ADVERTISEMENT

‘‘വാഹനത്തിന്റെ പാസഞ്ചർ സീറ്റിൽ ഇരുന്നു പോകാനുള്ള ക്ഷമയില്ല, അഥവാ പാസഞ്ചർ സീറ്റിൽ ഇരുന്നാൽത്തന്നെ സൈഡ് സീറ്റ് ഡ്രൈവിങ് തുടങ്ങുകയും ചെയ്യും. ഡ്രൈവിങ് അത്ര ഹരമാണ്. എല്ലായിടത്തും ഒറ്റയ്ക്ക് വാഹനമോടിച്ച് പോകാനാണിഷ്ടം’’– ബിഎംഡബ്ല്യു എക്സ് 4 എടുത്ത സന്തോഷത്തിൽ, മലയാളത്തിലെ ശ്രദ്ധേയനായ യുവനടൻ ഹക്കിം ഷാജഹാൻ തന്റെ വാഹന പ്രേമത്തെപ്പറ്റി മനോരമ ഓൺലൈനോട് മനസ്സു തുറക്കുന്നു. 

hakkim-shajahan-5

 

ഡ്രൈവിങ് ഏറെ ഇഷ്ടം

 

hakkim-shajahan-7

വാഹനങ്ങൾ ഓടിക്കുന്നത് ഏറെ ഇഷ്ടമുള്ള പരിപാടിയാണ്. അത്യാവശ്യം നന്നായി ഡ്രൈവ് ചെയ്യുമെന്നാണ് വിശ്വാസം. പാസഞ്ചർ സീറ്റിനെക്കാൾ ഡ്രൈവിങ് സീറ്റാണ് ഏറെയിഷ്ടം. വാഹനമോടിച്ച് എത്ര ദൂരം വേണമെങ്കിലും പോകാം, എന്നാൽ ഡ്രൈവ് ചെയ്യാതെ പിന്നിലോ സൈഡിലോ ഇരുന്നുള്ള യാത്ര പെട്ടെന്നു ബോറടിക്കും. 

 

hakkim-shajahan-8

സിനിമാ മോഹവുമായി നടന്ന സമയത്ത് ട്രാവൽ എജൻസിയുടെ ഡ്രൈവറായി പോയിട്ടുണ്ട്. വിദേശികളും  ഐടി പ്രഫഷനൽസുമൊക്കെയായി എട്ടു പത്ത് ഓട്ടം പോയിട്ടുണ്ട്. വീട്ടിൽ ആ സമയത്ത് ഒരു ബലേറൊയുണ്ടായിരുന്നു. നാട്ടില്‍നിന്നു പോകുന്ന ഓട്ടങ്ങൾക്ക് ഡ്രൈവറായി ഞാനായിരുന്നു പോയിരുന്നത്. കടകൻ എന്ന് ചിത്രം ചെയ്യുന്നതു പോലും അതിൽ ടിപ്പറും ലോറിയും ഓടിക്കുന്ന സീനുകള്‍ ഉള്ളതുകൊണ്ടാണ്.

 

സുസുക്കി സമുറായ്, ഇൻഡിക്ക വി 2

hakkim-shajahan-10

 

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക് ഓടിക്കുന്നത്. ഒരു സുസുക്കി സമുറായ്‌യിലാണ് ബൈക്ക് ഓടിക്കാൻ പഠിച്ചത്. അന്നൊക്കെ ഇന്നത്തെപ്പോലെ ചെക്കിങ്ങുകൾ കുറവാണ്, അതുകൊണ്ട് വീട്ടിൽനിന്നു കടയിൽ പോകാനും ചെറിയ യാത്രകൾക്കും ബൈക്ക് ഉപയോഗിക്കുമായിരുന്നു. ചെറുപ്പം മുതൽ വീട്ടിൽ അംബാസിഡറും ജീപ്പുമെല്ലാമുണ്ട്, വാഹനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടൊക്കെയായിരിക്കും ഡ്രൈവിങ് ഇത്ര താൽപര്യം. വാപ്പ പന്ത്രണ്ടു വർഷത്തോളം പ്രവാസിയായിരുന്നു. ഇടയ്ക്കു വന്ന് സുഹൃത്തുക്കളുടെ ബസിന്റെയും ട്രെയിലർ ലോറിയുടെയുമൊക്കെ ഡ്രൈവറായി പോകും. അക്കാലത്ത് കസിൻസുമായി ബസുകളിലും ലോറികളിലുമൊക്കെ കയറി ഗിയർ മാറ്റിയൊക്കെ നോക്കുമായിരുന്നു. നാലുവീൽ ഡ്രൈവിങ് പഠിച്ചത് വീട്ടിലുണ്ടായിരുന്ന ഇൻഡിക്ക വി 2ലാണ്. അതു തനിയെ പഠിക്കുകയായിരുന്നു. സ്റ്റീയറിങ് ബാലൻസ് കിട്ടിയതോടെ കാറുമെടുത്ത് പുറത്തുപോയിത്തുടങ്ങി.

hakkim-shajahan-9

 

ആർഎക്സ് 100, യൂണികോൺ, പിന്നെ ബുള്ളറ്റ്

 

ആദ്യത്തെ ബൈക്ക് ഒരു യമഹ ആർഎക്സ് 100 ആയിരുന്നു. പിന്നീട് കോളജിൽ പോകാൻ വാപ്പ ഒരു യൂണികോൺ വാങ്ങി നൽകി. ആ ബൈക്കിൽ അത്യാവശ്യം സ്റ്റണ്ടിങ്ങും കുരുത്തക്കേടുകളുമൊക്കെ കാണിക്കുമായിരുന്നു. മൂവാറ്റുപുഴയിലെ കോളജിലായിരുന്നു പഠിച്ചത്. അവിടുന്ന് തൊടുപുഴ റൂട്ടിൽ സുഹൃത്തുക്കളുമായി ബൈക്കിൽ മത്സരം വച്ചത് വീട്ടിൽ അറിഞ്ഞതോടെ യൂണികോൺ വിറ്റു. 

hakkim-shajahan-3

 

അമിതവേഗത്തിൽ പോകുന്ന ഞങ്ങളെ നാട്ടുകാർ ആരോ കണ്ട് വാപ്പയെ അറിയിക്കുകയായിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ യൂണികോൺ വിറ്റു. അതുകഴിഞ്ഞാണ് ബുള്ളറ്റ് വാങ്ങുന്നത്. ബുള്ളറ്റ് പോലുള്ള ഭാരം കൂടിയ വാഹനമാകുമ്പോൾ ബൈക്ക് സ്റ്റണ്ടിങ് നടക്കില്ലല്ലോ എന്നായാരുന്ന വാപ്പയുടെ ചിന്ത. എന്നാൽ അതിലും അത്യാവശ്യം കുരുത്തക്കേടുകളെല്ലാം നടത്തിയിട്ടുണ്ട്. അമ്മയുടെ വീട് പെരുവന്താനത്താണ്. ബുള്ളറ്റിൽ അവിടെപ്പോകുമ്പോൾ കുട്ടിക്കാനം കഴിഞ്ഞുള്ള ഇറക്കം മുണ്ടക്കയം വരെ കൈവിട്ട് ഓടിച്ചിട്ടുണ്ട്. ബുള്ളറ്റ് ആയതുകൊണ്ട് ഇടയ്ക്ക് ഗിയർ ഡൗൺ ചെയ്ത് കൊടുത്താൽ പതിയെ പൊക്കോളും. കൂടാതെ വളയ്ക്കാനും എളുപ്പമാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ അപകടങ്ങൾ വരാതിരുന്നത് ഭാഗ്യം എന്ന് തോന്നും. എന്നാൽ അതൊക്കെ ആ പ്രായത്തിലെ ഓരോ കുരുത്തക്കേടുകളാണ്, ഇപ്പോൾ ട്രാഫിക് നിയമങ്ങൾ പാലിച്ചു വളരെ മര്യാദപൂർവമാണ് വണ്ടി ഓടിക്കുന്നത്.

 

ബുള്ളറ്റ് പോയി ഹോണ്ട സിറ്റി വന്നു

hakkim-shajahan-2

 

