അങ്ങനെ വിട്ടാൽ പറ്റില്ല, അതുകൊണ്ട് മാത്രം പഠിച്ചെടുത്തു; വിശേഷങ്ങൾ പങ്കിട്ട് മണികണ്ഠൻ

Mail This Article
വാഹനത്തോടും ഡ്രൈവിങ്ങിനോടും അത്ര വലിയ താൽപര്യം ഉണ്ടായിരുന്നില്ല. മുമ്പ് വാഹനം ഓടിക്കാൻ ശ്രമിച്ചിട്ടുമില്ല, അതിനൊക്കെ ഒരു താല്പര്യം വേണ്ടേ സഹോദരാ.....അങ്ങനെയൊന്നു ജീവിതത്തിലെ നിഘണ്ടുവിലും ചേർത്തിരുന്നില്ല.... മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ മണികണ്ഠൻ പട്ടാമ്പിയുടെതാണ് വാചകം. സിനിമയിലും സീരിയലിലും അഭിനയിക്കുന്ന മണികണ്ഠന്റെ കഥാപാത്രങ്ങളൊക്കെയും എറെ മികച്ചതായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന ഹാസ്യ പരമ്പരയിലും മണികണ്ഠൻ സൂപ്പർതാരം തന്നെയായിരുന്നു. മറിമായത്തിലെ പ്രകടനത്തിനു മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല, ജീവിതത്തെ മാറ്റിമറിച്ച പാഠങ്ങളുമുണ്ട്...
തന്നേക്കാളും മുന്നേ ഭാര്യ വാഹനം നിഷ്പ്രയാസം ഒാടിക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ വല്ലാണ്ട് തിരയിളക്കം, ആഹാ അങ്ങനെ വിട്ടാൽ പറ്റില്ല, എനിക്കു ഡ്രൈവിങ് പഠിക്കണം, അങ്ങനെയാണ് വാഹനത്തോടും ഡ്രൈവിങ്ങിനോടുമൊക്കെയുള്ള ഇഷ്ടവും താൽപര്യം മണികണ്ഠന് ഉടലെടുത്തത്.
കാറ്, ബൈക്ക് തുടങ്ങിയവ വാങ്ങുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഷൂട്ടിനായുള്ള യാത്രകൾ അത്രയും ബസിലും ട്രെയ്നിലുമായിരുന്നു. കാഴ്ചകളൊക്കെ കണ്ട് സുഹൃത്തുക്കളോട് കൊച്ചുവർത്തമാനവും പൊട്ടിച്ചിരികളുമായി ബ്രേക്കും ക്ലച്ചും ചവിട്ടാതെയുള്ള യാത്രകളായിരുന്നു. അങ്ങനെയാണ് ഒരിക്കൽ ഭാര്യ ഡ്രൈവിങ് പഠിക്കാൻ പോകുകയാണെന്നുള്ള വാർത്തയുമായി എത്തിയത്. കാര്യമാക്കാതെയിരുന്നെങ്കിലും വിചാരിച്ചപോലെയല്ല, അവൾ പെട്ടെന്ന് പഠിച്ചെടുത്തു. അങ്ങനെയാണ് ആദ്യമായി മാരുതി 800 എടുക്കുന്നത്. പിന്നീട് ഞങ്ങളുടെ കുടുംബ സവാരി മാരുതിയിലായിരുന്നു. ആദ്യത്തെ വാഹനത്തോട് ഒരു പ്രത്യേക ഇഷ്ടമായിരുന്നു. ഇൗശ്വരാനുഗ്രഹത്താൽ ഇതുവരെ വാഹനം ജീവിതത്തിൽ പണി തന്നിട്ടില്ല, സ്മൂത്തായങ് വാഹനവും ഞാനും പോകുന്നുണ്ട്.
മാരുതി 800 vs റിറ്റ്സ്
ഒരു സാധാരണക്കാരന്റെ കാറ് എന്ന സ്വപ്നത്തിന് സ്വന്താമാക്കാവുന്ന ആഡംബരമായിരുന്നു മാരുതി 800. കാഴ്ചയിലും പെർഫോമൻസിലും പുലി തന്നെ എന്നു വേണം പറയാൻ. ഒരു കാലത്ത് മാരുതി 800 നുള്ള പ്രൗഢിയും പത്രാസും ഇന്നും വാഹനപ്രേമികളുടെ ഇടയിലുമുണ്ട്. ആ വാഹനം കൊടുത്തെങ്കിലും ഇന്നും എനിക്ക് പ്രിയമാണ് മാരുതി 800നോട്. 800 നു ശേഷം റിറ്റ്സും വാങ്ങിയിരുന്നു.
രണ്ടു വാഹനങ്ങളും ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ്. മാറ്റി നിർത്താനുമാകില്ല, രണ്ടിനും അതിന്റേതായാ പോസിറ്റീവ് വശങ്ങളുണ്ട്. എന്റെ ഈ രണ്ടു വാഹനങ്ങളും സമാധാനത്തിന്റെ നിറത്തിലായിരുന്നു. സംശയിക്കേണ്ട, വെള്ള തന്നെ.
ചെറിയ വാഹനം ആണെങ്കിലും സുഗമമായി ഓടിക്കാനും തിരക്കുള്ളിടത്ത് ഒതുക്കാനും ഉയർന്ന മൈലേജുമൊക്കെ മാരുതി 800 നോടുള്ള പ്രണയവും ഇരട്ടിയാക്കി. കുറേക്കാലം കഴിഞ്ഞപ്പോൾ മാരുതി 800 കൊടുക്കേണ്ടി വന്നു. പിന്നീട് വാങ്ങിയത് റിറ്റ്സ് ആയിരുന്നു. എനിക്ക് ആഡംബര വാഹനത്തോട് പ്രിയമില്ല. സുരക്ഷയാണ് പ്രധാനം. ഒാരോത്തരുടെയും ഇഷ്ടങ്ങളും രീതികളുമൊക്കെ വ്യത്യസ്തമല്ലേ, വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എക്കണോമിക്കലി ഉപകാരപ്രദമുള്ളതും സുരക്ഷിതവും സൗകര്യപ്രദമുള്ളതുമായവയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. റിറ്റ്സിനോടും പ്രിയമായിരുന്നു.
പവറായി ഫോക്സ്‍വാഗൺ ടൈഗൂൺ
മാരുതിയിൽ നിന്നും നേരെ ഫോക്സ്‍വാഗണിലേക്ക് എത്തി. ഫോക്സ്‌വാഗണിന്റെ ചെറു എസ്‍യുവിയായ ടൈഗൂൺ ആണ് ഈയടുത്ത് എടുത്ത പുതിയ വാഹനം. ഇതും വെള്ള നിറം തന്നെ. ഞങ്ങളുടേതായ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള വാഹനമാണ് ടൈഗുണ്‍. സ്വപ്ന വാഹനം എന്നുള്ള ആഗ്രഹം ഇതുവരെ മനസ്സിൽ തോന്നിയിട്ടില്ല. താങ്ങാവുന്ന വിലയിൽ സുരക്ഷിതമായ വാഹനം വാങ്ങണം എന്നേയുള്ളൂ.
രണ്ട് ടിഎസ്‌ഐ പെട്രോൾ എൻജിൻ മോഡലുകളിലാണ് ടൈഗൂണ്‍; 1 ലീറ്ററും 1.5 ലീറ്ററും. ഒരു ലീറ്റർ എൻജിനു കൂട്ടായി മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകൾ എത്തും. അതേസമയം 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.