Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസുകിയുടെ ഒസാമു, ഒസാമുവിന്റെ സുസുകി

PTI8_26_2012_000177A

പതിവു ഫാക്ടറി ഇൻസ്പെക്‌ഷനായിരുന്നു അന്ന്. പക്ഷേ പരിശോധന പൂർത്തിയാക്കി തിരിച്ചു പോകുമ്പോൾ അമ്പരപ്പിക്കുന്നൊരു നിർദേശം കമ്പനി മേധാവി നൽകി. ഫാക്ടറിയിലെ 1900 ബൾബുകൾ ഉടൻ നീക്കണം. അത്തവണത്തെ വൈദ്യുതി ബില്ലിൽ 40,000 യുഎസ് ഡോളർ കുറയ്ക്കാനായതറിഞ്ഞപ്പോൾ ഞെട്ടിയത് കമ്പനി ജീവനക്കാർ മാത്രമല്ല.

ഇതാണ് ഒസാമു മോഡൽ ചെലവു ചുരുക്കൽ. ഒസാമു എന്നാൽ പ്രശസ്ത വാഹന നിർമാണ കമ്പനിയായ സുസുകി മോട്ടോർ കോർപറേഷന്റെ ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായ ഒസാമു സുസുകി. അന്ന് ഫാക്ടറിയിലെ പരിശോധന കഴിഞ്ഞുപോകുമ്പോൾ അനാവശ്യ ചെലവുകളുടെ ഇനത്തിൽ 215 കാര്യങ്ങളാണ് അദ്ദേഹം കണ്ടെത്തിയത്.

സാധാരണക്കാരന്റെ പോക്കറ്റിനിണങ്ങിയ കാറുകളുമായി ജപ്പാനിൽനിന്നു ലോക വിപണിയിലേക്ക് സുസുകി മോട്ടോർകോർപറേഷനെ എത്തിച്ച ഒസാമു സുസുകിക്ക് ഇപ്പോൾ സിഇഒ സ്ഥാനം ഒഴിഞ്ഞു തലതാഴ്ത്തേണ്ടിവന്നതും മറ്റൊരു ചെലവുചുരുക്കലിന്റെ പേരിലാണ്. കാറുകളുടെ ഇന്ധനക്ഷമത ശരിയായ അംഗീകൃത പരിശോധനാ മാർഗങ്ങളിലൂടെയല്ല നിർണയിച്ചിരുന്നതെന്നു കമ്പനിതന്നെ വെളിപ്പെടുത്തിയതിനെ തുടർന്നുള്ള  വിവാദങ്ങൾക്കൊടുവിലാണ് അദ്ദേഹം ചീഫ് എക്സിക്യുട്ടിവ് ഓഫിസർ കസേരയൊഴിയുന്നത്. 2008 ലെ മാന്ദ്യംമൂലം ശരിയായ പരിശോധന നടത്താനുള്ള സാമ്പത്തിക ശേഷി കുറഞ്ഞതിന്റെ പേരിൽ കാറുകളുടെ ഇന്ധനക്ഷമത പരിശോധിക്കുന്നതിനു പകരം, ഫാക്ടറിക്കുള്ളിൽ വാഹന ഘടകങ്ങളുടെ പരിശോധനയിൽ ലഭിക്കുന്ന ഇന്ധനക്ഷമത കാറുകളുടെ ഇന്ധനക്ഷമതയായി പ്രചരിപ്പിച്ചിരുന്നു എന്നാണ് കഴിഞ്ഞ മാസം കമ്പനി വെളിപ്പെടുത്തിയത്.

ദത്തുപുത്രൻ

സുസുകി വ്യവസായ സാമ്രാജ്യം പേരിനൊപ്പമുണ്ടെങ്കിലും കുടുംബത്തിലെ ദത്തുപുത്രനാണ് ഒസാമു. സുസുകി സ്ഥാപകൻ മിഷിയോ സുസുകിയുടെ പേരക്കുട്ടിയാണ് ഒസാമുവിന്റെ പത്നി ഷോകോ. വ്യവസായ പാരമ്പര്യത്തിനു അനന്തരാവകാശിയാകാൻ കുടുംബത്തിൽ ആൺകുട്ടികളില്ലാതിരുന്നതിനാൽ ഒസാമുവിന്റേത് ദത്തെടുക്കൽ വിവാഹമായിരുന്നു. അങ്ങനെ ജാപ്പനീസ് ആചാരമനുസരിച്ച് ഭാര്യയുടെ കുടുംബപ്പേരായ സുസുകി, ഒസാമുവിന്റേതായി, വൈകാതെ സുസുകി സാമ്രാജ്യവും.

1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോർ കോർപറേഷനിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജൂനിയർ മാനേജ്മെന്റ് തസ്തികയിൽ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ൽ അദ്ദേഹം ഡയറക്ടർ സ്ഥാനത്തെത്തി. ജൂനിയർ, സീനിയർ തസ്തികകളിലേക്കുള്ള ചവിട്ടുപടികൾ കൂടി പിന്നിട്ട് 1978ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായി. 2000ൽ അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. മൂന്നു ദശകങ്ങളായി നേതൃസ്ഥാനത്തു തുടർന്ന അദ്ദേഹം ‌(ഇപ്പോൾ വയസ് 86) കഴിഞ്ഞവർഷമാണ് പ്രസിഡന്റ് പദവി  മകൻ തൊഷിഹിറോ സുസുകിക്കു കൈമാറിയത്.

ഒസാമുവിന്റെ സുസുകി

വാഹന വ്യവസായ രംഗത്ത് ‘മാർക്കറ്റിങ് ബൈ ഡിപ്ലോമസി’യുടെ വക്താവാണ് ഒസാമു സുസുകി. ചെറുകാറുകളുടെ ലോകവിപണി പിടിച്ചടക്കിയത് ഒസാമുവിന്റെ നേതൃത്വത്തിലാണ്.  വാഹനരംഗത്തെ അതികായരോടു മത്സരിക്കാൻ നിൽക്കാതെ തങ്ങളുടെ ചെറുകാറുകൾ വിൽക്കാൻ വ്യത്യസ്തങ്ങളായ വിപണി കണ്ടെത്തുകയാണ് ഒസാമു സുസുകി ചെയ്തത്. നയതന്ത്രവ്യാപാരം (മാർക്കറ്റിങ് ബൈ ഡിപ്ലോമസി) എന്നറിയപ്പെട്ട മാർക്കറ്റിങ് തന്ത്രം അതിവിദഗ്ധമായി ഒസാമു നടപ്പാക്കി.

ചെറു കാറുകൾക്കു വിപണി തേടി അദ്ദേഹം ലോകമെങ്ങും യാത്രചെയ്തു, അതതിടങ്ങളിൽ പുതിയ ബന്ധങ്ങൾ സൃഷ്ടിച്ചും പങ്കാളികളുമായി കൈകോർത്തും വിപണിയിൽ നുഴഞ്ഞുകയറി ശക്തമായ സാന്നിധ്യമായി. അറുപതുകളുടെ അവസാനത്തോടെ തന്നെ സുസുകിയുടെ വിപണി പിടിച്ചടക്കൽ ആരംഭിച്ചു. 1967ൽ ആദ്യ സാറ്റലൈറ്റ് മാനുഫാക്ചറിങ് പ്ലാന്റിന് തായ്‌ലൻഡിൽ തുടക്കമിട്ടതോടെ ഈ ജൈത്രയാത്രയ്ക്ക് കൃത്യമായ രൂപമായി. 31 രാജ്യങ്ങളിലായി 60 പ്ലാന്റുകളും 190 രാജ്യങ്ങളിലേക്കു വ്യാപിച്ച വിപണിയുമാണിപ്പോൾ.

സുസുകിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചത് ഇന്ത്യൻ വിപണിയാണ്. 1982ൽ അന്നത്തെ സർക്കാരുമായി സുസുകി കരാർ ഒപ്പിട്ടതോടെ മാരുതി ഉദ്യോഗ് ലിമിറ്റഡ് പിറന്നു. 30 വർഷത്തിനിപ്പുറം സുസുകി മോട്ടോഴ്സിന്റെ രാജ്യാന്തര വ്യാപാരത്തിൽ ഏറ്റവും തിളക്കം ഇന്ത്യയിലാണ്. 2007ൽ പത്മഭൂഷൺ നൽകി രാജ്യം ഒസാമു സുസുകിയെ ആദരിക്കുകയും ചെയ്തു.

വിവാദം ഉണ്ടായില്ലെങ്കിലും ഒസാമു അടുത്ത തലമുറയിലേക്ക് ഇപ്പോൾ അധികാരം കൈമാറുമായിരുന്നു എന്നു കരുതുന്നവർ കുറവല്ല. സ്വന്തം തന്ത്രങ്ങളിലൂടെ വിജയമാതൃകയുണ്ടാക്കിയ ഒസാമുവിനെ പിടിച്ചുലയ്ക്കാൻ ഇത്തരമൊരു വിവാദത്തിനാകുമോ എന്നതാണ് അവരുടെ ചോദ്യം.

Your Rating: