ADVERTISEMENT

ആദ്യത്തെ ചായ നാടൻ ചായക്കടയുടെ പ്രഭാത പ്രാർഥനയായിരുന്നു. ഒറവയ്ക്കൽ എന്ന കൊച്ചുകവലയിൽ പേരില്ലാത്ത ഒരു ചായക്കട. അതിരാവിലെ സമോവർ കത്തിച്ച് പാലു തിളപ്പിച്ച് ചായ എടുത്താൽ അത് ദാസേട്ടന്റെ ഫോട്ടോയ്ക്കു മുന്നിൽ വയ്ക്കും. അതാണ് ഐശ്വര്യമെന്ന് കടയുടമ ചെല്ലപ്പൻ നായർ വിശ്വസിച്ചു. പണമിടുന്ന മേശയ്ക്കു മുകളിൽ രണ്ടു ഫോട്ടോകൾ– ശബരിമല അയ്യപ്പനും യേശുദാസും. അരികിൽ ഒരു നിലവിളക്കും ടേപ്പ് റെക്കോർഡറും. 

ഒരിക്കൽ ‌അതിരാവിലെ ചായക്കടയിൽ കയറി വന്ന ഒരാൾ അബദ്ധത്തിന് മേശപ്പുറത്തിരുന്ന ചായ എടുത്തു കുടിച്ചു. യേശുദാസിനു വച്ച ചായയായിരുന്നു അതെന്നു കേട്ടതോടെ യേശുദാസോ, എവിടെ, ഒന്നു കണ്ടോട്ടെ എന്നു പറഞ്ഞ് അയാൾ കടയുടെ ഉള്ളിലേക്ക് ഓടി. ചെന്നുപെട്ടത് ചെല്ലപ്പന്റെ മുന്നിൽ.  സമോവറിൽ കിടന്ന വെള്ളവും അടുക്കളയിൽ നിന്ന ചെല്ലപ്പനും അന്ന് ഒരു പോലെ തിളച്ചു തുള്ളി.  തല്ലാൻ കൈയോങ്ങിയ ചെല്ലപ്പനോട് അയാൾ പറഞ്ഞു... യേശുദാസ് ചായ കുടിക്കാറില്ല. കാപ്പിയാണ്. ചെല്ലപ്പൻ സംശയത്തോടെ നോക്കുന്നതു കണ്ടപ്പോൾ അയാൾ വിശദീകരിച്ചു...  ഞാൻ സിനിമാ മാസികയിൽ വായിച്ചതാ, സത്യമാ..!

വർഷങ്ങളായി തിളച്ച ചായയൊക്കെ വെറുതെയായിപ്പോയല്ലോ എന്നതായിരുന്നില്ല, ദാസേട്ടന് ഇഷ്ടമില്ലാത്ത ഭക്ഷണ സാധനം മുന്നിൽക്കൊണ്ടു വച്ചല്ലോ എന്നതായിരുന്നു ചെല്ലപ്പൻ നായരുടെ സങ്കടം.  അതോടെ കടയുടെ സുപ്രഭാതം കാപ്പിയായി. മേശപ്പുറത്തിരുന്ന രണ്ടു ഫോട്ടോകളും ചെല്ലപ്പൻ ഭിത്തിയിൽ കൈയെത്താ ഉയരത്ത് ഉറപ്പിച്ച ചെറിയ ചില്ലു കൂട്ടിലേക്കു മാറ്റി. അങ്ങനെ കൂട്ടിനുള്ളിലായി പാട്ടിനുള്ള കാപ്പി !

വർഷങ്ങളോളം യേശുദാസിന്റെ ഡ്രൈവറായിരുന്ന ഗണേശ് എന്ന ചെന്നൈ മലയാളി ഈയിടെ പറഞ്ഞു... ദാസേട്ടന് ഇഷ്ടം ചായയാണ്.  നാടൻ ചായക്കടകളിൽ നിന്നാണെങ്കിൽ കൂടുതൽ ഇഷ്ടം. കൂടെ പഴംപൊരി പോലുള്ള പലഹാരങ്ങൾ കൂടിയായാൽ പ്രമാദം. പിന്നെയിഷ്ടം കടലാസു പൊതിയിലെ ചൂടു നിലക്കടല.  

ഒറവയ്ക്കലേക്ക് ഓടിച്ചെന്ന് ചെല്ലപ്പനെക്കണ്ട് പറയാൻ തോന്നി. എന്തു ചെയ്യാൻ ! യേശുദാസിനോടുള്ള ആരാധനയിൽ‍ താടി വളർത്തി, പകലന്തിയോളം പാട്ടും മൂളി നടന്ന ചെല്ലപ്പൻ ഇപ്പോൾ ജീവിച്ചിരുപ്പില്ല. പഴയ ചായക്കടയുടെ സ്ഥാനത്ത് തമിഴ് ലോട്ടറിക്കട !  അവിടെ നിന്നു കേൾക്കുന്നത് വാടാ മാപ്പിളൈ വാഴപ്പഴത്തോപ്പിലെ.. !  ഭാഗ്യമോ, അതോ ഭാഗ്യക്കേടോ !

പതിനൊന്നു വർഷത്തോളം യേശുദാസിന്റെ സാരഥിയായിരുന്നു തലശ്ശേരിയിൽ ജനിച്ച് ചെന്നൈ സ്വദേശിയായ ഗണേശ്. ഡ്രൈവറല്ല, ഇൻചാർജ് എന്നു ഗണേശ് പറയും. യേശുദാസിന്റെ സ്വരവും പദവും നന്നായി തിരിച്ചറിയാവുന്നയാൾ. യാത്രയ്ക്കിടെ ദാസേട്ടന് ചായ കുടിക്കണമെന്നു തോന്നിയാൽ നാടൻ കടകളുടെ അരികിൽ വണ്ടി നിർത്തും. യേശുദാസ് കാറിൽ നിന്ന് ഇറങ്ങാറില്ല. ഗണേശ് പോയി ചായ പറയും. 

ചൂടുചായ നീട്ടുന്ന ചായക്കടക്കാരനോട് ഗണേശ് ഒരു രഹസ്യം കൂടി പറയും : ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. ആരോടും പറയുകയുമരുത്. നിങ്ങൾ ഈ ചായയുമായി എന്റെ കൂടെ വരാമോ? ഈ ചായ ആർക്കാണ് കൊടുക്കുന്നതെന്ന് അറിയണ്ടേ, ദാസേട്ടനാണ്. അതായത് യേശുദാസ് !

നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തിലും കൈയിലെ ചായ ഒരു തുള്ളി പോലും തുളുമ്പാതെ ശ്രദ്ധിച്ച് ഓടി വരുന്ന ചായക്കടക്കാരൻ ചായ കൊടുക്കാൻ കൂടി മറന്നു നിൽക്കും. യേശുദാസിനെ കാണുമ്പോൾ ആ മുഖങ്ങളിൽ നിറയുന്ന വിസ്മയം എത്ര കണ്ടാലും മതിയാവില്ല ഗണേശിന് ! ഓരോ അരി മണിയിലും അത് കഴിക്കേണ്ട ആളുടെ പേര് എഴുതിയിട്ടുണ്ടെന്ന് യേശുദാസ് ഇടയ്ക്കിടെ പറയാറുണ്ട്. ഓരോ ചായയ്ക്കുവേണ്ടി വണ്ടി നിർത്തുമ്പോളും ആ വാചകം ഓർക്കാറുമുണ്ട് ഗണേശ്. പഠിച്ച വരികളും വന്ന വഴികളും മറക്കുന്നയാളല്ല യേശുദാസ്.  തിരുവനന്തപുരത്ത് സംഗീത കോളജിനു മുന്നിലൂടെ പോകുമ്പോൾ ഗണേശിനോടു പറയാറുണ്ട്, പണ്ട് ദാരിദ്ര്യത്തിന്റെ കാലത്ത് പച്ചവെള്ളം കുടിച്ച പബ്ളിക് ടാപ്പ് അവിടെയാണെന്ന്. സംഗീതത്തിന്റെ ധാര തുറന്നു വിട്ട ആ ടാപ്പ് ഇപ്പോഴുമുണ്ടോ എന്നു ഗായകൻ തെരയാറുമുണ്ട്. 

കൊച്ചിയോട് വല്ലാത്ത കൂട്ടാണ് യേശുദാസിന്.  ഫോർട്ട് കൊച്ചി, പഴയ വീട്, സ്കൂള് ഒക്കെ കാണാനും പോകാനുമിഷ്ടം. ഒരിക്കൽ കൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ കാറിൽ കൂടെയുണ്ടായിരുന്ന സംഗീത സംവിധായകൻ രവീന്ദ്രൻ കൊച്ചിക്ക് ഇപ്പോൾ കൊക്കെയ്നിന്റെ രുചിയാണെന്നു പറയുന്നതു കേട്ട് ദാസേട്ടന്റെ കണ്ണു നിറയുന്നത് റിയർവ്യൂ മിററിലൂടെ കണ്ടിട്ടുമുണ്ട് ഗണേശ്. തനിയെ ആണെങ്കിൽ വലിയ സോഷ്യലാണ് ദാസേട്ടൻ. എന്തും പറയാനും ചോദിക്കാനും സ്വാതന്ത്ര്യം തരും. പ്രഭ ചേച്ചി കൂടെയുണ്ടെങ്കിലും അതുപോലെ തന്നെ: ഗണേശ് പറയുന്നു. ഒരിക്കൽ കൊച്ചിയിലെ യാത്രയ്ക്കിടെ കലൂരിൽ വച്ച് മുന്നിലെ ബസ് പെട്ടെന്ന് ബ്രേക്കിട്ടു.  ബസിന്റെ പിന്നാലെ ഒരു സ്കൂട്ടർ. ഇടിയൊഴിവാക്കാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ പാളി. ഓടിച്ചിരുന്നയാൾ റോഡിൽ വീണു. അയാളുടെ പിന്നിലിരുന്ന സ്ത്രീ സ്കൂട്ടർ മറിയുന്നതിനു മുമ്പേ എടുത്തു ചാടി കൂളായി നിന്നു. കാറിലിരുന്ന് ഇതു കണ്ട യേശുദാസ് ഭാര്യ പ്രഭാ യേശുദാസിനോടു പറഞ്ഞു..  കണ്ടോ, കണ്ടോ, എത്ര സ്നേഹമുണ്ടായാലെന്താ, ഭർത്താവ് അപകടത്തിൽപ്പെട്ടപ്പോൾ കൂടെ നിൽക്കേണ്ട ഭാര്യ ആദ്യം ചാടി രക്ഷപ്പെട്ടു. ഇതുകൊണ്ടാണ് ഞാൻ സ്കൂട്ടർ ഓടിക്കാത്തത്. 

പ്രഭയുടെ മറുപടി ഗണേശിനോടായിരുന്നു... ഭർത്താവ് അപകടത്തിൽപ്പെട്ട് ആശുപത്രിയിൽക്കിടക്കുമ്പോൾ സംരക്ഷിക്കാൻ ആളുവേണ്ടേ? അതിനായി ഭാര്യ ആദ്യമേ ചാടിയിറങ്ങിയതാണ്. അപ്പോൾ ആരുടേതാണ് കൂടുതൽ കരുതൽ ഗണേശാ ? സ്റ്റിയറിങ്ങിൽ നിന്ന് കൈയെടുത്ത് ഒരു ഏത്തമിട്ടിട്ട് ഗണേശൻ പറ‍ഞ്ഞു... മാങ്കനി വിനായകാ, നീ താൻ തുണൈ ! ഗായിക കല്യാണി മേനോനാണ് ഗണേശിനെ യേശുദാസിനു പരിചയപ്പെടുത്തിയത്.. വെറും ഡ്രൈവറല്ല, എപ്പോഴും കൂടെയുള്ള ഇൻ ചാർജ് ആണെന്നു പറഞ്ഞാണ് ഗണേശിനെ ജോലിക്കെടുത്തത്. വലിയ പാട്ടുകാരന്റെ കൂടെ ജോലി ചെയ്യുന്നത് ആലോചിച്ച് പേടിച്ച് ആദ്യ ദിവസം ഗണേശിനു പനി വന്നു. അന്ന് കാറെടുക്കുമ്പോൾ യേശുദാസ് പറഞ്ഞു..  മാങ്കനി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തണം. തേങ്ങയുടയ്ക്കണം. എല്ലാ പേടിയും പോകും. 

ചെന്നൈയിലുണ്ടെങ്കിൽ ദാസേട്ടൻ പതിവായി പോകുന്ന ക്ഷേത്രമാണതെന്ന് ഗണേശ് പിന്നീടാണറിഞ്ഞത്. അങ്ങനെ മെല്ലെ മെല്ലെ ദാസേട്ടന്റെ ഇഷ്ടങ്ങൾക്കും രീതികൾക്കും വരി ചേർന്ന് ഗണേശിന്റെ ജീവിതവും ഓടാൻ തുടങ്ങി. മാങ്കനി വിനായകനോടു കൂട്ടുകൂടിയതുപോലെ തിരുപ്പതി വെങ്കിടാചലപതിയോടു പിണങ്ങിയിട്ടുമുണ്ട് ഗണേശ്. 1993ലാണത്. ചെന്നൈയിൽ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന സമയം. ഒരു തീർഥാടക സംഘത്തെയും കൊണ്ട് തിരുപ്പതിയിൽ ചെന്ന ഗണേശ് 18 മണിക്കൂറാണ് കാറുമായി ക്യൂവിൽക്കിടന്നത്. ഇനി ഇങ്ങോട്ടില്ലെന്ന് ക്ഷേത്രനടയിൽ നിന്ന് ആണയിട്ടാണ് തിരുപ്പതി മലയിറങ്ങിയത്. 

പത്തു വർഷത്തിനു ശേഷം യേശുദാസും കുടുംബവും തിരുപ്പതി യാത്ര പ്ളാൻ ചെയ്തപ്പോൾ ഗണേശ് മുൻകൂട്ടിത്തന്നെ പറഞ്ഞു... ഞാൻ വരില്ല ദാസേട്ടാ, എന്റെ പ്രതിജ്ഞയാണത്. അദ്ദേഹം ഒന്നും മിണ്ടിയില്ല. വേറെ ഡ്രൈവർമാരെ ഏർപ്പാടും ചെയ്തു. യാത്രയുടെ അന്ന് അതിരാവിലെ യേശുദാസിന്റെ വിളി വന്നു.. ഗണേശേ, നീയും കൂടെ വാ.

ഒരു ക്യൂവിലുംപെടാതെ ദാസേട്ടനൊപ്പം അന്ന് ക്ഷേത്രനടയിലെത്തി. ക്ഷേത്രഭാരവാഹികൾ വന്ന് സ്വീകരിച്ച് അകത്തേക്കു കൊണ്ടു പോയി. വെങ്കടാചലപതിയുടെ തിരുനടയിൽ നിന്ന് ദാസേട്ടൻ പാടി; പാൽക്കടലിൽ പള്ളി കൊണ്ടായേ... ആ കീർത്തനം പാടിത്തീരുന്നതുവരെ ഞാൻ നടയിൽ നിന്നു മാറാതെ ഭഗവാനെ തൊഴുതു.  ഞാൻ പൊട്ടിക്കരഞ്ഞു. നന്ദി പറയേണ്ടത് ആരോട് എന്നറിയില്ല, ഈശ്വരനോടോ, ഈശ്വരൻ സ്വന്തം ശബ്ദം കടംനൽകിയ മഹാപ്രതിഭയോടോ.. ! പാട്ടുകൾ പോലെ വിസ്മയമാണ് പാട്ടുകാരന്റെ കൂടെയുള്ള ജീവിതവും !

ഒരിക്കൽ രാത്രി കൊച്ചിയിൽ നിന്ന് ദാസേട്ടനുമായി പാലായ്ക്ക് പോകാനൊരുങ്ങുകയായിരുന്നു ഗണേശ്. ഒരു ഗാനമേള കഴിഞ്ഞതിന്റെ ക്ഷീണമുണ്ട് യേശുദാസിന്. ഗണേശിനാകട്ടെ നല്ല പനിയും. ഗണേശിന്റെ നെറ്റിയിൽ തൊട്ടു നോക്കി പനിച്ചൂട് അറിഞ്ഞതോടെ ദാസ് കാറിന്റെ കീ വാങ്ങി... ഇന്നു ഞാൻ ഓടിക്കാം, നീ കാറിൽ കിടന്ന് ഉറങ്ങിക്കോ. പാലായിലെത്തുമ്പോൾ അർധരാത്രിയുടെ ആദിതാളം.  മടങ്ങിയെത്തുമ്പോൾ കൊച്ചിയുടെ മുഖവാരത്തിൽ പുലരിയുടെ ഭൂപാളം !  ആ രാത്രി മുഴുവനും കാറോടിച്ചത് യേശുദാസായിരുന്നു. ചെന്നൈയിലെ താരങ്ങളും പാട്ടുകാരും സംഗീത സംവിധായകരും ഉൾപ്പെടെ ഇതുവരെ 2700 പേരുടെ ഡ്രൈവറായിട്ടുണ്ട് ഗണേശ്; പക്ഷേ ദാസേട്ടനു തുല്യം ദാസേട്ടൻ മാത്രം !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com