Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീറ്റിലിന് എഴുപത് വയസ്

beetle-3rd-gen Third Generation Beetle

ജനങ്ങളുടെ കാർ എന്ന വിളിപ്പേരിൽ ജർമനിയെ അടക്കിവാണ അഡോൾഫ് ഹിറ്റ്ലർ സാക്ഷാത്കരിച്ച ഫോക്സ്വാഗൻ ‘ബീറ്റിലി’ന്റെ ഉൽപ്പാദനത്തിന് 70 വയസ്. ‘കെ ഡി എഫ് — വാഗൻ’ എന്ന ഔദ്യോഗിക നാമത്തോടെ വുൾഫ്സ്ബർഗിലെ അസംബ്ലി ലൈനിൽ നിന്ന് നിരത്തിലെത്തിയ കാറിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 2.10 കോടി യൂണിറ്റ് പിന്നിട്ടെന്നാണു ഫോക്സ്വാഗന്റെ കണക്ക്. ‘ബീറ്റിലി’ന്റെ അരങ്ങേറ്റം പക്ഷേ അത്രയൊന്നും വർണാഭമായിരുന്നില്ല. ‘ഫോക്സ്വാഗൻ ടൈപ് വൺ’ എന്നു പേരിട്ട ആദ്യ ‘ബീറ്റിൽ’ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച 1945ലെ ക്രിസ്മസിനു ശേഷമാണു യാഥാർഥ്യമായത്. അവശേഷിക്കുന്ന ദിവസങ്ങൾക്കിടെ അക്കൊല്ലം ആകെ 55 കാറുകളാണു നിർമിച്ചത്. ലോകമഹായുദ്ധം അവസാനിക്കുമ്പോഴേക്ക് ‘ടൈപ് വണ്ണും’ അതിന്റെ മുൻഗാമികളുമൊക്കെയായി ഇത്തരത്തിൽപെട്ട 630 കാറുകൾ മാത്രമാണു കമ്പനി നിർമിച്ചത്. സാങ്കേതിക വൈദഗ്ധ്യത്തിലെ അപര്യാപ്തതകളും അസംസ്കൃത വസ്തു ലഭ്യതയിലെ പരിമിതികളുമൊക്കെയാണു വൻതോതിലുള്ള കാർ നിർമാണത്തിനു പ്രതിബന്ധമായത്. എങ്കിലും ബ്രിട്ടീഷ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ജനങ്ങൾക്കുള്ള പ്രതീക്ഷ ഏറെയായിരുന്നു.

x-default Second Generation Beetle

ജർമനിക്കായി പടക്കോപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന ശാലയോടാണ് കാർ നിർമാണത്തിനായി സ്ഥാപിച്ച ആധുനിക പ്ലാന്റിനെ സംയോജിപ്പിച്ചത്. എങ്കിലും ഫോക്സ്വാഗന്റെ ആസ്ഥാനമായി ഇന്നു ലോകം അറിയുന്ന വുൾഫ്സ്ബർഗിന്റെ തുടക്കമായിരുന്നു അത്. യുദ്ധാനന്തരം 1945 ഏപ്രിലിൽ കാർ നിർമാണശാല സ്ഥിതി ചെയ്യുന്ന പ്രദേശം യു എസ് സേനയുടെ നിയന്ത്രണത്തിലായി. ജൂണിൽ ആറായിരത്തോളം ജീവനക്കാരുള്ള ഫാക്ടറിയുടെ മേൽനോട്ടം ബ്രിട്ടീഷ് സൈനിക സർക്കാർ ഏറ്റെടുത്തു. സീനിയർ റസിഡന്റ് ഓഫിസറായി നിയമിതനായി രണ്ടു മാസത്തിനുള്ളിൽ ചെറുപ്പക്കാരനായ മേജർ ഇവാൻ ഹെഴ്സ്റ്റ്(29) 20,000 കാറുകൾക്കുള്ള ഓർഡർ നേടിയതാണു ‘ബീറ്റിൽ’ ചരിത്രത്തിലെ വഴിത്തിരിവ്. ഇതോടെ ശാലയുടെ പ്രവർത്തനം നിലയ്ക്കുമെന്നും തൊഴിൽ നഷ്ടപ്പെടുമെന്നുമൊക്കെയുള്ള ആശങ്കകൾക്കും വിരാമമായി. സഖ്യകക്ഷികളുടെ ഉപയോഗത്തിനും ഗ്രാമീണ മേഖലകളിൽ ആരോഗ്യ സേവനം ലഭ്യമാക്കാനുമായിരുന്നു ഇത്രയേറെ കാറുകൾ ആവശ്യപ്പെട്ടത്.

x-default Fourth Generation Beetle

ആറു മാസത്തിനു ശേഷം നവംബറിൽ വർക്സ് കൗൺസിലിലേക്കു നടന്ന തിരഞ്ഞെടുപ്പോടെയാണു ശാലയിൽ ജനാധിപത്യ രീതിയിൽ ജീവനക്കാർക്കു പങ്കാളിത്തം അനുവദിച്ചത്. ഇത്തരം പുരോഗതികൾക്കിടയിലും കാറിന്റെ 1946 — 47ൽ പ്രതിമാസ ഉൽപ്പാദനം 1,000 യൂണിറ്റായി തുടർന്നു. കറൻസി മേഖലയിലെ പരിഷ്കാരങ്ങളെ തുടർന്ന് 1948 ജൂണോടെയാണു വ്യക്തികൾ ‘ബീറ്റിൽ’ വാങ്ങാനെത്തി തുടങ്ങിയത്. ഫോക്സ്വാഗൻ ചരിത്രത്തിലെ ബ്രിട്ടീഷ് സ്വാധീനം ഇപ്പോഴും പ്രകടമാണ്. ഗുണമേന്മ ഉറപ്പാക്കാൻ സൈനിക മേഖലയിൽ പ്രവർത്തിക്കുന്ന ശാലയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ നിർമാണരീതികൾ അവതരിപ്പിച്ചതും ബ്രിട്ടീഷുകാരാണ്. കൂടാതെ വിൽപ്പനാന്തര സേവനത്തിനും ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കും അവർ ഏറെ പരിഗണനയും നൽകി. 1948 ആകുമ്പോഴേക്ക് ജർമനിയുടെ പശ്ചിമ മേഖലയിലടക്കം വിപുലമായ ഡീലർ ശൃംഖലയും സ്ഥാപിച്ചു.

beetle New Beetle

‘ബീറ്റിൽ’ കയറ്റുമതിക്ക് തുടക്കമാവുന്നത് 1948 ഒക്ടോബറിലാണ്; ഇതോടെ രാജ്യാന്തരതലത്തിലും കാറിന് ആരാധകരേറി. തുടർന്ന് 1949 ഒക്ടോബറിലാണു ഫോക്സ്വാഗൻവെർക്ക് ജി എം ബി എച്ച് കമ്പനി ജർമനിയുട പക്കലെത്തുന്നത്. യുദ്ധാനന്തര ജർമനിയിൽ ജനാധിപത്യവും സഞ്ചാരസ്വാതന്ത്യ്രവും വികസിപ്പിച്ചതിൽ ‘ബീറ്റിൽ’ നിർണായക പങ്കു വഹിച്ചെന്നാണു വിലയിരുത്തൽ. വിദേശ രാജ്യങ്ങളിൽ വിൽപ്പന വർധിച്ചതോടെ ജർമൻ വാഹന നിർമാണ വൈഭവത്തിന്റെ പ്രതീകവുമായി ‘ബീറ്റിൽ’ മാറി. എന്നാൽ പ്രായം പിടിമുറുക്കിയതോടെ ‘ബീറ്റിലി’ന്റെ സ്വീകാര്യതയ്ക്കു മങ്ങലേൽക്കുന്നുണ്ട്. 2003 ജൂലൈയിൽ ജർമനിക്കു പുറത്തുള്ള അവസാന ‘ബീറ്റിൽ’ ഉൽപ്പാദനകേന്ദ്രമായ മെക്സിക്കോയിലെ പ്യൂബ്ലയിൽ കാർ നിർമാണം നിർത്തി. മൊത്തം ഉൽപ്പാദനം 2.10 കോടി പിന്നിട്ടതോടെ സവിശേഷ ആകൃതിയുടെ പേരിൽ ‘മൂട്ട കാർ’ എന്ന ഓമനപ്പേര് സ്വന്തമാക്കിയ ‘ബീറ്റിൽ’ വാഹന ചരിത്രത്തിൽ ഇതിഹാസമാനങ്ങളും കൈവരിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.