Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടിർഫുൾ!!

AUTO-EXPO1 Manorama Auto Expo 2018

മലയാള മനോരമ സംഘടിപ്പിക്കുന്ന ആദ്യ വാഹനമേള കൊച്ചി ലെ മെറിഡിയൻ കൺ‌വൻഷൻ സെന്ററിൽ ഇന്നു രണ്ടാം ദിവസത്തിലേക്ക്. കാർ, ബൈക്ക് പ്രദർശനത്തിന് പുറമേ അനേകം സ്റ്റാളുകളും വിനോദ–ബോധവൽക്കരണ പരിപാടികളും സമയം 11 മുതൽ. ടിക്കറ്റ് വേദിയിലും ബുക്മൈഷോ.കോമിലും

img-110111114

മനോരമ വാഹനമേള നടക്കുന്ന ലെ മെറിഡിയൻ കൺവൻഷൻ സെന്ററിനുള്ളിലെ ശീതളിമ ഇഷ്ടപ്പെടാതെയല്ല മുറ്റത്തെ ചുട്ടുപൊള്ളുന്ന ചൂടിലേക്ക് സന്ദർശകർ പോകുന്നത്. അവിടെ, മനുഷ്യനു സാധിക്കാത്തത് ബൈക്കുകൾക്കു സാധിക്കും എന്ന പുതുചൊല്ലിന്റെ പ്രകടനം അരങ്ങേറുകയാണ്. വി12 ബേണൗട്ട് ടീമിന്റെ മൂന്നു ബൈക്കുകൾ ആകാശത്തേക്കുയരുകയും കളരിമുറകൾ പയറ്റുകയുമൊക്കെച്ചെയ്യുമ്പോൾ നഗരയുവത്വം അങ്ങോട്ടു പോകാതിരിക്കുന്നതെങ്ങനെ.

img-110111111

ഇന്നുമുണ്ട് ബൈക്ക് സ്റ്റണ്ട് പ്രദർശനം. മൂന്നു റൈഡർമാരാണു പങ്കെടുക്കുന്നത്. ഷോ ദൈർഘ്യം അര മണിക്കൂർ.

(പ്രത്യേകം ഓർക്കുക: പരിശീലനം സിദ്ധിച്ച റൈഡർമാർ, പ്രത്യേകം രൂപപ്പെടുത്തിയ ബൈക്കുകളിൽ, വളരെ സുരക്ഷിതമായ സാഹചര്യത്തിൽ നടത്തുന്ന ഈ അഭ്യാസമുറകൾ റോഡിൽ കാണിക്കാനുള്ളതല്ല. അങ്ങനെ ചെയ്താൽ അത് തികച്ചും അപകടകരം, നിയമ ലംഘനവും.)

AUTO-EXPO2 Manorama Auto Expo 2018

പുതിയ വാഹനങ്ങൾ കാണാൻ, അഥവാ ഒരു വാഹനം വാങ്ങുംമുൻപ് പലതും കണ്ടു താരതമ്യപ്പെടുത്താൻ ഷോറൂമുകൾ കയറിയിറങ്ങി മടുക്കേണ്ട എന്നതാണ് മേളയുടെ മുഖ്യ ആകർഷണം. ഇതോടൊപ്പം, വാഹന വായ്പ കിട്ടാനുള്ള സാധ്യതയൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാളുമുണ്ട്. 20 ലക്ഷത്തിനുമേൽ വിലയുള്ള കാർ വാങ്ങാനുള്ള വായ്പയ്ക്ക് പലിശ കുറവാണെന്നത് അവിടത്തെ കൗതുകം. സാധാരണ കാർ വായ്പയ്ക്കു പലിശ 8.9% ആണെങ്കിൽ പ്രീമിയം കാറുകൾക്ക് 8.7% മാത്രം. വായ്പകൾക്ക് പ്രാഥമിക അംഗീകാരം സ്റ്റാളിൽ ലഭിക്കും.

img-0000111112

അനുവദനീയ വേഗത്തിനുമേൽ വണ്ടിയോടിച്ച് ഏതാനും ദിവസം കഴിയുമ്പോൾ, ‘ഓവർ സ്പീഡിനു പിഴയൊടുക്കണം’ എന്നാവശ്യപ്പെട്ടുള്ള സ്ലിപ് വീട്ടിലെത്തുന്നത് എങ്ങനെയെന്നറിയാൻ മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാൾ സന്ദർശിച്ചാൽ മതി. ഓട്ടമേറ്റഡ് എൻഫോഴ്സ്മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ അവിടെ ആവിഷ്കരിച്ചിട്ടുണ്ട്. ഡ്രൈവിങ് പരിശീലന സിമുലേറ്റർ, ഇന്റർസെപ്റ്റർ, ലേണേഴ്സ് ടെസ്റ്റ് പരിശീലനം എന്നിവയൊക്കെ സ്റ്റാളിലുണ്ട്. ഡപ്യൂട്ടി കമ്മിഷണർമാരും ആർടിഒമാരുമുൾപ്പെടെ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണു പ്രവർത്തനം. റിട്ട.ജോയിന്റ് ആർടിഒ ആദർശ്കുമാർ ജി. നായരുടെ സുരക്ഷാ ക്ലാസും നടന്നു.

img-0000111111

വിവിധ എൻജിനുകളുടെ സൂക്ഷ്മമായ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന സ്റ്റാളാണ് എസ്‌സിഎംഎസ് എൻജി. കോളജിലെ ഓട്ടോ മൊബൈൽ എൻജി. വിദ്യാർഥികളുടേത്. വാഹനവും ശരിയായ പരിചരണവും, പരിസ്ഥിതി സൗഹൃദ വാഹനോപയോഗം, ഹോണടിയും ദൂഷ്യങ്ങളും, വാഹനങ്ങളും സമൂഹവും, വാഹനങ്ങളുടെ ടെക്നോളജിയും പരിസ്ഥിതി സംരക്ഷണവും തുടങ്ങിയ വിഷയങ്ങളിൽ സന്ദർശകർക്ക് വിദ്യാർഥികൾ അറിവു പകരും. ദേശീയ തലത്തിൽ പുരസ്കാരം നേടിയ ‘ഗോ കാർട്ട്’ വാഹനവും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 

ജെകെ ടയേഴ്സിന്റെ സ്റ്റാളിൽ ഓഫ് റോഡിങ് പ്രേമികൾക്കായുള്ള പുതിയ റേഞ്ചർ ഓൾ ടെറയ്ൻ ശ്രേണി പ്രദർശിപ്പിച്ചിരിക്കുന്നു. 15, 16, 17 ഇഞ്ചുകളിൽ കിട്ടുന്ന ടയറാണിത്. 

img-0000111117

ഇന്ത്യൻ ഓയിൽ സ്റ്റാളിൽ ക്വിസ് മൽസരമുണ്ട്. ഭാഗ്യചക്രം കറക്കാനും അവസരം. സമ്മാനമായി റിവാർഡ്സ് കാർഡ് ലഭിക്കാം. ഇന്ധനമടിക്കുമ്പോൾ പോയിന്റ് കിട്ടുന്ന കാർഡാണിത്. പോയിന്റ് പിന്നീട് ഇന്ധനവിലയായി മാറ്റാം. 200 രൂപ, 100 രൂപ എന്നിങ്ങനെ തുക ലോഡ് ചെയ്ത സമ്മാന കാർഡുകൾ കിട്ടും.