Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കോഫ്രണ്ട്‌ലി കാർ

tesla-model-s

വൈദ്യുത കാറുകളുടെ തലവര തന്നെ മാറ്റിയെഴുതിയ ടെസ്‌ലയുടെ ചരിത്രം മറ്റു സാധാരണ കമ്പനികളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. ഈ രംഗത്തെത്തിയിട്ട് കഷ്ടിച്ചു പന്ത്രണ്ടു വർഷം മാത്രമായ കമ്പനി തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നു. വൈദ്യുതി മാത്രം ഉപയോഗിച്ചോടുന്ന ഏതാനും മോഡൽ കാറുകളാണ് കമ്പനി ഈ കാലയളവിൽ നിർമിച്ചത്. ഒരു നൂറ്റാണ്ടിൽ ഏറെയായി നിലവിലുള്ളതാണ് വൈദ്യുതികാർ എന്ന ഉൽപന്നം. എന്നാൽ ഇതിനെ പുനർനിർവചിത്തകിലാണു ടെസ്‌ലയുടെ വിജയം. അതുവരെ വിദ്യുത്കാർ എന്നാൽ മലിനീകരണം ഒഴിവാക്കാനുള്ള ഒരുപാധി എന്ന നിലയിലാണു വാഹനനിർമാതാക്കൾ കണ്ടിരുന്നത്. ടെസ്‌ലയാകട്ടെ കാർ ഉൽപന്നത്തിനു മുൻതൂക്കം കൊട്ുത്തു. അത് വൈദ്യുതി ഉപയോഗിച്ചു മാത്രം ഓടുന്നു എന്നതു ശരിതന്നെ. പക്ഷേ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന എൻജിനുള്ള കാറുകളുമായി പ്രകടനത്തിലോ ഒട്ടും പിന്നിലല്ലാത്ത ഒന്നായിരുന്നു ടെസ്‌ലയുടെ കാർ.

ഇക്കോഫ്രണ്ട്‌ലി കാർ

വിദ്യുത് വാഹനങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു 2003ൽ മാർട്ടിൻ എബർഹാഡും മാർക്ക് ടർപെന്നിങ്ങും ടെസ്‌ല കമ്പനി തുടങ്ങിയത്. ഇതിന് ഏറ്റവും നല്ല മാർഗം ഉയർന്ന ശ്രേണിയിലുള്ള ഒരു വിദ്യുത് സ്പോർട്സ് കാർ വിപണിയിലെത്തിക്കുകയാണ് എന്ന് അവർ തീരുമാനിച്ചു. ഒരു വർഷത്തിനകം ദക്ഷിണാഫ്രിക്കക്കാരനായ ഇലോൺ മസ്ക് പങ്കാളിയായതോടെ പ്രവർത്തനം ദ്രുതഗതിയിലായി. മികച്ച ഉപയോഗക്ഷമതയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും നൽകുന്ന വിദ്യുത സ്പോർട്സ് കാറിന് ഭാവിയിൽ കമ്പനിയുടെ മുഖ്യധാരാ ഉൽപന്നങ്ങളിലേക്കു ജനങ്ങളെ ആകർഷിക്കാൻ കഴിയും എന്നു തെളിയിക്കാനായിരുന്നു ടെസ്‌ല സ്ഥാപകരുടെ ശ്രമം.

