ഹൈറേഞ്ചിലെ ഹീറോ, ഹിറ്റായി എംഎൽഎയുടെ 4x4 ജീപ്പ്
Mail This Article
പീരുമേടിന്റെ മലമടക്കുകളിലൂടെ പായുന്ന ഈ മഹീന്ദ്ര മേജർ 4X4 ജീപ്പിന് പറയാൻ കഥകളേറെയാണ്. ഹൈറേഞ്ചുകാർ തിരഞ്ഞെടുത്ത എംഎൽഎ ഹൈറേഞ്ചുകാരുടെ സ്വന്തം പടക്കുതിരയെ കൂട്ടുകാരനാക്കിയ കഥയാണ് അതിലേറ്റവും സുന്ദരം. ബെൻസും ബിഎംഡബ്ല്യുവും റേഞ്ച് റോവറും വരെ ജനപ്രതിനിധികളുടെ വാഹനമാകുമ്പോഴാണ് പീരുമേടിന്റെ ജനനായകന് ജീപ്പ് അത്രമേൽ പ്രിയപ്പെട്ടവനാകുന്നത്.
ആദ്യ ജീപ്പ് നഷ്ടമായ കഥ
കോട്ടയം വാഴൂരാണ് സ്വദേശമെങ്കിലും അടിമുടി ഹൈറേഞ്ചുകാരനാണ് വാഴൂർ സോമൻ. ജീപ്പുമായുള്ള ഇദ്ദേഹത്തിന്റെ ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പീരുമേട് എംഎൽഎ ആയിരുന്ന സി.എ. കുര്യന്റെ സഹായത്തോടെ 1978 ലാണ് ആദ്യമായി വാഴൂർ സോമൻ ജീപ്പ് സ്വന്തമാക്കുന്നത്. പെട്രോൾ എൻജിൻ ജീപ്പായിരുന്നു അത്. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ ഭാഗമായി അന്ന് പീരുമേട്ടിലെ തോട്ടം മേഖലകളിലൂടെയുള്ള സഞ്ചാരമെല്ലാം ആ ജീപ്പിലായിരുന്നു. 1991 മെയ് ഇരുപത്തിയൊന്നാം തീയതി വണ്ടിപ്പെരിയാറിൽ നടന്ന ഒരു പൊതുയോഗത്തിൽ വാഴൂർ സോമന്റെ സഹപ്രവർത്തകൻ ഒരു വിവാദ പ്രസംഗം നടത്തിയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെയും രാജീവ് ഗാന്ധിയുടെയും ശവപ്പെട്ടിയിലെ അവസാന ആണിയാണെന്നായിരുന്നു പ്രസംഗത്തിലെ വിവാദ പരാമർശം. അന്നു രാത്രി തമിഴ് പുലികളുടെ ചാവേർ ആക്രമണത്തിൽ ശ്രീപെരുംപുത്തൂരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിൽ വാഴൂർ സോമന്റെ ജീപ്പ് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. അത്രമേൽ പ്രിയപ്പെട്ട ആ ജീപ്പ് നഷ്ടമായതിന്റെ സങ്കടം ഇന്നും പീരുമേടിന്റെ നേതാവിനുള്ളിലുണ്ട് . പിന്നീട് 2006-ൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ആയി സ്ഥാനമേറ്റതിതെ തുടർന്നാണ് ഇപ്പോൾ കൈവശമുള്ള ഈ മഹീന്ദ്ര മേജർ സ്വന്തമാക്കിയത്.

തലസ്ഥാനത്തേക്കും ജീപ്പിൽ തന്നെ
മലയിറങ്ങി തലസ്ഥാനത്തേക്കുള്ള എംഎൽഎയുടെ യാത്രയും ഈ ജീപ്പിൽ തന്നെ. നിയമസഭയിലേക്ക് ജീപ്പോടിച്ചെത്തുന്ന എംഎൽഎയെ കൗതുകത്തോടെയാണ് എല്ലാവരും കാണുന്നതെന്ന് വാഴൂർ സോമൻ പറയുന്നു. എന്തുകൊണ്ടാണ് ജീപ്പിൽ മാത്രം സഞ്ചരിക്കുന്നതെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ചോദ്യത്തിന് വാഴൂർ സോമൻ നൽകിയ മറുപടി ഇങ്ങനെ - "പീരുമേട്ടിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്, ജീപ്പല്ലാതെ മറ്റൊരു വാഹനത്തിൽ അവിടെ സഞ്ചാരം സാധ്യമല്ലാത്ത അവസ്ഥയാണ്."
തുടർന്ന് അന്നു രാത്രിയിൽ തന്നെ എംഎൽഎയ്ക്ക് മന്ത്രിയുടെ ഫോൺ കോളെത്തി. പീരുമേട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ പത്തു കോടിയുടെ ഫണ്ടും മന്ത്രി അനുവദിച്ചു.തന്റെ പ്രിയപ്പെട്ട ജീപ്പ് നിമിത്തമാണ് ഈ ഫണ്ട് അനുവദിക്കപ്പെട്ടതെന്ന് വാഴൂർ സോമൻ പറയുന്നു. ഈ ഫണ്ട് വിനിയോഗിച്ച് നിർമിച്ച മുണ്ടക്കയം 35ആം മൈലിൽ നിന്നും കൂട്ടിക്കലിലേക്ക് തിരിയുന്ന തേക്കടി-നെടുമ്പാശ്ശേരി റോഡിന്റെ പണി പൂർത്തിയായെന്നും മന്ത്രി മുഹമ്മദ്ദ് റിയാസ് തന്നെ നേരിട്ടെത്തി ഉദ്ഘാടനം ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ പങ്കുവെച്ചു.
റഷ്യയിൽ നിന്ന് ലൈസൻസ്
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്നാണ് വാഴൂർ സോമൻ 1986ൽ ഇന്റർനാഷണൽ ലൈസൻസ് സ്വന്തമാക്കുന്നത്. മഞ്ഞിലൂടെ വണ്ടിയോടിക്കാൻ പ്രത്യേക പരിശീലനവും അക്കാലത്ത് റഷ്യയിൽ നിന്നു നേടി. ഏതുവാഹനവും തനിക്കു തരപ്പെടുമെന്നും പക്ഷെ ജീപ്പിനോളം പ്രിയമുള്ള മറ്റൊരു വാഹനമില്ലെന്നും വാഴൂർ സോമൻ പറയുന്നു. പീരുമേട്ടിലും എംഎൽഎയുടെ ജീപ്പ് യാത്ര ഹിറ്റാണ്. 4X4 ആയതിനാൽ ഈ ജീപ്പിന് ആരാധകരേറെയാണ്. പീരുമേട്ടിലെ എല്ലായിടങ്ങളിലുമെത്തി എല്ലാവരെയും കാണാൻ ജീപ്പില്ലാതെ കഴിയില്ലെന്നാണ് വാഴൂർ സോമന്റെ പക്ഷം.

ഹൈറേഞ്ചുകാരുടെ സ്വന്തം ജീപ്പ്
കാലമെത്ര കുത്തിയൊലിച്ചെത്തിയാലും ഈ കൊടൂര മലകൾ കയറാനുമിറങ്ങാനും ഹൈറേഞ്ചുകാരുടെ കൂട്ട് ജീപ്പ് തന്നെയാണ്. തങ്ങളുടെ എംഎൽഎ ജീപ്പിൽ തലസ്ഥാനത്തേക്ക് പായുന്ന കഥ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പീരുമേടുകാർ പങ്കുവെയ്ക്കുന്നത്. 1978-ല്‍ ആദ്യ ജീപ്പ് സ്വന്തമാക്കുമ്പോള്‍ അഞ്ച് ലീറ്റര്‍ പെട്രോള്‍ അടിക്കാന്‍ വെറും 20 രൂപയാണ് ചെലവായിരുന്നത്. എന്നാല്‍, അത് വര്‍ധിച്ച് ഇന്ന് ചിന്തിക്കാന്‍ കഴിയുന്നതിലും ഉയരത്തില്‍ എത്തിയിരിക്കുകയാണ്. എന്നാല്‍, ഇന്ധന വില വര്‍ധനവിന്റെ പേരില്‍ ഈ ജീപ്പ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വാഴൂര്‍ സോമന്‍ എംഎല്‍എ. അഭിപ്രായപ്പെടുന്നത്. കാനം രാജേന്ദ്രന്റെ ശ്രദ്ധയിൽ വാഴൂർ സോമന്റെ ജീപ്പ് യാത്രയെത്തി. സ്നേഹത്തോടെ കാനം ഒരു കത്ത് നൽകി, അതിലെഴുതിയിരുന്നത് ഇതാണ്.
"സഖാവെ, ഒരു കാറ് വാങ്ങാനുള്ള അനുമതി പാർട്ടിയിൽ നിന്നും തരാം. അതിനുവേണ്ട വായ്പയും തരപ്പെടുത്താം. മുണ്ടക്കയത്തിനപ്പുറത്തേക്ക് ഇനി ഈ ജീപ്പുമായി വന്നേക്കരുത്."
സ്നേഹത്തിൽ പൊതിഞ്ഞ ആ കത്തിലെ കരുതൽ വാഴൂർ സോമൻ കണ്ടില്ലെന്നു നടിച്ചില്ല. കാറ് വാങ്ങി, പക്ഷെ ഇന്നും ഈ മലമടക്കുകളിലൂടെ പീരുമേടിന്റെ നായകന് ജീപ്പില്ലാതൊരു യാത്രയില്ല.