Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടൊ എക്സ്പൊയിലെ സൂപ്പർ ബൈക്കുകൾ‌

Indian-roadmaster-auto-expo

എന്നും ഇരുചക്ര വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന സൂപ്പർബൈക്കുകൾ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. പതിമൂന്നാമത് ഓട്ടൊ എക്സ്പൊയില്‍ അവതരിപ്പിക്കപ്പെട്ട സൂപ്പർ ബൈക്കുകൾ ഓരോന്നും കാണുവാനും സെൽഫിയെടുക്കാനും ആളുകൾ കാണിച്ച തിരക്കും ഉൽസാഹവും ഇതിനു തെളിവ്. ഹാർലി ഡേവിഡ്സൺ, റോയൽ എൻഫീൽഡ് എന്നീ പ്രമുഖ ബ്രാൻഡുകൾ ഓട്ടൊ എക്സ്പൊയിൽ പങ്കെടുക്കാതെ പിന്‍മാറിയത് രാജ്യമാകമാനമുള്ള വാഹനപ്രേമികളെ തെല്ലു നിരാശരാക്കിയിരുന്നു. എന്നാൽ ഹോണ്ട, യമഹ, ട്രയംഫ്, ബെനേലി, യു എം മോട്ടോർസൈക്കിൾസ്, ഇന്ത്യൻ മോട്ടോർസൈക്കിൾസ്, ബിഎംഡബ്യൂ മോട്ടോറാഡ് എന്നിവർ സൂപ്പർബൈക്കുകൾ അവതരിപ്പിക്കുന്നതിൽ മൽസരിച്ചതോടെ ആരാധകരുടെ നിരാശ പമ്പകടന്നു. മാത്രമല്ല അവർ ഒന്നു കൂടി ആവേശത്തിലാഴുകയും ചെയ്തു. ഈ വർഷം അവതരിപ്പിച്ച പ്രധാന സൂപ്പർബൈക്കുകളെ പരിചയപ്പെടാം.

ഹോണ്ട ആഫ്രിക്ക ട്വിൻ

honda-africa-twin-crf-1000-

സിബിആർ 650-എഫ് നേടിയ വൻവിജയത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ട്് ഹോണ്ട വിപണിയിലെത്തിക്കുന്ന പുതിയ മോഡൽ സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ ആണ് സൂപ്പർബൈക്കുകളിലെ ഒരു മിന്നും താരം. മണലാരണ്യത്തിലും മഹാനഗരത്തിലും ഒരു പോലെ കുതിച്ചുപായുന്നതിൽ അഗ്രഗണ്യനായ ആഫ്രിക്ക ട്വിൻ ലോകത്തിലേറ്റവും പ്രചാരമുള്ള അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ്. ഡക്കാർ റാലിയിൽ സജീവ സാന്നിധ്യമാണ് ഈ ഓഫ് റോഡർ കിങ്.

7500 ആർപിഎമ്മിൽ 94 ബി എച്ച് പി കരുത്തും 6000 ആർപിഎമ്മിൽ 98 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദന ശേഷിയുള്ള 998 സിസി കോംപാക്റ്റ് ലിക്വിഡ് കൂൾഡ്, 4 സ്ട്രോക്ക്, 8 വാൽവ് എൻജിനാണ് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ-ന്റെ കരുത്ത്. കനംകുറഞ്ഞ സ്റ്റീലിൽ നിർമിച്ചിരിക്കുന്ന സെമി-ഡബിൾ ഫ്രെയിം ഓഫ് റോഡിലും മികച്ച ബാലൻസ് നൽകുന്നു. ഈ വർഷാവസാനം ഇന്ത്യൻ വിപണിയിലെത്തുമെന്നു കരുതുന്ന ഈ കരുത്തന് 12 ലക്ഷം മുതൽ 13 ലക്ഷം വരെയാണു വില പ്രതീക്ഷിക്കുന്നത്.

യമഹ എം റ്റി-09

Yamaha-mt-09

ബോളിവുഡ് താരം ജോൺ എബ്രഹാം പുറത്തിറക്കിയ മിഡ്‌വെയ്റ്റ്സ് സ്ട്രീറ്റ് ഫൈറ്റർ സ്പോർട്സ് ബൈക്ക് എംടി–09 ആയിരുന്നു യമഹയുടെ പവലിയനിലെ പ്രധാന ആകർഷണം. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന ബൈക്കിന് 10.2 ലക്ഷം രൂപയാണ് വില. 847 സിസി മൂന്നു സിലിണ്ടർ എൻജിൻ. 10,000 ആർപിഎമ്മിൽ 114 ബിഎച്ച്പി കരുത്ത്. 8500 ആർപിഎമ്മിൽ 87.5 ന്യൂട്ടൺ മീറ്റർ ടോർക്. കാവസാക്കി സെഡ് 800, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ എന്നിവയുമായാകും ഈ മോഡലിന്റെ പ്രധാന മൽസരം.

ട്രയംഫ് ത്രക്സ്റ്റണ്‍ ആർ

triumph-thruxton-r-expo

പാരമ്പര്യത്തിന്റെ പകിട്ടും ആധുനിക സാങ്കേതികതയുടെ വശ്യതയും ഒരു പോലെ അവകാശപ്പെടാനാവുന്ന സൂപ്പര്‍ബൈക്കാണ് ബോണെവില്ല ബൈക്ക് കുടുംബത്തിൽ നിന്നുള്ള ട്രയംഫ് ത്രക്സ്റ്റൺ ആർ. കരുത്തുറ്റ 1200 സിസി പാരലൽ ഇരട്ട എൻജിൻ. 4950 ആർപിഎമ്മിൽ 122 ന്യൂട്ടൺമീറ്റർ ടോർക്. ബ്രെംബോ ഡിസ്ക് ബ്രേക്ക്, പൂർണമായും അഡ്ജസ്റ്റു ചെയ്യാവുന്ന ഒഹ്‌ലിൻസ് സസ്പെൻഷൻ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ. തായ്‌ലൻഡിൽ നിർമിച്ച് ഇന്ത്യയിൽ അസെംബിൾ ചെയ്തു വിൽക്കാനാണു കമ്പനിയുടെ തീരുമാനം. ഏകദേശം 10 ലക്ഷം വില പ്രതീക്ഷിക്കുന്ന ഈ മോഡൽ 2016 അവസാനം വിപണിയിലെത്തും.

ഇന്ത്യൻ റോഡ്മാസ്റ്റർ

Indian-roadmaster-auto-expo

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മോട്ടോർസൈക്കിൾസ് അവതരിപ്പിച്ച റോഡ്മാസ്റ്റർ കാഴ്ചയിൽ 1940 കളിലെ വിന്റേജ് ക്രൂയിസറെ അനുസ്മരിപ്പിക്കുന്നു. എന്നാൽ കരുത്തിലും ആഡംബരത്തിലും തെല്ലും പിന്നിലല്ല ഈ മോഡൽ. 1811 സിസി തണ്ടർ സ്ട്രോക്ക് വി-ട്വിൻ എൻജിൻ 139 ന്യൂട്ടൺ മീറ്റർ ടോർക് ഉൽപ്പാദിപ്പിക്കും. പാത് ഫൈൻഡർ എൽ ഇ ഡി ലൈറ്റ്, താക്കോലാവശ്യമില്ലാത്ത ഇഗ്നീഷൻ, റിമോട്ട് ലോക്കിങ്, തുകൽ സീറ്റുകൾ, സാഡിൽ ബാഗുകൾ, ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, ബ്ലൂടൂത്ത്, വൈദ്യുതി നിയന്ത്രിത വിൻഡ് സ്ക്രീന്‍ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഈ വർഷം അവസാനം ഇന്ത്യയിലെത്തുന്ന മോഡലിന് 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വിലയാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.