സിനിമാ മോഹങ്ങളുമായി കൊച്ചിയിൽ എത്തിയപ്പോഴുള്ള യാത്രകൾ മുഴുവൻ ബുള്ളറ്റിലായിരുന്നു. 10 വർഷത്തോളം ബുള്ളറ്റ് കൂടെയുണ്ടായിരുന്നു. എന്നാൽ വെയിലും പൊടിയുമേറ്റു നഗരത്തിലൂടെയുള്ള ബൈക്ക് യാത്രകൾ പ്രശ്നമായി വന്നപ്പോൾ വീട്ടിലെ ഹോണ്ട സിറ്റിയിലേക്കു മാറി. വീട്ടിൽ വേറൊരു വാഹനം വാങ്ങിയപ്പോൾ ഹോണ്ട സിറ്റി എടുക്കുകയായിരുന്നു. വളരെ മികച്ച വാഹനമാണ് ഹോണ്ട സിറ്റി. കൊച്ചിയിൽനിന്ന് ചെന്നൈയിലേക്കും ബെംഗളൂരിവിലേക്കുമെല്ലാം ഹോണ്ട സിറ്റിയിൽ പോയിട്ടുണ്ട്. ഭാരം കുറവായതുകൊണ്ട് ഹൈവേയിലൂടെ പോകുമ്പോൾ അൽപം പേടിയൊക്കെ തോന്നും. അങ്ങനെയാണ് പുതിയ വാഹനം എന്നൊരു ചിന്തയിലേക്കു വന്നത്.

 

ബിഎംഡബ്ല്യു എന്ന ഡ്രൈവേഴ്സ് കാർ

hakkim-shajahan-6

 

ഒരു പ്രീമിയം കാർ എന്ന ചിന്ത വന്നപ്പോൾത്തന്നെ ബിഎംഡബ്ല്യു ആണ് മനസ്സിലേക്കു വന്നത്. ബെൻസ് വാങ്ങിയാലോ എന്ന് ഇടയ്ക്ക് ആലോചിച്ചെങ്കിലും ഡ്രൈവിങ് ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ബിഎംഡബ്ല്യു തന്നെയായിരിക്കും ചേരുക എന്ന് തോന്നി. 

 

ബിഎംഡബ്ല്യു എക്സ് 4

 

ബിഎംഡബ്ല്യുവിന്റെ എസ്‍‌യുവി കൂപ്പേ റോയൽ ഡ്രൈവിൽ നിന്നാണ് വാങ്ങുന്നത്. നല്ല സ്റ്റൈലുള്ള വണ്ടിയാണ് എക്സ് 4. എസ്‍യുവിയുടെ കരുത്തും കൂപ്പെയുടെ ചന്തവുമുള്ള വാഹനം. സെഡാൻ എടുക്കാനായിരുന്നു ആദ്യത്തെ തീരുമാനമെങ്കിലും പിന്നീട് എക്സ് 4ൽ എത്തുകയായിരുന്നു. അതിൽ ഇപ്പോൾ സന്തോഷം തോന്നുന്നു. കാരണം ‍ഓടിക്കുന്ന ആളുടെ കൂടെ നിൽക്കുന്ന വാഹനമാണ് എക്സ് 4. ബ്രേക്കിങ്ങെല്ലാം കൃത്യം. എന്റെ യാത്രകൾക്ക് ഏറ്റവും അനുയോജ്യം. സിനിമകളുടെ ആവശ്യങ്ങൾക്കായുള്ള ദൂരയാത്രകളെല്ലാം ഇനി എക്സ് 4 ലായിരിക്കും. 2 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിൻ മോഡല്‍ എക്സ് 4 ആണ് വാങ്ങിയത്. 190 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. മികച്ച ടോർക്കുള്ളതുകൊണ്ട് ഇനീഷ്യൽ പെർഫോമൻസ് മുന്നിട്ടു നിൽക്കും. 

 

ഇഷ്ടകാറുകൾ, ഓഫ് റോഡ് ട്രിപ്

 

അടുത്തത് എം പെർഫോമൻസ് മോഡൽ വാങ്ങണമെന്നാണ് ആഗ്രഹം. സെഡാനായിരിക്കും അത്. കൂടാതെ ഒരു ജീപ്പ് റാംഗ്ലറും വാങ്ങണം എന്നുണ്ട്. ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ജീപ്പ് റാംഗ്ലറിനോട് സ്നേഹം. പണ്ട് വീട്ടിലെ ബൊലേറോയിൽ ഓഫ് റോഡ് യാത്രകൾ ചെയ്യുമായിരുന്നു. ബൊലേറോയുമായി വണ്ണപ്പുറത്തുനിന്ന് ചെറുതോണിയിലേക്ക് ഓഫ് റോഡിങ് നടത്തിയിട്ടുണ്ട്. നെടുങ്കണ്ടത്തും ഓഫ് റോഡ് യാത്രകൾ നടത്തിയിട്ടുണ്ട്. ഓഫ് റോഡ് യാത്രകളിൽ നമ്മുടെ ഡ്രൈവിങ് കഴിവുകൾ ഏറെ പുറത്തെടുക്കാൻ പറ്റും. 

 

ബൈക്ക് തന്നെയാണ് ഇഷ്ടം, അഡ്വഞ്ചർ ബൈക്ക് സ്വപ്നം

 

ഇപ്പോൾ ബൈക്കുകൾ അധികം ഉപയോഗിക്കാറില്ലെങ്കിലും കാറുകളെക്കാൾ ഏറെ ഇഷ്ടം ബൈക്കുകൾ തന്നെയാണ്. ഒരു അഡ്വഞ്ചർ ബൈക്ക് എടുക്കണമെന്നും അതിൽ യാത്രകൾ പോകണമെന്നും ആഗ്രഹമുണ്ട്. അതുപോലെ ട്രയംഫിന്റെ കഫേ റേസർ ലുക്കുള്ള ഒരു ബൈക്കും സ്വന്തമാക്കണമെന്നുണ്ട്. 

 

ഇലക്ട്രിക് മികച്ചതോ ?

 

ഇലക്ട്രിക് കാറുകൾ നമുക്ക് പ്രായോഗികമാണോ എന്ന കാര്യത്തിൽ വലിയ ആശങ്കകളുണ്ട്. ഏറ്റവും വലിയ പ്രശ്നമായി തോന്നിയത് റേഞ്ചാണ്. പെട്ടെന്ന് യാത്രകൾ തീരുമാനിക്കുന്ന എന്നെപ്പോലെയുള്ള ആളുകൾക്ക് ഈ വാഹനം ചേരുമോ എന്ന കാര്യത്തിൽ സംശയം തന്നെയാണ്. കൂടാതെ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ ഡ്രൈവിങ് രീതികളെ ഇലക്ട്രിക് വാഹനങ്ങൾ തൃപ്തരാക്കുമോ? ദൂരയാത്രകളിൽ ഇടയ്ക്കുള്ള റീചാർജിങ് എത്രത്തോളം പ്രാവർത്തികമാണ്? എട്ടുവർഷം കഴിഞ്ഞാൽ ബാറ്ററി എന്തുചെയ്യും? അങ്ങനെ നിരവധി സംശയങ്ങളുണ്ട് ഇലക്ട്രിക് വാഹനങ്ങളെപ്പറ്റി.

 

ആരും നിയമങ്ങൾ കൃത്യമായി പാലിക്കുന്നില്ല 

 

നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം ആളുകൾ നിയമങ്ങൾ പാലിക്കുന്നില്ല എന്നതാണ്. എല്ലാവരും അഗ്രസീവ് ഡ്രൈവിങ്ങാണ്. ഓവർടേക്ക് ചെയ്യുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം ആ സ്വഭാവം നന്നായി കാണാം. കെഎസ്ആർടിസി ബസുകളൊക്കെ ഓവർടേക്ക് ചെയ്തു വരുന്നത് കാണുമ്പോൾ പേടിച്ച് റോഡിൽനിന്നു വണ്ടി ഇറക്കികൊടുക്കേണ്ടി വന്നിട്ടുണ്ട്.

 

ഭൂട്ടാൻ ഒരു മാതൃക

 

ഒരിക്കൽ കൊൽക്കത്തയിൽനിന്ന് ബൈക്കിൽ ഭൂട്ടാനിലേക്കു പോയിട്ടുണ്ട്. ഇന്ത്യൻ അതിർത്തി കഴിഞ്ഞ് ഭൂട്ടാനിലേക്കു പ്രവേശിക്കുന്നത് ഒരു റിസോർട്ടിലൊക്കെ പോകുന്നതുപോലെയാണ്. വൃത്തിയും ട്രാഫിക് നിയമങ്ങളുമെല്ലാം കൃത്യമായി പാലിക്കുന്ന സ്ഥലം. സിഗ്നലിൽ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നു. ഒരാൾക്കും തിരക്കില്ല, ഹോൺ അടിയില്ല. നമ്മൾ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ നാട്ടുകാർ തടഞ്ഞു നിർത്തി ഹെൽമറ്റ് ധരിക്കാൻ ആവശ്യപ്പെടും. ശരിക്കും അനുകരിക്കാൻ പറ്റുന്നൊരു മാതൃകയാണ് ഭൂട്ടാൻ.

 

English Summary: Hakkim Shajahan About His Vehicles And Driving Passion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com