tesla-roadster-1

ആദ്യകാറായ റോഡ് സ്റ്റർ ഈ ദിശയിലേക്കുള്ള ശരിയായ കാൽവയ്പായിരുന്നു. രൂപ കൽപനയ്ക്കും പരിസ്ഥിതി സൗഹൃദസാങ്കേതിക വിദ്യയ്ക്കും ഈ കാർ അനവധി പുരസ്കാരങ്ങൾ നേടി. അതോടെ ഗവേഷണത്തിനും സാങ്കേതിക വിദ്യ പരിഷ്കരണത്തിനും അത്യാവശ്യമായിരുന്നു സാമ്പത്തിക സഹായം കമ്പനിക്കു പല ഭാഗത്തു നിന്നും ലഭിച്ചു. എന്നാൽ ഉയർന്ന വിലയ്ക്ക് ചുരുങ്ങിയ എണ്ണം കാറുകൾ വിറ്റ് കമ്പനിക്കു പിടിച്ചു നിൽക്കാനാകുമോ എന്നു സംശയിച്ചവരും ഏറെയുണ്ടായിരുന്നു. പക്ഷേ 2009 പകുതിയോടെ കമ്പനി ലാഭമുണ്ടാക്കുന്ന സ്ഥിതിയിലേക്കെത്തി. ബാറ്ററി സാങ്കേതികവിദ്യയിലും വിദ്യുത്കാറുകൾക്കുള്ള യന്ത്രഘടകങ്ങളുടെ നിർമാണത്തിലും ഇതിനിടെ കമ്പനി ഏറെ വൈദഗ്ധ്യം നേടിയിരുന്നു. റോഡ്സ്റ്റർ കൂടാതെ മോഡൽ എസ് എന്ന സെഡാനും മോഡൽ എക്സ് എന്ന ക്രോസ് ഓവറും മോഡൽ എന്ന ചെറു സെഡാനും ഇവർ നിർമിക്കുന്നുണ്ട്. വലിയ ബാറ്ററികൾക്കു പകരം ലാപ്ടോപ്പിലൊക്കെയുള്ള തരം ലിതീയം-അയോൺ ബാറ്ററികൾ അനേകം ( ഏകദേശം എണ്ണമാണ് ടെസ്‌ല കാറുകളിലുള്ളത്

റോഡ്സ്റ്റർ

tesla-roadster

രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന രണ്ടു ഡോർ സ്പോർട്സ് കാറായിട്ടാണ് ഇതിന്റെ രൂപകൽപന.പ്രശസ്ത കാർ നിർമാതാക്കളായ ലോട്ടസ് ആണ് ഇതിന്റെ ബാറ്ററിയും മോട്ടോറും ഒഴിച്ചുള്ള ഭാഗങ്ങൾ നിർമിച്ചു നൽകിയത്. ബോർഗ് വാർണറിന്റെ ഒരു ഒറ്റ സ്രീഡ് ഗീയർ ബോക്സ് പിന്നിൽ മധ്യത്തിലായുള്ള മോട്ടോറിന്റെ ശക്തി പിൻവീലുകളിലെത്തിക്കുന്നു. (വിദ്യുതി കാറുകളുടെ മോട്ടോറിനു കുറഞ്ഞ കറക്കത്തിലും പരമാവധി ടോർക്ക് നൽകാൻ കഴിയുമെന്നതിനാലാണ് ഒറ്റ സ്പീഡ് ഗീയർ ബോക്സ് മതിയാകുന്നത്) ഒറ്റ ചാർജിൽ ആദ്യമോഡൽ റോഡ്സ്റ്റർ 320 കിലോ മീറ്റർ ഓടിയിരുന്നു. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗത്തിലെത്താൻ വേണ്ടത് വെറും 3.9 സെക്കന്റ് മാത്രം. സ്പോർട്കാർ രംഗത്തെ അതികായകനായ ലോട്ടസിന്റെ നിർമാണ വൈദഗ്ധ്യം കൂടിയായപ്പോൾ ടെസ്‌ലയുടെ ആദ്യ കാറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്.

