ഇലക്ട്രിക് കാർ പണം ലാഭിക്കുമോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ!

Mail This Article
വൈദ്യുത വാഹനങ്ങള്‍ വാങ്ങാനും പരിപാലിക്കാനുമുള്ള ചിലവും പരമ്പരാഗത ഐസിഇ വാഹനങ്ങളുടെ ചിലവുകളും തമ്മില്‍ വ്യത്യാസമുണ്ട്. ചില വിഷയങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് ചിലവു കുറവാണെങ്കില്‍ മറ്റു ചിലവയില്‍ ചിലവ് കൂടുതലാണ്. വൈദ്യുതി വാഹനങ്ങള്‍ വാങ്ങും മുമ്പ് ഈ കാര്യങ്ങള്‍ കൂടി ഒന്നു മനസിലാക്കിയിരിക്കണം.
കുറഞ്ഞ പരിപാലനം
ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് കുറവ് ഭാഗങ്ങളേ വൈദ്യുത വാഹനങ്ങളിലുള്ളൂ. അതുകൊണ്ടുതന്നെ പരിപാലന ചിലവിലും കുറവുണ്ടാവും. സാധാരണ വൈദ്യുതി വാഹനങ്ങള്‍ക്കു വേണ്ടി പ്രതിവര്‍ഷം ആയിരം രൂപ മുതല്‍ രണ്ടായിരം രൂപ വരെയാണ് പരിപാലന ചിലവ് വരിക. ഇത് പെട്രോള്‍ വാഹനങ്ങളിലാവുമ്പോള് ശരാശരി അയ്യായിരം രൂപയായി ഉയരും.
ഇന്‍ഷുറന്‍സ് കൂടും
ഇവിയുടെ കാര്യത്തില്‍ ഇന്‍ഷുറന്‍സിലേക്കു വന്നാല്‍ ചിലവു കൂടും. വൈദ്യുത വാഹനങ്ങളുടെ പ്രധാന ഭാഗം ബാറ്ററിയാണ്. അതുപോലെ വാഹനത്തിലെ ഏറ്റവും വിലയേറിയ ഭാഗവു ബാറ്ററിയാണ്.
ബാറ്ററി
ബാറ്ററിയാണ് പ്രധാനഭാഗം എന്നതുപോലെ തന്നെ പ്രധാനമായ വിവരമാണ് വൈദ്യുത വാഹനങ്ങളുടെ ബാറ്ററി സാധാരണ നിലയില്‍ അറ്റകുറ്റപണി നടത്താനാവില്ലെന്നത്. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത ബാറ്ററി മാറ്റി പുതിയതു വെക്കുക മാത്രമാണ് പോംവഴി. ശരാശരി വൈദ്യുത വാഹനങ്ങളുടെ ബാറ്ററിക്ക് കുറഞ്ഞത് നാലു ലക്ഷം രൂപ ചിലവു വരും. ഇലക്ട്രിക് സ്കൂട്ടറുകളിലാണെങ്കില് ബാറ്ററിക്ക് അര ലക്ഷം രൂപയോളം വിലയുണ്ട്.
വില്‍ക്കേണ്ടി വന്നാല്‍
വൈദ്യുതി വാഹനങ്ങളുടെ റീസെയില്‍ വില ഇനിയും തെളിയാനിരിക്കുന്നതേയുള്ളൂ. ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങള്‍ക്ക് കുറവു വില മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇതില്‍ പ്രധാന കാരണം ഇവികളിലെ ബാറ്ററിയാണ്. ഉപയോഗിക്കും തോറും ബാറ്ററിയുടെ ആയുസും കാര്യക്ഷമതയും കുറയുമെന്നത് വൈദ്യുത വാഹനങ്ങളുടെ റീസെയില്‍ വില കുറക്കുന്നു.
നികുതി ഇളവ്
വൈദ്യുത വാഹനങ്ങളുടെ വായ്പയില്‍ ഒന്നര ലക്ഷം രൂപയുടെ ഇളവ് വരെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. 80ഇഇബി വകുപ്പിനു കീഴിലാണ് ഈ ഇളവ് നല്‍കുന്നത്.
റേഞ്ചും ചാര്‍ജിങ് സമയവും
വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് ചെയ്യുകയെന്നത് സമയമെടുക്കുന്ന പ്രവൃത്തിയാണ്. പൊതു സ്ഥലങ്ങളില്‍ ചാര്‍ജ് ചെയ്യുന്നത് പലപ്പോഴും തലവേദനയാവും. വീട്ടില്‍ ചാര്‍ജിങ് സൗകര്യം ഉണ്ടാക്കിയാല്‍ അതിന് അധിക ചിലവും വൈദ്യുത ബില്ലില്‍ വര്‍ധനവും ഉണ്ടാക്കും. അമേരിക്കയില്‍ വനിതാ വാഹന ഉടമകള്‍ വൈദ്യുത വാഹനങ്ങള്‍ വാങ്ങാത്തതിന്റെ പ്രധാനകാരണമായി കണ്ടെത്തിയത് ചാര്‍ജിങിനെ ചൊല്ലിയുള്ള ആശങ്കകളും വഴിയില്‍ കിടന്നുപോവുമോ എന്ന ആശങ്കയുമാണ്.
3.2kW ഉള്ള ബാറ്ററി സാധാരണ രീതിയില്‍ ചാര്‍ജു ചെയ്യാന്‍ പത്തു മണിക്കൂര്‍ വേണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു മണിക്കൂറുകൊണ്ട് 21 കിലോമീറ്റര്‍ ഓടേണ്ട ചാര്‍ജ് മാത്രമാണ് ബാറ്ററിയിലെത്തുക. ഇനി 7.2kW ബാറ്ററിയാണെങ്കില്‍ ഓരോ മണിക്കൂറിലേയും ചാര്‍ജു കൊണ്ട് 54 കിലോമീറ്റര്‍ വീതം റേഞ്ച് ലഭിക്കും. ഇനി 30 kW ബാറ്ററിയാണെങ്കില്‍ ഒരു മണിക്കൂറുകൊണ്ട് 216 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിക്ക് ലഭിക്കും. ചാര്‍ജറുകളുടേയും വാഹന മോഡലുകളുടേയും വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും.
English Summary: Buying an electric vehicle? Here are the Costs to Consider