ADVERTISEMENT

1998 ജനുവരി 15. പ്രഗതി മൈതാൻ. ന്യൂഡൽഹി. മൂടൽ മഞ്ഞും കോച്ചുന്ന തണുപ്പും തെല്ലു വിട്ടു മാറിയ ഉച്ച നേരം. ഒരേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന സ്റ്റാൾ നമ്പർ 11. ഓട്ടോ എക്സ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാളിൽ അക്ഷരാർത്ഥത്തിൽ സൂചി കുത്താനിടമില്ല. വ്യവസായ മന്ത്രി മുരസൊലി മാരൻ, ആനന്ദ് മഹീന്ദ്ര, രാഹുൽ ബജാജ്, സി കെ ബിർല, ഹ്യുണ്ടേയ് പ്രസിഡന്റ് ബി.വി.ആർ സുബ്രു, മാരുതി എംഡി ഭാസ്കരുഡു തുടങ്ങിയ പ്രമുഖരാൽ സമൃദ്ധമായ മുൻനിര.

tata-5
ആദ്യ ഇൻഡിക്ക പുറത്തിറങ്ങിയപ്പോൾ

ഏതോ ഗതകാല സോവിയറ്റ് റിപ്പബ്ലിക്കിൽ നിന്നെത്തിയ സുന്ദരികളുടെ ത്രസിപ്പിക്കുന്ന ബാലെയും പുകപടലങ്ങളും അടങ്ങിയപ്പോൾ വേദിയിൽ തിളങ്ങി വന്നത് ഇന്ത്യൻ വ്യവസായ രംഗത്തെ ‘കോഹിനൂർ രത്നം’ എന്ന് ആ വേദിയിൽ പിന്നീട് വിശേഷിപ്പിക്കപ്പെട്ട രത്തൻ ടാറ്റ. സെക്കൻഡുകൾക്കുള്ളിൽ കടും നീല മെറ്റാലിക് നിറത്തിൽ വാഹനസൗന്ദര്യ സങ്കൽപങ്ങളുടെ തികവായി ടാറ്റ ഇൻഡിക്കയും ഓടിയെത്തി; ഇന്ത്യയിൽ പൂർണമായി വികസിപ്പിച്ച് ഉത്പാദിപ്പിച്ച പ്രഥമ കാർ. ഇന്ത്യയുടെ അഭിമാനം. പിന്നീട് ഇൻഡിക്കയുടെ 25 വർഷം അനുസ്മരിച്ച് രത്തൻ ടാറ്റയിട്ട ഇൻസ്റ്റാ സന്ദേശം വായിച്ചപ്പോൾ ഓർമയിൽ തെല്ലും മങ്ങലില്ലാതെ ഈ ദൃശ്യങ്ങളും തെളിഞ്ഞു. അതിനു മുമ്പും ശേഷവും എത്രയോ വാഹന പുറത്തിറക്കലുകൾ കണ്ടിട്ടുണ്ടെങ്കിലും മറക്കാനാവാത്ത മുഹൂർത്തം. 

Tata Indica
ടാറ്റ ഇൻഡിക്ക ആദ്യ മോഡൽ

അംബാസഡറിനും മാരുതിക്കും സമം...

അക്കാലത്തെ ആഡംബരത്തിന്റെ ‘ബെഞ്ച് മാർക്കാ’യിരുന്ന അംബാസഡറിനൊപ്പം സ്ഥലസൗകര്യം, ‘സൂപ്പർ ലക്ഷുറി’യായ മാരുതി സെന്നിന്റെ വലുപ്പം, വിലക്കുറവിന്റെ പര്യായമായ മാരുതി 800 ന്റെ വില, ഉപയോഗച്ചെലവാണെങ്കിൽ 800 നെക്കാൾ കുറവ്. രത്തൻ ടാറ്റയുടെ വാഗ്ദാനങ്ങൾ വീൺവാക്കായില്ല. പുറത്തിറക്കലിന്റെ അടുത്ത ദിനങ്ങളിൽ ബുക്കിങ് 1.10 ലക്ഷം പിന്നിട്ടു. 2.6 ലക്ഷം എന്ന വില കണ്ട് മാരുതി പതറിപ്പോയി, 800 ന് 30000 രൂപ കുറച്ചു പകച്ചു നിന്നു.

അഞ്ചു കൊല്ലം കഴിഞ്ഞ് രത്തൻ ടാറ്റയ്ക്കൊപ്പം ജനീവ ഓട്ടൊ ഷോയിൽ കുറച്ചു സമയം പിന്നിട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ജീവിതത്തിൽ ഏറ്റവും ത്രസിപ്പിച്ച നിമിഷങ്ങളായിരുന്നു അന്ന് പ്രഗതി മൈതാനിയിൽ. ഇറ്റലിയിലെ രൂപകൽപനാ വിദഗ്ധരായ ഐഡിയയുടെ സ്റ്റുഡിയോകളിൽ തുടങ്ങി പുണെയിലെ ഫാക്ടറിയിൽ വികസിച്ച വലിയൊരു യത്നത്തിന്റെ പരിസമാപ്തി. രത്തൻ ടാറ്റയെ അതേ ആവേശത്തിൽ ഒരിക്കൽക്കൂടി കണ്ടിട്ടുണ്ട്. പ്രഗതി മൈതാനിയിൽത്തന്നെ. നാനോ പുറത്തിറക്കൽ, 2008.

tata-nano
ഗുജറാത്തിലെ ടാറ്റ നിർമാണ ശാലയിൽ നിന്ന് നാനോ പുറത്തിറങ്ങുന്നു

ഇന്ത്യയുടെ സ്വപ്നം, ഇൻഡിക്ക

ലോകത്തുള്ള ഏതു കാറും ഇന്ത്യയിൽ കിട്ടുന്ന ഇക്കാലത്ത് പറഞ്ഞാൽ ഇൻഡിക്കയുടെ മന്ത്രം പിടികിട്ടില്ല. അന്നിവിടെ അംബാസഡറും ഫിയറ്റും ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങുന്നു. കുഞ്ഞു കാറായി വന്ന് വിപണി പിടിച്ചമാരുതി 800 വാഴുന്നു. 45000 രൂപയില്‍ വില്‍പന തുടങ്ങിയ 800 ന് വിപണിയിലെ പാപ്പരത്തം മുതലെടുത്ത് 2 ലക്ഷം വരെ വില വാങ്ങിയ കാലം. ഡീസൽ എൻജിനുകൾ ബസിനും ട്രക്കിനും പിന്നെ അംബാസഡറിനും മാത്രമുള്ള അവസ്ഥ. ഡീസൽ എൻജിനുമായെത്തിയ ഇൻഡിക്ക സാധാരണക്കാരന്റെ കാർ മോഹങ്ങൾ അതിവേഗം പൂവണിയിച്ചു.

indica-v2
ടാറ്റ ഇൻഡിക്ക വി2

പവർ സ്റ്റീയറിങ്ങും വിൻഡോയും

ലക്ഷുറി മോഡലായ സെന്നിൽപ്പോലും അന്ന് ഇല്ലാതിരുന്ന പവർ സ്റ്റീയറിങ്, പവർ വിൻഡോ, പിൻ വൈപ്പർ തുടങ്ങിയവയും എ സി, വിശാലമായ സീറ്റുകൾ, ധാരാളം സ്ഥലസൗകര്യം, യാത്രാസുഖം, അക്കാലത്ത് കേട്ടു കേൾവി പോലുമില്ലാതിരുന്ന 20 കീ.മിയിലധികം മൈലേജ് എന്നു വേണ്ട എല്ലാം തികഞ്ഞ കാർ ഇന്ത്യയിലെ മധ്യവർഗത്തിന്റെ മനം കവർന്നു. പ്രഫഷണലുകൾ മുതൽ ടാക്സി ഓപ്പറേറ്റർമാർ വരെ ഇൻഡിക്കയിൽ ലയിച്ചു വശായി... 2018 ൽ ഉത്പാദനം അവസാനിപ്പിക്കുമ്പോൾ ലോകത്തെമ്പാടുമായി 15 ലക്ഷത്തിലധികം കാറുകളിറങ്ങി.

benz-by-tata
ടാറ്റ അസംബിൾ ചെയ്ത മെഴ്സിഡീസ് ബെൻസ്

മെഴ്സിഡീസിൽ വിടർന്ന ടാറ്റ സ്വപ്നങ്ങൾ

അമ്പതുകളിൽ ടാറ്റ എൻജിനിയറിങ് ആൻഡ് ലോക്കോമോട്ടിവ് എന്ന ടെൽകൊ മെഴ്സിഡീസുമായി ചേർന്നു ട്രക്കും ബസുമുണ്ടാക്കി. 1994 ൽ മെഴ്സിഡീസ് കാറുകളും പുണെ ശാലയിൽ ടാറ്റ ഉണ്ടാക്കി. ഈ ബെൻസ് ബന്ധത്തിൽനിന്നു ട്രക്ക്, ബസ് നിർമാണത്തിലെ മന്നന്മാരായെങ്കിലും ടാറ്റമാരുടെ സ്വപ്നം കാറായിരുന്നു. രത്തനു മുമ്പ് ജെ.ആർ.ഡി ടാറ്റയുടെ കാലത്തേ ജനിച്ച ഈ സ്വപ്നം ആദ്യം സഫലമായത് 1992 ൽ ടാറ്റ എസ്റ്റേറ്റ് എന്ന സ്റ്റേഷൻ വാഗനിലൂടെയാണ്. മെഴ്സിഡീസിനു തുല്യം ലക്ഷുറി എന്ന ടാഗിൽ എത്തിയ വാഹനം സത്യത്തിൽ ആദ്യത്തെ ടാറ്റ കാറാണ്. ലാഡർ ഷാസിയിൽ ബോഡിയുറപ്പിക്കുന്ന പഴയ സാങ്കേതികതയായിരുന്നെങ്കിലും അന്നത്തെ സൂപ്പർ ലക്ഷുറി കാറിൽ വിഐപികൾ പാഞ്ഞു. മുഖ്യമന്ത്രി കരുണാകരനടക്കം മെഴ്സിഡീസ് എസ്റ്റേറ്റില്‍ അധിഷ്ഠിതമായ ടാറ്റ എസ്റ്റേറ്റ് പ്രേമികളായിരുന്നു.

tata-indica-2
ഇൻഡിക്ക വി2

യഥാർഥ കാർ

ഔദ്യോഗികമായി ഇൻഡിക്ക എന്ന പേര് കിട്ടുന്നതിന് മുൻപ് മിന്റ് പേരിലായിരുന്നു ടാറ്റയുടെ കാർ വാർത്തകളിൽ നിറഞ്ഞത്. പൂർണമായും മോണോകോക് ബോഡിയിൽ കാറായിത്തന്നെ നിർമിച്ച ഇൻഡിക്കയുടെ രൂപകൽപന മുഖ്യമായും ഇറ്റാലിയനാണ്. ടാറ്റ സീരീസിൽ 475 ഡി എൽ എന്നു നാമകരണം ചെയ്ത 4 സിലണ്ടർ ഡീസലും അതിൽ നിന്നു രൂപാന്തരം വരുത്തിയെടുത്ത പെട്രോളും പഴയ എസ്റ്റേറ്റ് എൻജിന്റെ ചെറു രൂപാന്തരങ്ങളാണ്. അങ്ങനെ നോക്കിയാൽ എൻജിന് ഒരു ഫ്രഞ്ച് കണക്ഷനുമുണ്ട്. ടാറ്റ എസ്റ്റേറ്റിലെ 1.9 പെഷോ ഡീസൽ എൻജിൻ ചെറുതായതാണ് ഇൻഡിക്ക എൻജിൻ. പറയുന്നതു പോലെ അത്ര ലളിതമല്ല ഈ പ്രക്രിയ. ധാരാളം എൻജിനിയറിങ്ങും അതിലധികം ചിന്തകളും ഈ പരിണാമത്തിലുണ്ട്.

tata-indica-vista-2
ടാറ്റ ഇൻഡിക്ക വിസ്ത

തുടക്കം പാളി...

കാറുകൾ പെരുകിയതിനൊപ്പം പരാതികളും പെരുകി. ചെറിയ ചെറിയ പ്രശ്നങ്ങൾ. പോരാത്തതിന് സർവീസ് സൗകര്യങ്ങൾ വികസിച്ചു വരുന്നതേയുള്ളൂ. ട്രക്ക് സംസ്കാരത്തിൽ നിന്ന് കാറിലേക്ക് മാറാൻ പല ഡീലർമാർക്കും സാധിച്ചില്ല. ഇൻഡിക്കയ്ക്ക് ചീത്തപ്പേരായി. ശത്രുക്കൾ പരമാവധി വാർത്ത പരത്തി. സമൂഹമാധ്യമങ്ങളില്ലാത്ത കാലത്തും വാക്കുകൾ തീ പോലെ പടർന്നു. എതിരാളികളായി കരുത്തരായ മാരുതിയും ഹ്യുണ്ടേയും ദെയ് വൂവും ഉണ്ടായിരുന്ന കാലത്ത് ഈ ചീത്ത വചനങ്ങൾ ടാറ്റയുടെ അടിത്തറ തോണ്ടുമെന്നു മാധ്യമങ്ങളെഴുതി. ജീവിതത്തിലെ ഏറ്റവും മോശകാലം എന്നാണ് രത്തൻ ടാറ്റ ഇക്കാലഘട്ടത്തെ പിന്നീടു വിശേഷിപ്പിച്ചത്.

rover-city
ഇൻഡിക്കയുടെ യൂറോപ്യൻ പതിപ്പ് റോവർ സിറ്റി

പുനർജനിയായ് വി ടു...

തെറ്റു കുറ്റങ്ങൾ ഏറ്റു പറഞ്ഞ് പരിഹരിച്ച് ഇൻഡിക്ക വി ടു എന്ന വെർഷൻ ടു ഇറങ്ങിയതോടെയാണ് നഷ്ടങ്ങൾ ടാറ്റ തിരിച്ചു പിടിച്ചത്. എങ്കിലും ഇന്നു പോലും ടാറ്റയ്ക്ക് എതിരേയുള്ള ആയുധമായി ഇൻഡിക്കയുണ്ടാക്കിയ ചീത്തപ്പേര് വിപണിയിൽ വിൽക്കപ്പെടുന്നു. വി ടു വിന്റെ തന്നെ റിഫ്രഷിങ് വി ടു എന്ന മോഡൽ ഇറങ്ങിയതോടെ കുറ്റമറ്റ കാറായി ടാറ്റ. 8 വർഷം ഈ മോഡലിന്റെ ഡി എൽ എസ് വേരിയന്റ് ഉപയോഗിച്ച വ്യക്തിയെന്ന നിലയിൽ നല്ല ഓർമകളാണ് എന്നും ഇൻഡിക്ക. 2 ലക്ഷം കിലോമീറ്റർ പ്രശ്നങ്ങളേതുമില്ലാതെ ഓടിയ കെ എൽ 5 ക്യൂ 124.

tata-indica-vista
ടാറ്റ വിസ്ത

അവരുടെ റോവർ, നമ്മുടെ ഇൻഡിക്ക

ഇൻഡിക്കയുടെ ഖ്യാതി കടലും കടന്നു. ഇൻഡിക്ക വൻ തോതിൽ ദക്ഷിണാഫ്രിക്ക അടക്കമുള്ള നാടുകളിലേക്ക് കയറ്റി അയയ്ക്കപ്പെട്ടു. ബ്രിട്ടനിൽ എം ജി റോവർ സിറ്റി റോവർ എന്ന പേരിൽ ഇൻ‍ഡിക്ക ഇറക്കിയതോടെ യൂറോപ്പിലും ചെറുതായി ഇൻഡിക്ക തരംഗം പടർന്നു. കഷ്ടകാലത്തിന് റോവർ ഗ്രൂപ്പ് പാപ്പരായതിനാൽ ഇൻഡിക്കയുടെ വളർച്ചയ്ക്ക് യൂറോപ്പിൽ തടസം വന്നു. പിന്നീട് റോവർ ഏറ്റെടുത്ത നജാങ് മോട്ടോഴ്സ് 2007ൽ അവരുടെ സ്വന്തം ഇൻഡിക്ക ‘കോപ്പി’കൾ ഇറക്കിയെങ്കിലും കാര്യമായ വിപണി സാന്നിധ്യമായില്ല.

tata-blot
ടാറ്റ ബോൾട്ട്

ഇൻഡിക്ക ചരിതം

വി ടു വിനു രൂപമാറ്റമില്ലായിരുന്നെങ്കിൽ 2004, 2007, 2012 വർഷങ്ങളിൽ കാര്യമായ സ്റ്റൈൽ മാറ്റവുമായി ഇൻഡിക്കയിറങ്ങി. കാലികമായ ഡേകോർ സി ആർ ഡി ഐ എൻജിനും എം പി എഫ് ഐ പെട്രോളും സി എൻജിയുമൊക്കെയെത്തി. ടാക്സിയെന്ന നിലയിൽ ഇൻഡി ക്യാബ് വൻവിജയമായി. 3 ലക്ഷം രൂപയ്ക്കു ലഭിച്ചിരുന്ന ഇൻഡിക്യാബ് ഇന്ത്യയിൽ പല ടാക്സി ഓപറേറ്റർമാരെയും കോടീശ്വരന്മാരാക്കി.

പിൻഗാമികൾ വാണില്ല

ഇൻഡിക്കയുടെ പൂർണരൂപമാറ്റമായ വിസ്റ്റ 2008 ലും ബോൾട്ട് 2015 ലും എത്തിയെങ്കിലും അതിപ്രതാപവാനായ കാരണവരുടെ ശ്രേണിയിലേക്കുയരാൻ അവർക്കായില്ല. ഇൻഡിക്കയെന്ന നാമം കുറെയേറെ നന്മകളും തെല്ലു ചീത്തപ്പേരുമായി അങ്ങനെ വിസ്മൃതിയിലായി.

English Summary: 25 Years Of Tata Indica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com