Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിയിൽ താരമാകാനെത്തുന്ന 5 ബൈക്കുകൾ

um-5

ഇന്ത്യയിലെ പ്രമുഖ ബൈക്ക് നിർമ്മാതാക്കളില്‍ ചിലർ മേളയിൽ നിന്ന് പിന്മാറിയെങ്കിലും ഡൽഹി ഓട്ടോ എക്സ്പൊയുടെ ആകർഷണത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. നിരവധി ബൈക്കുകളാണ് മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. സൂപ്പർബൈക്കുകളും എൻട്രിലെവൽ ബൈക്കുകളും ക്രൂയിസർ ബൈക്കുകളും തുടങ്ങി പുതിയ സെഗ്‌മെന്റിലേയ്ക്ക് വരെ നിർമ്മാതാക്കൾ ഇരുചക്ര വാഹനങ്ങൾ എത്തിച്ചു. മേളയിലെ താരങ്ങളായി മാറി വിപണിയിലെത്താൻ പോകുന്ന പ്രധാന അഞ്ചു ബൈക്കുകള്‍ ഏതെക്കെയെന്നു നോക്കാം.

ബിഎംഡബ്ല്യു ജി 310 ആർ

bmw-g-310-r-auto-expo1

ജർമൻ നിർമാതാക്കളായ ബി എം ഡബ്ല്യു അവതരിപ്പിക്കുന്ന ‘ചെറിയ’ ബൈക്ക് ‘ജി 310 ആർ’ എക്സ്പൊയിലെ ബൈക്കുകളുടെ ഇടയിലെ സൂപ്പർതാരം. ബി എം ഡബ്ല്യു മോട്ടോറാഡിന്റെ ലൈനപ്പിലെ ഏറ്റവും ചെറിയ ബൈക്കാണ് ജി 310. യൂറോപ്പിനു പുറത്ത് ബി എം ഡബ്ല്യു മോട്ടോറാഡ് നിർമിക്കുന്ന ആദ്യ ബൈക്കെന്ന പെരുമയും സ്വന്തമാക്കാനൊരുങ്ങുന്ന ‘ജി 310 ആർ 1948ൽ പുറത്തുവന്ന വന്ന ‘ആർ 24’നു ശേഷം ശേഷി കുറഞ്ഞ എൻജിനുമായി വിപണിയിലെത്തുന്ന ‍ബി എം ഡബ്ല്യു മോഡലു‌മാണ്.

ഇരട്ട ഓവർഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവൽ ഇൻജക്ഷന്റെയും പിൻബലത്തോടെയാണു ബൈക്കിലെ 313 സി സി, സിംഗിൾ സിലിണ്ടർ, നാലു വാൽവ്, ലിക്വിഡ് കൂൾഡ് എൻജിന്റെ വരവ്. പോരെങ്കിൽ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവർത്തിക്കാൻ കഴിയും വിധമാണ് ഈ എൻജിന്റെ ഘടന. 9,500 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,500 ആർ പി എമ്മിൽ 28 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇന്ത്യയിൽ കെ ടി എം ‘ഡ്യൂക്ക് 390’, കാവസാക്കി ‘സെഡ് 250’ തുടങ്ങിയവയോടാവും ‘ജി 310 ആറി’ന്റെ ഏറ്റുമുട്ടൽ.

യുഎം റെനെഗേഡ്

renegade-commando-250

യുണേറ്റഡ് മോട്ടോഴ്സിന്റെ റെനെഗേഡ് എന്ന ബൈക്ക് പതിമൂന്നാമത് ഓട്ടോഎക്സ്പൊയിലാണ് പുറത്തിറക്കിയത്. റെനെഗേഡ് സ്പോർട്സ് മോഡലിന് 1.59 ലക്ഷം രൂപയും, കമാൻഡോയ്ക്ക് 1.49 ലക്ഷം രൂപയും ക്ലാസിക്കിന് 1.69 ലക്ഷം രൂപയുമാണ് വില. ‘റെനെഗേഡ്’ ശ്രേണിയിലെ മൂന്ന് ബൈക്കുകൾക്കു കരുത്തേകുക 279സിസി എൻജിനാണ്. 8000 ആർപിഎമ്മിൽ 25 ബിഎച്ച്പി കരുത്തും 7000 ആർപിഎമ്മിൽ 21.8 എൻഎം ടോർക്കുമുണ്ട് എൻജിന്.

