പോളിമര്‍ കാര്‍ കവര്‍, മഡ് ഫ്ലാപ്; മഴക്കാലത്ത് കാറിൽ വേണ്ട കാര്യങ്ങൾ ഇവ
Mail This Article
കാറുകള്‍ക്ക് പരമാവധി ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കാലമാണ് മഴക്കാലം. പൂര്‍വ്വാധികം ശക്തിയോടെ തുടരുന്ന മണ്‍സൂണില്‍ നിങ്ങളുടെ കാറുകള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന പല ഉപകരണങ്ങളുമുണ്ട്. വാഹനങ്ങളുടെ പരിചരണം മാത്രമല്ല കൂടുതല്‍ സുരക്ഷയും വൃത്തിയും ഉറപ്പിക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ വഴി സാധിക്കും.
പോളിമര്‍ കാര്‍ കവര്‍
വാട്ടര്‍ പ്രൂഫായ പോളിമര്‍ കാര്‍ കവറുകള്‍ കാറിലേക്ക് മഴവെള്ളം തെറിച്ചുണ്ടാവുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കും. കാര്‍ നിര്‍ത്തിയിടുന്ന ഭാഗത്ത് മഴത്തുള്ളികള്‍ വീണ് മണ്ണ് അടക്കം വാഹനത്തിലേക്ക് തെറിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ പോളിമര്‍ കാര്‍ കവറുകള്‍ ഗുണം ചെയ്യും. സിന്തറ്റിക് കാര്‍ കവറുകള്‍ പൊടിയില്‍ നിന്നു രക്ഷിക്കുമെങ്കിലും മഴക്കാലത്ത് പോളിമര്‍ കാര്‍ കവറുകളാണ് അനുയോജ്യം.
മഡ് ഫ്ലാപ്
കാറിന്റെ അടിഭാഗമാണ് മഴക്കാലത്ത് ഏറ്റവും കൂടുതല്‍ അഴുക്കു നിറയാന്‍ സാധ്യതയുള്ള ഭാഗം. ഡോറിനു താഴെയുള്ള ഭാഗത്തേക്കും ചെളി നിറയാന്‍ സാധ്യത ഏറെ. മഡ്ഫ്ലാപ്സ് ഉപയോഗിച്ചാല്‍ ഈ ചെളി വേഗത്തില്‍ വൃത്തിയാക്കാനാവും.
റെയിന്‍ വാട്ടര്‍ റെപ്പല്ലന്റ്
നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് റെയിന്‍ വാട്ടര്‍ റെപ്പല്ലന്റ് വിന്‍ഡ് ഷീല്‍ഡില്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സഹായിക്കും. മഴയുടെ സമയത്ത് ഡ്രൈവര്‍ക്ക് മഴവെള്ളം കാരണവും മറ്റും കാഴ്ച്ച മങ്ങുന്നത് സ്വാഭാവികമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ റെയിന്‍ വാട്ടര്‍ റെപ്പല്ലന്റ് സഹായിക്കും.
റബര്‍ ഫ്ളോര്‍ മാറ്റ്
മഴക്കാലത്ത് ചളിയും ചവിട്ടിക്കൊണ്ട് കാറിലേക്ക് കയറേണ്ടി വരുകയെന്നത് സ്വാഭാവികമാണ്. ഈ പ്രശ്നത്തിനുള്ള ലളിതവും പ്രായോഗികവുമായ പരിഹാരമാണ് റബര്‍ ഫ്ളോര്‍ മാറ്റുകള്‍. തുണിയുപയോഗിച്ചും മറ്റും എളുപ്പത്തില്‍ വൃത്തിയാക്കാമെന്നതും ഇത്തരം മാറ്റുകളുടെ ഗുണമാണ്. ആന്റി മൈക്രോബല്‍, ആന്റി ഫങ്കല്‍ കോട്ടിങുള്ള റബര്‍ മാറ്റുകളും ഇപ്പോള്‍ ലഭ്യമാണ്.
കുട
കാറിനുള്ളില്‍ മാത്രമല്ല കാറിന് പുറത്തേക്കും യാത്രകള്ക്കൊടുവിലോ ഇടക്കോ നമുക്ക് ഇറങ്ങേണ്ടി വരും. ആ സമയത്ത് മഴയുണ്ടെങ്കില്‍ കാറിനുള്ളില്‍ സൂക്ഷിക്കുന്ന കുടകള്‍ വലിയ ഉപകാരം ചെയ്യും. മഴക്കാല യാത്രകളില്‍ കാറില്‍ ഒരു കുട കരുതാന്‍ മറക്കരുത്.
ഒആര്‍വിഎം ആന്റി ഫോഗ് ഫിലിം
മഴ പെയ്യുമ്പോള്‍ കാറുകളിലെ സൈഡ് വ്യൂ മിററുകളിലെ കാഴ്ച്ചകള്‍ മങ്ങാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഔട്ട്സൈഡ് റിയര്‍ വ്യൂ മിററുകളിലെ(ORVM) ആന്റി ഫോഗ് ഫിലിമുകള്‍. സുരക്ഷിതമായ ഡ്രൈവിങിനും ഇത് സഹായിക്കും.
കാര്‍ വാക്സ്
മഴക്കാലത്ത് ചെളി വേഗത്തില്‍ കാറില്‍ പറ്റാനുള്ള സാധ്യത കൂടും. ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ കാര്‍ വാക്സ് ഉപയോഗിച്ചാല്‍ മതിയാവും. ചെറിയ സ്ക്രാച്ചുകളെ പ്രതിരോധിക്കാനും നല്ല നിലവാരമുള്ള കാര്‍ വാക്സുകള്ക്ക് സാധിക്കും.
മൈക്രോഫൈബര്‍ തുണി
മഴക്കാലത്ത് കാറില്‍ അത്യാവശ്യം വേണ്ട ഒന്നാണ് മൈക്രോഫൈബര്‍ തുണികള്‍. ഇത് കാറിന്റെ അകവും പുറവും വൃത്തിയോടെയിരിക്കാന്‍ സഹായിക്കും. അനാവശ്യ പോറലുകള്‍ ഒഴിവാക്കാനും ഇത്തരം തുണികള്‍ വഴി സാധിക്കും. സാധാരണ തുണിയെ അപേക്ഷിച്ച് കൂടുതല്‍ വെള്ളം വലിച്ചെടുക്കാന്‍ മൈക്രോ ഫൈബര്‍ തുണികള്‍ക്ക് സാധിക്കും.