കാറുകൾ എത്ര തരം, പ്രവർത്തനങ്ങൾ എങ്ങനെ? അറിയാം കൂടുതലായി
Mail This Article
വിരലിലെണ്ണാവുന്ന യാത്രികര്‍ക്ക് സഞ്ചരിക്കാനാവുന്ന മോട്ടറു കൊണ്ടോ എന്ജിന് കൊണ്ടോ പ്രവര്‍ത്തിക്കുന്ന ചക്രങ്ങളിലോടുന്ന വാഹനങ്ങളാണ് കാറുകള്‍. ഓട്ടമൊബീല്‍സ് മോട്ടര്‍ വാഹനങ്ങള്‍ എന്നും കാറുകളെ വിളിക്കാറുണ്ട്. ട്രക്കുകളും ബസുകളുമെല്ലാം മോട്ടര്‍ വാഹനങ്ങളാണ്. കൂടുതല്‍ യാത്രകരേയും ഭാരവും വഹിക്കുന്നവയാണ് ബസുകളും ട്രക്കുകളും.
കാറില്ലാത്ത ജീവിതം ഇന്ന് സങ്കല്പിക്കാന് പോലും സാധിക്കാത്തവിധം കാറുകള്‍ നമ്മുടെ ജീവിതവുമായി ചേര്‍ന്നു കഴിഞ്ഞു. കാറുകളും മറ്റു മോട്ടര്‍ വാഹനങ്ങളും നമ്മുടെ യാത്രകളെ കൂടുതല്‍ അനായാസമാക്കി മാറ്റി. ഒരുപാട് ഉപകാരങ്ങളുണ്ടെങ്കില് കാറുകള്‍ ഒരു പ്രശ്നവുമില്ലാത്തവയല്ല. പതിനായിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും കാറുകളുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നതില്‍ കാറുകള്‍ക്കും പങ്കുണ്ട്. പെട്രോളിയം ഇന്ധനമായുള്ള കാറുകള്‍ അന്തരീക്ഷ മലിനീകരണത്തിനും കാരണമാവുന്നു.
പരമ്പരാഗത കാറുകള്‍
തുടക്കകാലത്ത് സ്ഥിരമായി മുകള്‍ ഭാഗം മൂടാത്തവയായിരുന്നു ഭൂരിഭാഗം കാറുകളും. ഇന്ന് കണ്‍വര്‍ട്ടബിള്‍ കാറുകളേക്കാള്‍ കൂടുതല്‍ മേല്‍ഭാഗം മൂടിയ നിലയിലുള്ളവയാണ്. കൂപെ, സെഡാന് എന്നിവയാണ് പ്രധാനപ്പെട്ട കാര്‍ സ്റ്റൈലുകള്‍. ചെറിയ പിന്‍സീറ്റുകളും രണ്ടു ഡോറുകളുമുള്ളവയാണ് കൂപെ. അഞ്ചു പേര്‍ക്ക് സഞ്ചരിക്കാവുന്ന നാലു ഡോറുകളുള്ള ചെറുകാറുകളാണ് സെഡാന്. പിന്‍ഭാഗത്തെ ഡോറുകള്‍ മുകളിലേക്ക് ഉയര്ത്താനാവുന്നവയാണ് ഹാച്ച് ബാക്കുകള്‍. തറനിരപ്പിനോട് പരമാവധി ചേര്‍ന്നിരിക്കുകയും സാധാരണ പിന്സീറ്റുകളില്ലാതിരിക്കുകയും ചെയ്യുന്നവയാണ് സ്പോര്‍ട്സ് കാറുകള്‍. അഞ്ചില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്ന കാറുകള്‍ സ്റ്റേഷന് വാഗണുകള്‍. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കു മിനി വാനുകളുടെ ജനപ്രീതി കുറയുകയും എസ്യുവി(സ്പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍സ്)കള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുകയും ചെയ്തു. റേസിങിനായി മാത്രം ഉപയോഗിക്കുന്ന പ്രത്യേകമായി നിര്‍മിക്കുന്ന കാറുകളുമുണ്ട്.
കണ്‍സെപ്റ്റ് കാറുകള്‍
പുതിയൊരു സ്റ്റൈലോ സാങ്കേതികവിദ്യയോ പരീക്ഷിക്കാന്‍ വാഹന നിര്‍മാണ കമ്പനികള്‍ ശ്രമിക്കുമ്പോഴാണ് അവര്‍ കണ്‍സെപ്റ്റ് കാറുകള്‍ നിര്‍മിക്കുക. ഓട്ടോ ഷോകളിലോ വലിയ കാര്‍ പ്രദര്‍ശനങ്ങളിലോ ഒക്കെയായിരിക്കും കണ്‍സെപ്റ്റ് കാറുകള്‍ പുറത്തിറക്കുക. കാര്‍ വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള പ്രതികരണം ലഭിക്കാന്‍ കണ്‍സെപ്റ്റ് കാറുകള്‍ കാര്‍ കമ്പനികളെ സഹായിക്കും. കണ്‍സെപ്റ്റ് കാറുകളില്‍ നിന്നും പ്രായോഗിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും ആ കാര്‍ മോഡലുകള്‍ വ്യാവസായിക ഉത്പാദനം ആരംഭിക്കുക.
1938ലായിരുന്നു ആദ്യത്തെ കണ്‍സെപ്റ്റ് കാര്‍ പുറത്തിറക്കിയത്. ഈ കാറിലാണ് ആദ്യമായി പവര്‍ വിന്‍ഡോ ഉള്‍പ്പെടുത്തിയിരുന്നത്. ഡ്രൈവറില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന കാര്‍ ആദ്യമായി കണ്‍സെപ്റ്റ് കാറായി വരുന്നത് 1930ലെ വേള്‍ഡ്സ് ഫെയറിലായിരുന്നു. 2020 ആവുമ്പോഴേക്കും സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ റോഡുകളിലെത്തി തുടങ്ങി. പറക്കും കാറുകളെന്ന ആശയം കാറുകളുടെ തുടക്ക കാലം മുതലുണ്ട് ഈ കണ്‍സെപ്റ്റ് കാറുകളും ഇന്ന് യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്.
ഭാഗങ്ങള്‍
എല്ലാ കാറുകളുടേയും അടിസ്ഥാന ഭാഗങ്ങള്‍ ഒന്നാണ്. യന്ത്രഭാഗങ്ങളില്‍ ഭൂരിഭാഗവും ലോഹം കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ചിലഭാഗങ്ങള്‍ പ്ലാസ്റ്റിക്കു കൊണ്ടും ഫൈബര്‍ ഗ്ലാസ് കൊണ്ടും നിര്‍മിച്ചിരിക്കുന്നു. ചേസിസുമായി ബോഡി ബന്ധിപ്പിച്ചിട്ടുണ്ട്. കാറിന്റെ ഫ്രെയിമാണ് പ്രധാന ഭാഗങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നത്. എന്ജിന്, സ്റ്റിയറിങ്, ബ്രേക്ക്, ചക്രങ്ങള്‍ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. വൈദ്യുത കാറാണെങ്കില്‍ എന്‍ജിനു പകരം മോട്ടോറും ബാറ്ററിയുമുണ്ടായിരിക്കും.
പ്രവര്‍ത്തനം
കാറുകളുടെ വേഗത കൂട്ടുന്നതും ബ്രേക്ക് ചെയ്യുന്നതുമെല്ലാം ഡ്രൈവറുടെ കാലുകലുടെ ഭാഗത്തുള്ള പെഡലുകള്‍ ഉപയോഗിച്ചാണ്. കാര്‍ നിയന്ത്രിക്കുന്നതിന് സ്റ്റിയറിങ് ഉപയോഗിക്കുന്നു. ഇന്നും ലോകത്ത് ഭൂരിഭാഗവും ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളാണുള്ളത്. വായുവും ഇന്ധനവും ചേര്‍ന്ന് നിയന്ത്രിതമായ തോതില്‍ ചെറു പൊട്ടിത്തെറികളുണ്ടാക്കിയാണ് ഇത്തരം എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുക. ഓരോ ചെറു പൊട്ടിത്തെറികളും പിസ്റ്റണുകള്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. പിസ്റ്റണുകളില്‍ നിന്നുള്ള ഊര്‍ജമാണ് ചക്രങ്ങളെ തിരിക്കുന്നത്. നാലു മുതല്‍ എട്ട് സിലിണ്ടറുകളുള്ളവയാണ് ഭൂരിഭാഗം കാര്‍ എന്‍ജിനുകളും.
എന്ജിനിലേക്കെത്തുന്ന വായുവിന്റേയും ഇന്ധനത്തിന്റേയും മിശ്രിതം വൈദ്യുതിയുടെ സഹായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്പാര്‍ക്ക് പ്ലഗുകളാണ് ഇതിന് സഹായിക്കുന്നത്. ബാറ്ററിയില്‍ നിന്നാണ് സ്പാര്ക് പ്ലഗുകള്‍ക്ക് വൈദ്യുതി ലഭിക്കുന്നത്. കാറുകളിലെ ലൈറ്റ്, ഹോണ്‍, ഇന്‍ഡിക്കേറ്ററുകള്‍, വൈപ്പറുകള്‍, സ്റ്റാര്‍ട്ടര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രവര്‍ത്തനത്തിനിടെ ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകള്‍ക്ക് വലിയ തോതില്‍ ചൂടു കൂടാറുണ്ട്. ഇതു മൂലമുള്ള അപകടം തടയുന്നതിനായി കൂളിങ് സിസ്റ്റവും കാറുകളിലുണ്ടാവും. വെള്ളവും ആന്റി ഫ്രീസും ചേര്‍ന്നുള്ള കൂളന്റ് ലിക്വിഡ് കൂളിങ് സിസ്റ്റത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കും. ഇതു വഴി ചൂടു കുറക്കാനാവും. ദ്രവ കൂളെന്റുകള് അല്ലാതെ വായു ഉപയോഗിച്ചുള്ള കൂളെന്റുകള് ഉപയോഗിക്കുന്ന കാറുകളുമുണ്ട്.
പവര്‍ട്രെയിന്‍
എന്ജിന് ഉത്പാദിപ്പിക്കുന്ന കരുത്ത് ചക്രങ്ങളിലേക്കെത്തിക്കുന്ന സംവിധാനമാണ് പവര്‍ ട്രെയിന്‍. തറ നിരപ്പില്‍ ഓടുമ്പോഴുള്ളതിനേക്കാള് കൂടുതല്‍ കരുത്തില്‍ കയറ്റം കയറുമ്പോള്‍ എന്ജിന് പ്രവര്‍ത്തിക്കേണ്ടി വരും. ഗിയറുകള്‍ ഉപയോഗിച്ചാണ് വേഗതയും കരുത്തും കാറുകള്‍ മാറ്റുന്നത്. ഓട്ടമാറ്റിക് കാറുകളില്‍ ഗിയര്‍ ഡ്രൈവറുടെ ഇടപെടലില്ലാതെ തന്നെ ഓട്ടമാറ്റിക്കായി മാറും.
ചരിത്രം
ഇനി കാറുകളുടെ അല്പം ചരിത്രം നോക്കാം. ആദ്യത്തെ ഓട്ടമൊബീല്‍ മൂന്നു ചക്രമുള്ളവയായിരുന്നു. ആവിയന്ത്രം ഉപയോഗിച്ചായിരുന്നു പ്രവര്‍ത്തനം. 1769ല്‍ ഫ്രഞ്ചുകാരനായ നിക്കോളാസ് ജോസഫ് കുഗ്നോട്ടാണ് ആദ്യത്തെ ഓട്ടമൊബീല്‍ കണ്ടെത്തിയത്. വലിയ ഭാരമുണ്ടായിരുന്ന ഈ വാഹനം പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. 1900ത്തിന്റെ തുടക്ക കാലം വരെ ആവി എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ സജീവമായിരുന്നു. ആവി വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് തന്നെ വെള്ളം ഒഴിക്കേണ്ടി വന്നിരുന്നു. പെട്രോളിയം കാറുകള്‍ക്ക് മുമ്പു തന്നെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളും സജീവമായി. 80 കിലോമീറ്റര്‍ വരെ റേഞ്ചുള്ള അന്നത്തെ വൈദ്യുത കാറുകള്‍ക്ക് വേഗത കുറവായിരുന്നു.
ഫോഡിന്റെ വരവ്
1896ലാണ് ഹെന്റി ഫോഡ് ആദ്യത്തെ ഓട്ടമൊബീല്‍ നിര്‍മിക്കുന്നത്. 1913ല്‍ ഫോഡ് വ്യാവസായികാടിസ്ഥാനത്തില്‍ കാറുകള്‍ നിര്‍മിച്ചു തുടങ്ങി. താരതമ്യേന കുറഞ്ഞ വിലയില്‍ ഫോഡ് കാറുകള്‍ വിപണിയിലെത്തിച്ചു. ലക്ഷക്കണക്കിന് കാറുകള്‍ ഫോഡ് വിറ്റു.
പ്രധാന കണ്ടെത്തലുകള്‍
കാര്‍ വിപണിക്കൊപ്പം കാറിലെ കണ്ടെത്തലുകളും വര്‍ധിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കൂടുതല്‍ അനായാസമായി ഓടിക്കാവുന്നതും സുഖകരമായ യാത്രക്ക് സഹായിക്കുന്നതുമായ കാറുകള്‍ വ്യാപകമായി. പവര്‍സ്റ്റിയറിങ്, പവര്‍ ബ്രേക്ക്, പവര്‍ വിന്‍ഡോ, എസി എന്നിവയെല്ലാം സാധാരണയായി.
സുരക്ഷ
തുടക്കകാലത്ത് കാര്‍ ഓടിക്കുകയെന്നത് സാഹസിക പ്രവൃത്തിയായിരുന്നെങ്കില്‍ ഇന്ന് അപകട സാധ്യതകള്‍ കുറഞ്ഞിട്ടുണ്ട്. കാറുകളിലെ സുരക്ഷ വലിയ തോതില്‍ വര്‍ധിപ്പിച്ച കണ്ടെത്തലായിരുന്നു സീറ്റ് ബെല്റ്റുകളുടേത്. എയര്‍ ബാഗുകളും കാര്‍ യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കി. പുതിയ കാറുകളില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം അഥവാ അഡാസ് ഫീച്ചറുകള്‍ വ്യാപകമാണ്. അപകടങ്ങള്‍ കുറക്കാനും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും മികച്ച ഡ്രൈവിങ് അനുഭവത്തിനുമെല്ലാം ഇത് സഹായിക്കുന്നു.
മലിനീകരണം
പെട്രോളിലും ഡീസലിലും ഓടുന്ന കാറുകളാണ് കാറുകളുടെ പൊതുവിലുള്ള ജനപ്രീതി വര്‍ധിപ്പിച്ചത്. എന്നാല്‍ ഇവക്ക് പല പോരായ്മകളുമുണ്ട്. വായുമലിനീകരണത്തിന് കാരണമാവുമെന്നതായിരുന്നു ഇതില്‍ പ്രധാനം. ആഗോളതാപനവും ഉയര്‍ന്ന മലിനീകരണവും പല രാജ്യങ്ങളേയും മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പ്രേരിപ്പിച്ചു. എസ് യു വികളുടെ പ്രചാരം വര്‍ധിച്ചത് കൂടിയ ഇന്ധനചിലവിലേക്കും മലിനീകരണത്തിലേക്കും നയിച്ചു.
എഥനോള്‍ പോലുള്ള ജൈവ ഇന്ധനങ്ങള്‍ പെട്രോളില്‍ കലര്‍ത്തി ഉപയോഗിച്ചും സിഎന്‍ജി ഉപയോഗിച്ചും വൈദ്യുത കാറുകള്‍ നിര്‍മിച്ചും കാര്‍ നിര്‍മാണ കമ്പനികള്‍ ഈ പ്രശ്നം മറികടക്കാന്‍ ശ്രമിക്കുന്നു. പെട്രോളിയം ഇന്ധനങ്ങള്‍ക്കൊപ്പം വൈദ്യുതി കൂടി ഉപയോഗിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളും മലിനീകരണത്തിനെതിരായ പോരാട്ടത്തിലുണ്ട്.