Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ അശ്രദ്ധയിൽ പൊലിഞ്ഞത് 520 ജീവൻ

jal-123 JAL 123

നിസാരമെന്ന് കരുതിയ അവഗണിച്ച ചെറിയൊരു കാര്യത്തില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനാപകടത്തിന്റെ പിറവി. ജാപ്പനീസ് എയർലൈനറിന്റെ ജെഎഎൽ123 എന്ന വിമാനത്തിനുണ്ടായ അപകടത്തിൽ മരിച്ചത് 520 പേർ. ലോകത്തിൽ ഏറ്റവും ആളുകൾ മരിച്ച വിമാനാപകടം രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചായിരുന്നെങ്കിൽ ജെഎഎൽ 123ന്റെ തകർച്ചയിലൂടെ പൊലിഞ്ഞത് 520 ആളുകളുടെ ജീവൻ.

509 യാത്രക്കാരും 15 ജീവനക്കാരുമടക്കം 524 പേരുമായിട്ടായിരുന്നു ടോക്കിയോ ഹനെഡ് വിമാനത്താവളത്തിൽ നിന്ന് വൈകുന്നേരം 6.12ന് ബോയിങ് 747 വിമാനം പറന്നുയർന്നത്. ലക്ഷ്യം ഒസാക്ക വിമാനത്താവളം. യാത്രക്കാരിൽ ഭൂരിഭാഗവും ജാപ്പനീസ് വംശജർ. മൂന്ന് ഇന്ത്യക്കാരുമുണ്ടായിരുന്നു വിമാനത്തിൽ. അവധി ആഘോഷിക്കാൻ പുറപ്പെട്ടവരായിരുന്നു ഒട്ടുമിക്ക യാത്രക്കാരും. ടോക്കിയോയിൽ നിന്ന് 400 കിലോമീറ്റർ ദൂരമുള്ള ഒസാക്കയിലേക്ക് ഏകദേശം ഒരു മണിക്കൂറിൽ എടുക്കുന്ന യാത്ര, പരിചയ സമ്പന്നരായ ക്യാപ്റ്റനും വിമാന ജീവനക്കാരും. എന്നാൽ വിമാനം പറന്നുയർന്ന് ഏകദേശം 12 മിനിറ്റിന് ശേഷം സംഗതികൾ മാറി മറിഞ്ഞു. ക്രൂസിങ് ആൾട്ടിട്ടൂഡായ 28000 അടിയിലേക്ക് എത്തുമ്പോഴാണ് വിമാനത്തിന്റെ പുറകിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. നിമിഷങ്ങൾക്കകം രണ്ടാമതും സ്ഫോടനമുണ്ടായി.

jal-123-1 JAL 123

വിമാനത്തിന്റെ പുറകിലെ പ്രെഷർ ബൾക്ക് ഹെഡ് പൊട്ടിത്തെറിച്ചതാണ്. ക്യാപ്റ്റന് വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. വിമാനം പെട്ടെന്ന് ആയിരക്കണക്കിന് അടി താഴേക്ക് കൂപ്പുകുത്തി. അല്പസമയത്തിനകം വീണ്ടും അത്രയും തന്നെ ഉയരത്തിലേക്ക് വന്നു. ഈ പ്രതിഭാസം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ക്യാപ്റ്റന്‍ ടോക്കിയോ കണ്‍ട്രോള്‍ ടവറിലേക്ക് അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അപായ സന്ദേശം അയച്ചു. ഇതേസമയം തന്നെ വിമാനത്തിന് അകത്തെ ക്യാബിൻ പ്രഷർ അപകടകരമാം വിധം കുറഞ്ഞുകൊണ്ടിരുന്നു.

വിമാനത്തിന്റെ ആൾട്ടിട്യൂ‍ഡ് കുറച്ചുകൊണ്ടുവരാൻ പൈലറ്റ് ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അവസാന ശ്രമം എന്ന നിലയിലാണ് ഹനെഡ് വിമാനത്താവളത്തിലേക്ക് ക്രാഷ് ലാൻഡിങ് സന്ദേശവുമയച്ചു. വിമാനത്താവളത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാവിധ സജ്ജീകരണങ്ങളും നടത്തിയിരുന്നെങ്കിലും പറന്നുയർന്ന് ഏകദേശം 34 മിനിറ്റിന് ശേഷം ടോക്കിയോയിൽ നിന്നും 100 കിമി അകലെയുള്ള തകമാഗഹര മലനിരയിൽ വിമാനം ഇടിച്ചു തകരുകയായിരുന്നു. അപകടം നടന്ന സ്ഥലം ഉടൻ തന്നെ കണ്ടെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം രക്ഷാ പ്രവർത്തനം വൈകിയതാണ് മരണസംഖ്യ ഉയർത്തിയത്.

jal-123-2 JAL 123

വിമാനം ഇടിച്ചിറങ്ങി 14 മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്താനായത്. ഗുരുതരമായി പരുക്കേറ്റിരുന്ന മുഴുവൻ പേരും രക്തം വാർന്ന് മരണത്തിന് കീഴടങ്ങി. അപകടം നടന്ന ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ കൂടുതൽ ആളുകളെ രക്ഷിക്കാൻ സാധിക്കുമായിരുന്നു. എതായാലും വിമാനത്തിലുണ്ടായിരുന്ന 15 ജീവനക്കാരും 505 യാത്രക്കാരും അടക്കം 520 പേർ ആ മല നിരകളിൽ മരണത്തെ പുൽകി.‌‌

അപകടത്തിന്റെ കാരണത്തെപ്പറ്റി വലിയ വിവാദങ്ങൾ നടന്നു. ബോയിങ് 747 ന്റെ രൂപകൽപ്പനയിലുള്ള അജ്ഞാതമായ പിഴവാണ് അപകട കാരണമെന്നും ബോംബ് സ്ഫോടനമാണെന്നുമെല്ലാം അഭിപ്രായങ്ങളുണ്ടായി. കാര്യങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് അമേരിക്കയുടെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ബോയിങ്ങും ജപ്പാനും സംയുക്തമായി അന്വേഷണം ആരംഭിച്ചു. എന്നാൽ അപകടകാരണത്തെക്കുറിച്ച് വലിയ ധാരണകളോന്നും ലഭിച്ചില്ല.

Air Crash Investigation Japan Airlines JAL Flight 123

വിമാനത്തിൽ ഒരു പൊട്ടിത്തെറി മൂലമുണ്ടായ എക്‌സ്‌പ്ലോസീവ് ഡീകംപ്രഷന്‍ ആണ് അപകടത്തിന്റെ മൂലകാരണം എന്ന് കണ്ടത്തി. എന്നാൽ പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമായി തന്നെ തുടർന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആദ്യത്തെ സൂചന ലഭിക്കുന്നത് അപകടത്തിന് തൊട്ടു മുന്‍പ് എടുത്ത വിമാനത്തിന്റെ ഒരു ഫോട്ടോയില്‍ നിന്നാണ്. ദൃക്സാക്ഷിയായ ഒരാള്‍ പകര്‍ത്തിയ ഫോട്ടോ വിമാനത്തിന്റെ വാലറ്റത്തെ 'വെര്‍ട്ടിക്കല്‍ സ്റ്റെബിലൈസര്‍' എന്നറിയപ്പെടുന്ന ഭാഗം അടര്‍ന്നു പോയിരുന്നതായി ആ ഫോട്ടോയില്‍ കാണാമായിരുന്നു.

ഏഴു വർഷം മുന്‍പ് ലാന്‍ഡ് ചെയ്യുമ്പോള്‍ വാല്‍ഭാഗം റണ്‍വേയില്‍ ഉരസുയപ്പോഴുണ്ടായ അപകടത്തിന് ശേഷം നടത്തിയ അറ്റകുറ്റപ്പണിയിലെ ഗുരുതരമായ വീഴ്ച്ചയാണ് അപകട കാരണം. രണ്ട് നിരകളായി സ്‌ക്രൂ ചെയ്ത് ഉറപ്പിക്കേണ്ട മെറ്റല്‍ പ്‌ളേറ്റുകള്‍ ഒരു നിര മാത്രമേ സ്‌ക്രൂ ഇട്ട് ഉറപ്പിച്ചിട്ടുള്ളു എന്ന് കണ്ടെത്തി. ബള്‍ക്ക് ഹെഡ് അറ്റകുറ്റപ്പണി കഴിഞ്ഞു ഏഴു വര്‍ഷങ്ങള്‍ക്കും 12400 ടെയ്ക്കോഫുകള്‍ക്കും ശേഷം ഒരു വൈകുന്നേരം ആകാശത്തു വെച്ച് പൊട്ടിത്തെറിച്ചു. 520 ജീവനുകള്‍ നഷ്ടപ്പെട്ടു.

Your Rating: