വിലക്കുറവുമായി 'സ്വിഫ്റ്റ്' മുതൽ ഡിസി സ്പോർട്സ് കാർ വരെ, ഡൽഹി ഓട്ടോ എക്സ്പോ രണ്ടാം ദിനം;വിഡിയോ

ലോകത്തെ 21 മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുത്തന്‍ ആശയങ്ങൾക്ക് വേദിയായ ഡൽഹി ഓട്ടോ എക്സ്പോയുടെ രണ്ടാംദിനത്തിൽ വരും വർഷങ്ങളിൽ വിപണിയിൽ ഇറക്കാനിരിക്കുന്ന വാഹനങ്ങൾ അവതരിപ്പിച്ച പ്രമുഖ കമ്പനികൾ, തങ്ങളുടെ ജനപ്രിയ മോഡലുകളുടെ പരിഷ്കരിച്ചപതിപ്പുകളും പുറത്തിറക്കി.

ഇന്ത്യൻ യുവത്വത്തിന് അമേരിക്കൻ അനുഭവം പ്രദാനം ചെയ്യുന്ന ക്ളീവ്​ലൻഡ് സൈക്കിൾ വർക്സിന്റെ ഇന്ത്യൻ പ്രവേശനത്തോടെയാണ് രണ്ടാം ദിനം ആരംഭിച്ചത്.ഏസ്, മിസ്ചീഫ് മോഡലുകളുടെ വിവിധ വകഭേദങ്ങൾ പവലിയനിൽ ആകർ‌ഷകമായി,  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രണ്ടാം ദിനവും കുറവുണ്ടായില്ല.

ബെംഗളൂരു സ്റ്റാര്‍ട്ടപ്പായ എംഫ്‌ളക്‌സ് മോട്ടോഴ്‌സ് ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ബൈക്ക് എംഫ്‌ളക്‌സ് വണ്‍ എക്സ്പോയിൽ അനാവരണം ചെയ്തു. ലിഥിയം അയേണ്‍ ബാറ്ററിയിലോടുന്ന ഇ–ഓട്ടോയുമായാണ് ലോഹിയ ഓട്ടോ എത്തിയത്. ക്ളൗഡ് കണക്ടഡും എഐ സംവിധാനവുമുള്ള ഫ്ളോ എന്ന സ്കൂട്ടർ‌ ട്വെന്റി ടു മോട്ടോർസ് അവതരിപ്പിച്ചു.

ഇരുചക്ര വാഹന വേദിയെ പ്രകമ്പനം കൊള്ളിക്കാന്‍ യുഎമ്മിന്റെ റെനഗേഡ് ഥോർ എത്തി. ഹൊളീവുഡ് സൂപ്പർ ഹീറോയെ അനുസ്മരിപ്പിക്കുന്ന പേരിൽ എത്തിയ ഇലക്ട്രിക് ബൈക്ക് ഒറ്റ ചാർജിൽ 270 കിലോമീറ്റർ യാത്ര ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം. 2018 ഡൽഹി എക്സ്പോയിൽ ഏവരും കാത്തിരുന്ന അവതരണമായിരുന്നു മാരുതി സുസുക്കിയുടെ പുത്തൻ സ്വിഫ്റ്റ്. പ്രതീക്ഷ തെറ്റിക്കാതെ കൊതിപ്പിക്കുന്ന വിലയും സൂപ്പർ ഡിസൈവും മൈലേജുമായി ഔപചാരിക അരങ്ങേറ്റം നടന്നു.

ഏറ്റവും വില കുറഞ്ഞ സ്പോർട്സ് കാർ എന്ന വിശേഷണവുമായി ഡിസിയുടെ 'ടിസിഎ'(ടൈറ്റാനിയം, കാർബൺ, അലൂമിനിയം) അരങ്ങേറ്റം കുറിച്ചു. ലിമിറ്റഡ് എഡിഷനായാണ് വാഹനം പുറത്തിറങ്ങുക. 40 ലക്ഷം രൂപയെന്ന വിലയിലായിരിക്കും വിൽപന.

മെന്‍സ മോട്ടോഴ്സിന്റെയും സ്റ്റാർകെൻ സ്പോർട്സിന്റെയും അഫ്ടെക് മോട്ടോഴ്സിന്റെയും വിവിധ  ബൈക്കുകളും മേളയുടെ മാറ്റു കൂട്ടി.

മേളയിലെ താരങ്ങളാകാൻ ബോളിവുഡ് ബാദ്ഷാ ഷാരൂഖും, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടിം ക്യാപ്റ്റൻ അസറുദ്ദീനും, ക്രിക്കറ്റ്  താരം ഗംഭീറും നടി സോനാക്ഷി സിൻഹയുമെത്തി.