Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയം മോഡലുകളുമായി വിപണി കീഴടക്കാൻ സുസുക്കി;വിഡിയോ

പ്രീമിയം ബൈക്ക്–സ്കൂട്ടർ വിപണി പിടിക്കാൻ പുതുമോഡലുകളുമായി സുസുക്കി. എല്ലാ വർഷവും പുതിയ മോഡലുകളുമായി  ഓട്ടോ എക്സ്പൊയിലെത്തുന്ന സുസുക്കി ഇത്തവണയും പതിവു തെറ്റിച്ചില്ല. പ്രീമിയം സ്കൂട്ടർ സുസുക്കി ബർഗ്‌മാന്‍ സ്ട്രീറ്റ്, സുസുക്കി ജി.എസ്.എക്സ്.–എസ് 750, സുസുക്കി ഇൻട്രൂഡർ അടക്കം ഏതാനും പുതിയ വാഹനങ്ങൾ സുസുക്കി മോട്ടോഴ്സ് ഗ്രേറ്റർ നോയി‍ഡയിൽ നടക്കുന്ന ഓട്ടോ എക്സ്പൊയിൽ അവതരിപ്പിച്ചു.

ഇന്ത്യൻ യുവതയെ ലക്ഷ്യമിട്ടെത്തുന്ന സുസുക്കി ബർഗ്‌മാൻ ആണു സുസുക്കി നിരയിലെ പ്രധാന ആകർഷണം. എൽഇഡി ഹെഡ്‌ലാംപ്, എൽഇഡി ടെയിൽലാംപ്, ഡിജിറ്റൽ എൽസിഡി ഡിസ്പ്ലേ, വിൻഡ് സ്ക്രീൻ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൊബൈൽ ചാർജിംഗ് പോർട്ടുമുണ്ട്.

GSX-S 750

ആഗോളവിപണിയിൽ 125 മുതൽ 625 സിസി വരെ കരുത്തുള്ള എൻജിൻ വേരിയന്റുകൾ ലഭ്യമായിട്ടുള്ള ബർഗ്‌മാന്റെ 125 സിസി വകഭേദം മാത്രമാണ് ഇന്ത്യയിൽ ലഭ്യമാകുക. ആക്സസ് 125–ന്റെ എസ്ഇപി എൻജിനാണ് ഈ പ്രീമിയം സ്കൂട്ടറിനു കരുത്തേകുന്നത്. 2018 അവസാനമോ 2019 ആദ്യമോ വിപണിയിലെത്തുമെന്നു കരുതുന്ന ബർഗ്‌മാന്റെ പ്രതീക്ഷിത വില 70,000 മുതൽ 75,000 രൂപ വരെയാണ്.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ടെയിൽലാംപ്, എബിഎസ് തുടങ്ങിയ ആകർഷക ഫീച്ചറുകളുമായെത്തുന്ന ഇൻട്രൂഡറിനു കരുത്തേകുന്നതു സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡലായ ജിക്സറിന്റെ 150 സിസി ഫ്യുവൽ ഇൻജക്റ്റഡ് എൻജിനാണ്. 8,000 ആർപിഎമ്മിൽ 14.8 എച്ച്പി കരുത്തും 8,000 ആർപിഎമ്മിൽ 14 ന്യൂട്ടൺ മീറ്ററുമാണ് എൻജിന്‍ ശേഷി.

ഹയബുസയ്ക്കു ശേഷം സുസുക്കി ഇന്ത്യയിൽ നിർമിക്കുന്ന രണ്ടാമത്തെ പെർഫോമൻസ് ബൈക്കാണ് 750–സിസി മിഡിൽവെയ്റ്റ് നേക്ക‍ഡ് സെഗ്‌മെന്റിലെത്തുന്ന ജി.എസ്.എക്സ്.–എസ് 750. പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിൽ ആധിപത്യം ഉറപ്പാക്കാനാണ് ജി.എസ്.എക്സ്.–എസ് 750 ലക്ഷ്യമിടുന്നത്.

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ എസ്, യമഹ എംടി–09, കാവസാക്കി സീ900 എന്നിവയാണ് പ്രധാന എതിരാളികൾ. ജിഎസ്എക്സ്–ആർ ടെക്നോളജി ഉപയോഗിക്കുന്ന 749സിസി 4–സിലിണ്ടർ എൻജിന്‍ ടോർക്ക്–റിച്ച് സ്പോർട്സ്ബൈക്ക് അനുഭവം നൽകുന്നു.