Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബരത്തിനു പുതുമാനങ്ങൾ രചിച്ച് ബിഎംഡബ്യു 7 സീരിസ്

bmw-7-series-in-india

ന്യൂഡൽഹി ∙ ആഡംബരത്തിനു പുതുമാനങ്ങൾ രചിച്ച് ബിഎംഡബ്യു 7 സീരിസ് ഇന്ത്യയിലെത്തി. ബിഎംഡബ്യു സീരിസിലെ ആറാം തലമുറയെ അവതരിപ്പിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ്. 7 സീരിസ് മോഡലുകൾക്കു പുറമെ സ്പോർട്സ് മോഡലുകളായ എക്സ് സീരിസ്, എം സീരിസ് മോഡലുകളും ഓട്ടൊ എക്സ്പൊയിൽ അവതരിപ്പിച്ചു. എം സ്പോർട്, ഡിസൈൻ പ്യുവർ എക്സലെന്‍സ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് 7 സീരിസിനുള്ളത്. ബിഎംഡബ്യു ഷോറൂമുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

പേരു സൂചിപ്പിക്കുന്നതു പോലെ സ്പോർട്സ് പ്രേമികളെ ലക്ഷ്യമിട്ടെത്തുന്ന കാറാണ് എം സ്പോർട്. സ്പോർട്ടി ലുക്ക് തന്നെ ഇതിന്റെ പ്രധാന ആകർഷണം. ആഡംബര സൗകര്യങ്ങൾക്കു മുൻഗണന നൽകുന്നു ഡിസൈൻ പ്യുവർ എക്സലെന്‍സ്. ഇരു മോഡലുകളുടെയും പെട്രോൾ, ഡീസൽ വകഭേദങ്ങൾ ലഭ്യമാണ്. ചെന്നൈ പ്ലാന്റിൽ തദ്ദേശീയമായാണ് ഇരു മോഡലുകളും നിർമിക്കുന്നത്. ഉപയോക്താക്കൾക്ക് പൂർണ നിർമിത യൂണിറ്റായി (സി ബി യു) ഇറക്കുമതി ചെയ്യാനുള്ള സൗകര്യം കമ്പനി നൽകുന്നുണ്ട്. എന്നാൽ ഡിസൈൻ പ്യുവർ എക്സലെന്‍സ് മോഡലിനു മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇറക്കുമതി ചെയ്യുന്ന മോഡലിനൊപ്പം കസ്റ്റമൈസ് ഓപ്ഷനും ഉപയോക്താക്കൾക്കു ലഭിക്കും.

bmw-7-series-in-india-desig

ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിൻപവർ ടർബോ എന്‍ജിന്‍ ടെക്നോളജിയാണ് 7 സീരിസിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു ലിറ്റർ ആറു സിലിണ്ടർ ഡീസൽ എന്‍ജിൻ 195 കിലോവാട്ട് / 265 എച്ച് പി കരുത്ത് ഉൽപ്പാദിപ്പിക്കും. 2000-2500 ആർപിഎമ്മിൽ 620 ന്യൂട്ടൺ മീറ്റർ പരമാവധി ടോർക്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 6.2 സെക്കൻഡ്. 250 കിലോമീറ്ററാണ് പരമാവധി വേഗത.

പെട്രോൾ വകഭേദങ്ങളിൽ നല്‍കിയിരിക്കുന്ന 4.4 ലിറ്റർ എട്ടു സിലിണ്ടർ എന്‍ജിൻ 330 കിലോവാട്ട് / 450 എച്ച് പി കരുത്തും 1800-4500 ആർപിഎമ്മിൽ 650 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കും. 4.7 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ പെട്രോൾ വകഭേദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. എട്ടു സ്പീഡ് ഓട്ടൊമറ്റിക് ട്രാൻസ്മിഷൻ.

ഇരട്ട ആക്സിൽ എയർ സസ്പെൻഷൻ കാറിനുള്ളിലെ ഭാരം കാറിന്റെ ഉയരത്തെ ബാധിക്കാതെ നോക്കുന്നു. റോഡിന്റെ അവസ്ഥയ്ക്കനുസരിച്ച് കാറിന്റെ ഉയരത്തിൽ 30 മില്ലീമീറ്റർ വരെ ഏറ്റക്കുറച്ചിലുകൾ വരുത്താനുള്ള സംവിധാനവും 7 സീരിസിലുണ്ട്. എക്സിക്യൂട്ടിവ് ഡ്രൈവ് പ്രോ ചെയ്സിസ് സിസ്റ്റമാണ് മറ്റൊരു പ്രധാന ഫീച്ചർ. 'ഡ്രൈവിങ് എക്സ്പീരിയൻസ് കൺട്രോൾ'- സ്വിച്ച് ഉപയോഗിച്ച് വ്യത്യസ്ത ഡ്രൈവിങ് മോഡുകൾ തിരഞ്ഞെടുക്കാനാകും. കംഫർട്ട്, കംഫർട്ട് പ്ലസ്, സ്പോർട്, സ്പോർട് പ്ലസ്, ഇകോ പ്രോ, അഡാപ്റ്റിവ് എന്നിങ്ങനെ ആറു ഡ്രൈവിങ് മോഡുകൾ.

bmw-7-series-in-india-inter സീറ്റുകൾ

ഹെഡ്-അപ് ഡിസ്പ്ലേ, ഡ്രൈവർ അസിസ്റ്റൻസ് ഫങ്ഷൻ, നാവിഗേഷൻ ഇൻഫർമേഷൻ, ബിഎംഡബ്യു നൈറ്റ് വിഷൻ എന്നിവ ഡ്രൈവിങ് അനായാസവും അപകടരഹിതവുമാക്കുന്നു. എൽഇഡി ഹെഡ്‌ലൈറ്റ്, ബ്ലൂ ഡിസൈൻ ലേസർ ലൈറ്റ്, കംഫർട്ട് ആക്സസ് സിസ്റ്റം, വൈറ്റാലിറ്റി പാക്കേജ്, ആംബിയന്റ് എയർ പാക്കേജ് എന്നീ ഫീച്ചറുകളുമുണ്ട്.

ഓട്ടൊ സ്റ്റാർട്ട്-സ്റ്റോപ്, ഇകോ പ്രോ മോഡ്, ബ്രേക്ക് എനർജി റീജനറേഷൻ, 50: 50 വെയിറ്റ് ഡിസ്ട്രിബ്യൂഷൻ എന്നിവയാണ് ബിഎംഡബ്യുവിന്റെ എഫിഷ്യന്റ് ഡൈനാമിക്സ് ഫീച്ചറിലുൾപ്പെടുന്നത്. ഇവ ഇന്ധനക്ഷമത വർധിപ്പിക്കുന്നു. ബിഎംഡബ്യു ഐഡ്രൈവ്, ബിഎംഡബ്യു നാവിഗേഷൻ പ്രൊഫഷണൽ, പാർക് ഡിസ്റ്റൻസ് കൺട്രോൾ, റിയർവ്യൂ ക്യാമറ, 360 ഡിഗ്രി കാഴ്ച നൽകുന്ന സറൗണ്ട് വ്യൂ സിസ്റ്റം എന്നിവയുൾക്കൊള്ളുന്നതാണ് കണക്ടഡ് ഡ്രൈവ് സിസ്റ്റം.

bmw-7-series-india-roof റൂഫ്

റഡാർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്രൈവർ അസിസ്റ്റൻസ് സേവനം നൽകുന്ന ആദ്യ കാറാണ് ഇത്. ഡ്രൈവിങ് അസിസ്റ്റൻസ് പ്ലസ് ഫീച്ചർ സ്റ്റിയറിങ്, ലെയ്ൻ കൺട്രോൾ അസിസ്റ്റന്റ്, ആക്ടിവ് സൈഡ് കൊളീഷനോടു കൂടിയ ലെയ്ൻ കീപ്പിങ് അസിസ്റ്റന്റ്, സ്റ്റോപ്-ഗോ ഫങ്ഷനുകളോടു കൂടിയ ആക്ടിവ് ക്രൂയിസ് കൺട്രോൾ, റിയർ കൊളിഷൻ, ഫ്രണ്ട് ക്രോസ്-ട്രാഫിക് വാണിങ് എന്നിവയാണ് മറ്റു ഫീച്ചറുകൾ. എല്ലാ റോഡുകളിലും പ്രവർത്തിക്കുന്ന ഈ സിസ്റ്റം 210 കിലോമീറ്റർ വേഗതയിലും കാര്യക്ഷമമായി പ്രവർത്തിക്കും.

ജെസ്ചർ കൺട്രോൾ, റിമോട്ട് കൺട്രോൾ പാർക്കിങ്, ബിഎംഡബ്യു ഡിസ്പ്ലേ കീ, ടച്ച് കമാൻഡ് സിസ്റ്റം, വയർലെസ് ചാർജിങ്, സ്കൈ ലോഞ്ച് എന്നീ ആകർഷക ഫീച്ചറുകളും പുതിയ ബിഎംഡബ്യു 7 സീരിസിലുണ്ട്. വോളിയം നിയന്ത്രിക്കുക, ഫോൺ കോളുകൾ സ്വീകരിക്കുകയോ കട്ട് ചെയ്യുകയോ ചെയ്യുക, മെസേജ് വായിക്കുക, ഇൻഫർമേഷൻ വിൻഡോ അടയ്ക്കുക, ക്യാമറയുടെ ആംഗിളുകൾ മാറ്റുക തുടങ്ങിയ ഫങ്ഷനുകൾ ജസ്ചർ മോഡുപയോഗിച്ചു കൈകാര്യം ചെയ്യാനാകും. റിമോട്ട് കൺട്രോൾ പാർക്കിങ് ഉപയോഗിച്ചു വാഹനത്തിനു പുറത്തു നിന്ന് കാർ പാർക്കു ചെയ്യാം. ക്യാബിൻ ടെംപറേച്ചർ, ഇന്ധനക്ഷമത, സർവീസ് റിമൈൻഡറുകൾ തുടങ്ങിയ സൂചനകൾ സ്മാർട് കീ ഫീച്ചർ നൽകുന്നു.

പൂർണമായും എന്റർടെയ്ൻമെന്റ് ലക്ഷ്യമാക്കിയുളളതാണ് ടച്ച് കമാൻഡ് സിസ്റ്റം. കാറിന്റെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏഴിഞ്ചു സ്ക്രീനുള്ള ടാബ്‌ലെറ്റ് കാറിനു വെളിയിലെടുത്ത് സാധാരണ ടാബ്‌ലെറ്റായും ഉപയോഗിക്കാനാകും. പനോരമ ഗ്ലാസ് റൂഫ് സ്കൈ ആണ് മറ്റൊരു പ്രധാന ഇന്റീരിയർ ഫീച്ചർ. 15000 -ലധികം ലൈറ്റുകൾ ചേർന്നൊരുക്കുന്ന ആറ് ലൈറ്റ് പാറ്റേണുകൾ തികച്ചും ആസ്വാദ്യമായ അന്തരീക്ഷം ഉള്ളിൽ സൃഷ്ടിക്കുമെന്ന് കമ്പനി വെളിപ്പെടുത്തുന്നു.

bmw-7-series-india-seats ഇന്റീരിയർ

ഗുണമേന്മയേറിയ നാപ്പ, ഡകോട്ട തുകലുകളിൽ നിർമിതമാണ് ഇന്റീരിയർ. ഇരു തുകലിലും വ്യത്യസ്ത ഓപ്ഷനുകള്‍ നൽകിയിരിക്കുന്നത് കസ്റ്റമൈസ്ഡ് ഫീലിങ് നൽകുന്നു. ബ്ലായ്ക്-ബ്ലായ്ക്, ഡാർക് കോഫി- കാൻബറ, ബ്ലായ്ക്- ഐവറി വൈറ്റ്, ബ്ലായ്ക്-കാൻബറ, ഡാർക് കോഫി-ഐവറി വൈറ്റ്, ബ്ലായ്ക്-മോച്ച, ബ്ലായ്ക്-കോഗ്‌നാക്, ബ്ലായ്ക്-സഗോറ ബെയ്ജ് എന്നിവയാണ് ലഭ്യമായ ഡ്യുവൽ ടോൺ ഓപ്ഷനുകൾ.

ആല്‍ഫൈൻ വൈറ്റ് നോൺമെറ്റാലിക് നിറത്തിലും മെറ്റാലിക് നിറങ്ങളായ മിനറൽ വൈറ്റ്, ഗ്ലേസിയർ സിൽവർ, മഗല്ലൻ ഗ്രേ, ബ്ലാക്ക് സഫയർ എന്നീ നിറങ്ങളിലും ബിഎംഡബ്യു ഇരു മോഡലുകളും ലഭ്യമാകും. ഇതിനു പുറമെ കശ്മീരി സില്‍വർ, ആർക്ടിക് ഗ്രേ ബ്രില്യന്റ് ഇഫക്ട്, സോഫിസ്റ്റോ ഗ്രേ, ബ്ലാക്, ഇംപീരിയൽ ബ്ലൂ, ജത്തോബ എന്നീ മെറ്റാലിക് നിറങ്ങൾ പ്യുവർ എക്സലെന്‍സ് വകഭേദത്തിനും സിംഗപ്പൂർ ഗ്രേ, ബ്ലാക് കാർബൺ തുടങ്ങിയ മെറ്റാലിക് നിറങ്ങൾ എം സ്പോർട്ട് വകഭേദത്തിനും നൽകിയിരിക്കുന്നു.

ബിഎംഡബ്യു 7 സീരിസ് വകഭേദങ്ങളും വിലയും (എക്സ് ഷോറൂം)

∙ 730 എൽഡി ഡിസൈൻ പ്യുവർ എക്സലെന്‍സ് : 1,11,00,000 രൂപ

∙ 730 എൽഡി എം സ്പോർട് : 1,19,00,000 രൂപ

∙ 730 എൽഡി ഡിസൈൻ പ്യുവർ എക്സലെന്‍സ് (CBU) : 1,40,00,000 രൂപ

∙ 750 എൽ ഐ ഡിസൈൻ പ്യുവർ എക്സലെന്‍സ് (CBU) : 1,50,00,000 രൂപ

∙ 730 എൽഐ എം സ്പോർട് (CBU) : 1,55,00,000 രൂപ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.