം വാഹനത്തിൽ സഹായി ഇല്ലാത്തതായിരുന്നു. ഓരോ ബസ്സിലും സഹായി വേണം. ഇവർ റോഡ് ക്രോസ് ചെയ്യിക്കാനും കുട്ടികളുടെ മറ്റു കാര്യങ്ങൾ നോക്കാനും ബാധ്യസ്ഥരാണ്. ഓരോ വാഹനത്തിലും കുട്ടികളുടെ ഹാജർ ബുക്ക് വേണം. വിദ്യാർഥികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായി  ഇതിൽ ഹാജർ രേഖപ്പെടുത്തണം. 

എത്ര പേരെ കയറ്റാം? 

കുട്ടികളെ തിക്കിനിറച്ച് ഓട്ടോയിലും മറ്റും കൊണ്ടുപോയിരുന്ന സ്ഥിതി ഏറെ മാറി. പന്ത്രണ്ടു വയസ്സു വരെയുള്ള ആറു കുട്ടികളെ വരെ മാത്രമേ ഓട്ടോയിൽ കയറ്റാവൂ. അതിനു മുകളിലുള്ളവരാണെങ്കിൽ ഓട്ടോയുടെ  സാധാരണ സീറ്റിങ് കപ്പാസിറ്റി (3 പേർ) മാത്രം. കുട്ടികളെ നിർത്തിക്കൊണ്ടു പോകാൻ പാടില്ല. 

വാഹനത്തിന്റെ സുരക്ഷ

സ്കൂൾ വാഹനത്തിന് മറ്റു വാഹനങ്ങൾ പ്രത്യേക പരിഗണന നൽകണം. ഒരു സ്കൂൾ ബസ് നിർത്തുന്നതു കണ്ടാൽ അവിടെ ഒരു കുഞ്ഞ് ഇറങ്ങുകയോ കയറുകയോ ചെയ്യുമെന്നതു മനസ്സിലാക്കി വാഹനവേഗം കുറച്ച് ചുറ്റുപാടും നിരീക്ഷിച്ചു വേണം ഡ്രൈവ് ചെയ്യാൻ. നല്ലൊരു സ്കൂൾ ബസിന്റെ ഡോർ തുറന്നിരിക്കുമ്പോൾ ഇടതുവശത്ത് മുകളിൽനിന്നൊരു ബാർ തള്ളി വരും. വാഹനം നിർത്തി കുട്ടികൾ ഇറങ്ങുകയാണ് എന്നതിന്റെ സൂചനയാണത്. വാഹനങ്ങളിൽ സ്കൂൾ ഡ്യൂട്ടി എന്നു പ്രത്യേകം എഴുതണം. വേണം സേഫ്റ്റി കമ്മിറ്റി സാധ്യമെങ്കിൽ വാഹനത്തിന്റെ മുഴുവൻ നിയന്ത്രണവും സ്കൂൾ ഏറ്റെടുക്കണം. രക്ഷിതാക്കളും കൂടുതൽ ശ്രദ്ധിക്കണം. ഇതിനായി ഒരു സേഫ്റ്റി കമ്മിറ്റി രൂപീകരിക്കാം.  

പിടിഎ, പൊലീസ്, ആർടിഒ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ അംഗങ്ങൾ എന്നിവർ കമ്മിറ്റിയിലുണ്ടാകണം. അവരുടെ നിരീക്ഷണത്തിലായിരിക്കണം വാഹനവും ഡ്രൈവറും. വാഹനത്തിന്റെ ഹിസ്റ്ററി–ഫിറ്റ്നെസ് പരിശോധന ആർടിഒ ഉദ്യോഗസ്ഥനും ഡ്രൈവറുടെ സ്വഭാവം പൊലീസുകാരും തദ്ദേശഭരണ അംഗങ്ങളും ചേർന്നു വിലയിരുത്തണം. സ്കൂളിൽനിന്നുള്ള മേൽനോട്ടം പിടിഎയിലെ അംഗങ്ങൾക്കുമാകാം. ഈ കമ്മിറ്റി കൊണ്ടുള്ള ഗുണങ്ങൾ പലതാണ്. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തപ്പെടുമ്പോൾ സ്വാഭാവികമായും സ്കൂൾ ബസിന്റെ സുരക്ഷ വർധിക്കും.. 

