ADVERTISEMENT

വിന്റേജ് വാഹനങ്ങളിൽ ഏറ്റവും ഫാൻ ബേസ് ഉള്ളവയാണ് ആർമി യൂസ്ഡ് വെഹിക്കിൾസ്. പഴകും തോറും വീര്യവും വിലയും കൂടുന്ന പട്ടാള വണ്ടികൾ നമ്മുടെ നാട്ടിൽത്തന്നെ ഒരുപാടുണ്ട്. വില്ലീസ് ജീപ്പും ജിപ്സിയും ബുള്ളറ്റുമൊക്കെയാണ് നമ്മുടെ നാട്ടിലെ സ്ഥിരം പട്ടാള വണ്ടികളെങ്കിൽ തൃശൂർ നടത്തറയിൽ ചെന്നാൽ അധികം പരിചയമില്ലാത്ത ഒരു ആർമി യൂസ്ഡ് വെഹിക്കിൾ കാണാം. ബോണറ്റിൽ വില്ലീസ് എന്ന ലോഗോയോടെ തൃശൂർ ടൗണിലും പരിസരത്തുമെല്ലാം കറങ്ങി നടക്കുന്ന ഈ വാഹനത്തിന്റെ കഥ ആരംഭിക്കുന്നത് അങ്ങ് റഷ്യയിലാണ്. അമേരിക്കൻ ബ്രാൻഡായ വില്ലീസിനു റഷ്യയിലെന്താ കാര്യം എന്ന ചിന്ത ഉള്ളിൽ ഉദിച്ചെങ്കിൽ അതും ഈ കഥയിലെ ഒരു ട്വിസ്റ്റാണ്. 

Zill Truck
Zill Truck

റഷ്യയിൽനിന്നു തൃശൂരിലേക്ക്

റഷ്യൻ വാഹന നിർമാതാക്കളായ സിൽ പുറത്തിറക്കിയ മിനി കാർഗോ ട്രക്കാണ് സിൽ 130. 1956 ൽ പ്രോട്ടോടൈപ്പ് നിർമിച്ച് 1962ൽ മാസ് പ്രൊഡക്‌ഷൻ ആരംഭിച്ച സിൽ–130 സോവിയറ്റ് യൂണിയനിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മിനി ട്രക്കുകളാണ്. യുദ്ധ സാമഗ്രികൾ മുതൽ യുദ്ധ വിമാനങ്ങൾ വരെ റഷ്യയിൽനിന്നു വാങ്ങാറുള്ള ഇന്ത്യയിലേക്കു സിൽ എത്താൻ വേറെ കാരണങ്ങൾ തിരക്കണ്ടല്ലോ. 1962 ലാണ് ഇന്ത്യൻ ആർമി സിൽ ട്രക്കുകൾ ഉപയോഗിച്ചു തുടങ്ങുന്നത്. അന്നു പ്രധാനമായി ഉണ്ടായിരുന്നത് സിൽ–131 എന്ന 6x6 മോഡലാണ്, പിന്നീടാണ് സിൽ–130 ഇന്ത്യയിലെത്തുന്നത്. ആർമിയിൽ ചരക്കു നീക്കങ്ങൾക്കും മറ്റുമായി ഉപയോഗിച്ച ഈ കുഞ്ഞൻ ട്രക്ക് പിന്നീട് മറ്റു വാഹനങ്ങൾക്കൊപ്പം പൊതു ജനങ്ങൾക്കായി ലേലം ചെയ്യുകയായിരുന്നു. 1986 ൽ നിർമിച്ച വാഹനം 1999 ലാണ് മിലിട്ടറിയിൽനിന്നു ലേലം ചെയ്യുന്നത്. 2013 ലാണ് തൃശൂർ ആർടിഒയിൽ റീ റജിസ്റ്റർ ചെയ്ത് ഇപ്പോഴത്തെ നമ്പർ ലഭിക്കുന്നത്.

ആർമിയിലെത്തി രൂപം മാറി

zill-truck-1

റഷ്യയിലെ സ്ഥിര സാ്നനിധ്യമായ കാര്‍ഗോ ട്രക്കുകളായിരുന്നു 130 സിൽ. ചരക്കു വാഹനങ്ങളായി മാത്രമല്ല, ക്രെയിനും റിക്കവറി വാനും ടാങ്കറുമായെല്ലാം ഈ ട്രക്കിനെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ആർമിയിലേക്കെത്തിയപ്പോൾ വാഹനത്തിന്റെ എൻജിനിലും പാർട്സിലുമെല്ലാം കാര്യമായ മാറ്റങ്ങൾ വരുത്തി. മിലിട്ടറി ബേസിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ആർമി മോഡിഫിക്കേഷൻ നടത്താറുള്ളത് പതിവാണ്. അങ്ങനെ മോഡിഫൈ ചെയ്ത വാഹനമാണ് ഈ മിലിട്ടറി ട്രക്ക്. ആദ്യം വാഹനത്തില്‍ സില്ലിന്റെ പെട്രോൾ എൻജിൻ ആയിരുന്നു, പിന്നീട് അതു മാറ്റി ഡീസൽ എൻജിൻ ആക്കി. കൂടാതെ ബോഡിയിൽ വന്ന വലിയ മാറ്റങ്ങളിലൊന്നാണ് ബോണറ്റിൽ കൊത്തിയിരിക്കുന്ന വില്ലീസ് ലോഗോ. സിൽ എന്ന റഷ്യൻ ഭാഷയിലെ എഴുത്തിനു പകരമായിട്ടാണ് ബോണറ്റിൽ വില്ലീസിന്റെ ലോഗോ നൽകിയത്. എന്നാൽ ഇപ്പോൾ ആർമിയിൽനിന്നു റജിസ്റ്റര്‍ ചെയ്തു നൽകിയിരിക്കുന്നത് വില്ലീസ് ട്രക്കായിട്ടാണ് എന്നു നിലവിലെ ഉടമ റജി പറയുന്നു. ഇപ്പോൾ ട്രക്കിൽ 4 ലിറ്റർ, 4 സിലണ്ടർ ഹീനോ ഡീസൽ എന്‍ജിനാണ് നൽകിയിരിക്കുന്നത്. 4 സ്പീഡ് ഗിയർ ബോക്സുള്ള വാഹനം ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവാണ്. ആദ്യ കാഴ്ചയിൽത്തന്നെ ആർമി വാഹനമെന്നു തോന്നിക്കുന്ന രീതിയിലുള്ള ആക്സസറിസ് വാഹനത്തിലുണ്ട്, മുൻ ബംപറിൽ ഇലക്ട്രിക് വി‍ഞ്ചും ക്യാബിനു മുകളിലായി ബൈനോക്കുലറുമെല്ലാം ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. 

അഭിനയിക്കാൻ പോയി കിട്ടിയ ലുക്ക്

zill-truck-6

.തൃശൂർ സ്വദേശി റജി ടോമിന്റെ കയ്യിലാണ് ഇപ്പോൾ ഈ ട്രക്കുള്ളത്. ഒരു സുഹൃത്തു വഴി െചന്നൈയിൽനിന്നാണ് റജി ഈ സിൽ 130 സ്വന്തമാക്കിയത്. റീ റജിസ്റ്റർ ചെയ്തു തൃശൂരിൽ എത്തിയ ശേഷം കാര്യമായ ഓട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല പിന്നീട് വിവാഹത്തിനും മറ്റും ഉപയോഗിച്ചു തുടങ്ങി. അതിനു ശേഷം സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ആദ്യം നീല നിറമായിരുന്നു. പിന്നീട് തമിഴിൽ ഒരു ചിത്രത്തിനു വേണ്ടിയാണ് ഇപ്പോഴുള്ള കാക്കി കളറിലേക്കു മാറ്റുന്നത്. പിന്നീട് അത് സ്ഥിരമാക്കി. സിനിമയുടെ ലൊക്കേഷനുകൾ അധികവും ദൂരെ ആയതിനാൽ വാഹനം എപ്പോഴും കണ്ടീഷനിലാണു കൊണ്ടു നടക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് ഈ പട്ടാള വണ്ടി. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ തൃശൂർ റൗണ്ടിലും പരിസരത്തുമായി ഈ ട്രക്കിനെ കാണാം.

English Summary: Indian Military Zill Truck In Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com