Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകല്യങ്ങളെ മറന്ന് വിമാനം നിർമിക്കാൻ സജി

saji-aircraft Saji Xair

കേരളം കണ്ട അദ്ഭുതങ്ങളില്‍ ഒന്നായിരുന്നു സജി തോമസിന്റെ കണ്ടുപിടിത്തം. അംഗപരിമിതനായ യുവാവ് സ്വന്തമായി ഒരു വിമാനം നിര്‍മിച്ച് പറപ്പിച്ചിരിക്കുന്നു. തട്ടക്കുഴ സ്വദേശിയായ സജി തോമസ് വിമാനം നിർമിച്ചതിനു പിന്നിൽ ആരെയും ആവേശം കൊള്ളിക്കുന്ന, അതിലേറെ അദ്ഭുതപ്പെടുത്തുന്ന കഠിന പ്രയത്‌നങ്ങളുടെ കഥയുണ്ട്. സ്വന്തമായി വിമാനം നിര്‍മിച്ച് തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തിന് മുകളിലൂടെ പറപ്പിച്ച മൂകനും ബധിരനുമായ സജി എന്ന ഏഴാം ക്‌ളാസുകാരന്‍ ഇപ്പോള്‍ ആരോ എന്ന രാജ്യാന്തര വിമാന നിര്‍മാണക്കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. കമ്പനിയുടെ മുംബൈ ഓഫീസിലാണ് സജി ജോലിചെയ്യുക.

saji-aircraft-1 Saji Xair

കുട്ടിക്കാലത്ത് കണ്ട ഹെലികോപ്റ്ററാണ് തന്റെ ജീവിതം മാറ്റിമറച്ചത് എന്നാണ് സജി പറയുന്നത്. ചുറ്റുമുള്ള റബര്‍തോട്ടങ്ങളില്‍ മരുന്നു തളിക്കാന്‍ വന്നതായിരുന്നു അത്. യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ഭുതം കൊണ്ടിരുന്ന സജിയെ സംബന്ധിച്ച് ഹെലികോപ്റ്റര്‍ ഒരു മഹാത്ഭുതമായിരുന്നു. ആകാശത്തിലൂടെ തുമ്പിയെപ്പോലെ പറന്നുനടക്കുന്ന ആ അദ്ഭുതത്തെ തൊട്ടുനോക്കിയപ്പോള്‍ സജി കരുതിയിരിക്കണം നാളെ ഈ യന്ത്രവും താന്‍ കീഴടക്കുമെന്ന്.

saji-aircraft-3 Saji Xair

ആ ഹെലികോപ്റ്റര്‍ യാത്ര നല്‍കിയ ആനന്ദം സജിയെ മാറ്റിമറിച്ചു. പിന്നീട് വിമാനം എന്ന സ്വപ്നത്തിലേക്കായിരുന്നു സജിയുടെ യാത്രകള്‍. പക്ഷേ, വീട്ടിലെ കഠിനമായ സാഹചര്യങ്ങള്‍ ആഗ്രഹങ്ങള്‍ക്കു തടയിട്ടു. എന്തെങ്കിലും വരുമാനമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന അറിവ് സജിക്കുണ്ടായി. ടെലിവിഷൻ മെക്കാനിക്കായി സജി വരമാന മാർഗം കണ്ടെത്തി. ടെലിവിഷന്‍ റിപ്പയര്‍ ചെയ്ത് ഉപജീവനം കണ്ടുപിടിച്ചതിനോടൊപ്പം തന്നെ വിമാനം എന്ന സ്വപ്നവും സജിയുടെ ഉള്ളിലുണ്ടായിരുന്നു. ജോലി ചെയ്തു കിട്ടുന്ന തുകയില്‍ നിന്ന് ഒരു വിഹിതം അതിനു വേണ്ടി സജി മാറ്റിവച്ചു.

saji-aircraft-2 Saji Xair

അങ്ങനെയിരിക്കെ ഒരു ദിവസം വിമാനമെന്ന സ്വപ്നവും പേറി സജി നാടുവിട്ടു. മുംബൈയ്ക്കായിരുന്നു ആ യാത്ര. മുമ്പേ വെള്ളിയാമറ്റത്തു വച്ചു പരിചയപ്പെട്ട വൈമാനികരുടെ വിലാസം മാത്രമായിരുന്നു സജിയുടെ കൈയിലുണ്ടായിരുന്നത്. അന്നു റബര്‍തോട്ടത്തില്‍ വച്ചുകണ്ട മൂകനും ബധിരനുമായ പയ്യന്‍ തങ്ങളെത്തേടി വരുമെന്ന് ആ വൈമാനികര്‍ ഒരിക്കലും കരുതിയില്ല. അവര്‍ക്കു സന്തോഷമായി. സജിയുടെ ആഗ്രഹം പോലെ അവര്‍ മുംബൈയിലെ വിമാനകമ്പനികളിലൊക്കെ സജിയെ കൊണ്ടുപോയി. സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മിക്കണമെന്ന ആഗ്രഹം എഴുതിക്കൊടുക്കുമ്പോള്‍ അവര്‍ അതിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടു. വിമാനത്തെ സംബന്ധിച്ച് പുസ്തകങ്ങള്‍ കൊടുത്തു. യന്ത്രഭാഗങ്ങള്‍ വാങ്ങാന്‍ സഹായിച്ചു. ഇതിനകം പല ബാംഗൂര്‍ യാത്രകള്‍ നടത്തി. അങ്ങനെ സ്വപ്നങ്ങള്‍ക്കു ചിറകു കൊടുത്ത് സജി നാട്ടില്‍ തിരിച്ചെത്തി.

saji-aircraft-4 Saji Xair

പിന്നീട് പല കടമ്പകൾ കടന്നെങ്കിലും വിമാന നിർമാണം പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാല്‍ പണി പൂര്‍ത്തിയാവാത്ത തന്റെ സ്വപ്നത്തെ ഇച്ഛാശക്തി കൊണ്ടു കീഴടക്കാന്‍ ആ യുവാവ് മുന്നിട്ടിറങ്ങി. അങ്ങനെയാണ് വിങ് കമാന്‍ഡര്‍ എസ്. കെ. ജെ. നായരെ പരിചയപ്പെടുന്നത്. സജിയെക്കുറിച്ച് അറിഞ്ഞപ്പോള്‍, സജിയുടെ സ്വപ്നങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിനും ആവേശമായി. സജിയെ അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചു.

First Light weight aircraft by an Indian-Saji xair

എസ്. കെ. ജെ. നായരുടെ പിന്തുണയുണയോടും വര്‍ഷങ്ങള്‍ നീണ്ട കഠിനമായ ശ്രമത്തിനൊടുവിലാണ് സജിയുടെ ആ സ്വപ്നം സഫലമായത്. അന്ന് എസ്. കെ. ജെ. നായര്‍ സജിയുണ്ടാക്കിയ വിമാനം പറത്തിക്കാണിച്ചതുകൊണ്ടാണ് ലോകം സജി തോമസ് എന്ന ചെറുപ്പക്കാരന്റെ കണ്ടുപിടിത്തത്തെ അഭിനന്ദിച്ചത്. തൊടുപുഴയില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയ വിമാനം പിന്നീട് ലോറിയിലാക്കിയാണ് കന്യാകുമാരിയിലെ മണിമുത്താറിലേക്കു കൊണ്ടുപോയത്. തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തിന് മുകളിലൂടെ പറന്നതോടെ മൂകനും ബധിരനുമായ സജി എന്ന ഏഴാം ക്‌ളാസുകാരന്‍ ലോകത്തിന് തന്നെ അത്ഭുതമായി മാറി. 

Your Rating: