ADVERTISEMENT

‘‘വണ്ടി വാങ്ങുകയും ഓടിക്കുകയും ചെയ്യണമെന്നത് കോളജ് കാലം മുതലുള്ള ആഗ്രഹമായിരുന്നു. എന്നാൽ അന്ന് അതിനുള്ള വഴി അറിയില്ലായിരുന്നു.’’ ഭിന്നശേഷിക്കാരനായ അവനീഷിന്റെ ഈ ആഗ്രഹം സാധിച്ചു കൊടുത്തത് തിരുവനന്തപുരം സ്വദേശി സുരേഷാണ്. അവനീഷിനെപ്പോലെയുള്ള നിരവധി പേർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഓടിക്കാവുന്ന തരത്തിൽ സുരേഷ് വണ്ടികൾക്കു രൂപമാറ്റം വരുത്തിക്കൊടുത്തിട്ടുണ്ട്; അതും കുറഞ്ഞ ചെലവിൽ. ചെറിയ ശാരീരികപ്രശ്നങ്ങളുള്ളവർ മുതൽ അരയ്ക്ക് താഴെ തളർന്നു പോയവർ വരെ സുരേഷിനെ തേടിയെത്താറുണ്ട്. സ്വയം വണ്ടിയോടിച്ചു സന്തോഷത്തോടെ മടങ്ങാറുമുണ്ട്.

 

ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ എന്തു ചെയ്യണം ?

 

ഭിന്നശേഷിക്കാർക്ക് ലൈസൻസ് എടുക്കുന്നതിൽ തടസ്സമില്ല. എന്നാൽ ഡ്രൈവിങ്ങിന് അനുയോജ്യമായ രീതിയിൽ വാഹനം രൂപമാറ്റം വരുത്തണം. വാഹനം വാങ്ങിയ ശേഷം അതിൽ അനുമതിയോടെ മോഡിഫിക്കേഷൻ നടത്താം. ആ വണ്ടിയിൽത്തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസ് എടുക്കാനും കഴിയും. ഡ്രൈവിങ് ടെസ്റ്റ് എല്ലാവർക്കും ഒരുപോലെയാണ്. സാധാരണ സമർപ്പിക്കേണ്ടി വരുന്ന രേഖകൾക്കൊപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റും  ഭിന്നശേഷിയുണ്ടെങ്കിലും ഡ്രൈവ് ചെയ്യാൻ തടസമില്ല എന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫോം വൺ എ സർട്ടിഫിക്കറ്റും മാത്രമാണ് കൂടുതലായി നൽകേണ്ടത്

car-modification

 

വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദനീയമോ ?

 

വാഹനം മോഡിഫൈ ചെയ്യേണ്ടത് അനുമതിയോടെ മാത്രമാണ്. രൂപമാറ്റം വരുത്തുന്നതിനു മുമ്പ് വാഹന ഉടമ വർക്ക് ഷോപ്പിന്റെ വിവരങ്ങളും ഭിന്നശേഷി സർട്ടിഫിക്കറ്റടക്കമുള്ള മറ്റു വിവരങ്ങളും നൽകി ആർടിഒയിൽനിന്ന് അനുമതി വാങ്ങണം. വാഹന ഉടമയുടെ ആവശ്യത്തിനനുസരിച്ച് മോഡിഫിക്കേഷൻ നടത്തി വീണ്ടും ആർടിഒ പരിശോധിച്ച് അനുമതി നൽകിയാൽ മാത്രമേ വാഹനം ഉപയോഗിക്കാൻ കഴിയൂ.

 

വാഹനങ്ങളിൽ എന്തൊക്കെ മോഡിഫിക്കേഷനാണ് നടത്തുന്നത് ?

 

ഒാരോ വാഹനത്തിലും ഉടമയുടെ ആവശ്യത്തിനനുസരിച്ചാണ് രൂപമാറ്റം വരുത്തി നൽകുന്നത്. ഉയരക്കുറവ് മൂലം വാഹനം ഓടിക്കാൻ തടസം നേരിടുന്നവർക്ക് ഒറിജിനൽ പെഡലുകളിൽ മാറ്റം വരുത്താതെ ആക്സിലേറ്റർ പെഡൽ ബ്രേക്ക് പെഡൽ എന്നിവ ഉയർത്തി നൽകും. ഇത് ഉപയോഗ ശേഷം മടക്കിവയ്ക്കാൻ കഴിയുന്നതിനാൽ ഒറിജിനൽ ആക്സിലേറ്ററും ബ്രേക്കും സാധരണ ഉപയോഗിക്കുന്നതു പോലെ ഉപയോഗിക്കാൻ കഴിയും. സീറ്റിന് ഉയരം കൂട്ടാൻ അഡീഷനൽ സീറ്റിങ് സംവിധാനവും ഫുട് റെസ്റ്റുമുണ്ട്. ഡിക്കി തുറക്കാനും അടയ്ക്കാനും സീറ്റ് ബെൽറ്റ് ഉപയോഗിച്ചുള്ള പ്രത്യേക സംവിധാനവുമുണ്ട്. വിൽചെയറിൽ ഉള്ള ആളുകൾക്ക് വീൽചെയറോടുകൂടി കാറിൽ പ്രവേശിക്കാനും യാത്ര ചെയ്യാനുമുള്ള സൗകര്യവും ചെയ്ത് നൽകും. കാലുകൾക്ക് ചലനശേഷി ഇല്ലാത്തവർക്ക് ഡ്രൈവ് ചെയ്യാനായി ക്ലച്ച്, ബ്രേക്ക് ആക്സിലേറ്റർ എന്നിവ വലതു കൈകൊണ്ട് നിയന്ത്രിക്കാവുന്ന രീതിയിൽ രൂപമാറ്റം വരുത്തി നൽകും.

 

English Summary: Car Modifications for Drivers with Disabilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com