ADVERTISEMENT

പതിനാല് വർഷങ്ങൾ, നാല് തിരഞ്ഞെടുപ്പുകൾ, നാലു ലക്ഷത്തോളം കിലോമീറ്ററുകൾ...ഓടിതളർന്നിട്ടില്ല ഹൈബി ഈഡന്റെ ഇന്നോവ എങ്കിലും കണ്ണെത്തും ദൂരത്തേക്ക് ഒരു പറിച്ചു നടലിന്റെ സമയമെത്തിയിരിക്കുന്നു. വിശ്വസിച്ച് ഏൽപിക്കാൻ ഒരു 'കൈ' എത്തിയപ്പോൾ, ഒരിക്കലും വിറ്റുകളയുകയില്ലെന്ന ഉറപ്പിന്മേൽ ഒരു വാക്കുറപ്പിക്കൽ. പതിനാലു വർഷത്തിന് ശേഷം തന്റെ യാത്രകൾക്ക് പുതിയൊരു കൂട്ടെത്തുമ്പോൾ, പഴയ വാഹനം സമ്മാനിച്ച വിലമതിക്കാൻ കഴിയാത്ത ഓർമകൾക്ക് തന്റെ ഹൃദയത്തിൽ എന്നും സ്ഥാനമുണ്ടെന്നു ഉറപ്പിക്കുകയാണ് എറണാകുളത്തിന്റെ സ്വന്തം ഈ എംപി.

ഈ കാറിനൊപ്പമുള്ളതൊന്നും വെറും യാത്രയായിരുന്നില്ലയെന്നും കഴിഞ്ഞു പോയ വർഷങ്ങളെത്രയും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ വാഹനമെന്നും വളരെ സുരക്ഷിതമായി, ഒരിക്കലും നിരാശപ്പെടുത്താതെ, എണ്ണിയാൽ തീരാത്തത്രയും കാതങ്ങളിലൂടെയും ഓർമകളിലൂടെയും ഒപ്പം സഞ്ചരിച്ചുവെന്നും വികാരവായ്പോടെ പറഞ്ഞുവയ്ക്കുന്നുണ്ട് ഹൈബി. തന്റെ പ്രിയപ്പെട്ട ഇന്നോവയ്ക്ക് പകരം ടൊയോട്ട ഹൈക്രോസ് എത്തുമ്പോൾ തന്റെ പഴയ വാഹനത്തിൽ താണ്ടിയ ദൂരങ്ങളെ കുറിച്ചും ഓർമകളെ കുറിച്ചും ഹൈബി ഈഡൻ മനസുതുറക്കുന്നു.

2011 ലെത്തിയ ഇന്നോവ

2011 ലാണ് നിപ്പോൺ ടൊയോട്ടയിൽ നിന്നും ഇന്നോവ സ്വന്തമാക്കുന്നത്. പൊതുപ്രവർത്തകനായതുകൊണ്ട് ഏറെ യാത്രകൾ ആവശ്യമായി വരും അതുകൊണ്ട് മികച്ച സൗകര്യവും യാത്രസുഖവും നൽകുന്ന വാഹനമായിരിക്കണം എന്നായിരുന്നു ആദ്യത്തെ പരിഗണന. അങ്ങനെയാണ് ടൊയോട്ടയുടെ ഇന്നോവയിലെത്തുന്നത്. കൂടുതൽ യാത്ര ചെയ്യേണ്ടി വരുമെന്ന കണക്കുകൂട്ടലുകളും തെറ്റിയില്ല. മണ്ഡലത്തിലൂടെ സഞ്ചരിച്ചാണ് നാല് ലക്ഷം കിലോമീറ്ററുകളിലെ ഏറിയ പങ്കും ഇന്നോവ താണ്ടിയത്. തിരുവനന്തപുരം യാത്രകൾക്ക് സ്വന്തം വാഹനം ഉപയോഗിക്കുകയില്ലായിരുന്നു. ട്രെയിനിലായിരുന്നു ആ യാത്രകളധികവും.

എം എൽ എ ബോർഡ് വയ്‌ക്കേണ്ട ആവശ്യം വന്നിട്ടില്ല

കെ എൽ 07 ബി എസ് 99 എന്നതായിരുന്നു ഇന്നോവയുടെ റജിസ്‌ട്രേഷൻ നമ്പർ. എം എൽ എ ആയിരുന്ന സമയത്ത് 99 എന്ന നമ്പർ കണ്ടാൽ ജനങ്ങൾക്ക് മനസിലാകുമായിരുന്നു. അതുകൊണ്ടു തന്നെ ബോർഡ് വയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. എംഎൽഎ ആയി പ്രവർത്തിച്ച എട്ടുവർഷവും വാഹനത്തിൽ ബോർഡ് വച്ചിട്ടില്ല, അത്രയേറെ സ്വീകാര്യത ആ വാഹനത്തിനും ലഭിച്ചിരുന്നു. എം പി ആയപ്പോൾ മണ്ഡലത്തിന്റെ വലുപ്പം വർധിച്ചു. അങ്ങനെയാണ് എം പി എന്ന ബോർഡ് ഇന്നോവയ്ക്കു മുമ്പിലെത്തിയത്. ഒരിക്കൽ പോലും വഴിയിൽ കിടത്തിയിട്ടില്ല എന്നതാണ് ഈ വാഹനത്തെക്കുറിച്ചുള്ള സുഖകരമായ ഒരോർമ.

ആദ്യത്തെ വാഹനം

ആദ്യത്തെ വാഹനം ടാറ്റ ഇൻഡിക്ക ആയിരുന്നു. ആ വാഹനത്തിനൊപ്പവും ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. നിരവധി തവണ ഇന്ധനമില്ലാതെ വഴിയിൽ കിടന്ന രസകരമായ ഓർമകൾ ആ വാഹനവുമായി ബന്ധപ്പെട്ടുണ്ട്.

ഇന്നോവ സന്തത സഹചാരി

ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ധാരാളം യാത്രകൾ ചെയ്യേണ്ടി വരും. രാവിലെ മുതൽ രാത്രി വരെ ഇന്നോവയിൽ സഞ്ചരിച്ച ദിവസങ്ങളുണ്ടായിട്ടുണ്ട്. അതുമാത്രമല്ല, ആദ്യമായി അന്നയെ കാണാൻ പോകുന്നതും ഈ വാഹനത്തിലാണ്. വിവാഹ സമയത്തെ പല ആവശ്യങ്ങൾ, അന്ന ഗർഭിണി ആയതിനു ശേഷമുള്ള ആശുപത്രി ഓട്ടങ്ങൾ എല്ലാം ഈ വാഹനത്തിൽ തന്നെയായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമല്ലാതെ, നാല് തിരഞ്ഞെടുപ്പുകളിൽ, ആ ദൂരങ്ങളത്രയും താണ്ടിയത് ഇന്നോവയിലാണ്.

hibi-edan-innova-1

വിൽക്കാൻ മനസ്സില്ലായിരുന്നു

ഇന്നോവ വിൽക്കാൻ യാതൊരു താൽപര്യവുമുണ്ടായിരുന്നില്ല. പതിനാലു വർഷങ്ങളായെന്നതും നാല് ലക്ഷം കിലോമീറ്ററുകൾ ഓടിയെന്നതുമാണ് വിൽക്കാമെന്ന തീരുമാനത്തിലെത്തിച്ചത്. ഇത്ര അധികം ദൂരവും 14 വർഷവും സഞ്ചരിച്ചതിന്റേതായ ചെറിയ അവശതകൾ വാഹനത്തിനുണ്ടായിരുന്നു. പുതിയ വാഹനവും പഴയ ഇന്നോവയും ഒരുമിച്ച് പരിപാലിക്കാനുള്ള ബുദ്ധിമുട്ടും വിൽപനയ്ക്ക് പിന്നിലെ കാരണമായി.  അടുത്ത് പരിചയമുള്ള ഒരു വ്യക്തിയ്ക്കാണ് വാഹനം വിറ്റത്. നല്ലതുപോലെ നോക്കുമെന്ന വിശ്വാസവും ഒരിക്കലും മറിച്ച് വിൽക്കുകയില്ലെന്ന ഉറപ്പും വാങ്ങിയാണ് കൈമാറ്റം.

ഹൈക്രോസ് പുതിയ വാഹനം

പുതിയ വാഹനം ബുക്ക് ചെയ്തത് ടൊയോട്ടയുടെ തന്നെ ഹൈക്രോസ് ആണ്. കറുപ്പ് നിറമാണ് വാഹനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. യാത്രകൾ കൂടിയതിനാൽ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തിയാണ് ഹൈക്രോസിലേക്കെത്തിയത്. കൂടാതെ മൈലേജിനും പ്രാധാന്യം നൽകണമല്ലോ. നിപ്പോൺ ടൊയോട്ടയിൽ നിന്നു തന്നെയാണ് പുതുവാഹനവും. ഇനി എം പി എന്ന ബോർഡ് ആ വാഹനത്തിനു മുമ്പിലുണ്ടാകും.

ഇഷ്ട വാഹനം ലാൻഡ് ക്രൂയിസർ

ഡ്രൈവ് ചെയ്തു നോക്കിയിട്ടുള്ള വാഹനങ്ങളിൽ ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ളത് ലാൻഡ് ക്രൂയിസറിനോടാണ്. അതിന്റെ വലുപ്പവും കംഫർട്ടുമാണ് ഏറെ ഇഷ്ടപ്പെട്ടത്. ഇന്ത്യയിൽ ആ വാഹനമുണ്ടെങ്കിലും അതിന് വലിയ വിലയാണ്. നമ്മുടെ കയ്യിലൊതുങ്ങുന്നത് മുൻനിർത്തിയാണ് ഹൈക്രോസ് തിരഞ്ഞെടുത്തത്.

ഇരുചക്ര വാഹനങ്ങളോടും പ്രിയം

ബുള്ളറ്റിനോടുള്ള താൽപര്യം കൊണ്ട് ഒരു റോയൽ എൻഫീൽഡ് തണ്ടർബേർഡും സ്വന്തമായിട്ടുണ്ട്. ഇടയ്ക്ക് ആ ബൈക്കിൽ റൈഡുകൾ നടത്താറുണ്ട്.

English Summary:

Ernakulam MP Hibi Eden's loyal Innova, after 14 years and nearly 4 lakh kilometers, gets a replacement. He shares heartwarming memories of his trusty vehicle and its role in his public service.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com