Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസലിന് മറുമരുന്ന് സിഎൻജി

cng

വായുവിൽ കലരുന്ന വിഷപ്പുകയൊഴിവാക്കാൻ ലക്ഷ്യമിട്ടാണു ദേശീയ ഹരിത ട്രൈബ്യൂണൽ പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കു വിവിധ നഗരങ്ങളിൽ പൂട്ടിട്ടത്; കേരളത്തിന്റെ മഹാനഗരമായ കൊച്ചി ഉൾപ്പെടെ. പരിസ്ഥിതി സംരക്ഷണമെന്ന സദുദ്ദേശ്യത്തെ സ്വാഗതം ചെയ്യുന്നവർക്കു പോലും പക്ഷേ, മിന്നൽ വിലക്കിന്റെ ആഘാതത്തെ കണ്ടില്ലെന്നു നടിക്കുക പ്രയാസം. വിശദമായ പഠനത്തിനുശേഷം, മതിയായ സമയം നൽകി വേണമായിരുന്നു നിരോധനമെന്നു കരുതുന്നവരാണു കൂടുതലും. എങ്കിലും, ഇന്നല്ലെങ്കിൽ നാളെ പരിസ്ഥിതിക്കു ദോഷകരമാകുന്ന വാഹന ഇന്ധനങ്ങൾ ഒഴിവായേ തീരുവെന്നതു യാഥാർഥ്യം. അപ്പോൾ, എന്താകും ബദൽ ഇന്ധനം? പരിസ്ഥിതി സൗഹൃദ ഇന്ധനമായ സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) തന്നെയാകും ഭാവിയുടെ വാഹന ഇന്ധനം.

കൊച്ചിയിൽ നാച്ചുറൽ ഗ്യാസ് അഥവാ പ്രകൃതി വാതകം ലഭ്യമായിത്തുടങ്ങിയിട്ടു നാളേറെയായി. പുതുവൈപ്പിലെ എൽഎൻജി ടെർമിനലിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം ഫാക്ടും ബിപിസിഎൽ കൊച്ചി റിഫൈനറിയും ഉൾപ്പെടെ നഗര ചുറ്റുവട്ടത്തെ വ്യവസായശാലകളിൽ ഇന്ധനമായി ഉപയോഗിക്കുന്നുമുണ്ട്. ഇതേ പ്രകൃതി വാതകം പൈപ്പുകളിലൂടെ കളമശേരിയിലെ പല അടുക്കളകളിലും പാചക വാതകമായും (പിഎൻജി) എത്തുന്നു. പ്രകൃതി വാതകം വാഹന ഇന്ധനമായി ഉപയോഗിക്കാനുള്ള വലിയ സാധ്യത പക്ഷേ, ഇപ്പോഴും കടലാസിൽ മാത്രം. നാലു വർഷത്തിനിടെ, വിശാല കൊച്ചി മേഖലയിൽ മാത്രം റജിസ്റ്റർ ചെയ്ത ഡീസൽ വാഹനങ്ങളുടെ എണ്ണം മുപ്പത്തയ്യായിരത്തിലേറെയാണെന്നു കൂടി ഓർക്കാം.

cng CNG

കെഎസ്ആർടിസി പണ്ടേ തയാർ

കെഎസ്ആർടിസി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സിഎൻജി ഇന്ധനമായി ഉപയോഗിക്കണമെന്ന നിർദേശം സമർപ്പിച്ചിട്ടു വർഷം ഏഴായി. സിഎൻജിയിലേക്കു മാറാൻ ഒരുക്കമാണെന്നാണു കെഎസ്ആർടിസിയുടെ നിലപാടും. പക്ഷേ, സിഎൻജി ലഭ്യതയില്ലാതെ എന്തു ചെയ്യാനാകും എന്ന ചോദ്യമാണു കെഎസ്ആർടിസി മാനേജ്മെന്റിന്റേത്.‘കേരളത്തിൽ എവിടെയും സിഎൻജി ഡിസ്പെൻസർ (സ്റ്റേഷൻ) യൂണിറ്റില്ല. സിഎൻജിയിൽ പ്രവർത്തിക്കുന്ന ബസുകൾ വാങ്ങാൻ തയാറാണ്. പക്ഷേ, ഒരു വർഷമെങ്കിലും കഴിയാതെ സിഎൻജി ഡിസ്പെൻസറുകൾ ആരംഭിക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. കൊച്ചിയിൽ സിറ്റി ഗ്യാസ് വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണു ചുമതല. ഇന്ധന ലഭ്യത ഉറപ്പാക്കിയാൽ സിഎൻജിയിലേക്കു മാറാൻ തയാറാണ്. ഇന്ധനം ലഭിക്കാതെ സിഎൻജി ബസ് വാങ്ങിയിട്ടു കാര്യമില്ലല്ലോ’ - കെഎസ്ആർടിസി എംഡി ആന്റണി ചാക്കോയുടെ വിശദീകരണം.

cng-hybrid-bus CNG Hybrid Bus

സിഎൻജിക്കു ഡീസലിനേക്കാൾ വില കുറവായതിനാൽ കെഎസ്ആർടിസിയുടെ പ്രവർത്തനച്ചെലവു ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണു കരുതപ്പെടുന്നത്. ആകെയുള്ള ആറായിരത്തിലേറെ ബസുകളിൽ മൂന്നിലൊന്നും സിഎൻജിയിലേക്കു മാറ്റുന്നതിനു 2009ൽ തന്നെ കെഎസ്ആർടിസി സർക്കാരിനു പദ്ധതി സമർപ്പിച്ചിരുന്നു.സിഎൻജിയിലേക്കു മാറുന്നതിനുള്ള സാങ്കേതിക നവീകരണത്തിനായി (കൺവേർഷൻ) ഒരു ബസിന് അഞ്ചു ലക്ഷം രൂപയെങ്കിലും ചെലവാകും. തുടക്കമായി 515 ബസുകൾ സിഎൻജിയിലേക്കു മാറ്റുന്നതിന് ഏകദേശം 26 കോടി രൂപ വേണ്ടിവരും. സിഎൻജി മാറ്റത്തിനു 100 കോടി രൂപ അനുവദിക്കുമെന്നു 2014ൽ സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും അതിനപ്പുറം പോയില്ല. പിന്നീടാണു പഴയ ഡീസൽ എൻജിൻ നവീകരണത്തിനു പകരം പുതിയ സിഎൻജി ബസുകൾ വാങ്ങുകയാണ് ഉചിതമെന്ന നിലപാടിലേക്കു കെഎസ്ആർടിസി എത്തിയത്.

പ്രധാന തടസ്സം ഫില്ലിങ് സ്റ്റേഷൻ ഇല്ലാത്തത്

സിഎൻജി വ്യാപകമാക്കുന്നതിനുള്ള പ്രധാന തടസ്സം ഇന്ധനം ലഭ്യമാക്കുന്ന ഫില്ലിങ് സ്റ്റേഷനുകൾ ഇല്ലാത്തതു തന്നെ. ആലുവയിലെ കെഎസ്ആർടിസി റീജനൽ വർക്‌ഷോപ്പിനോടു ചേർന്നു സിഎൻജി സ്റ്റേഷൻ നിർമിക്കാൻ ആലോചിച്ചിരുന്നെങ്കിലും മുന്നോട്ടു പോയില്ല. കായംകുളം എൻടിപിസിയിലേക്കും പാലക്കാട്-മംഗലാപുരം മേഖലയിലേക്കും പ്രകൃതി വാതക പൈപ് ലൈൻ സ്ഥാപിക്കുകയും സിഎൻജി ഫില്ലിങ് സ്റ്റേഷനുകൾ തുറക്കുകയും ചെയ്താൽ കെഎസ്ആർടിസിക്കു സിഎൻജിയിലേക്കു മാറാൻ കഴിയും.പക്ഷേ, വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന നടപടികൾ എങ്ങുമെത്താത്തതിനാൽ വാതകം റോഡ് മാർഗം ഫില്ലിങ് സ്റ്റേഷനുകളിൽ എത്തിക്കാനുള്ള സാധ്യത പരിശോധിക്കണം.

Your Rating: