Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദ്ഭുത കാഴ്ചയൊരുക്കി ചെറു വണ്ടികളുടെ പൂരം

കൊച്ചിക്ക് ആവേശകാഴ്ച സമ്മാനിച്ചാണ് മലയാള മനോരമയുടെ പ്രഥമ ഓട്ടോ എക്സ്പോയുടെ ആദ്യ ദിനം കടന്നുപോയത്. മെഴ്സഡീസ് ബെൻസ്, ബിഎംഡബ്ല്യു, മിനി കൂപ്പർ, ഇന്ത്യൻ, ഹാർലി തുടങ്ങിയ വാഹനങ്ങളുടെ നീണ്ട നിരയിൽ വ്യത്യസ്തരാണ് ഈ വാഹനങ്ങൾ. കെഎസ് ആർടിസി ബസും ടിപ്പറും ടാങ്കർ ലോറിയും ജീപ്പും ബൈക്കും തുടങ്ങി പത്തുപതിനഞ്ച് വാഹനങ്ങൾ ഒറ്റ സ്റ്റാളിൽ.

3CHN18D32391_MED_Metro1 Manorama Auto Expo 2018

മറ്റു സ്റ്റാളുകളിലെ വണ്ടികളിൽ സന്ദർശകർക്കു കയറിയിരിക്കാമെങ്കിൽ ഈ സ്റ്റാളിൽ അതു പറ്റില്ല. കാണുക. വണ്ടിക്കു നോവാതെ ഒന്നു തലോടുക. അത്രയും മതി. ‍ഞെട്ടിക്കൽസ് ആണു സംഗതി. സിംപ്ലി ഞെട്ടിക്കൽസ്. കോട്ടയത്തും കൊച്ചിയിലുമോടുന്ന പല കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും അവിടെ കാണുമ്പോൾ കാഴ്ചക്കാർ അതിശയിക്കുന്നു, യ്യോ ഈ വണ്ടിയിലല്ലേ ഇന്നലെ കോളജിൽ പോയത്...

img-0000111118

മറുപടി പറയേണ്ടത് ഈ സ്റ്റാളിൽ ചുറ്റിപ്പറ്റി നിൽക്കുന്ന ഒൻപതു ചെറുപ്പക്കാരാണ്. മിനിയേച്ചർ ക്രാഫ്റ്റേഴ്സ് എന്ന ഫെയ്സ്ബുക്–വാട്സാപ് കൂട്ടായ്മയിലെ സജീവ പ്രവർത്തകർ. തീരെ കുറഞ്ഞ ചെലവിൽ ഇവർ ഒരുക്കിയ മിനിയേച്ചർ വാഹനങ്ങളാണു കാഴ്ചക്കാരെ വീണ്ടും അവിടേക്കെത്തിക്കുന്നത്. ഇവരിൽ ഓരോരുത്തരുടെയും സൂക്ഷ്മ നിരീക്ഷണ പാടവവും ക്രിയേറ്റിവിറ്റിയും മൾട്ടിവുഡ്, കാർഡ് ബോർഡ്, സാൻഡ് പേപ്പർ, കത്രിക, ഫെവിക്കോൾ, പെയിന്റ്, പുട്ടി എന്നീ സാമഗ്രികളുമായി മിക്സ് ആകുമ്പോൾ നിരത്തിലെ വണ്ടികൾ കളിപ്പാട്ടങ്ങളാകുന്നു. കാഴ്ചയിൽ ഏതാണ്ട് 100% പൂർണതയോടെ.

img-0000111112

ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ ബിപിൻ മോഹൻ, ര‍ഞ്ജിത് തോമസ്, വിനു വിജയൻ, രാഹുൽ ദേവ് തുടങ്ങിയവരാണ് കൂട്ടായ്മയുടെ അഡ്മിൻ. കുട്ടിക്കാലത്തു തുടങ്ങിയ ഹോബി കൗമാരത്തിലേക്കും യൗവനത്തിലേക്കും കൂടെക്കൊണ്ടുവന്നവരാണ് ബിപിനും കൂട്ടാളികളായ രഞ്ജിത് രാജ്, എൻ.എസ്. ജീവൻ, പി.എസ്. ശ്യാംകുമാർ, ആദർശ് നോസെറ, ഇനോഷ്, ബേസിൽ സി. അനിൽ, രാഹുൽ വെങ്ങൂർ, ക്രിസ്റ്റി മാത്യു എന്നിവരും.

img-0000111113 Manorama Auto Expo 2018

കോട്ടയം, എറണാകുളം ജില്ലക്കാരായ ഇവർ ഓരോരുത്തരും വെവ്വേറെയുണ്ടാക്കുന്നവയാണു വാഹനങ്ങൾ. വാഹനമേള പോലെയുള്ള പ്രദർശനങ്ങൾക്ക് ഇവർ ഒന്നിക്കും. ഓരോരുത്തരുടെയും ഏറ്റവും പുതിയ സൃഷ്ടികളുമായി. കളിപ്പാട്ടമായും കൗതുക ശേഖരത്തിനുള്ള വസ്തുവായും മിനിയേച്ചറുകൾ വാങ്ങാൻ പലരും ഇവരുടെ വീടുകളിലെത്തുന്നുണ്ട്. സ്വന്തം വാഹനത്തിന്റെ മിനിയേച്ചർ ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടും ഇപ്പോൾ ആളുകളെത്തുന്നുണ്ടെന്നു ബിപിൻ പറഞ്ഞു.

img-0000111116

ചൈനീസ് കളിപ്പാട്ടങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും പിടിയിൽനിന്നു നാട്ടിലെ കുട്ടികളെ രക്ഷിക്കാനുള്ള എളിയ ശ്രമമായും മിനിയേച്ചറുകളെ കാണാമെന്നു കൂട്ടത്തിലെ ഏറ്റവും ‘മിനിയേച്ചറായ’ പ്ലസ് ടു വിദ്യാർഥി ഇനോഷ് പറയുന്നു. ഫെയ്സ്ബുക്കിൽ ആരെങ്കിലും മിനിയേച്ചർ പോസ്റ്റ് ചെയ്യുന്നതു കണ്ണിൽപ്പെട്ടാൽ സംഘാംഗങ്ങൾ ആ ആളുമായി ബന്ധപ്പെട്ട് ഗ്രൂപ്പിലേക്കു ചേർക്കുന്ന രീതിയിലാണിപ്പോൾ സംഘത്തിന്റെ വളർച്ച.