ADVERTISEMENT

ചെറിയൊരു മുഖം മിനുക്കലോടെ ടൊയോട്ട അടുത്തിടെയാണ് ഇന്നോവ ക്രിസ്റ്റ അവതരിപ്പിച്ചത്. മള്‍ട്ടി പര്‍പ്പസ് വെഹിക്കിൾ സെഗ്‌മെന്റിൽ ഒപ്പതിനൊപ്പം നിൽക്കുന്ന രണ്ടു ടൊയോട്ട മോഡലുകളാണ് ഇന്നോവ ഹൈക്രോസും ക്രിസ്റ്റയും. ഈ രണ്ടു വാഹനങ്ങളുടേയും വിലയും മറ്റു സൗകര്യങ്ങളും താരതമ്യം ചെയ്തു നോക്കാം.

Toyota Innova Crysta
Toyota Innova Crysta

ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ജി 7 മോഡലിന് 19.13 ലക്ഷവും ജി 8ന് 19.18 ലക്ഷവുമാണ് വില. ഏഴ്, എട്ട് സീറ്റുകളുള്ള ഹൈക്രോസ് പെട്രോള്‍ മോഡലിന് യഥാക്രമം 18.55 ലക്ഷവും 18.60 ലക്ഷവുമാണ് വില. ഇന്നോവ ക്രിസ്റ്റയുടെ ജിഎക്‌സ് വേരിയന്റിന് 19.99 ലക്ഷം രൂപയാണ് വില. ഇന്നോവ ഹൈക്രോസിനാണെങ്കില്‍ ജിഎക്‌സ് 7 സീറ്റിന് 19.40 ലക്ഷവും ജിഎക്‌സ് 8ന് 19.45 ലക്ഷവുമാണ് വില.

ഹൈക്രോസും ക്രിസ്റ്റയും തമ്മില്‍ ജി മോഡലില്‍ 58,000 രൂപയുടെയും ജിഎക്‌സ് മോഡലില്‍ ഏതാണ്ട് 59,000 രൂപയുടെയും വ്യത്യാസമുണ്ട്. എന്നാല്‍ വിഎക്‌സ് മോഡലിലേക്കെത്തുമ്പോള്‍ കഥ മാറും. ഇവിടെ വില കൂടുതല്‍ ഇന്നോവ ഹൈക്രോസിനാണ്. വിഎക്‌സ് 7 സീറ്റ് 24.76 ലക്ഷത്തിനും എട്ടു സീറ്റ് 24.81 ലക്ഷത്തിനുമാണ് ടൊയോട്ട വില്‍ക്കുന്നത്. ശക്തമായ ഹൈബ്രിഡ് വാഹനമാണെന്നതാണ് ഹൈക്രോസിന്റെ വിലയില്‍ നാലേ മുക്കാല്‍ ലക്ഷത്തിലേറെ രൂപയുടെ വ്യത്യാസം വരുത്തിയത്.

innova-highcross-price

ഫീച്ചറുകളുടെ കാര്യമെടുത്താല്‍ ജി, ജി.എക്‌സ് വേരിയന്റുകളില്‍ ക്രിസ്റ്റയിലും ഹൈക്രോസിലും വലിയ മാറ്റങ്ങളില്ലെന്നത് ശ്രദ്ധേയമാണ്. 16 ഇഞ്ച് അലോയ് വീലും ആന്‍ഡ്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും സപ്പോര്‍ട്ട് ചെയ്യുന്ന ടച്ച് സ്‌ക്രീനും റിയര്‍ സീറ്റ് ഡിക്ലെയ്ന്‍, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്‌മെന്റ് എന്നിവയുമൊക്കെ രണ്ടിലും ഒരുപോലെയാണ്.

സുരക്ഷാ സൗകര്യങ്ങളില്‍ ക്രിസ്റ്റയ്ക്ക് മൂന്നു എയര്‍ബാഗുകളുണ്ട്. ഡ്രൈവര്‍ക്ക് അധികമായി കാല്‍മുട്ടിന്റെ ഭാഗത്താണ് എയര്‍ബാഗുള്ളത്. എന്നാല്‍ ഹൈക്രോസിന് രണ്ട് എയര്‍ ബാഗുകളാണ് ജിഎക്‌സ് വേരിയന്റിലുള്ളത്. സീറ്റിങ്ങിന്റെ കാര്യമെടുത്താല്‍ ഹൈക്രോസിനും ക്രിസ്റ്റക്കും ഏഴ്, എട്ട് സീറ്റ് സൗകര്യങ്ങളുണ്ട്. മൂന്നു നിരയായി സജ്ജീകരിച്ച സീറ്റില്‍ നടുവിലേത് ക്യാപ്റ്റന്‍ സീറ്റാണെങ്കില്‍ ഏഴും അല്ലെങ്കില്‍ എട്ടും സീറ്റുകളാണ് ഉണ്ടാവുക.

innova-hycross-2

വി.എക്‌സ് വേരിയന്റില്‍ ഇന്നോവ ഹൈക്രോസിനാണ് ക്രിസ്റ്റയേക്കാള്‍ ഫീച്ചറുകളുള്ളത്. ഹൈക്രോസിന് ഫുള്‍ എല്‍ഇഡി ടെയ്ല്‍ ലാംപ്, 360 ഡിഗ്രി ക്യാമറ, പാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയര്‍ സണ്‍ഷേഡ്, 17 ഇഞ്ചിന്റെ അലോയ് വീലുകള്‍ എന്നിവ ക്രിസ്റ്റയേക്കാള്‍ അധികമുള്ള സൗകര്യങ്ങളാണ്.

ക്രിസ്റ്റയ്ക്ക് 2.4 ലീറ്റര്‍ ഡീസല്‍ എൻജിനും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ടൊയോട്ട നല്‍കിയിരിക്കുന്നത്. ഹൈക്രോസിനാകട്ടെ രണ്ട് പവര്‍സ്‌ട്രെയ്ന്‍ ഓപ്ഷനുള്ള സൗകര്യമുണ്ട്. ഒന്നുകില്‍ 172എച്ച്പിയുടെ 2.0 ലീറ്റര്‍ പെട്രോള്‍ എൻജിനും സിവിടി ഗിയര്‍ ബോക്‌സും അല്ലെങ്കില്‍ 184 എച്ച്പിയുടെ 2.0 ലീറ്റര്‍ ഹൈബ്രിഡ് പവര്‍ സ്‌ട്രെയിനും ഇ ഡ്രൈവ് ട്രാന്‍സ്മിഷനും. ഹൈക്രോസിന് ഡീസല്‍ എൻജിനോ മാനുവല്‍ ഗിയര്‍ബോക്‌സോ നല്‍കിയിട്ടില്ല.

എംപിവി സെഗ്‌മെന്റിൽ ക്രിസ്റ്റയ്ക്ക് കാര്യമായ എതിരാളികളില്ല. എംപിവികളില്‍ കാരന്‍സ് ഡീസലിനേക്കാളും വില കൂടുതലാണ് ക്രിസ്റ്റയ്ക്ക്. ഇനി എസ്‌യുവികളായ മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടര്‍ എന്നിവയെടുത്താലും ടൊയോട്ടയുടെ ഹൈക്രോസിനും ക്രിസ്റ്റയ്ക്കും തന്നെയാണ് വില കൂടുതല്‍.

English Summary: Toyota Innova Crysta diesel vs Hycross: Price and Features Comparison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com