േസനയുടെ അഭിമാനം; ഇന്ത്യൻ നിർമിത കവചിത വാഹനമായ കല്യാണി എം4

kalyani-m4-2
SHARE

സായുധ സേനയും വാഹനങ്ങളുമെല്ലാം അണിനിരന്ന സ്വാതന്ത്ര്യത്തിന്റെ 77–ാമത് വാർഷികാഘോഷമെന്ന മനോഹര നിമിഷത്തിൽ രാജ്യത്തിനു തന്നെ തിലകക്കുറിയായിമാറിയിരുന്നു കല്യാണി എം4 എന്ന കവചിത വാഹനം. ഇന്ത്യൻ സൈന്യത്തിനും  രാജ്യത്തിനുതന്നെയും അഭിമാനമായ കവചിത വ്യക്തിഗത നീക്കത്തിനുള്ള വാഹനമായ കല്യാണി എം4ന്റെ പ്രത്യേകതകളെന്തെന്നു നോക്കാം. 

യുദ്ധസമാനമായ സാഹചര്യങ്ങളിൽ സൈനികരെ വെടിയുണ്ടകളിൽനിന്നും ഷെല്ലുകളിൽനിന്നും മൈനുകളിൽനിന്നുപോലും സംരക്ഷിക്കുന്ന വാഹനങ്ങളെയാണ് ‘കവചിത വാഹനങ്ങൾ അഥവാ ആർമേഡ്  വെഹിക്കിൾസ്’ എന്നു വിശേഷിപ്പിക്കുന്നത്. ഇതിൽത്തന്നെ സായുധ വാഹനങ്ങളും പഴ്സനൽ കാര്യേജ് (സൈനികർക്കു സഞ്ചാരത്തിനുള്ള) വാഹനങ്ങളും ഉണ്ട്. കല്യാണി എം4 ഒരു കവചിത എസ്‌യുവിയാണ് എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അതിശക്തമായ മൈനുകളുടെയും ഗ്രനേഡുകളുടെയും സ്ഫോടനങ്ങളെ നിസ്സാരമായി മറികടക്കാൻ ഈ വാഹനത്തിനു ശേഷിയുണ്ട്. 

kalyani-m4

ഭാരത് ഫോർജ്

മഹാരാഷ്ട്രയിലെ പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൾട്ടി നാഷനൽ ഗ്രൂപ്പായ കല്യാണിയാണ് ഈ വാഹനത്തിന്റെ നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ചത്. വാഹന സംബന്ധമായും അല്ലാത്തതുമായ എൻജിനീയറിങ് ഭാഗങ്ങൾ, സ്റ്റീൽ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിർണായക പങ്കു വഹിക്കുന്ന കല്യാണി ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ ഭാരത് ഫോർജാണ് കല്യാണി എം4 എന്ന കവചിത വാഹനം രൂപപ്പെടുത്തിയത്. സൗത്ത് ആഫ്രിക്കയിലെ കവചിത വാഹന നിർമാതാക്കളായ പാരമൗണ്ട് ഗ്രൂപ്പിന്റെ എംബോംബി 4 എന്ന വാഹനത്തെ  അടിസ്ഥാനമാക്കി ലൈസൻസോടെയാണ് ഭാരത് ഫോർജ് ഈ വാഹനം നിർമിച്ചിട്ടുള്ളത്. അഗ്നിപരീക്ഷ വിജയിച്ച്നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ നിർമിച്ച വാഹനം പിന്നീട് വർഷങ്ങളോളം ലേ, ലഡാക്ക് എന്നിവിടങ്ങളിലെ അതിശൈത്യത്തിലും റാൻ ഓഫ് കച്ചിലെ കൊടും ചൂടിലും പരീക്ഷണ – നിരീക്ഷണങ്ങൾക്കു ശേഷമാണ് കഴിഞ്ഞ ഒക്ടോബറിൽ സേനയുടെ ഭാഗമായത്. യുദ്ധസാഹചര്യങ്ങളിൽ ഒരു ഇൻഫൻട്രി പ്ലാറ്റൂണിനെ (സായുധരായ സൈനികരെയും അവർക്കാവശ്യമുള്ള ആയുധസന്നാഹങ്ങളെയും) വഹിക്കാൻ ഈ വാഹനത്തിനു ശേഷിയുണ്ട്. 

ഏകദേശം 6 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 2.5 മീറ്റർ ഉയരവുമുള്ള വലിയ എംപിവി എന്നു വേണമെങ്കിൽ കാഴ്ചയിൽ ഈ വാഹനത്തെ വിശേഷിപ്പിക്കാം. 8 സൈനികരും അവരുടെ സന്നാഹങ്ങളും ഉൾപ്പെടെ 2.3 ടൺ വരെ ഭാരവാഹന ശേഷിയുണ്ട്. പൂർണ യുദ്ധ സന്നാഹത്തിൽ ഏകദേശം 16,000 കിലോഗ്രാമായിരിക്കും വാഹനത്തിന്റെ ഭാരം. 43 ഡിഗ്രി അപ്രോച്, 44 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളുമുള്ള വാഹനത്തിന് 900 മിമീ വരെ വാട്ടർ വേഡിങ് കപ്പാസിറ്റിയുണ്ട്. 

kalyani-m4-3

450 എച്ച്പി കരുത്ത്

ക്യുമിൻസിന്റെ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് വാഹനത്തിലുള്ളത്. 450 എച്ച്പി പരമാവധി കരുത്തും 1627 എൻഎം ടോർക്കുമുള്ള എൻജിനു കൂട്ടായി നൽകിയിട്ടുള്ളത് 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ്. 140 കിമീ വരെ വേഗം കൈവരിക്കാൻ വാഹനത്തിനു സാധിക്കും. ബിൽസ്റ്റീൻ ഹെവിഡ്യൂട്ടി സസ്പെൻഷൻ, 4 വീൽഡ്രൈവ് തുടങ്ങിയ അടിസ്ഥാന സന്നാഹങ്ങളെല്ലാം വാഹനത്തിലുണ്ട്. 

8 പേർക്ക് യാത്രവളരെ ലളിതമാണ് ഇന്റീരിയർ. മുന്നിൽ 2 സീറ്റുകളാണ്. അടിസ്ഥാനപരമായി ആവശ്യമായ ക്രമീകരണങ്ങൾ മാത്രമാണ് ഡാഷ് ബോർഡിലുള്ളത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളായതിനാൽ വിൻഡോകൾ തുറക്കാനാകില്ല. എയർകണ്ടീഷൻഡ് വാഹനമാണ്. മുന്നിലും പിന്നിലുമുള്ള സാഹചര്യങ്ങൾ ഉള്ളിലിരുന്നു കൃത്യമായി മനസ്സിലാക്കാൻ ക്യാമറകളും ഉള്ളിൽ വലിയ സ്ക്രീനുകളും ഉണ്ട്. സെന്റർ കൺസോളിലെ ഓട്ടമാറ്റിക് ഗിയർ സിലക്ടറിൽ റിവേഴ്സ്, ന്യൂട്രൽ, ഡ്രൈവ്, ലോ ഗിയർ എന്നിവ മാത്രമാണുള്ളത്. ട്രക്ക് ടൈപ് ന്യൂമാറ്റിക് ഹാൻഡ്ബ്രേക്കാണ് ഇതിലുള്ളത്. ഇന്ത്യയിൽ പ്രത്യേകമായി നിർമിച്ച മിഷെലിൻ ടയറുകളാണ് വാഹനത്തിലുള്ളത്. എല്ലാ കാലാവസ്ഥയിലും ഒട്ടുമിക്ക ഭൂപ്രദേശങ്ങളിലും അതിവേഗം സഞ്ചരിക്കാൻ വാഹനത്തിനാകും. ക്വിക് റിയാക്‌ഷൻ ഫൈറ്റിങ് വാഹന നിരയിലാണ് കല്യാണിയുടെ സ്ഥാനം. ആംബുലൻസ്, കമാൻഡ് പോസ്റ്റ് വാഹനം എന്നീ നിലകളിൽ മുൻപ് ഈ വാഹനം പരീക്ഷിച്ചിട്ടുണ്ട്.

English Summary: Indian Army's new armoured vehicle: Made-in-India Bharat Forge Kalyani M4

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS