Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ ഒഴുകിയെത്തിയ കൊട്ടാരം

ovation-of-the-seas-1 Ovation of the Seas

ഒഴുകുന്നൊരു കൊട്ടാരം കൂടി കൊച്ചിയുടെ തീരം തൊട്ടു; ഒവേഷൻ ഓഫ് ദ് സീസ്. വലുപ്പത്തിൽ ലോകത്തു നാലാം സ്ഥാനത്തുള്ള അത്യാഡംബര വിനോദ സഞ്ചാരക്കപ്പൽ. ഏഴായിരം കോടി ചെലവിട്ടു നിർമിച്ച ‘സ്മാർട് ക്രൂസ് ഷിപ്.’ കഴിഞ്ഞ മാസം കന്നി യാത്ര തുടങ്ങിയ കപ്പലിന്റെ ആദ്യ കൊച്ചി സന്ദർശനമായിരുന്നു ഇത്. നവീന സാങ്കേതികവിദ്യകളുടെ പറുദീസയാണ് ഒവേഷൻ ഓഫ് ദ് സീസ്. ബാർ കൗണ്ടറിൽ ഒരു ഡ്രിങ്കിനായി അറ്റൻഡറെ കാത്തിരിക്കേണ്ട. എന്തു വേണമെന്നു സ്മാർട് സ്ക്രീനിൽ രേഖപ്പെടുത്തുക.

ovation-of-seas-2 Ovation of the Seas

കൊച്ചിയിലെത്തിയ ആഡംബര കപ്പലായ ‘ഒവേഷൻ ഓഫ് ദ് സീസി’ന്റെ ഏറ്റവും മുകളിലെ നിലയിലെ പൂൾ ഡെക്ക്. വേണ്ടത് ഏതു കോക്‌ടെയിലായാലും വൈകാതെ മുന്നിലെത്തും; യന്ത്രക്കൈകളിൽ! ഒവേഷൻ ഓഫ് ദ് സീസിലെ ബയോണിക് ബാറാണിത്. ബാർ അറ്റൻഡർക്കു പകരം റോബട് ബാർ അറ്റൻഡേഴ്സ് മദ്യം വിളമ്പുന്ന കൗണ്ടർ! അത്യാഡംബരവും പുതു സാങ്കേതികവിദ്യകളും ചേർന്ന അനുഭവമാണു റോയൽ കരീബിയൻ ക്രൂസ് ലൈനു കീഴിലുള്ള ഈ സുഖവാസക്കപ്പൽ. ലോകത്തെ അതിസമ്പന്നർക്കു സുഖ സഞ്ചാരമൊരുക്കുന്ന കപ്പൽ കൊച്ചിയിൽ നിന്നു സിംഗപ്പൂർ, മലേഷ്യയിലെ പെനാങ് തുറമുഖങ്ങൾ വഴി ലോകസഞ്ചാരം തുടരും.

∙ ഉയരങ്ങളിലെ കടൽക്കാഴ്ച

ഒവേഷൻ ഓഫ് ദ് സീസിന്റെ മുകൾത്തട്ടിലൊരു സ്ഫടിക നിർമിതിയുണ്ട്. 92 മീറ്റർ ഉയർത്താവുന്ന കാപ്സ്യൂൾ. യാത്രികർക്ക് ഈ കാപ്സ്യൂളിൽ കയറിയാൽ ഒരു പക്ഷിയെപ്പോലെ കടൽക്കാഴ്ച കാണാം; ആകാശത്തു നിന്ന്. കടൽത്തിരകൾക്കു മുകളിലൂടെ 300 ലേറെ അടി ഉയരത്തിൽ വരെ ഭ്രമണം ചെയ്യാനാകും നോർത്ത് സ്റ്റാർ എന്ന ഈ ചലിക്കും ഗോപുരത്തിന്. എൻജിനീയറിങ് മികവിന്റെ നേർസാക്ഷ്യമാണു നോർത്ത് സ്റ്റാർ. അവിസ്മരണീയമായ കാഴ്ചയാണതെന്നു പറയുന്നു, യുകെ സ്വദേശിയായ ക്രൂ സ്റ്റാഫ് എലിയറ്റ് പേയ്ൻ.

ovation-of-seas-1 Ovation of the Seas

∙ രുചിയുടെ 18 ലോകങ്ങൾ

പതിനെട്ടു വിശാല റസ്റ്ററന്റുകളുണ്ട്, ഒവേഷൻ ഓഫ് ദ് സീസിൽ. ലോകത്തെ രുചി വൈവിധ്യങ്ങളുടെ കുശിനിപ്പുരയിൽ മലയാളിയുടെ പപ്പടം വരെ ചേർത്ത് ഉച്ചഭക്ഷണം കിട്ടും! ചൈനീസ്, കോണ്ടിനെന്റൽ, ഇന്ത്യൻ വിഭവങ്ങളൊക്കെ ലഭിക്കും. ഓരോ തുറമുഖത്തെത്തുമ്പോഴും ആ ദേശത്തിന്റെ രുചി കൂടി മെനുവിൽ ഉൾപ്പെടും. തനതു രുചിയെന്നു പറയുക പ്രയാസമെങ്കിലും. കേരളീയ രീതിയിൽ എരിവു കൂടുതൽ ചേർത്തു കോഴിക്കറിയുണ്ടാക്കിയാൽ, ബഹുഭൂരിപക്ഷം വരുന്ന വിദേശികളായ യാത്രികരുടെ കണ്ണു നിറയുമെന്നുറപ്പ്.

∙ മുകൾനിലയിലെ സൂര്യസ്നാനം

ovation-of-the-seas Ovation of the Seas

കപ്പലിന്റെ ഏറ്റവും മുകളിലെ നിലയിലാണു പൂൾ ഡെക്ക്. പൂർണമായും ശീതികരിച്ച ഡെക്കിൽ രണ്ടു പൂൾ ഏരിയകളുണ്ട്. സുതാര്യമായ മേൽക്കൂരയിലൂടെ സൂര്യനെ കണ്ടു പൂളിൽ കിടക്കാം. പൂൾ ഏരിയയ്ക്കു പുറത്തു കൃത്രിമ കടൽത്തിരയിൽ സർഫ് ചെയ്യാം. അതിനു സമീപത്താണു റോക്ക് ക്ലൈംബിങ് വോൾ. സ്കൈഡൈവിങ് പോലുള്ള സാഹസിക വിനോദത്തിനും സൗകര്യമുണ്ട്. ഇൻഡോർ കായികവിനോദങ്ങൾക്കായി സീപ്ലെക്സ് കോംപ്ലക്സുണ്ട്. ബാസ്കറ്റ് ബോൾ കളിക്കാം. റോളർ സ്കേറ്റിങ് ആകാം. കാർട് ഡ്രൈവിങ്ങാകാം.

∙ സ്മാർട് തിയറ്റർ

റോയൽ തിയറ്ററാണ് ഒവേഷൻ ഓഫ് ദ് സീസിന്റെ കലാലോകം. അത്യാധുനിക തിയറ്ററിൽ ത്രി ഡി സിനിമകളുടെ പ്രദർശനം മുതൽ തൽസമയ കലാപരിപാടികൾ വരെ അരങ്ങേറും. കലാപരിപാടികളെല്ലാം വൈകിട്ടാണ്. കൊച്ചിയുടെ തീരത്തെത്തിയപ്പോൾ തനതു കേരളീയ കലകളുടെ അവതരണമാണു തിയറ്ററിൽ അരങ്ങേറിയത്. മോഹിനിയാട്ടം, തെയ്യം എന്നിവയ്ക്കൊപ്പം ഭരതനാട്യവും ലോകസഞ്ചാരികൾക്കു പുതുമയായി. വിനോദത്തിനായി വിഡിയോ ഗെയിം കൗണ്ടറുകളും ഇ ബോക്സ് സ്മാർട് വിഡിയോ ഗെയിം കൗണ്ടറുകളുമുണ്ട്.

ovation-of-seas Ovation of the Seas

∙ 2090 ചെറു പറുദീസകൾ

4,800 ലേറെ യാത്രികർക്കു സഞ്ചരിക്കാം, ഒവേഷൻ ഓഫ് ദ് സീസിൽ. നിലവിലുള്ളത് 4182 യാത്രക്കാർ. ജീവനക്കാരുടെ എണ്ണം 1500. മൊത്തം 2090 സ്റ്റേറ്റ് റൂമുകളുണ്ട്. നഗരത്തിലെ ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറികളുടെ എണ്ണം ഒരുമിച്ചു ചേർത്താലും മതിയാകില്ലെന്നു ചുരുക്കം. ഇവയ്ക്കെല്ലാം ബാൽക്കണികളുമുണ്ട്; കടൽക്കാഴ്ച മതിയാവോളം ആസ്വദിക്കാൻ. വലുപ്പത്തിൽ നാലാമനാണ് 347 മീറ്റർ നീളമുള്ള ഒവേഷൻ. ലോകത്തിലെ ഏറ്റവും വലുതും പുതിയതുമായ ആഡംബര കപ്പലും റോയൽ കരീബിയൻ ക്രൂസ് ലൈനിന്റേതു തന്നെ; ഹാർമണി ഓഫ് ദ് സീസ്.