ADVERTISEMENT

‘ഖല്‍ബിലെ തോനൊഴുകണ കോയിക്കോട്...’ എന്ന ഒറ്റപ്പാട്ടു കൊണ്ട് മലയാളത്തിലെ വേറിട്ട ശബ്ദസാന്നിധ്യമായ പാട്ടുകാരിയാണ് അഭയ ഹിരണ്‍മയി. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ ‘പുന്നാര കാട്ടിലെ’ എന്നു തുടങ്ങുന്ന മനോഹരമായൊരു ഗാനത്തിലൂടെ വീണ്ടും ശ്രദ്ധേയയാവുകയാണ് ഈ ഗായിക. ഹിരണ്‍മയം എന്ന മ്യൂസിക് ബാന്‍ഡും ഹിരണ്‍മയ എന്ന വസ്ത്ര ബ്രാന്‍ഡുമായി തിരക്കുകള്‍ക്കൊപ്പം നീങ്ങുമ്പോള്‍ അഭയയ്ക്കു കൂട്ടായി പുതിയൊരാള്‍കൂടി. ഫോക്സ്‌വാഗനിന്റെ മിഡ് സൈസ് എസ്‌യുവി മോഡൽ ടൈഗൂണാണ് അഭയയുടെ യാത്രകള്‍ക്ക് ഇനി കൂട്ട്. പുതിയ വാഹനത്തെക്കുറിച്ചും യാത്രകളെകുറിച്ചും കുറിച്ചും അഭയ മനസ്സു തുറക്കുന്നു.

abhaya-hiranmayi-2

ഡ്രൈവിങ് ഇന്‍ഡിപെന്‍ഡന്‍സി

ടു വീലറിലാണ് ഡ്രൈവിങ് തുടങ്ങിയത്. വലുതാവുമ്പോള്‍ കാറോടിക്കണമെന്ന് പണ്ടേ വലിയ ആഗ്രഹമുണ്ടായിരുന്നു. പിന്നെ, ഡ്രൈവിങ് അറിയുക എന്നത് ഒരുതരം ലിബറേഷൻ ആണല്ലോ. അവനവന് ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യാന്‍ മറ്റൊരാളെ ആശ്രയിക്കേണ്ടി വരില്ല വാഹനം ഓടിക്കാന്‍ അറിഞ്ഞാല്‍. അതിലുപരി ഒരു അത്യാവശ്യം വന്നാല്‍ മറ്റൊരാള്‍ക്ക് സഹായമാകാനും കൂടി, വാഹനമോടിക്കാന്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 

ചെന്നൈയില്‍നിന്നാണ് ലൈസന്‍സ് എടുത്തത്. വെറുതെ ലൈസന്‍സ് എടുത്തുവച്ച ഒരുപാട് കൂട്ടുകാര്‍ എനിക്കുണ്ട്. ലൈസന്‍സ് എടുക്കുന്നതിനൊപ്പം നന്നായി വാഹനമോടിക്കാന്‍ അറിയുക എന്നതും ഒരു ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഒന്നരവര്‍ഷത്തോളം എടുത്താണ് വണ്ടിയോടിക്കുന്നതില്‍ പൂര്‍ണമായ കോണ്‍ഫിഡന്‍സ് വന്നത്. ടൗണിലൂടെ ഓടിച്ച് റെഡിയായതിനു ശേഷമാണ് ലോങ് ഡ്രൈവ് തുടങ്ങിയത്. ഇപ്പോള്‍ ഏതു വണ്ടിയും ധൈര്യമായി ഓടിക്കും. ഓട്ടമാറ്റിക്ക് വണ്ടിയാണ് ഓടിച്ചുതുടങ്ങിയതെങ്കിലും മാനുവല്‍ വണ്ടികളും ഇപ്പോള്‍ സുഖമായി കൈകാര്യം ചെയ്യാനറിയാം.

അഭയ ഹിരണ്‍മയി Image Credit: Instagram/Abhaya Hiranmayi
അഭയ ഹിരണ്‍മയി Image Credit: Instagram/Abhaya Hiranmayi

ജിടി പോളോ

ആദ്യ വാഹനം ജിടി പോളോയാണ്. ഒരുപാടിഷ്ടമുളള വാഹനമായിരുന്നു അത്. പോളോ എടുത്ത് രണ്ടുമാസമായപ്പോൾ ചെറിയൊരു അപകടവും സംഭവിച്ചു. ഒരു ദിവസം രാത്രി വണ്ടിയോടിച്ചു പോവുകയായിരുന്നു, ഇടയ്ക്ക് ക്ഷീണം കാരണം ഒന്നു മയങ്ങിപ്പോയി. കണ്ണൊന്നു പാളിപ്പോയ സമയം കൊണ്ട് ഒരു വലിയ ലോറി പോളോയുടെ സൈഡില്‍ ഉരച്ച് കടന്നുപോയി. അതിനുശേഷം ഇന്നുവരെ വാഹനമോടിക്കുമ്പോള്‍ ഉറങ്ങിയിട്ടില്ല. വളരെ അലര്‍ട്ടായിട്ടാണ് ഓടിക്കാറ്. ഉറക്കം വന്നാല്‍ എവിടെയെങ്കിലും ഒതുക്കിനിര്‍ത്തി, ഉറങ്ങി ക്ഷീണം മാറ്റിയിട്ടേ യാത്ര തുടരൂ. 

abhaya-interview

ജിടി പോളോ അതിമനോഹരമായൊരു വാഹനമാണ്. അത് നല്‍കുന്ന സുഖവും സൗകര്യവും മികച്ചതാണ്. ആ ജിടി പോളോയുടെ ഓര്‍മയിലാണ് പുതിയ ഫോക്‌സ്‌വാഗൻ ടൈഗൂണ്‍ എടത്തത്. ജിടി പോളോ മൂന്നു വര്‍ഷം കയ്യിലുണ്ടായിരുന്നു. ഹെക്ടര്‍ ലോഞ്ച് ചെയ്ത സമയത്താണ് ജിടി പോളോ കൊടുത്ത് ഹെക്ടര്‍ എടുക്കുന്നത്. അത് ഒരു വര്‍ഷം ഓടിച്ചു. വളരെ ഷോ ഓഫ് ആയ വണ്ടിയാണ് ഹെക്ടര്‍. വലിയ സൈസുമാണ്. പിന്നീട് സെക്കന്‍ഡ് ഹാന്‍ഡ് ബ്രെസ എടുത്തു. ഡീസല്‍ മാനുവല്‍ മോഡലായിരുന്നു അത്. വണ്ടിയോടിച്ച് തുടങ്ങിയ കാലം മുതല്‍ ഓട്ടമാറ്റിക് വണ്ടികളാണ് ഉപയോഗിച്ചിരുന്നത്. ആദ്യമായാണ് മാനുവല്‍ വണ്ടി ഉപയോഗിച്ചത്. അതും അറിഞ്ഞിരിക്കണമെന്ന ആഗ്രഹമാണ് കാരണം. ബ്രസ ഫാമിലിക്കു കൊടുത്തിട്ടാണ് ഇപ്പോഴത്തെ ടൈഗൂണ്‍ സ്വന്തമാക്കിയത്.

abhaya-hirannmayi

ടൈഗൂണിനൊപ്പം

നേരത്തേ ബിഎംഡബ്ല്യു എക്സ് 7 ഓടിച്ചിരുന്നു. ആ ഒരു അനുഭവമാണ് ടൈഗൂണ്‍ നല്‍കുന്നത്. ഒരു ലീറ്റര്‍ എന്‍ജിനും ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്സും ഉപയോഗിക്കുന്ന ഹൈലൈന്‍ മോഡലാണ് ഇത്. 18 ലക്ഷം രൂപയാണ് വില. ലക്‌ഷ്വറി കാറുകളുടെ സുഖസൗകര്യങ്ങൾ നല്‍കുന്ന ഒരു ചെറിയ കാറാണിത്. എക്സ്7ന്റെ വലുപ്പമില്ലെങ്കിലും ബാക്കിയെല്ലാം ആ ഫീല്‍ തന്നെയാണ്. പുതിയ വാഹനത്തിൽ ആദ്യമായി യാത്ര പോയത് പോണ്ടിച്ചേരിയിലേക്കാണ്. 

എന്റെ കാര്‍, അവരുടേതും...

ലോങ് ഡ്രൈവ് പോകുമ്പോള്‍ മിക്കപ്പോഴും കൂട്ടുകാരുണ്ടാവും. രണ്ടുപേര്‍ മാറി മാറിയാണ് വാഹനം ഓടിക്കാറ്. എന്നാല്‍ വീട്ടില്‍നിന്ന് എപ്പോൾ കാർ എടുത്താലും കൂട്ടായി പെറ്റ്സായ ഹിയാഗോയും പുരുഷുവും കയറും. ഒരു ശല്യവുമുണ്ടാക്കില്ല. അവരോട് സംസാരിച്ച് വാഹനമോടിക്കാന്‍ തന്നെ പ്രത്യേക രസമാണ്. ഇനി അവരെ കൊണ്ടുപോകുന്നില്ലെങ്കില്‍, വിഷമിപ്പിക്കാതിരിക്കാന്‍ കാറിൽ ഒരു കറക്കം കറക്കി തിരിച്ചുകൊണ്ടുവിട്ടിട്ട് മാത്രമേ ഞാന്‍ പോകാറുളളു. അത്രയ്ക്കിഷ്ടമാണ് അവര്‍ക്ക് വാഹനത്തിൽ കയറാൻ. 

abhaya-emotional

മമ്മൂക്കയെപ്പോലെ

വാഹനം ഓടിക്കാന്‍ ഒരുപാടിഷ്ടമാണ്. ലോങ് ഡ്രൈവ് പോകുമ്പോള്‍ അടുത്ത സെക്കന്‍ഡില്‍ ആക്സിഡന്റ് സംഭവിക്കാമെന്ന ചിന്തയിലാണ് ഓടിക്കുക. അത്രയും അലേര്‍ട്ടായിരിക്കാനാണ് അത്. ഒരു പസില്‍ ചെയ്യുന്നപോലെ വളരെ മെന്റലി അലേര്‍ട്ടാവേണ്ട ഒന്നാണ് ഡ്രൈവിങ്. ഇത് ശരിക്കും ഒരു മെന്റല്‍ എക്സ്‌സൈസ് കൂടിയാണ്. ആരോ ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു മമ്മൂക്ക ചെറുപ്പമായിരിക്കാനുളള കാരണം ഡ്രൈവിങ്ങാണെന്ന്. ചിലപ്പോള്‍ സത്യമാകാം. കാരണം അത്രയ്ക്ക് മെന്റല്‍ ബൂസ്റ്റിങ് കിട്ടും വണ്ടിയോടിക്കുമ്പോള്‍. മനസ്സും ബുദ്ധിയും സജീവമായിരിക്കാൻ ഡ്രൈവിങ് തീര്‍ച്ചായായും സഹായിക്കും. 

പ്രതീക്ഷകള്‍

ഒരുപാട് നല്ല പാട്ടുകള്‍ പാടുക, നന്നായി പ്രാക്ടീസ് ചെയ്യുക, നല്ലൊരു വ്യക്തിയായിരിക്കുക, കൂടുതല്‍ സത്യസന്ധമായിരിക്കുക ഇതൊക്കെ തന്നെയാണ് ജീവിതത്തില്‍ എല്ലാ കാലത്തെയും പ്രതീക്ഷകള്‍. പിന്നെ ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുക്കണം, ലോറി ഓടിക്കണം, ഇന്റര്‍നാഷനല്‍ ലൈസന്‍സ് എടുക്കണം എന്നൊക്കെ ആഗ്രഹങ്ങളുണ്ട്. അതുപോലെ ഡിഫന്‍ഡര്‍, ജി 63 പോലുളള വാഹനങ്ങൾ സ്വന്തമാക്കണമെന്നും ആഗ്രഹമുണ്ട്. 

abhaya-followers

ഇത് എന്റെ ജീവിതം....

വ്യക്തിജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് മിക്കപ്പോഴും എന്നെ മറ്റുളളവര്‍ അറിയുന്നത്. എന്തുകൊണ്ടാണ് ഞാന്‍ ഇത്ര ന്യൂസ് വാല്യു ഉളള വ്യക്തിയാകുന്നതെന്ന് എനിക്കറിയില്ല. എനിക്കല്‍പം കഥകള്‍ പറയാന്‍ കൂടുതലുളളതുകൊണ്ടാണോ അതോ വ്യത്യസ്തമായ റിലേഷന്‍ഷിപ്പ് ഉളളതുകൊണ്ടാണോ? അറിയില്ല. ഞാനെന്നും സത്യസന്ധമായിട്ടേ നിന്നിട്ടുളളൂ. മറ്റൊരാളെ കുറ്റപ്പെടുത്താനും അപമാനിക്കാനുമൊന്നും ശ്രമിക്കാറില്ല. പിന്നെ പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരുന്നാല്‍ പലരും ഊഹിച്ച് കഥകള്‍ മെനയും. ഞാന്‍ അത്രമാത്രം ഭീകരപ്രവര്‍ത്തനങ്ങളൊന്നും ജീവിതത്തില്‍ നടത്തിയിട്ടില്ല. എന്റെ കഥ ചിലപ്പോള്‍ നിങ്ങള്‍ക്ക് മസാലയായി തോന്നും. അത് പക്ഷേ എന്റെ ജീവിതമാണ്. അത്തരത്തില്‍ വ്യത്യസ്തമായ ജീവിതം നയിക്കുന്നവരെ ഉള്‍ക്കൊളളാനുളള വളര്‍ച്ച നമ്മുടെ സമൂഹത്തിന് ഇനിയും ആയിട്ടില്ല. 

പണ്ട് ഞാന്‍ പാട്ടുപാടുമ്പോള്‍ എന്റെ ശബ്ദം കേട്ട് ഇതെന്താ പൂച്ച കരയുകയാണോ എന്ന് ചിലര്‍ കളിയാക്കും. ഇന്ന് മലൈക്കോട്ടൈ വാലിബനിലെ പാട്ടുകേട്ട് എന്റെ ശബ്ദം മനോഹരമെന്ന് പറഞ്ഞ് ഒരുപാട് മെസേജസ് വരുന്നുണ്ട്. അതാണ് മാറ്റം. ആ മാറ്റം ഒരിക്കല്‍ എല്ലാത്തിലും വരും.

English Summary:

Auto New, Abhayaa Hiranmayi About Her Vehicles Dream Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com