കോഴിക്കോട് മോട്ടർവാഹനവകുപ്പിന്റെ അപ്രൂവൽ സ്റ്റിക്കർ സ്കൂൾ വാഹനങ്ങളിൽ പതിക്കുന്ന സംവിധാനമുണ്ട്. വാഹനം പരിശോധിച്ച്, ഡ്രൈവറുടെ ചരിത്രം നോക്കിയാണ് ഈ നടപടി. കേരളം മുഴുവൻ 

ഈ സ്റ്റിക്കർ സംവിധാനം ഏർപ്പാടാക്കണം. 

പല സ്കൂൾ ബസുകളിലും വാഹനങ്ങളിലും ഡ്രൈവർമാർ മാറാറുണ്ട്. ഡ്രൈവർമാർ വ്യത്യസ്ത സ്വഭാവക്കാരായിരിക്കും. മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനം ഓടിക്കുന്നവരെയൊക്കെ കമ്മിറ്റിയുടെ സൂക്ഷ്മനിരീക്ഷണത്തിൽ പുറത്താക്കാം.  സ്കൂളിൽനിന്നു രാവിലെ ബ്രെത്തലൈസർ പരിശോധന കഴിഞ്ഞാലേ ഡ്രൈവിങ് അനുവദിക്കാവൂ. കുട്ടികളെ ലഹരിമരുന്നു വിൽക്കാനുള്ള കാരിയേഴ്സ് ആക്കുക, പ്രണയം നടിച്ചു പഠനം മുടക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കമ്മിറ്റികൾക്കാകും. എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ ആർക്കും ഈ കമ്മിറ്റിയിൽ പരാതി പറഞ്ഞ് പരിഹാരമുണ്ടാക്കാവുന്നതുമാണ്. 

ഉത്തരവാദിത്തം ആർക്ക്എല്ലാ സ്കൂൾ വാഹനങ്ങളും സ്കൂളിന്റെ നോഡൽ ഓഫിസറുടെഉത്തരവാദിത്തത്തിലായിരിക്കും. എന്നാൽ,രക്ഷിതാക്കൾ അറേഞ്ച് ചെയ്യുന്ന വാഹനത്തിന് ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്. സാധ്യമെങ്കിൽവാഹനത്തിന്റെ മുഴുവൻ നിയന്ത്രണങ്ങളും സ്കൂൾ ഏറ്റെടുക്കണം. രക്ഷിതാക്കളും കൂടുതൽ ശ്രദ്ധിക്കണം. 

വേണം ട്രാക്കർ ആപ്

തങ്ങളുടെ കുട്ടികൾ എവിടെഎത്തി എന്നറിയാൻ രക്ഷിതാക്കൾ ക്കും സ്കൂൾ ബസ് ട്രാക്ക് ചെയ്യാൻ സേഫ്റ്റ് കമ്മിറ്റി അംഗങ്ങൾക്കും അവസരമൊരുക്കുന്ന ആപ് ഡവലപ് ചെയ്യുകയാണെങ്കിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാം ഫൂഡ് ഡെലിവറി ആൾക്കാരുടെ ലൊക്കേഷൻ നമുക്ക് ഫോണിൽ കാണാൻ പറ്റുന്നതുപോലെയൊരു സംവിധാനം– നൂറു രൂപയുടെ ഇഡ്ഡലി പൊതി ട്രാക്ക് ചെയ്യാനുള്ള പദ്ധതിയുണ്ട്. എന്നാൽ, അമൂല്യമായ തലമുറയുടെ കാര്യത്തിൽ നമ്മൾ അത്ര ശ്രദ്ധ കൊടുക്കുന്നില്ല.

പലപ്പോഴും വാഹനം ഫിറ്റ് അല്ലെന്നു കണ്ട് വകുപ്പുദ്യോഗസ്ഥർ പിടിക്കുമ്പോൾ പ്രാദേശിക നേതാക്കളും മറ്റും സമ്മർദം നൽകി വിടുതൽ വാങ്ങുന്നതു ചിലയിടത്തു പതിവാണ്. നമ്മുടെ യുവതലമുറയുടെ സുരക്ഷയിലാണ് നമ്മൾ തന്നെ കത്തി വയ്ക്കുന്നത് എന്നത് ഓർക്കണം. അപകടം നടന്നാലേ നാം ജാഗരൂകരാകുകയുള്ളൂ എന്ന സ്ഥിതി മാറണം. അപകടമൊഴിവാക്കാനുള്ള ജാഗ്രതയാണു വേണ്ടത്.

English Summary: Make School Bus Ride Safer For Students

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS