വൈദ്യുത കാറുകളുടെ ഫോര്‍മുല വൺ എന്നറിയപ്പെടുന്ന ഫോര്‍മുല ഇ കാറോട്ട മത്സരങ്ങള്‍ക്ക് ആദ്യമായി ഇന്ത്യയും വേദിയാകുന്നു. നേരത്തെ 2011, 2012, 2013 വര്‍ഷങ്ങളില്‍ ഗ്രേറ്റര്‍ നോയ്ഡ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ വേദിയായിരുന്നു. ഇ പ്രിക്‌സിന്റെ മുപ്പതാമത് വേദിയായാണ് ഹൈദരാബാദ് സ്ട്രീറ്റ് സര്‍ക്യൂട്ട് എത്തുന്നത്. മത്സരത്തിന്റെ ഒമ്പതാം സീസണിലെ നാലാം റൗണ്ടിനാണ് ഹൈദരാബാദ് വേദിയാവുന്നത്. ഹൈദരാബാദില്‍ ഫെബ്രുവരി 11 മുതല്‍ മത്സരം ആരംഭിക്കുന്നതിന് മുൻപേ ഫോര്‍മുല ഇയുടെ ചരിത്രവും വര്‍ത്തമാനവും അറിയാം.

ചരിത്രം
മുന്‍ എഫ്ഐഎ പ്രസിഡന്റ് ഷോണ്‍ ടോട്ടിന്റേയും സ്പാനിഷ് ബിസിനസ്മാന്‍ അലക്‌സാന്ദ്രോ അഗാഗിന്റേയും തലയിലാണ് വൈദ്യുത കാറുകള്‍ക്ക് ഒരു രാജ്യാന്തര മത്സര വേദിയെന്ന ആശയം ആദ്യം ഉദിക്കുന്നത്. മോട്ടോര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മലിനീകരണത്തിന്റെ പേരുദോഷം ഏറിയപ്പോഴാണ് വൈദ്യുത കാറുകള്‍ കൊണ്ട് മത്സരയോട്ടം നടത്തിയാലോ എന്ന ചിന്ത വരുന്നത്. 2014 സെപ്റ്റംബറില്‍ ബീജിങ് ആദ്യ ഫോര്‍മുല ഇ കാറോട്ട മത്സരത്തിന് വേദിയായി. പത്ത് നഗരങ്ങളിലായി 11 റേസുകളാണ് ഉദ്ഘാടന സീസണിലുണ്ടായിരുന്നത്. ബീജിങിന് പുറമേ മലേഷ്യ, ഉറുഗ്വേ, ബ്യൂണസ് ഐറിസ്, കലിഫോര്‍ണിയ, മിയാമി, മോണ്‍ടെ കാര്‍ലോ, ബെര്‍ലിന്‍, മോസ്‌കോ, ലണ്ടന്‍ എന്നിവിടങ്ങളിൽ ആയിട്ടായിരുന്നു മത്സരം. പത്തു ടീമുകളുടെ രണ്ടു ഡ്രൈവര്‍മാര്‍ വീതമാണ് പങ്കെടുത്തത്. ഓരോ ഡ്രൈവര്‍മാരും രണ്ട് വൈദ്യുത റേസ് കാറുകള്‍ വീതം ഓടിച്ചു.

ഫോര്‍മുല 1ല്‍ നിന്നുള്ള വ്യത്യാസം
ഫോര്‍മുല ഇയില്‍ വൈദ്യുത കാറുകളാണ് ഉപയോഗിക്കുന്നത് എന്നതു തന്നെയാണ് പ്രധാന വ്യത്യാസം. 2014ല്‍ ഹൈബ്രിഡ് മോട്ടോറുകള്‍ ഫോര്‍മുല വണ്ണില്‍ അവതരിപ്പിച്ചിരുന്നു. 2026 ആകുമ്പോഴേക്കും കാര്‍ബണ്‍ ന്യൂട്രല്‍ സിന്തറ്റിക് ഇന്ധനങ്ങള്‍ അവതരിപ്പിക്കുമെന്നും ഫോര്‍മുല 1 അറിയിച്ചിട്ടുണ്ട്. എങ്കില്‍ പോലും അടിസ്ഥാനപരമായി വൈദ്യുത വാഹനങ്ങളുടെ മത്സരവേദിയല്ല ഫോര്‍മുല 1.

