Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനം കത്തിയാൽ ആദ്യമെത്തണം!

airport-fire-engine തീ കെടുത്താനായി ട്രക്കിന്റെ ബംപറിൽനിന്നും ബോഡിയിൽനിന്നും ഒരേസമയം വെള്ളവും ഫോമും ഡ്രൈ കെമിക്കൽ പൗഡറും അപ്ലൈ ചെയ്യാനാകുന്ന അത്യാധുനിക ക്രാഷ് ഫയർ ട്രക്കുകൾ (സിഎഫ്ടി). ചിത്രങ്ങൾ: റോബർട്ട് വിനോദ്

വിമാനത്താവളങ്ങളിൽ മുന്നറിയിപ്പില്ലാതെ അപകടമുണ്ടാകുമ്പോൾ അവിടേക്ക് ആദ്യമെത്തുക എന്നതിലാണു കാര്യം. പ്രീ ബേൺ ടൈം അഥവാ വിമാനം കത്തിത്തുടങ്ങുന്നതിനു മുൻപുള്ള സമയമാണു പ്രധാനം. കത്തിപ്പടരുന്നതിനു മുൻപു തീയണച്ചു തുടങ്ങണം. അതിന് ആശയവിനിമയ സംവിധാനം നന്നായിരുന്നാൽ മാത്രം പോരാ, വാഹനത്തിനു വേഗവും വേണം. ഇക്കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഒന്നാംസ്ഥാനത്താണു കൊച്ചി വിമാനത്താവളം.

Crash Fire Truck at Cochin International Airport | Manorama Online

തീപിടിക്കുന്ന വസ്തുവിന്റെ സ്വഭാവമനുസരിച്ചുവേണം കെടുത്താനുള്ള മാർഗങ്ങളും. ഉദാഹരണത്തിന്, കാർബൺ വമിപ്പിക്കുന്ന വസ്തുവാണെങ്കിൽ വെള്ളമാണു വേണ്ടത്. ഇന്ധനമാണു കത്തുന്നതെങ്കിൽ ഫോം അല്ലെങ്കിൽ ഡ്രൈ കെമിക്കൽ പൗഡർ ഉപയോഗിക്കണം. ഇതു മൂന്നും കൂടി ഒരുമിച്ചു പ്രയോഗിക്കേണ്ടിവന്നാലോ? കൊച്ചി വിമാനത്താവളത്തിൽ അതിനും സംവിധാനമുണ്ട്.

airport-fire-engine-2

ആധുനികം കെട്ടിലും മട്ടിലും

രണ്ട് അത്യാധുനിക ക്രാഷ് ഫയർ ട്രക്ക് (സിഎഫ്ടി) ഉൾപ്പെടെ ഏഴു വാഹനങ്ങളാണ് അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിലുള്ളതു നാലെണ്ണം മാത്രം. കൊച്ചിയിലുള്ള ഏഴിൽ നാലെണ്ണം 1999ൽ വാങ്ങിയതാണ്. ഒരെണ്ണം 2005ൽ വാങ്ങി. 2014–ലാണ് ആധുനിക സജ്ജീകരണങ്ങളുള്ള രണ്ടു വാഹനങ്ങളെത്തിയത്. ആറരക്കോടി രൂപയാണ് ഒന്നിനു വില. ജർമൻ സാങ്കേതിക വിദ്യയിലുള്ള ഇറ്റാലിയൻ നിർമിത ട്രക്കാണിത്. ഇകോ മാഗ്‌രസ് ഡ്രാഗൺ എക്സ് 6. ഇന്ത്യയിൽ ഈ മോഡൽ ട്രക്ക് ഉപയോഗിക്കുന്നതു കൊച്ചി വിമാനത്താവളത്തിൽ മാത്രം.

വേഗമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടുതന്നെ അപകട സ്ഥലത്ത് ആദ്യമെത്തുകയെന്ന കാര്യത്തിൽ ഇതിനെ വെല്ലാൻ തൽക്കാലം മറ്റാരുമില്ല. പൂജ്യത്തിൽ നിന്നു മണിക്കൂറിൽ 80 കിലോമീറ്റർ എന്ന വേഗത്തിലെത്താൻ 40 സെക്കൻഡ് എന്നതാണ് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡം. എന്നാൽ ഈ ട്രക്ക് 21 സെക്കൻഡിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കും. നിലവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന ട്രക്ക് 30 സെക്കൻഡ് സമയമെടുക്കുമ്പോഴാണ് ഇവിടെ ഈ വേഗം. തിരുവനന്തപുരത്ത് ഉപയോഗിക്കുന്ന ട്രക്കിന്റെ എൻജിൻ ക്ഷമത 700 എച്ച്പി മാത്രമുള്ളപ്പോൾ ഇവിടെ ഇത് 1080 എച്ച്പിയാണ്.

airport-fire-engine-1

തീ കെടുത്താനായി ട്രക്കിന്റെ ബംപറിൽ നിന്നും ബോഡിയിൽ നിന്നും ഒരേസമയം വെള്ളവും ഫോമും ഡ്രൈ കെമിക്കൽ പൗഡറും ചീറ്റിക്കാനാകും. കാറ്റഗറി ഒൻപതിനെ സംബന്ധിച്ച് ഒരേസമയം 24,300 ലീറ്റർ വെള്ളം ടാങ്കിലുണ്ടാകണമെന്നും മൂന്നു ട്രക്കുകൾ പ്രവർത്തിക്കണമെന്നുമാണു രാജ്യാന്തര മാനദണ്ഡം. എന്നാൽ കൊച്ചിയിൽ ഒരു ഡ്രാഗൺ എക്സ് 6ൽ മാത്രം 12,500 ലീറ്റർ വെള്ളം നിറയ്ക്കാനാകും. ഏഴു ട്രക്കുകൾ ഒരേസമയം പ്രവർത്തന സജ്ജമാണ്. ഉയർന്ന സാന്ദ്രതയുള്ള ഫോം ആണു കൊച്ചി വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്. രണ്ടു റീഫിൽ വേണമെന്നുള്ളിടത്ത് ഇവിടെ നാലു റീഫിൽ ഒരേസമയമുണ്ടാകും.എല്ലാ ലാൻഡിങ് സമയത്തും എആർഎഫ്എഫ് ടീം റൺവേയ്ക്കു സമീപം ഉണ്ടാകണമെന്നു രാജ്യാന്തര മാനദണ്ഡം നിഷ്കർഷിക്കുന്നില്ല. എന്നാൽ, കൊച്ചിയിൽ ഒരു ട്രക്ക് സുസജ്ജമായി എല്ലാ ലാൻഡിങ് സമയത്തും റൺവേയ്ക്കു സമീപമുണ്ടാകുമെന്ന് എആർഎഫ്എഫ് സീനിയർ മാനേജർ സോജൻ കോശി പറഞ്ഞു. മൂന്ന് ആംബുലൻസ് നിർബന്ധമുള്ളിടത്ത് ഇവിടെ നാലെണ്ണമുണ്ട്.

സജ്ജരായി എമർജൻസി റസ്പോൺസ് ടീം

വിമാനത്താവളത്തിലെ രക്ഷാപ്രവർത്തനം എആർഎഫ്എഫ് ടീമിന്റെ പൂർണ ഉത്തരവാദിത്തമാണെങ്കിലും അടിയന്തര ഘട്ടത്തിലെ രക്ഷാപ്രവർത്തനത്തിനു സഹായകരമായി ഒരു എമർജൻസി റസ്പോൺസ് ടീം സിയാലിനുണ്ട്. പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് ഈ ടീമിലുള്ളത്. അപകടമേഖലയ്ക്കു പുറത്താണ് ഇവരുടെ ജോലി. അപകടം സംഭവിച്ച മേഖലയെ സോൺ ഒന്ന് ആയാണു തരംതിരിക്കുന്നത്. സോൺ ഒന്നിൽ എആർഎഫ്എഫ് ടീം മാത്രമേയുണ്ടാകൂ. ഇവിടെ നിന്നു പരുക്കേറ്റവരെ മാറ്റുന്ന സോണിലാണ് എമർജൻസി റസ്പോൺസ് ടീം എന്ന നിലയ്ക്ക് ഓരോ ജീവനക്കാരനും വൊളന്റിയർ ആയി രംഗത്തിറങ്ങുക.അപകടമുണ്ടായാൽ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റേണ്ട മുൻഗണനാക്രമവും നിശ്ചയിച്ചിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റവർക്കും പരുക്കേറ്റവർക്കുമാണ് ആദ്യ പരിഗണന. ഇതു സൂചിപ്പിക്കുന്ന ടാഗ് ഇവരുടെ ദേഹത്ത് ഇടും. ഈ ടാഗ് നോക്കി വൊളന്റിയർക്കു പ്രവർത്തിക്കാനാകും.

വിമാനത്തെയും രക്ഷപ്പെടുത്തും

ഇത്രയും സുസജ്ജമായ ഡിസേബിൾഡ് എയർക്രാഫ്റ്റ് റിക്കവറി ടീം അഥവാ ഡാർട്ട് ഉള്ള മറ്റൊരു വിമാനത്താവളം രാജ്യത്തില്ല. യന്ത്രത്തകരാർ മൂലം വിമാനം റൺവേയിലോ, പരിസരത്തോ കേടുപറ്റി കിടക്കുമ്പോഴാണു ഡാർട്ട് ടീമിന്റെ ഇടപെടലുണ്ടാവുക. കേടു പറ്റിക്കിടക്കുന്ന വിമാനം നീക്കാനുള്ള കാലതാമസം മൂലം റൺവേ ഏറെ നേരം അടച്ചിടേണ്ട അവസ്ഥ നേരത്തേയുണ്ടായിരുന്നു. ഇതിനു പരിഹാരമായാണു ഡാർട്ട് രൂപീകരിച്ചത്.തകരാറിലായ വിമാനത്തെ വലിച്ചു കൊണ്ടുപോകുന്നതിനുള്ള ഡിബോഗിങ് കിറ്റ്, ചെളിയിൽ നിന്ന് ഉയർത്താനുള്ള എയർക്രാഫ്റ്റ് ടെതറിങ് എക്യുപ്മെന്റ് എന്നിവയുൾപ്പെടെ ഏഴേകാൽ കോടി രൂപയുടെ ഉപകരണങ്ങൾ അടുത്തിടെ ലഭ്യമാക്കിയിട്ടുണ്ട്. ജർമനി, നെതർലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളും ജർമനിയിൽ നിന്നു നേടിയ പരിശീലനവുമായാണ് ഡാർട്ടിന്റെ പ്രവർത്തനം.