ADVERTISEMENT

വാതോരാതെയുള്ള നോൺസ്റ്റോപ് സംസാരം പോലെതന്നെയാണ് എലീന പടിക്കലിന്റെ കയ്യിലൊരു വാഹനം കിട്ടിയാലും. ‘ഇറ്റ്സ് ഓൾ എബൗട്ട് ഫണ്‍...’ എന്നും പറഞ്ഞ് വണ്ടിയുംകൊണ്ട് ഒരൊറ്റപ്പാച്ചിലാണ്. സംസാരത്തിലെന്ന പോലെ ഡ്രൈവിങ്ങിലും വേഗംതന്നെ എലീനയ്ക്കു പ്രിയം. മികച്ച ആങ്കറിങ്ങിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എലീനയ്ക്ക് വാഹനങ്ങളോടുള്ള പ്രണയം ചെറുതല്ല. ആങ്കറിങ് കഴിഞ്ഞാല്‍ എലീനയുടെ ഇഷ്ടവിനോദവും യാത്രകളും ‍ഡ്രൈവിങ്ങുമാണ്. ചുറ്റിയടി മുഴുവന്‍ സ്വയം ഡ്രൈവു ചെയ്തുതന്നെ. 

alina-1

ഇഷ്ടപ്പെട്ട കാറുകളെയും ബൈക്കുകളെയും കുറിച്ചു പറയുമ്പോള്‍ കുസൃതി നിറഞ്ഞ ചിരിയില്‍ വാചാലയാവും എലീന. എല്ലാവരെയുംപോലെ ആദ്യം സൈക്കിളോടിക്കാനാണ് എലീന പഠിച്ചത്. പിന്നാലെ സ്കൂട്ടറിലേക്കാവും തിരിഞ്ഞത് അല്ലേ എന്നു ചോദിച്ചാൽ എലീന പറയും ‘ഏയ് അല്ല, ബൈക്ക് ഒാടിക്കാനായിരുന്നു എനിക്കിഷ്ടം’. വാഹനങ്ങളോടുള്ള സ്നേഹംപോലെതന്നെ അവയോടൊപ്പം ചീറിപ്പായുന്ന ഓർമക്കഥകളും ഏറെപ്പറയാനുണ്ട് എലീനയ്ക്ക്....

കൈ തെളിഞ്ഞത് പ്രീമിയർ‌ പദ്‌മിനിയിലും അംബാസഡറിലും

ഒറ്റമകളായതുകൊണ്ട് അമ്മയ്ക്കും അപ്പനും നിര്‍ബന്ധമായിരുന്നു സ്വന്തമായി കാറും ബൈക്കും ഓടിക്കാന്‍ അറിഞ്ഞിരിക്കണമെന്നത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചു. പിന്നീട് പതിയെ ബൈക്കിലേക്കും കടന്നു. അമ്മ നന്നായി ബൈക്ക് ഓടിക്കും. അമ്മയായിരുന്നു എന്റെ ഗുരു. ഞായറാഴ്ച ദിവസങ്ങളില്‍ കുടുംബസമേതം വെട്ടുകാട് പള്ളിയില്‍ പോകും.

alina-3

കുര്‍ബാനയ്ക്കുശേഷം ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് മസാലദോശയും അകത്താക്കി നേരേ ശംഖുമുഖത്തിനടുത്തുള്ള പാര്‍ക്കില്‍ എത്തും. സ്വസ്ഥമായി ബൈക്ക് ഓടിച്ചു പഠിക്കാന്‍ പറ്റിയയിടമാണിത്. നല്ല ഉയരം ഉള്ളതുകൊണ്ട് എളുപ്പത്തില്‍ ബൈക്ക് പഠിച്ചെടുക്കാന്‍ സാധിച്ചു. പിന്നീട് ബൈക്ക് റൈഡിനോടായി കമ്പം. ടിവിഎസ് വിക്ടറാണ് ആദ്യമായി ഓടിക്കുന്നത്. ആദ്യകാലത്ത് ബൈക്കിനോടായിരുന്നു ഇഷടം ഏറെയും. ബുള്ളറ്റിനെക്കാള്‍ പ്രിയം എനിക്ക് ജാവയോടാണ്. ഗിയറും കിക്കറും ഒരേയിടത്തായതുകൊണ്ട് ജാവ ഓടിക്കാന്‍ ഈസിയായി തോന്നാറുണ്ട്. 

ജാവ കഴിഞ്ഞാല്‍ ഡ്യൂക്കിനോടാണ് പ്രണയം

18 വയസ്സില്‍ ലൈസന്‍സ് കിട്ടിയതോടെ കാര്‍ ഓടിക്കാനും പഠിച്ചെടുത്തു. വീട്ടിലെ പ്രിമീയര്‍ പദ്‌മിനിയിലും അംബാസഡറിലുമായിരുന്നു ഡ്രൈവിങ് പഠിച്ചത്. വലുപ്പം കുറവ്, ചെലവ് കുറവ്, എന്നിവയെല്ലാം പ്രിമീയര്‍ പദ്‌മിനിയുടെ പ്രത്യേകതയാണ്. ഇനി ഒരു സ്റ്റാൻ‌ഡേർഡ് പ്രീമിയർ‌ പദ്‌മിനി വാങ്ങാൻ‌ കഴിയില്ലെങ്കിലും, ഈ വാഹനത്തിന്റെ ആത്മാവിനെ സജീവമായി നിലനിർത്തുന്ന നിരവധി വാഹനപ്രേമികളുണ്ട്. 

alina-4

യാത്ര കൂടുതൽ എക്സ്‌യുവിയിൽ

എക്സ്‌‌യുവി 500,  ഹ്യുണ്ടെയ് ഇയോണ്‍, ഹ്യുണ്ടെയ്‌ െഎ 20, ഇന്‍ഡിഗോ സിഎസ് എന്നിവരായിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. ഗിയറുള്ള കാറുകളോടാണ് ഇഷ്ടമേറെയും. മിക്ക യാത്രകളും ഞാന്‍ പോകുന്നത് എക്‌സ്‌യുവി 500ലായിരുന്നു. ഡ്രൈവ് ചെയ്യാന്‍ കംഫര്‍ട്ടബിളാണ്. അതിലെ സീറ്റിങ്ങും സൗകര്യപ്രദമാണ്. െഎ 20യോട് ഒരു പ്രത്യേക ഇഷ്ടമാണ്. കാരണം മോഡിഫൈ ചെയ്തതില്‍ കാഴ്ചയില്‍ കിടിലന്‍ ലുക്ക്‌ െഎ 20ക്കു തന്നെയായിരുന്നു. 

മോഡിഫിക്കേഷൻ ഇഷ്ടമാണ്...

ഇഷ്ടപ്പെട്ട ഏതു വാഹനം വാങ്ങിയാലും നിറം മാറ്റി, മോഡിഫൈ ചെയ്‌തേ നിരത്തിലിറക്കാറുള്ളൂ, വീട്ടിലെ അമ്മയുടെയും അപ്പയുടെയും വാഹനമടക്കം അന്നത്തെ കാലത്ത് മോഡിഫൈ ചെയ്യാറുണ്ടായിരുന്നു. ഇൻഡിഗോ ബ്ലാക്ക് ബ്യൂട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അതിന്റെ സ്പോയിലറും അലോയിയുമൊക്കെ ബ്ലാക്ക് ആയിരുന്നു. ഇയോണും അങ്ങനെതന്നെ, വാഹനങ്ങളുടെ ഹെഡ്‍‍ലൈറ്റും ടെയിൽ ലൈറ്റും ബ്ലാക്കിഷ് ടോണിൽ ടിന്റ് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാ വാഹനങ്ങളുടെയും നമ്പർ ഒരേപോലെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വാഹനങ്ങളുടെ മോഡിഫിക്കേഷൻ നിർത്തണം എന്ന കർശന നടപടി വന്നപ്പോൾ ആ പരിപാടി നിർത്തി.

മൂന്നുലക്ഷത്തിന് മകള്‍ക്ക് ശവപ്പെട്ടി വാങ്ങി തരില്ല

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ കയറിയ ആഗ്രഹമായിരുന്നു കാവാസാക്കി നിൻജ ബൈക്ക് വാങ്ങണമെന്ന്; അതും പച്ചനിറമുള്ളത്. ആവശ്യം അപ്പനോട് പറഞ്ഞെങ്കിലും മൂന്നുലക്ഷത്തിന്  മകള്‍ക്ക് ശവപ്പെട്ടി വാങ്ങി തരില്ലെന്നായിരുന്നു അപ്പന്റെ മറുപടി. കരുത്തേറിയ ബൈക്കായതിനാൽ അപകടം ഉണ്ടാകും എന്നാണ് അപ്പൻ കാരണമായി പറഞ്ഞത്. അതോടെ കാവാസാക്കി നിൻജ ബൈക്ക് നടക്കാത്ത സ്വപ്നമായി മനസ്സില്‍ അവശേഷിച്ചു. 2016ല്‍ ഒരു ബൈക്ക് അപകടമുണ്ടായി. അതേ തുടര്‍ന്ന് ബൈക്ക് റൈഡിങ് ഒഴിവാക്കണമെന്ന് അപ്പന്റെയും അമ്മയുടെയും കര്‍ശന നിർദേശം

alina-2

പ്രെപ്പോസ് റൈഡ്

ഏത് ബൈക്ക് കിട്ടിയാലും ഞാൻ ഓടിക്കുമായിരുന്നു. ഒരു ദിവസം സുഹൃത്ത് ഏത് ബൈക്കാണ് നല്ലത് എന്നൊരു സജഷൻ എന്നോട് ചോദിച്ചു, കണ്ണുംപൂട്ടി പറഞ്ഞു, പൾസർ എൻഎസ് 200 പൊളിയാണെടാ അതെടുത്തോളൂ എന്ന്. അങ്ങനെ ആ ഫ്രണ്ട് എൻഎസ് 200 എടുക്കുന്നു, ബെംഗളൂരുവിലേക്ക് വരുന്നു, എന്നെ റൈഡിനു വിളിക്കുന്നു. പുത്തൻ വാഹനം അല്ലേ ഓടിക്കാൻ കിട്ടിയ ചാൻസ് കളയാൻ തോന്നിയില്ല. എന്റെ ഇഷ്ടയിടമായ നന്ദി ഹിൽസിലേക്ക് വച്ചു പിടിച്ചു. അവിടെ എത്തിയപ്പോൾ സുഹൃത്ത് എന്നെ പ്രൊപ്പോസ് ചെയ്തു! അന്ന് ഞാൻ യെസ് പറഞ്ഞിരുന്നില്ല...

രോഹിത് എന്ന ആ ഫ്രണ്ടാണ് എന്റെ ഭർത്താവ്! 

പ്രീമിയം വാഹനം മുതൽ ഒട്ടുമിക്കതും ഓടിച്ചിട്ടുണ്ട് വാഹനത്തോടുള്ള ക്രേസ് കൊണ്ടുതന്നെ ഒട്ടുമിക്ക വാഹനങ്ങളും ഓടിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. രോഹിത്തിന് ഓട്ടോമൊബീൽ വർക്‌ഷോപ് ആയതിനാൽ അവിടെ വരുന്ന എല്ലാം വാഹനങ്ങളും അകത്തേക്കു മാറ്റിയിടാനും മറ്റുമായി ഓടിച്ചിട്ടുണ്ട്. പ്രീമിയം കാറുകളായ ഒൗഡി, ബിഎംഡബ്ല്യു, ബെൻസ്, അങ്ങനെ മിക്കതും ഓടിച്ചിട്ടുണ്ട്. ഒരിക്കൽ ഹമ്മർ ഓടിക്കാനുള്ള ഭാഗ്യവും കിട്ടി.

സ്പീഡും സ്പോട്ടി വൈബുമല്ല, ലുക്കാണ് പ്രധാനം

സ്പോര്‍ട്സ് കാറുകളോട് ഒരുപാട് ഇഷ്ടമാണ്. എന്റെ സ്വപ്ന വാഹനമാണ് ഫോർഡിന്റെ മസ്താങ്. അതിന്റെ ശബ്ദമോ സ്പീഡോ സ്പോട്ടി വൈബോ അല്ല, അതിന്റെ ലുക്കാണ് ഏറെ ഇഷ്ടം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള, സ്വന്തമാക്കണമെന്ന് മോഹിച്ചിട്ടുള്ള മോഡലുമാണ് ഫോർഡ് മസ്താങ്. വാഹനപ്രേമികളുടെ സിരകളെ ത്രസിപ്പിക്കുന്ന വാഹനം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com