Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനമോടിക്കുമ്പോൾ കരുതാം ഈ രേഖകൾ

rc-book

പലപ്പോഴും പൊലീസ് പരിശോധനയെ പഴിക്കുന്നവരാണ് നാം. ഒരിക്കലെങ്കിലും റോഡിൽ നടക്കുന്ന പൊലീസ് പരിശോധന നേരിടാത്തവർ കുറവായിരിക്കും. പലപ്പോഴും ഇത്തരം പരിശോധന നടക്കുമ്പോഴാണ് വാഹനത്തിലെ രേഖകളെപ്പറ്റി നാം ചിന്തിക്കാറ്. പലരും വാഹനത്തിന്റെ രേഖകൾ കൊണ്ടു നടക്കാറില്ല, എന്നാൽ ചിലർക്ക് ഏതൊക്കെ രേഖകളാണ് വാഹനത്തിൽ സൂക്ഷിക്കേണ്ടതെന്ന് അറിയുകയുമില്ല. വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ചില രേഖകളുണ്ട്.

വാഹനത്തിന്റെ രജിട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് (ഒരു വർഷത്തിൽ അധികം പഴക്കമുള്ള വാഹനങ്ങൾക്ക്), ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വാഹനം ഓടിക്കുന്ന ആളുടെ ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് ഒരു വാഹനത്തിൽ നിർബന്ധമായും വേണ്ടത്. ട്രാൻസ്പോർട്ട് വാഹനമാണെങ്കിൽ ഓടിക്കുന്ന ആൾക്ക് ട്രാൻസ്പോർട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജും ഉണ്ടായിരിക്കും. കൂടാതെ ലേണേഴ്സ് പതിച്ച വാഹനമാണെങ്കിൽ വാഹനമോടിക്കുന്നയാൾക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസ് വേണം. ഒപ്പം ‍ഡ്രൈവിങ് ലൈസൻസുള്ള ഒരാൾ സഹായിക്കാൻ ഉണ്ടായിരിക്കണം.

പുതിയ വാഹനമാണെങ്കിൽ മുപ്പത് ദിവസത്തിനകം റെജിസ്റ്റർ ചെയ്യണം എന്നാണ് നിയമം. താൽക്കാലിക റെജിസ്ട്രേഷനിലുള്ള വാഹനമാണെങ്കിൽ ടെമ്പററി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ടാക്സ് സർട്ടിഫിക്കറ്റ് എന്നിവ കരുതണം. യുണിഫോമിലൂള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്റ്ററോ അതിനു മുകളിലോ ഉള്ള ഉദ്ദ്യോഗസ്ഥൻ) ആവശ്യപ്പെട്ടാൽ വാഹനം നിർത്താനും രേഖകൾ പരിശോധനയ്ക്ക് നൽകാനും ഡ്രൈവർ ബാധ്യസ്ഥനാണ്. വാഹനം നിർത്തിയാൽ പൊലീസ് ഓഫീസർ വാഹനത്തിന്റെ അടുത്തുചെന്ന് രേഖകൾ പരിശോധിക്കണം എന്നാണ് നിയമം. ഇനി യഥാർത്ഥ രേഖകൾ കൈവശമില്ലെങ്കിൽ രേഖകളുടെ അറ്റസ്റ്റഡ് പതിപ്പ് ആയാലും മതി. അതുമല്ലെങ്കിൽ 15 ദിവസത്തിന് അകം രേഖകൾ ഹാജരാക്കിയാൽ മതി പക്ഷെ ഡ്രൈവിങ് ലൈസൻസ് കൈവശമുണ്ടായിരിക്കണമെന്നു മാത്രം.