ബൈക്കിനു കരുത്തേകുന്നത് ലിക്വിഡ് കൂൾഡ് എൻജിനാണ്. കൂടെ ആറു സ്പീഡ് ഗിയർബോക്സും. ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനായി യു എം മോട്ടോർ സൈക്കിൾസും ലോഹിയ ഓട്ടോയും ചേർന്നു 2014 സെപ്റ്റംബറിലാണു തുല്യ പങ്കാളിത്തത്തോടെ പുതിയ സംയുക്ത സംരംഭം രൂപീകരിച്ചത്. ‌മൊത്തം 100 കോടി രൂപയുടെ മുതൽമുടക്കാണ് സംയുക്ത സംരംഭത്തിന്റെ ആദ്യ ഘട്ടത്തിനു പ്രതീക്ഷിക്കുന്നത്.

ടിവിഎസ് അകുല 310

akula-310-tvs

ടിവിഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട അവതരണമായിരുന്നു അകുല 310. പെർഫോമൻസ് കൺസെപ്റ്റാണെങ്കിലും ഉടൻ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നാണ് കമ്പനി പറയുന്നത്. ലുക്ക് തന്നെയാണ് ടി വി എസിന്റെ ഈ ബൈക്കിന്റെ പ്രധാന ആകർഷണം. ടിവിഎസ് റേസിങ്ങിന്റെ 33 വർഷത്തെ അനുഭവ പരിചയത്തിൽ നിന്നാണ് അകുലയുടെ ജനനം എന്നാണ് ബൈക്ക് അവതരിപ്പിച്ചുകൊണ്ട് കമ്പനി അറിയിച്ചത്.

ബൈക്കിന്റെ എൻജിൻ സ്പെസിഫിക്കേഷൻ കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും ബിഎംഡബ്ല്യുവിന്റെ ചെറു ബൈക്കായ ജി 310 ലെ 313 സിസി എൻജിൻ തന്നെയായിരിക്കും അകുലയ്ക്കും എന്നാണ് അറിയുന്നത്.

യമഹ എംടി–09

Yamaha-mt-09

ബോളിവുഡ് താരം ജോൺ എബ്രഹാം പുറത്തിറക്കിയ എംടി –09 നേക്കഡ് സൂപ്പർ ബൈക്കാണ് യമഹയുടെ പവലിയനിലെ താരം. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന ബൈക്കിന് 10.20 ലക്ഷം രൂപയാണ്. 847 സിസി മൂന്നു സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 10000 ആർപിഎമ്മിൽ 114 ബിഎച്ച്പി കരുത്തുണ്ട്.

നേക്കഡ് ബൈക്കാണെങ്കിലും ക്രൂസിങ്ങിന് ഇണങ്ങിയ ബൈക്കാണിത് എന്നാണ് കമ്പനി പറയുന്നത്. ട്രാക്ഷൻ കൺട്രോൾ, വിവിധ റൈഡ് മോഡുകള്‍, എബിഎസ് തുടങ്ങിയ സാങ്കേതിക വിദ്യകളും ബൈക്കിലുണ്ടാകും. 191 കിലോഗ്രാമാണ് ഈ കരുത്തന്റെ ഭാരം,

ബെനലി ടൊർണാഡോ 302

benelli-tornado-302

ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ ബെനലിയുടെ പവലിയനിലെ ഏറ്റവും പ്രധാനപ്പെട്ട ബൈക്കായിരുന്നു ടൊർണാഡോ 302. ഫുൾ ഫെയേർഡ് എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ബെനലിയുടെ നിരയിലെ ഏറ്റവും മികച്ച ബൈക്കുകളിലൊന്നാണ്.

300 സിസി കപ്പാസിറ്റിയുള്ള എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന്റെ പാരലൽ ട്വിൻ എൻജിൻ 12000 ആർപിഎമ്മിൽ 35 ബിഎച്ച്പി കരുത്തും 9000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. കാവസാക്കി നിഞ്ച, കെടിഎം ആർസി 390, യമഹ ആർ3 തുടങ്ങിയ ബൈക്കുകളുമായി ഏറ്റമുട്ടാനെത്തുന്ന ടൊർണാഡോയുടെ കൂടിയ വേഗത 170 കിലോമീറ്ററാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.