Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 ബുള്ളറ്റുകൾ, 17 ദിവസങ്ങൾ, 6,000 കിലോമീറ്റർ

bullet-club

ബുള്ളറ്റ്, അവൾ നമ്മുടെ മുത്തല്ലേ"– ഒരു തവണ ഓടിച്ചാൽ അസ്ഥിക്ക് പിടിക്കുന്ന ഈ വണ്ടിയെക്കുറിച്ച് ആരാധകർക്ക് പറയാൻ മറ്റെന്താണുണ്ടാവുക! ത്രസിപ്പിക്കുന്ന യാത്രാനുഭവങ്ങൾ സമ്മാനിക്കുന്ന ബുള്ളറ്റ് ബൈക്കുകൾ ലോകമെങ്ങും വിരിച്ചിട്ടത് ഒരായിരം സൗഹൃദക്കൂട്ടായമ്കൾ. അവരുടെയെല്ലാം ഹൃദയത്തിനു പോലും ബുള്ളറ്റിന്റെ താളമാണത്രെ. കണ്ണൂർ സ്വദേശികളായ ഒരു കൂട്ടം ചെറുപ്പക്കാരെ സൗഹൃദത്തിന്റെ നൂലിൽ കോർത്തിട്ടതും ബുള്ളറ്റ് തന്നെ. 19 യുവാക്കൾ, 17 ദിവസം, 12 ബുള്ളറ്റുകൾ. ഇവ ഒരുമിച്ചപ്പോൾ തന്നെ യാത്രയെന്ന ലഹരിയുടെ ഗന്ധം അടിച്ചു തുടങ്ങിയതാണ്.

വെറുമൊരു യാത്രയല്ല, പരിസ്ഥിതി ദിനത്തിൽ കണ്ണൂരിൽ നിന്ന് ആരംഭിച്ച് 17 ദിവസങ്ങൾ കൊണ്ട് 6,000 കിലോമീറ്റർ സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണമെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് അങ്ങ് അരുണാചൽ പ്രദേശിലെ തവാങ്ങിലെത്തുന്ന അതിസാഹസികമായ യാത്ര. വട്ടാണോ എന്നാണ് പലരും ആദ്യം ചോദിച്ചത്, എന്നാൽ ബുള്ളറ്റിന്റെ ഇരമ്പലിൽ ചോദ്യങ്ങളൊക്കെ അലിഞ്ഞില്ലാതെയായി. ഒരു വർഷത്തെ പ്ലാനിങ് ഈ യാത്രയുടെ പിന്നിലുണ്ട്. ബുള്ളറ്റ് സൗഹൃദം ഇവരെ മുൻപും ഒരുമിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് പത്തുപേരടങ്ങുന്ന സംഘം സ്ത്രീസുരക്ഷാ ബോധവൽക്കരണവുമായി കണ്ണൂരിൽ നിന്ന് കശ്മീർ വരെ യാത്ര ചെയ്തിരുന്നു.

ആ യാത്രയുടെ അനുഭവസമ്പത്ത് കൂടിയായപ്പോൾ ഇത്തവണ ഇവർക്ക് രണ്ടാമതൊരു ആലോചന വേണ്ടി വന്നില്ല. പെരളശ്ശേരിയിലെയും പയ്യാമ്പലത്തെയും ജിംനേഷ്യങ്ങളിൽ നിന്നുള്ള സുഹൃദ് കൂട്ടായ്മ അതിനുമപ്പുറത്തേക്കും വ്യാപിപ്പിച്ചു. കശ്മീർ യാത്രയെക്കുറിച്ച് കേട്ടറിഞ്ഞ ഒരുപാട് ആളുകൾ ഇവരെ തേടിയെത്തി. പലരും ബെംഗളൂരുവിലും മറ്റും ഐടി, ബിസിനസ് മേഖലകളിലുള്ളവരും വിദ്യാർഥികളുമാണ്. എല്ലാവരും 29 വയസ്സിൽ താഴെയുള്ളവർ. ജൂൺ അഞ്ചിന് തുടങ്ങുന്ന യാത്രയിലുടനീളം സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ ഭാഷകളിൽ അച്ചടിച്ച ലഘുലേഖകൾ ഇവർ വിതരണം ചെയ്യുകയും ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്യും.

ഈ യാത്രയ്ക്കു വേണ്ടി മാത്രം ബുള്ളറ്റ് വാങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. റോയൽ എൻഫീൽഡിന്റെ ക്ലാസിക് ഒൻപതെണ്ണം, തണ്ടർ ബേഡ്‌‌‌‌‌‌‌‌‌‌ രണ്ടെണ്ണം, സ്റ്റാൻഡേർഡ് ഒന്ന് എന്നിങ്ങനെയാണ് മോഡലുകളും എണ്ണവും. കണ്ണൂർ ടൗൺ സ്ക്വയറിൽ നിന്ന് പി.കെ.ശ്രീമതി എംപി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ യാത്രയ്ക്ക് തുടക്കമാവും. യാത്ര തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുൻപു തന്നെ എല്ലാവരും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന അവധിയെടുത്ത് കണ്ണൂരിലെത്തി അവസാനവട്ട തയാറെടുപ്പുകൾ നടത്തുകയാണ്. ബൈക്കുകൾ സർവീസ് ചെയ്ത് കുട്ടപ്പനാക്കി, ടയറുകൾ മാറി, പുറകിൽ ക്യാരിയറും ബാക്ക് റെസ്റ്റും മുന്നിൽ വെള്ളം കരുതാനുള്ള പ്രത്യേക സംവിധാനവും ഘടിപ്പിച്ചു.

ടൂൾ ബോക്സും, സ്പെയർ പാർട്സും സജ്ജമാക്കി. സാധനങ്ങൾ സൂക്ഷിക്കാനുള്ള ടൂ സൈഡ് സാഡിൽ ബാഗിന് വിപണിയിൽ വിലക്കൂടുതൽ ആയതിനാൽ ഇത്തവണ അവ സ്വന്തമായി ഉണ്ടാക്കിയെടുത്തു. യാത്രയിൽ ഉടനീളം പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ചിട്ടവട്ടങ്ങളെക്കുറിച്ചും വ്യക്തമായ അവബോധം നൽകി. മത്സരയോട്ടം എന്നൊരു സംഗതി ഇവരുടെ നിഘണ്ടുവിലില്ല. ഗ്രൂപ്പ് റൈഡിങ്ങിനു പോകുമ്പോൾ എല്ലാവരും ഒരേ വേഗത്തിൽ പോകേണ്ടത് പ്രധാനമാണ്. കേരളമുൾപ്പെടെ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും എട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമാണ് ഇവർക്ക് മറികടക്കേണ്ടത്. കഴിഞ്ഞ യാത്രയിലെ മധുരിക്കുന്ന ഓർമകൾ കൂട്ടിനുള്ളതുകൊണ്ട് ടെൻഷനേയില്ല.

അന്ന് പഞ്ചാബിലെത്തിയപ്പോൾ വാഹനങ്ങളുടെ കണ്ടീഷൻ അൽപം മോശമായിരുന്നു, എന്നാൽ ആ നാട്ടുകാർ ഇവരെ സ്വീകരിച്ച് ഭക്ഷണവും താമസസൗകര്യവും നൽകി വരുടെ സർവീസിങ് സെന്ററുകളിൽ വണ്ടി റെഡിയാക്കി കൊടുക്കുകയും ചെയ്തു. പണം വച്ചു നീട്ടിയപ്പോൾ ആതിഥേയത്വം തങ്ങളുടെ രക്തത്തിലുള്ളതാണെന്നു പറഞ്ഞ് പണം സന്തോഷപൂർവം നിരസിച്ചത് ഇപ്പോഴും ഇവരുടെ ഓർമകളിൽ പൂവിട്ടു നിൽക്കുന്നുണ്ട്. ത്രിൽ നഷ്ടപ്പെടാതിരിക്കാനായി പോകുന്ന വഴികളിലൊന്നും താമസിക്കാനുള്ള ഇടം നേരത്തേ കണ്ടുവച്ചിട്ടില്ല. അപ്രതീക്ഷിതമായ അനുഭവങ്ങളാണല്ലോ യാത്രയുടെ ലഹരി. ആദ്യദിവസം മൈസൂരു വഴി ബെംഗളൂരുവിലെത്തും.

ഹൈദരാബാദ്, നാഗരൂപ്‍, വാരാണസി, സിലിഗുരി, സിക്കിം, ഗുവാഹത്തി, മേഘാലയ വഴി തവാങ്ങിലെത്തും. പോകുന്ന സ്ഥലങ്ങളിലെ താപനില തീർത്തും വ്യത്യസ്തമാണ്. നാഗ്പുരിൽ 46 ഡിഗ്രി സെൽഷ്യസ് എങ്കിൽ വാരാണസിയിലെത്തുമ്പോൾ അത് 32 ഡിഗ്രിയാവും. ഡാർ‍ജിലിങ്‌‌‌‌‌‌‌‌‌‌ കടക്കുമ്പോൾ 13 ഡിഗ്രിയായി കുറയുന്ന താപനില തവാങ്ങിലെത്തുമ്പോൾ ആറു ഡിഗ്രി വരെയെത്താം. മാറുന്ന കാലാവസ്ഥാ രീതികൾ നേരിടാനുള്ള സന്നാഹങ്ങളും ഇവർ തയാറാക്കിയിട്ടുണ്ട്. പെരളശ്ശേരി ഫോക്കസ് ജിമ്മിലെ ട്രെയിനറായ വിനേഷാണ് ടീം ലീഡർ. അനുരാജ്, കാർത്തിക്, സുഗീത്, ആകാശ്, വിവിൻ, യശ്വന്ത്, ഹേമന്ത്, അനൂപ്, പ്രദീപ്, ബിപിൻ, ഷംജിത്ത്, റഷാദ്, സിറാജ്, ആദർശ്, അഭി, ഷാനു, വിജേഷ്, ഷിജോ എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ. യാത്രയുടെ പ്രചാരണാർഥം പെരളശ്ശേരിയിൽ നിന്ന് പയ്യാമ്പലം വരെ ബൈക്ക് റാലിയും ഇവർ സംഘടിപ്പിച്ചു. ബുള്ളറ്റിന്റെ ഇരമ്പലുകളാവും ഇനിയുള്ള നാളുകളിൽ ഇവരുടെ മനസ്സു നിറയെ!

ബൈക്കിൽ യാത്ര പോകുന്നവർക്കുള്ള നിർദ്ദേശങ്ങൾ

ലീഡർ∙ നിലവിലുള്ള ഇന്ധനം ഉപയോഗിച്ച് എത്ര ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് വ്യക്തമായി അറിയണം. യാത്ര തുടങ്ങുമ്പോൾ ഇന്ധനം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും ലീഡറുടെ ചുമതലയാണ്. പുതിയ അംഗങ്ങൾ ചേർന്നാൽ യാത്രയുടെ നിയമങ്ങൾ പഠിപ്പിച്ചുകൊടുക്കണം.

സ്വീപ്പർ∙ റാലിയുടെ ഏറ്റവും പിന്നിൽ പോകുന്നയാൾ. എല്ലാവരും റാലിയിൽ ഉണ്ടെന്ന് ഉറപ്പാക്കണം. മുന്നിൽ പോകുന്നവരുടെ ബൈക്കിലെ ലഗേജുകൾ താഴെ പോകുന്നത് ശ്രദ്ധിക്കേണ്ടതും സ്വീപ്പറുടെ ചുമതലയാണ്.

യാത്രയ്ക്കിടയിലെ ഇടവേളകളിൽ ഉപയോഗിക്കാനായി ഡ്രൈ ഫ്രൂട്ട്സും നട്ട്സും കരുതാവുന്നതാണ്. ഇവ സിപ്പ്–ലോക്ക് ബാഗുകളിൽ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ബൈക്കിന്റെ മുന്നിലോ പുറകിലോ ധാരാളം വെള്ളം സൂക്ഷിക്കാവുന്ന ക്യാനിനുള്ള സ്ഥലം കണ്ടെത്തുക. യാത്രക്കിടയിൽ ഇവ നിറയ്ക്കാനും ശ്രദ്ധിക്കുക.

ടയർ, ഓയിൽ ലവൽ, കൂളന്റ്, ബ്രേക്ക് പാഡ് ലെവൽ, ട്രാൻസ്മിഷൻ ചെയിൻ, വീൽ ബേറിങ്, ക്ലച്ച് കേബിൾ, ഓടോമീറ്റർ കേബിൾ, ഹെഡ് ലൈറ്റ് എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുക.

പവർ ബാങ്ക്കരുതുക.

അച്ചടിച്ച മാപ്പുകൾ യാത്രയ്ക്കിടയിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ ഫോണിൽ മാപ്പ് സ്കാൻ ചെയ്ത് സൂക്ഷിക്കാം.

യാത്ര പോകുന്ന സ്ഥലങ്ങളിൽ പ്രത്യേക അനുമതി ആവശ്യമെങ്കിൽ അവ മുൻകൂർ തയാറാക്കുക.

Your Rating: