Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്വായുധം ചെറുക്കും എയർഫോഴ്സ് വൺ, സ്വർണം പൂശിയ ട്രംഫ് വൺ

trumph1-force1 Air Force One & Trump Force One

അമേരിക്കൻ ഐക്യനാടുകളുടെ 36-ാമത് രാഷ്ട്രത്തലവനായി തിരഞ്ഞെടുത്ത ട്രംപ് ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളാണ്. അമേരിക്കയുടെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരനായ പ്രസിഡന്റുമാരിൽ ഒരാളാണ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വിലപിടിച്ച പ്രൈവറ്റ് ജെറ്റുകളിലൊന്ന് സ്വന്തമായുള്ള വ്യക്തിയാണ് ട്രംപ്. അദ്ദേഹം തന്റെ ഔദ്യോഗിക വിമാനത്തിലെ ആദ്യ യാത്ര നടത്തിക്കഴിഞ്ഞു. മികച്ച വിമാനമാണിത് എന്നാണ് എയർഫോഴ്സ് വണ്ണിനെക്കുറിച്ച് ട്രംപിന്റെ അഭിപ്രായം. എന്നാൽ തുടർന്നുള്ള യാത്രകളിൽ‌ ഈ ശതകോടിശ്വരൻ ഏത് വിമാനമായിരിക്കും ഉപയോഗിക്കുക. ട്രംപ് വൺ എന്ന ആഡംബരം സ്വകാര്യ വിമാനമോ അതോ ലോകത്തിൽ ഏറ്റവും സുരക്ഷിതമായ എയർഫോഴ്സ് വണ്ണോ?

എയർഫോഴ്സ് വൺ

1943 മുതലാണ് അമേരിക്കൻ പ്രസിഡന്റിന് സഞ്ചരിക്കാൻ പ്രത്യേക വിമാനം എന്ന ആശയം വന്നത്. അമ്പതുകളിൽ ബോയിങ് വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായി മാറി. 1953 ലാണ് എയർഫോഴ്സ് വൺ എന്ന പേര് ആദ്യമായി വരുന്നത്. പ്രസി‍ഡന്റിന്റെ വിമാനം പെെട്ടന്ന് തിരിച്ചറിയുന്നതിനുവേണ്ടിയാണ് ആ പേര് കൊടുത്തത്. നിലവിൽ അമേരിക്കൻ പ്രസിഡന്റിന് സഞ്ചരിക്കാൻ രണ്ട് ബോയിങ് 747-200ബി വിമാനങ്ങളുണ്ട്.

airforce-one Air Force One

പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള ആയുധങ്ങളും തോക്കുകളുമൊക്കെ ഈ പറക്കുന്ന വൈറ്റ് ഹൈസിലുണ്ട്. ഇലക്ട്രോ മാഗ്നറ്റിക്ക് തരംഗങ്ങളെ ചെറുക്കാൻ പാകത്തിലാണ് വിമാനത്തിന്റെ നിർമിതി. ഒരു കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉൾപ്പെട്ട പ്രസിഡന്റിനു വേണ്ടിയുള്ള പ്രത്യേക സ്യൂട്ട് മുറി, അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ, 87 ടെലിഫോൺ എന്നിവ എയർഫോഴ്സ് വണ്ണിലുണ്ട്. 100 പേര്‍ക്കാണ് ഈ വിമാനത്തിൽ സഞ്ചരിക്കാൻ കഴിയുക. മൂന്നു നിലയുള്ള ഈ വിമാനത്തിന് നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയുമുണ്ട്.

airforce-one2 Air Force One


വിമാനത്തിൽ സുരക്ഷയ്ക്കാണ് കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ യാത്രക്കിടയിൽ തന്നെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുള്ള വിമാനം ഏത് ഭീകരാക്രമണത്തെയും എന്തിന് ആണവായുധ ആക്രമണത്തെപ്പോലും ഫലപ്രദമായി പ്രതിരോധിക്കും. ശത്രുക്കളുടെ റഡാറിൽ പെടാതിരിക്കാനുള്ള സംവിധാനവും എയർഫോഴ്സ് വണ്ണിലുണ്ട്. മണിക്കൂറിൽ ഏകദേശം 1128 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കുന്ന ഈ വിമനത്തിന് 12550 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാനാകും. 325 ദശലക്ഷം ഡോളർ (ഏകദേശം 2200 കോടി) ആണ് വില.

trumph-force-one Trump Force One

ട്രംപ് ഫോഴ്സ് വൺ

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ട്രംപ് ഫോഴ്സ് വൺ എന്നാണ് സ്വകാര്യവിമാനത്തിന്റെ പേര്. ഏകദേശം 100 ദശലക്ഷം ഡോളർ (ഏകദേശം 681 കോടി) മുടക്കിയാണ് ട്രംപ് വിമാനം നിർമിച്ചിരിക്കുന്നത്. 224 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 757-200 എന്ന വിമാനമാണ് ട്രംപ് സ്വന്തം ആവശ്യത്തിനായി മോഡിഫൈ ചെയ്തത്. റോൾസ് റോയ്സ് എൻജിൻ ഘടിപ്പിച്ചിരിക്കുന്ന ട്രംപിന്റെ വിമാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചർ വിമാനങ്ങളിലൊന്നാണ്. 43 പേർക്കാണ് ട്രംപ് ഫോഴ്സ് വണ്ണിൽ സഞ്ചരിക്കാൻ സാധിക്കുക.

trumph-force-one-1 Trump Force One

പറക്കുന്ന കൊട്ടാരമാണ് ട്രംപ് ഫോഴ്സ് വൺ‌. കിടപ്പുമുറി, ഡൈനിങ് റൂം, ഗസ്റ്റ് റൂം, ഓഫീസ് റൂം എന്നിവയുണ്ട് ഈ വിമാനത്തിൽ. 24 കാരറ്റ് സ്വർണ്ണം പൂശിയ സീറ്റ് ബെൽറ്റുകളാണ് വിമാനത്തിൽ. ട്രംപിന്റെ സ്വകാര്യ മുറി സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ബാത്ത് റൂമിലെ പൈപ്പുകളും വാഷ്ബെയ്സിനുമെല്ലാം സ്വർണ്ണംകൊണ്ട് നിർമ്മിച്ചവയാണ്. സിനിമ കാണുന്നതിനായി 1000 സിനിമകൾ വരെ സ്റ്റോർ ചെയ്യാവുന്ന എന്റർടെൻമെന്റ് സിസ്റ്റവും 57 ഇഞ്ച് സ്ക്രീനുമുണ്ട്. ഹോളിവുഡിലെ തിയേറ്ററുകളെപ്പോലും കടത്തി വെട്ടുന്ന സൗണ്ട് സിസ്റ്റമാണ് വിമാനത്തിലുള്ളത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ 1991 ലാണ് ഈ വിമാനം നിർമ്മിക്കുന്നത്. 2011 ട്രംപ് അലനിൽ നിന്ന് വിമാനം വാങ്ങി സ്വന്തം താൽപര്യ പ്രകാരം മോഡിഫൈ ചെയ്യുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 900 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിന് ഒറ്റയടിക്ക് ഏകദേശം 7080 കിലോമീറ്റർ വരെ സഞ്ചരിക്കാം.