കാർബൺ ഫൈബറിലും മേൽത്തരം തുകലിലും നിർമ്മിച്ച ഉൾവശം യഥേഷ്ടം ക്രമീകരിക്കാവുന്ന സസ്പെൻഷൻ, ഒന്നാന്തരം എസി റിവേഴ്സ് ക്യാമറയോടുകൂടിയ ടച്ച്സ്ക്രീൻ എന്നിവയെല്ലാം റോഡ്സ്റ്ററിന്റെ മോടി കൂട്ടി. 2011 അവസാനത്തോടെ ലോട്ടസുമായുള്ള നിർമാണ കരാർ കമ്പനി അവസാനിപ്പിച്ചു. പൂർണമായും സ്വന്തം നിർമിതിയിലുള്ള പുതിയ റോഡ്സ്റ്റർ 2018ൽ വിപണിയിലെത്തിക്കാനാണ് ടെസ്‌ല ഒരുങ്ങുന്നത്. നിർമാണം അവസാനിക്കുമ്പോൾ 2600 റോഡ്സ്റ്ററുകൾ നിരത്തിലിറങ്ങിയിരുന്നു എന്നാണ് കണക്ക്. ഏകദേശം എഴുപത്തിയഞ്ചുലക്ഷം രൂപയായിരുന്നു റോഡ്സ്റ്ററിന്റെ ശരാശരി വില.

മോഡൽ എസ്

tesla-model-s

ക്രമേണ സാധാരണക്കാർക്കുള്ള വിദ്യുത് കാറുകളിലേക്ക് നീങ്ങാനായിരുന്നു ടെസ്‌ലയുടെ പദ്ധതി അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ലിഫ്റ്റ്ബാക്ക് (സ്കോഡ ഒക്ടാവിയയുടെപോലെ പിന്നിലെ ഗ്ലാസും ഡിക്കിഡോറും ഒന്നായി തുറക്കുന്നു രൂപകൽപ്പന. ബാറ്ററിയും മോട്ടോറുമൊക്കെ പിന്നിലായതിനാൽ മുന്നിൽ സാധാരണ കാറുകളുടെ എൻജിനിരിക്കുന്ന സ്ഥാലത്താണു ലഗേജ് ഇടം. മീറ്ററുകൾക്കു പകരം ഒരു 12.3 ഇഞ്ച് എൽസിഡി സ്ക്രീൻ ഡാഷിനു നടുക്ക് കൺസോളിൽ ഒരു പതിനേഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ കൂടിയുണ്ട്. നാലു വീലിനുമുള്ള സ്വതന്ത്ര സസ്പെൻഷന്റെ ഉയരം ക്രമീകരിക്കാവുന്നതാണ്. മുൻപിൽ ആക്സിലുകൾക്കിടയിലുള്ള ഭാഗം പൂർണമായും ബാറ്ററി പായ്ക്ക് ആണ് വാഹനത്തിന്റെ തറയുടെ സ്ഥാനം ദൃഢമായ ഈ ബാറ്ററി പായ്ക്ക് ആയതിനാൽ സുരക്ഷ കൂടുതലുണ്ട്. കൂടാതെ വാഹനത്തിന്റെ അടിയിലൂടെ ബാറ്ററി മാറാം എന്നതിനാൽ ഈ പ്രക്രിയ കഷ്ടിച്ച് ഒന്നര മിനിറ്റേ എടുക്കുകയുള്ളൂ. പരിധിയില്ലാത്ത ദൂരം അഥവാ എട്ടുവർഷം വരെ വാറന്റിയുള്ള ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ വാഹനത്തെ 400 കിലോമീറ്ററിലേറെ ചലിപ്പിക്കാൻ ശേഷിയുണ്ട്. ബ്രേക്ക് ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജ് ചെയ്യുന്ന സംവിധാനവും ഉപയോഗിക്കാതിരിക്കുമ്പോൾ ചാർജ് നഷ്ടപ്പെടാതെ സഹായിക്കുന്ന സ്ലീപ്പ് മോഡ് സംവിധാനവും ബാറ്ററിയുടെ ക്ഷമത ഉയർത്തുന്നു. സുഖസൗകര്യവും ആഡംബരവും ക്ഷമതയും ഒത്തിണങ്ങിയ ടെസ്‌ല മോഡൽ എസ് യൂറോപ്പിൽ മികച്ച വിപണിവിജയം നേടി ഒഡി എ 8 ബി എം ഡബ്ള്യൂ 7 സീരീസ് ജാഗ്വാർ എക്സ്ജെ എന്നിവയെ ഒക്കെ വിൽപ്പനയിൽ പിന്തള്ളിയ മോഡൽ എസ്സിനെക്കാൾ വിറ്റഴിഞ്ഞ ഒരു കാർ മെഴ്സിഡീസ് എസ് ക്ലാസ് മാത്രമായിരുന്നു.

മോഡൽ എക്സ്

model-x

ടെസ്‌ലയുടെ ക്രോസ് ഓവർ എസ്‌യുവിയായ മോഡൽ എക്സിന്റെ രൂപകൽപ്പനയിൽ പല പ്രത്യേകതകളുമുണ്ടായിരുന്നു. മുന്നിൽ സാധാരണ രീതിയിൽ തുറക്കുന്ന കതകുകളും പിന്നിൽ താഴെനിന്നു മുകളിലേക്കു തുറക്കുന്ന ഫാൽക്കൺ കതകുകളുമാണ് ഇതിന്. പരുന്തിന്റെ ചിറകുകൾ പോലെ തുറക്കുന്ന ഈ കതകുകൾക്ക് ഒരു അൾട്രാസൗണ്ട് സെൻസറുണ്ട്. തന്മൂലം ഇവ തുറക്കുമ്പോൾ എവിടെയെങ്കിലും തട്ടാൻ സാധ്യതയുണ്ടെങ്കിൽ തിരിച്ചറിയാൻ കഴിയും. സങ്കീർണമായ ഒരു ക്യാബിൻ ഫയർ ഫിൽറ്റർ സംവിധാനം വഴി കാറിനുള്ളിൽ ഹോസ്പിറ്റലിനു തുല്യ അണുവിമുക്തമായ അന്തരീക്ഷം ഉറപ്പു വരുത്തിയിരിക്കുന്നു. മോഡൽ എസുമായി പല ഘടകങ്ങളും പങ്കിടുന്ന ഇതിനു സമാനമായ പ്രകടനവുമുണ്ട്. ഇതിന്റെ ഏറ്റവും ഉയർന്ന വകഭേദത്തിന് സമാനമായ എസ്‌യുവിയെക്കാൾ മികച്ച ആക്സിലറേഷനാണുള്ളത്. മുന്നിലും പിന്നിലും പ്രത്യേകം മോട്ടോർ ഉപയോഗിക്കുന്ന ഓൾ വീൽ ഡ്രൈവ് മോഡൽ ആണ് മറ്റൊരു പ്രത്യേകത.

മോഡൽ 3

tesla-model-3-1

2016 ൽ ഇറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഇത് മെഴ്സിഡീസ് സി ക്ലാസ് ബിഎംഡബ്ല്യു 3 സീരീസ് എന്നിവയുമായി വിപണിയിൽ മത്സരിക്കും. ഒറ്റചാർജിൽ 600 കിലോമീറ്ററിലേറെ ഓടുന്നവയായിരിക്കും പുതിയ മോഡലുകൾ എന്നാണു ടെസ്‌ല പറയുന്നത്. വാഹനം ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന സാങ്കേതികവിദ്യയും ക്രമേണ തങ്ങളുടെ കാറുകളിൽ എത്തുമെന്നാണ് ഇലോൺ മസ്കിന്റെ പ്രവചനം. വിദ്യുത് കാറുകൾ പ്രചരിക്കണമെങ്കിൽ സൗകര്യപ്രദമായ ചാർജിങ് സൗകര്യങ്ങൾ വേണമെന്ന തിരിച്ചറിവ് ടെസ്‌ലയ്ക്ക് ആദ്യം തന്നെ ഉണ്ടായിരുന്നു. ഇവർ കലിഫോർണിയയിൽ ഉടനീളം സ്ഥാപിച്ചിരിക്കുന്ന സൂപ്പർ ചാർജർ സ്റ്റേഷനുകൾ ഇത് എങ്ങനെ സാധ്യമാക്കാം എന്നു സ്പഷ്ടമാക്കുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന യാത്രാസൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് വഴി കാട്ടിയായി കാലത്തിനു മുൻപേ നടക്കുന്ന കമ്പനിയാണ് ടെസ്‌ല.

Your Rating: