കാർ വാങ്ങാൻ വൻ ഓഫറുകൾ; ഈ ഉത്സവകാലത്ത് വാഹനം വാങ്ങണോ?
Mail This Article
വര്‍ഷത്തിലെ അവസാന മൂന്നു മാസങ്ങള്‍ ഇന്ത്യന്‍ കാര്‍ വിപണിക്ക് ഉത്സവക്കാലമാണ്. ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന സമയമായതുകൊണ്ടു തന്നെ നിരവധി ഓഫറുകളും ഇക്കാലത്ത് കാര്‍ കമ്പനികളും ഡീലര്‍മാരും പ്രഖ്യാപിക്കാറുണ്ട്. നിരവധിപേര്‍ ഈ സമയത്ത് പുതിയ കാര്‍ വീട്ടിലെത്തിക്കാറുമുണ്ട്. കാര്‍ വില്പനയുടെ ഈ ഉത്സവകാലത്ത് വാഹനം വാങ്ങുമ്പോള്‍ ഗുണത്തിനൊപ്പം ദോഷങ്ങളുമുണ്ട്. അത് എന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ ശേഷം ബുദ്ധിപരമായ തീരുമാനമെടുക്കുന്നതായിരിക്കും ഉചിതം.
വന്‍ ഓഫറുകളുമായി കാര്‍ കമ്പനികളും ഡീലര്‍മാരും എത്തുന്നതോടെ പുതിയ കാര്‍ ഈ ദീപാവലി കാലത്തു തന്നെ സ്വന്തമാക്കാമെന്ന് കരുതുന്നവരും കുറവല്ല. വര്‍ഷത്തിലെ ബാക്കി സമയങ്ങളിലൊന്നും ലഭിക്കാത്ത ഓഫറുകളാണ് ഇക്കാലത്ത് ചില മോഡലുകള്‍ക്ക് ലഭിക്കുക. ഇതിനൊപ്പം പുതിയ ചില മോഡലുകള്‍ കമ്പനികള്‍ പുറത്തിറക്കുകയും ചെയ്യും. ഇതോടെ ഏറ്റവും പുതിയ ഫീച്ചറുകളുമായി പുത്തന്‍ വാഹനം കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്ന വാഗ്ദാനം നിരവധി പേരെ ആകര്‍ഷിക്കുമെന്നുറപ്പ്.
ഇതിനെല്ലാം പുറമേ കൂടുതല്‍ മെച്ചപ്പെട്ട ഫിനാന്‍സിങ് ഓപ്ഷനുകളും ഇക്കാലത്ത് കാര്‍ വാങ്ങാനെത്തുന്നവര്‍ക്ക് ലഭിക്കാറുണ്ട്. കുറഞ്ഞ പലിശ നിരക്കും കൂടുതല്‍ ഫിനാന്‍സിങ് ഓപ്ഷനുകളുമെല്ലാം സാധാരണയാണ്. ഇതെല്ലാം കാര്‍ ഇക്കാലത്തു തന്നെ വാങ്ങാനുള്ള തീരുമാനത്തെ ബലപ്പെടുത്തുകയും ചെയ്യും. എങ്കിലും ഉത്സവകാലത്ത് കാര്‍ വാങ്ങുന്നതില്‍ ചില കുഴപ്പങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.
നിരവധി പേരുടെ ജീവിതത്തിലെ പ്രധാന തീരുമാനമാണ് കാര്‍ വാങ്ങുകയെന്നത്. അതുകൊണ്ടു തന്നെ ഓടിപോയി ഏതെങ്കിലുമൊരു മോഡല്‍ വാങ്ങുന്നതിനേക്കാള്‍ ആവശ്യത്തിന് സമയമെടുത്ത് യോജിച്ച മോഡല്‍ തിരഞ്ഞെടുക്കുന്നതാവും ഉചിതം. തിരക്കേറിയ സമയത്ത് കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കളെ ഡീലര്‍മാര്‍ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കാറുണ്ട്. പ്രധാനമായും ഇത്ര ദിവസം മാത്രമാണ് ഈ ഓഫറുള്ളത് എന്നതു പോലുള്ള കാര്യങ്ങള്‍ പറഞ്ഞായിരിക്കും പെട്ടെന്നു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുക.
ഉത്സവകാലത്ത് ഉയര്‍ന്ന ആവശ്യകതയും വില്പനയും നടക്കുന്നതോടെ ജനപ്രിയ മോഡലുകളുടെ സ്റ്റോക്ക് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതോടെ ഇഷ്ട മോഡല്‍ ലഭിക്കാതെ വരികയോ കാത്തിരിപ്പു സമയം കൂടുകയോ ചെയ്തേക്കാം. ഇത്തരം സമയങ്ങളില്‍ മറ്റു മോഡലുകള്‍ കൊണ്ടു തൃപ്തിപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതോടെ ഡീലര്‍മാരുടെ സര്‍വീസിന്റെ നിലവാരത്തിലും കുറവുണ്ടാവാറുണ്ട്.
കാര്‍ വാങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യവും ബജറ്റും ഉള്‍ക്കൊണ്ടുകൊണ്ട് ഉചിതമായ മോഡല്‍ ഏതെന്ന കാര്യത്തില്‍ വിശദമായ പഠനം നടത്താന്‍ ശ്രമിക്കണം. ഇന്റര്‍നെറ്റിന്റെ കാലത്ത് ഇഷ്ട മോഡലിന്റെ സവിശേഷതകള്‍ ആര്‍ക്കും എളുപ്പം അറിയാനാവും. മോഡലുകള്‍ തമ്മില്‍ താരതമ്യം ചെയ്തു നോക്കാനും സാധിക്കും. ഇത് തെറ്റായ തീരുമാനത്തിലെത്താനുള്ള സാധ്യത കുറക്കും.
മോഡല്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ഒന്നിലേറെ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുന്നതും നല്ലതാണ്. ഓഫറുകള്‍ താരതമ്യം ചെയ്ത് ഉചിതമായതു തെരഞ്ഞെടുക്കാന്‍ ഇത് സഹായിക്കും. ബജറ്റില്‍ ഉറച്ചു നിന്നുകൊണ്ട് തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കുക. ഇത് അനാവശ്യ വാഗ്ദാനങ്ങളില്‍ കുടുങ്ങി സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഉത്സവകാലത്ത് കാര്‍ വാങ്ങുകയെന്നത് അവസരവും വെല്ലുവിളിയുമാണ്. അതുകൊണ്ട് പരമാവധി വിവരങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം ഉചിത തീരുമാനത്തിലേക്കെത്തുക.