Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്മയക്കാഴ്ചകളുമായി മനോരമ ഓട്ടോവേൾഡ് എക്സ്പോയ്ക്കു തുടക്കം

auto-expo-inaguration

കൊച്ചി ∙ എൻട്രി–ലെവൽ മുതൽ അത്യാഡംബരം വരെ എല്ലാ വിഭാഗത്തിലെയും ബൈക്കുകളും കാറുകളും ഒരു കുടക്കീഴിൽ അണിനിരത്തി മലയാള മനോരമ സംഘടിപ്പിക്കുന്ന വാഹനമേളയ്ക്കു തുടക്കമായി. ഫോർമുല വൺ റേസിങ് താരം നരേൻ കാർത്തികേയൻ ഉദ്ഘാടനം ചെയ്ത ഓട്ടോവേൾഡ് എക്സ്പോ, ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നാളെ സമാപിക്കും. എല്ലാത്തരം വാഹന പ്രേമികളെയും ആകർഷിക്കുന്ന പ്രദർശനമാണിതെന്ന്, എല്ലാ സ്റ്റാളുകളും സന്ദർശിച്ച നരേൻ പറഞ്ഞു. 

ഉദ്ഘാടന വേളയിൽ മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജർ പി.എസ്. മണി, മറീന വൺ മാർക്കറ്റിങ് ഹെഡ് ഹരീഷ് കെ. തമ്പി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറൽ മാനേജർ ജി. ഗോപു തുടങ്ങിയവർ പങ്കെടുത്തു. 

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെട്ട പല മോഡലുകളും പൊതുജനങ്ങൾക്കു മുന്നിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെടുന്നത് ഇവിടെയാണ്. ടൊയോട്ടയുടെ പുതിയ സെഡാൻ യാരിസ് ഷോറൂമുകളിലെത്തുന്നതിനുമുൻപു തന്നെ കാണാൻ മേള  അവസരമൊരുക്കുന്നു. ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലെക്സസിന്റെ എൻഎക്സ് 300എച്ച് എസ്‌യുവിയും എൽഎസ് 500 എച്ച് സെഡാനും പെട്രോൾ–വൈദ്യുതി സങ്കര ഇന്ധന (ഹൈബ്രിഡ്) സാങ്കേതിക വിദ്യയും ‘പഞ്ചനക്ഷത്ര’ സൗകര്യങ്ങളുമായി ഏറെപ്പേരെ ആകർഷിക്കുന്നു.

പുതിയ മോഡലുകളായ ബിഎംഡബ്ല്യു 6 സീരീസ് ജിടി‌, മെഴ്സിഡീസ് എഎംജി ജിടിആർ, ജിഎൽഇ 43 എഎംജി, റേഞ്ച്റോവർ വെലാർ, മിനി കൺവേർട്ടിബിൾ, പോർഷെ 911 കരേര എന്നിവയൊക്കെ പ്രീമിയം കാർ നിര സമൃദ്ധമാക്കുന്നു. മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, ഹോണ്ട, നിസാൻ, റെനോ, ഫോക്സ്‌വാഗൺ, ജീപ്പ്, ഇസുസു, സ്കോഡ എന്നിവയൊക്കെ ശ്രദ്ധേയ പവിലിയനുകൾ ഒരുക്കിയിട്ടുണ്ട്. 

ബൈക്ക് വിപണിയിൽ ‘ലക്ഷാധിപതികൾ’ പിടിമുറുക്കുന്നതിന്റെ നേർക്കാഴ്ചയാണ് മേളയിലെ ഇരുചക്ര വാഹന സ്റ്റാളുകൾ. ഹാർലി ഡേവിഡ്സൺ, ഡ്യുകാറ്റി, ഇന്ത്യൻ, ബിഎംഡബ്ല്യു മോട്ടോറാഡ്, ഹോണ്ട, റോയൽ എൻഫീൽഡ്, ടിവിഎസ് എന്നീ ബ്രാൻഡുകളൊക്കെ അണിനിരക്കുന്ന മേളയിൽ സൂപ്പർ ബൈക്കുകളുടെ വില 20 ലക്ഷം രൂപയ്ക്കുമേൽ എത്തിനിൽക്കുന്നു. 

ഹാർലി ഫാറ്റ് ബോബ്, ഡീലക്സ്, ഇന്ത്യൻ റോഡ്മാസ്റ്റർ, ചീഫ്റ്റൻ ഡാർക്ഹോഴ്സ്, ഡ്യുകാറ്റി പനിഗേൽ, സ്ക്രാംബ്ലർ, ബിഎംഡബ്ല്യു എസ്1000ആർആർ, ആർ നയൻ ടി, എക്സ്1000എക്സ്ആർ, ആർ1200ജിഎസ് എന്നിങ്ങനെ വിദേശസൂപ്പർ താരങ്ങൾ കളം നിറയുന്നു. ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ച് വി12 ബേണൗട്ട് ടീമിന്റെ ബൈക്ക് സ്റ്റണ്ട് അരങ്ങേറി. ഇന്നും തുടരും.

റോഡ് സുരക്ഷാ ബോധവൽക്കരണവുമായി മോട്ടോർ വാഹനവകുപ്പിന്റെ സ്റ്റാൾ സജീവമാണ്. ട്രാൻസ്പോർട്ട് കമ്മിഷണർ കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. 

വിന്റേജ് കാർ ഷോയും ഗോ കാർട്ടിങ്ങുമുണ്ട്.

വിവിധ മൽസരങ്ങൾക്ക് വൃക്ഷത്തൈ സമ്മാനമായി നൽകി ഇന്ത്യൻ ഓയിലിന്റെ സ്റ്റാൾ പരിസ്ഥിതി സംരക്ഷണ സന്ദേശമെഴുതുമ്പോൾ, ഹ്യുണ്ടായിയുടെ ‘സ്വച്ഛ് കാൻ’ പദ്ധതിയുടെ കേരളത്തിലെ തുടക്കത്തിനും മേള വേദിയായി. മിഠായിക്കവറുകളും ടിഷ്യൂപേപ്പറുമടക്കമുള്ളവ കാറിനുള്ളിലോ പുറത്തോ വലിച്ചെറിയാതെ യാത്രാവേളയിൽ ശേഖരിക്കാനുള്ള ചെറിയ ബിൻ കാറിൽ വയ്ക്കാനായി നൽകുന്ന പദ്ധതിയാണിത്. മേളയിൽ പ്രവേശനം രാവിലെ 11 മുതലാണ്. ടിക്കറ്റ് വേദിയിലും ബുക്മൈഷോ.കോമിലും ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷനാണു ഷോയുടെ മുഖ്യ പ്രായോജകർ. ജെകെ ടയർ, എസ്ബിഐ, വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, ശോഭ ഡവലപ്പേഴ്സ് എന്നിവയാണു മറ്റു സ്പോൺസർമാർ.