ഫോര്‍മുല ഇയിലെ മറ്റൊരു പ്രധാന സവിശേഷത പങ്കെടുക്കുന്ന ടീമുകളിലെ വാഹനങ്ങള്‍ക്കെല്ലാം പൊതു ഫീച്ചറുകളായിരിക്കുമെന്നതാണ്. ഓരോ മത്സരവും ജയിക്കുന്നതിന് പങ്കെടുക്കുന്ന എല്ലാവര്‍ക്കും തുല്യ അവസരമായിരിക്കുമെന്ന് ചുരുക്കം. എങ്കിലും സോഫ്റ്റ്‌വെയറിലെ മാറ്റങ്ങളും ഡ്രൈവര്‍ ലൈനപ്പിലെ മുന്‍തൂക്കവും മത്സരത്തില്‍ നിര്‍ണായകമായേക്കാം. ഇതുവരെ നടന്ന എല്ലാ സീസണിലും അവസാന മത്സരത്തിലാണ് അന്തിമ ജേതാക്കളെ കണ്ടെത്താനായത്. സീസണ്‍ 8ല്‍ നടന്ന 16 മത്സരങ്ങളില്‍ ഒമ്പത് പേര്‍ പലപ്പോഴായി വിജയിച്ചിരുന്നു.

വര്‍ത്തമാനം
മൂന്നാം തലമുറയില്‍ പെട്ട കാറുകള്‍ ആദ്യമായി മത്സരത്തിനെത്തുന്നത് ഈ സീസണിലാണ്. ആദ്യ തലമുറ കാറുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 225 കിലോമീറ്ററായിരുന്നു വേഗമെങ്കില്‍ മൂന്നാം തലമുറ കാറുകള്‍ക്ക് മണിക്കൂറില്‍ 322 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാവും. ഡിഎസ് പെന്‍സ്‌കി, നിയോ 333 റേസിങ്, ABT CUPRA, നിയോം മക്‌ലാരന്‍, മാസെരാറ്റി എംഎസ്ജി, മഹീന്ദ്ര റേസിങ്, ജാഗ്വാര്‍ ടി.സി.എസ്, ടാഗ് ഹ്യൂര്‍ പോഷേ, എന്‍വിഷന്‍ റേസിങ്, നിസാന്‍ ആന്‍ഡ് അവലാന്‍ചെ ആന്‍ഡ്രേറ്റി, മെഴ്‌സീഡസ് ഇക്യു എന്നിങ്ങനെ ആകെ 11 ടീമുകള്‍ മത്സരിക്കാനെത്തുന്നു.

ഈ സീസണിലെ മൂന്നു റേസുകള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യത്തേത് മെക്‌സിക്കോ സിറ്റിയിലും പിന്നീടുള്ള രണ്ടെണ്ണം സൗദി അറേബ്യയിലെ ദിരിയായിലുമാണ് നടന്നത്. ഹൈദരാബാദിന് ശേഷം കേപ് ടൗണ്‍, സാവോ പോളോ പോലുള്ള നഗരങ്ങളിലും ഫോര്‍മുല ഇ നടക്കും.
രണ്ട് ദിവസങ്ങളിലായാണ് ഹൈദരാബാദ് ഫോര്‍മുല ഇ നടക്കുക. ശനിയാഴ്ച്ച വൈകീട്ട് 4.25നാണ് ആദ്യ ഫ്രീ പ്രാക്ടീസ് 1 നടക്കുക. ഞായറാഴ്ച്ച രാവിലെ 08.05ന് ഫ്രീ പ്രാക്ടീസ് 2വും രാവിലെ 10.40ന് ക്വാളിഫൈയിങും നടക്കും. ഉച്ചക്കു ശേഷം 3.00 മുതലാണ് മത്സരം ആരംഭിക്കുക.

ഇന്ത്യക്കാര്‍ ഉണ്ടോ?
ഇന്ത്യന്‍ റേസിങ് ടീമായ മഹീന്ദ്ര റേസിങിന്റെ റിസര്‍വ് ഡ്രൈവറായി ഇന്ത്യക്കാരനായ ജെഹാന്‍ ദാരുവാലയുണ്ട്. ഈ സീസണില്‍ ആദ്യ റേസില്‍ മൂന്നാം സ്ഥാനം നേടാന്‍ മഹീന്ദ്ര റേസിങ് ടീമിന് സാധിച്ചിരുന്നു. ലൂകസ് ഡി ഗ്രാസിയായിരുന്നു ഡ്രൈവര്‍. മറ്റൊരു ഫോര്‍മുല ഇ ടീമായ ജാഗ്വര്‍ ടിസിഎസിന്റെ ഉടമ ടാറ്റയാണ്. ഇന്ത്യക്കാരായ ഡ്രൈവര്‍മാരെ ട്രാക്കില്‍ കാണാന്‍ സാധ്യത കുറവാണെങ്കിലും ഇന്ത്യന്‍ ടീമുകള്‍ സജീവമായി മത്സരിക്കുന്ന വേദിയാണ് ഫോര്‍മുല ഇ.

ഹൈദരാബാദിലെ ട്രാക്ക്
ഫോര്‍മുല ഇക്കുവേണ്ടി താല്‍ക്കാലികമായി തയാറാക്കിയതാണ് ഹൈദരാബാദിലെ ട്രാക്ക്. ഹുസൈന്‍ സാഗര്‍ തടാകത്തിന്റെ തീരത്താണ് ഈ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 18 വളവുകളുള്ള ട്രാക്കിന് 2.83 കിലോമീറ്ററാണ് ആകെ നീളം. കൊടും വളവുകളും അതിവേഗത്തില്‍ പോകാന്‍ സഹായിക്കുന്ന നേര്‍പാതയുമെല്ലാം ഈ ട്രാക്കിലുണ്ട്. അതുകൊണ്ടുതന്നെ ജേതാക്കള്‍ക്ക് മിന്നല്‍ വേഗം കൈവരിക്കേണ്ടി വരുമെന്ന് ചുരുക്കം.
മത്സരം എങ്ങനെ?
പരിശീലന ഓട്ടങ്ങളിലെ ലാപ്പ് സമയത്തെ അനുസരിച്ചാണ് മത്സരത്തിനായി ഡ്രൈവര്‍മാര്‍ അണിനിരക്കുക. എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പാക്കി തിരിച്ചാണ് പ്രാഥമിക മത്സരം. എ ഗ്രൂപ്പില്‍ ഒറ്റയക്കപൊസിഷനിലുള്ളവരും ബി ഗ്രൂപ്പില്‍ ഇരട്ടയക്ക പൊസിഷനില്‍ ഉള്ളവരും അണി നിരക്കും. ഇരു ഗ്രൂപ്പുകളിലേയും ആദ്യ നാല് സ്ഥാനങ്ങളിലെത്തിയവര്‍ തമ്മിലായിരിക്കും പിന്നീടുള്ള മത്സരം. ഇതിലെ നാല് പേര്‍ സെമി ഫൈനലിലേക്കും ആദ്യമെത്തുന്ന രണ്ടു പേര്‍ ഫൈനലിലേക്കുമെത്തും.
അറ്റാക്ക് മോഡ്
സാധാരണ 300കിലോവാട്ട് പവറാണ് റേസിങിനിടെ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുക. എന്നാല്‍ കുറഞ്ഞ ദൂരത്തേക്ക് 350 കിലോവാട്ട് ശേഷി ഉപയോഗിക്കാനുള്ള അവസരവും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. ഇതിനെയാണ് അറ്റാക്ക് മോഡ് എന്ന് വിളിക്കുന്നത്. റേസിങ് ട്രാക്കിലെ പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗങ്ങളില്‍ വെച്ച് മാത്രമേ ഈ അതിവേഗത കൈവരിക്കാന്‍ പാടുള്ളൂ. കട്ടക്ക് കൂടെ മത്സരിക്കുന്നവരെ മറികടക്കാന്‍ വേണ്ടിയാണ് ഭൂരിഭാഗം സമയത്തും ഈ അറ്റാക്ക് മോഡ് ഉപയോഗിക്കുക. അറ്റാക്ക് മോഡില്‍ അല്ലെങ്കില്‍ പോലും മണിക്കൂറില്‍ പരമാവധി 322 കിലോമീറ്റര്‍ വേഗത്തില്‍ വരെ പായാന്‍ സാധിക്കുന്ന കാറുകള്‍ മത്സരിക്കുന്ന ഫോര്‍മുല ഇ കാറോട്ട പ്രേമികള്‍ക്ക് വിരുന്നാകുമെന്ന് ഉറപ്പ്.
English Summary: Formula E to India, Know More About Electric Car Race